നാടിനെയാകമാനം നടുക്കിക്കൊണ്ട് മറ്റൊരു ദേശീയദുരന്തം കൂടി കേരളത്തിൽ സംഭവിച്ചിരിക്കുന്നു. വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഭയാനകമായ ഉരുൾപൊട്ടലിൽ ഒരു ഗ്രാമപ്രദേശം ഒന്നാകെതന്നെ ഭൂപടത്തിൽനിന്ന് മാഞ്ഞുപോയിരിക്കുന്നു, ഇതിൽ സംഭവിച്ച ജീവനഷ്ടമെത്രയെന്ന് തിട്ടപ്പെടുത്താനായിട്ടില്ല. സംസ്ഥാനത്തെ ഒന്നാകെ ശ്വാസംമുട്ടിച്ച 2018, 2019 വർഷങ്ങളിലെ പ്രളയങ്ങൾക്കും പുത്തുമല, കവളപ്പാറ(2019), പെട്ടിമുടി (2020), കൂട്ടിക്കല്‍ (2021) ഉരുൾപൊട്ടലുകൾക്കും ശേഷം ദുരന്തഭീതിയുടെ നെഞ്ചിടിപ്പോടെയാണ് ഓരോ മഴക്കാലത്തെയും കേരളം അഭിമുഖീകരിച്ചുപോരുന്നത്. കടുത്ത വേനലിനുശേഷം കാലവും കോലവും തെറ്റിപ്പെയ്ത മഴ ഈ വർഷവും മലയാള നാടിനെ പ്രളയത്തിൽ മുക്കുമോ എന്ന ആശങ്ക അന്തരീക്ഷത്തിൽ നിലനിൽക്കെയാണ് വയനാട്ടിൽ നിന്ന് നിലവിളികളുയരുന്നത്.

ആദ്യ ഉരുൾപൊട്ടലിൽ തന്നെ ചൂരൽമലക്കും മുണ്ടക്കൈക്കുമിടയിലെ പാലം തകർന്ന് ഒലിച്ചുപോയത് രക്ഷാപ്രവർത്തനങ്ങൾ മണിക്കൂറുകളോളം അസാധ്യമാക്കി. രക്ഷാപ്രവർത്തനത്തിന് എയർ ലിഫ്റ്റിങ് സാധ്യത പരിശോധിക്കാനെത്തിയ ഹെലികോപ്ടറുകൾ കാലാവസ്ഥ പ്രതികൂലമാകയാൽ വയനാട്ടിൽ ഇറക്കാനാകാതെ തിരിച്ചുകൊണ്ടുപോകേണ്ടിവന്നു. ദുരന്തം നടന്ന് 13 മണിക്കൂറിനുശേഷമാണ് രക്ഷാപ്രവർത്തകർക്ക് മുണ്ടക്കൈയിലെത്താനായത്. എന്നിരിക്കിലും പ്രതിബന്ധങ്ങളെ അവഗണിച്ച് സമീപ പ്രദേശങ്ങളിൽ നിന്നെത്തിയ സന്നദ്ധ പ്രവർത്തകരും പൊലീസ്-അഗ്നിശമന സേനാംഗങ്ങളും ചേർന്ന് ചൂരൽമല പ്രദേശത്തെ നിരവധിയാളുകളെ സമീപത്തെ ആശുപത്രികളിലെത്തിച്ചിരുന്നു. അപ്രതീക്ഷിത ദുരന്തമാകയാൽ ആശുപത്രികൾ വേണ്ടത്ര സജ്ജമായിരുന്നില്ല, കൂട്ട മരണത്തിൽപെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിക്കാനാവശ്യമായ ഫ്രീസറുകളും ലഭ്യമായിരുന്നില്ല.

ചാലിയാർ പുഴയിലൂടെ ഒഴുകിയ ഉയിരറ്റുപോയവരുടെ ശരീരഭാഗങ്ങൾ മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുകല്ല് മേഖലയിൽ നിന്നാണ് കണ്ടെടുത്തത്. എസ്റ്റേറ്റ് തൊഴിലാളികളും വിനോദസഞ്ചാരികളുമുൾപ്പെടെ നൂറിലേറെയാളുകളെ കാണാനായിട്ടില്ല എന്നത് ആശങ്കയുടെ വ്യാപ്തി വർധിപ്പിക്കുന്നു. കൂറ്റൻ പാറകൾക്കടിയിൽ ചളിയിൽ പുതഞ്ഞ് മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന മനുഷ്യരെ വീണ്ടെടുക്കാൻ സംസ്ഥാന സർക്കാറിന്റെയും ദേശീയ ദുരന്തപ്രതികരണ സേനയുടെയും ഏകോപനത്തിൽ വിപുലമായ തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും അതി ദുഷ്കരമാണീ ദൗത്യം. കവളപ്പാറ, പുത്തുമല ദുരന്തവേളകളിൽ രക്ഷാപ്രവർത്തനത്തിൽ പങ്കുവഹിച്ച സൈന്യവും വയനാട്ടിലെത്തിയിട്ടുണ്ട്. ദുരന്തവാർത്ത പുറത്തുവന്ന ഘട്ടത്തിൽ തന്നെ ഗൗരവപൂർണമായ ഇടപെടൽ സർക്കാർ നടത്തിയെന്നത് ആശ്വാസകരമാണ്. സന്നദ്ധ സംഘടന പ്രവർത്തകരും വയനാട്ടിലേക്ക് പാഞ്ഞെത്തി. ചികിത്സയിൽ കഴിയുന്നവർക്ക് രക്തം നൽകാൻ സന്നദ്ധരായി പ്രത്യേക ബസ് നിറച്ചും ആളുകളാണ് ആശുപത്രികളിൽ വന്നുചേർന്നത്. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ നിലമ്പൂർ മേഖലയിലും എൻ.ആർ.ഡി.എഫിന് വലിയ പിന്തുണ നൽകി നാട്ടുകാർ.

2019ൽ ഉരുൾ ദുരന്തമുണ്ടായ പുത്തുമല പോലെ അതി പരിസ്ഥിതി ലോല പ്രദേശങ്ങളാണ് മുണ്ടക്കൈയും ചൂരൽമലയും. അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളും തോട്ടങ്ങളുമെല്ലാം ഇതുപോലുള്ള ദുരന്തങ്ങൾക്ക് വഴിവെക്കുന്ന സ്വാഭാവിക കാരണങ്ങളാണ്. ഇന്നലെയുണ്ടായ ദുരന്തത്തിന്റെ കാരണമെന്തെന്ന് കണ്ടെത്തേണ്ടതുണ്ട്. അതെന്തുതന്നെയായാലും മനുഷ്യനിർമിത അത്യാഹിതങ്ങൾ ഇനി ആവർത്തിക്കപ്പെടരുത്. അതു സംബന്ധിച്ച വിശദ ആലോചനകൾ വഴിയേ നടത്താം. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തുപിടിക്കുകയാണ് ഈ നിമിഷത്തിന്റെ മുഖ്യ ആവശ്യം. ദുരിതമേഖലയിൽ കഴിയുന്നവർക്ക് ഭക്ഷണവും ആശ്വാസ സാമഗ്രികളും സ്വരൂപിച്ച് എത്തിക്കാൻ ജില്ല ഭരണകൂടവും സർക്കാറിതര സന്നദ്ധ സംഘങ്ങളും ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. ആരെങ്കിലും ആവശ്യപ്പെടുകയോ പ്രേരിപ്പിക്കുകയോ ചെയ്യാതെ തന്നെ മനുഷ്യരെന്ന് സ്വയം കരുതുന്ന ഓരോരുത്തരും ആ ഉദ്യമങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ നൽകേണ്ടതുണ്ട്.

അടിയന്തര സഹായമായി അഞ്ചുകോടി രൂപ അനുവദിക്കാനും മെഡിക്കൽ-രക്ഷാസേനാ അംഗങ്ങളെ അയക്കാനും തീരുമാനിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നടപടി ആപത്തിൽ ഉപകരിക്കുന്ന യഥാർഥ ചങ്ങാതി ആരെന്ന് ബോധ്യപ്പെടുത്തിത്തരുന്നു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും കേരളം നേരിടുന്ന ഈ അവസ്ഥയിൽ അനുതപിച്ച് പ്രസ്താവനകൾ നടത്തിയതും രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രതിനിധിയെ അയക്കുമെന്നറിയിച്ചതും ആശ്വാസകരം തന്നെ. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത, സമാനതകളില്ലാത്ത ഈ അത്യാഹിതത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് പുനരധിവാസ, പുനർനിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ സഹായങ്ങൾ അനുവദിക്കാൻ ഒട്ടും വൈകിക്കൂടാ. കേരളം പ്രളയദുരന്തം അഭിമുഖീകരിച്ച വേളയിൽ തികച്ചും അനാശാസ്യമായ പ്രതിലോമ സമീപനം വെച്ചുപുലർത്തിയ അനുഭവമുള്ളതുകൊണ്ടാണ് ഈ പ്രാഥമിക ഉത്തരവാദിത്തത്തെക്കുറിച്ച് യൂനിയൻ സർക്കാറിനെ ഓർമിപ്പിക്കേണ്ടിവരുന്നത്.

വർത്തമാനകാല കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ സർവസ്വവും നഷ്ടപ്പെട്ട മനുഷ്യർക്കായുള്ള പ്രാർഥനകളിൽ ‘മാധ്യമം’ പങ്കുചേരുന്നു. ഒപ്പം ദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന സർക്കാർ-അർധസർക്കാർ സേനകൾക്കും സന്നദ്ധസംഘടനകൾക്കും ജീവകാരുണ്യപ്രവർത്തകർക്കും സ്നേഹാഭിവാദ്യങ്ങളറിയിക്കുന്നു.

Tags:    
News Summary - Madhyamam Editorial on Wayanad Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.