അംബികയുടെ ആത്മാവ് ഇനിയെങ്കിലും ആശ്വസിക്കട്ടെ


തെക്കൻ കൊറിയയിൽനിന്നുള്ള ബഹുരാഷ്ട്ര കമ്പനിയായ സാംസങ് ഇലക്ട്രോണിക്സിന്റെ തമിഴ്നാട് ശ്രീപെരുമ്പുത്തൂരിലെ ഫാക്ടറിക്ക് മുന്നിൽ 1,100 തൊഴിലാളികൾ സെപ്റ്റംബർ ഒമ്പതുമുതൽ നടത്തിവന്ന സമരം 37 ദിവസങ്ങൾക്കുശേഷം അവസാനിച്ചിരിക്കുന്നു. വേതനം വർധിപ്പിക്കുക, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുക, സംഘടനയെ അംഗീകരിച്ച് പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സി.ഐ.ടി.യു നേതൃത്വം നൽകുന്ന സാംസങ് ഇന്ത്യ വര്‍ക്കേഴ്സ് യൂനിയൻ സമരം പ്രഖ്യാപിച്ചിരുന്നത്.

ജീവനക്കാരുടെ ആവശ്യങ്ങളോട് പുറംതിരിഞ്ഞുനിന്ന കമ്പനിയെ പിണക്കാതെ സമരം അവസാനിപ്പിച്ചെടുക്കാനാണ് ആദ്യഘട്ടത്തിൽ ഡി.എം.കെ നേതൃത്വം നൽകുന്ന തമിഴ്നാട് തുനിഞ്ഞത്. തൊഴിലാളി സംഘടനയുമായി ചർച്ച നടത്താനാവില്ലെന്നും തൊഴിലാളി പ്രതിനിധികളുമായി സംസാരിക്കാമെന്നുമായിരുന്നു കമ്പനിയുടെ നിലപാട്. എന്നാൽ, അതിന് വഴങ്ങാൻ തൊഴിലാളികൾ കൂട്ടാക്കിയില്ല. കമ്പനിയുടെ താൽപര്യാർഥം സമരം ചെയ്യുന്ന 12 തൊഴിലാളികളെ പാതിരാത്രി വീടുകയറി അറസ്റ്റ് ചെയ്യുക പോലുമുണ്ടായി തമിഴ്നാട് പൊലീസ്. പക്ഷേ, അത് സമരത്തെ കൂടുതൽ ശക്തമാക്കുകയും ഫാക്ടറി പ്രവർത്തനം താളംതെറ്റിക്കുകയും ചെയ്തു; കോൺഗ്രസ്, സി.പി.എം, സി.പി.ഐ, വിടുതലൈ ചിരുതങ്ങൾ കച്ചി തുടങ്ങിയ ഡി.എം.കെ സർക്കാറിന്റെ ഘടകകക്ഷികളും തൊഴിലാളികൾക്ക് ഐക്യദാർഢ്യവും പിന്തുണയുമറിയിച്ച് പരസ്യമായി രംഗത്തുവന്നു. ഒടുവിൽ സംസ്ഥാന മന്ത്രിമാരും തൊഴിലാളി നേതാക്കളും കമ്പനി മാനേജ്മെന്റ് പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിൽ തൊഴിലാളികളുടെ ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിക്കാമെന്ന് സമ്മതിക്കാൻ സാംസങ് അധികൃതർ നിർബന്ധിതരാവുകയായിരുന്നു. അതോടെ സമരം വിജയകരമായി പര്യവസാനിച്ചു.

എങ്കിലും തൊഴിലാളി യൂനിയനെ അംഗീകരിക്കാൻ കമ്പനി തയാറായിട്ടില്ല. ഇതിനെതിരെ നിയമയുദ്ധം നടത്താനാണ് സംഘടനയുടെ തീരുമാനം. സംഘടിക്കാനുള്ള അവകാശത്തിനായി സമരം ചെയ്ത തൊഴിലാളികൾക്ക് ഐക്യദാർഢ്യവും പിന്തുണയുമറിച്ച് സാംസങ്ങിന്റെ ഈറ്റില്ലമായ ദക്ഷിണ കൊറിയയിലെ നാഷനൽ സാംസങ് ഇലക്ട്രോണിക്സ് യൂനിയൻതന്നെ മുന്നോട്ടുവന്നു. ലാഭം മാത്രം ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന കോർപറേറ്റുകൾ തൊഴിലാളികളുടെ ശബ്ദം ഞെരിച്ചമർത്തുക എന്ന ലക്ഷ്യംവെച്ചാണ് സംഘടനകളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്നാണ് അവർ ചൂണ്ടിക്കാട്ടിയത്.

ഇന്ത്യയുൾപ്പെടെയുള്ള മൂന്നാം ലോക രാഷ്ട്രങ്ങളിൽ ബഹുരാഷ്ട്ര കമ്പനികൾ പ്ലാൻറുകൾ തുറക്കുന്നത് വികസനത്തിന്റെയും മുന്നേറ്റത്തിന്റെയും അടയാളമായാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കൊട്ടിഗ്ഘോഷിക്കാറ്. നിക്ഷേപ സംഗമങ്ങൾ നടത്തി കമ്പനികളെ ആനയിച്ചു കൊണ്ടുവന്നതിന്റെ കണക്കുകൾ പറഞ്ഞ് ഊറ്റംകൊള്ളുന്നതിൽ രാജ്യത്തെ വിവിധ സംസ്ഥാന സർക്കാറുകൾ തമ്മിൽ ഒരുതരം മത്സരമാണ് നടക്കുന്നതെന്ന് തോന്നിപ്പോകും. സൗജന്യത്തിന് എന്നുപോലും സംശയിച്ചുപോകുന്ന തരത്തിലെ ചുളുവിലയിൽ വഖഫ് ഭൂമിയും വനഭൂമിയും കൃഷിഭൂമിയുമെല്ലാം ഈ ബഹുരാഷ്ട്ര ഭീമന്മാർക്ക് എഴുതിക്കൊടുത്തവർ പോലുമുണ്ട്. നിയമങ്ങളും നിയന്ത്രണങ്ങളുമെല്ലാം ഒഴിവാക്കി കമ്പനികൾക്ക്​ പരമാധികാര റിപ്പബ്ലിക്കുകൾപോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവും നൽകുന്നു. പരിസ്ഥിതി നിയമങ്ങളും തൊഴിലാളി അവകാശങ്ങളുമൊന്നും പേരിനുപോലും മാനിക്കപ്പെടാറില്ല. മറ്റു രാജ്യങ്ങളിൽ കർശന മാനദണ്ഡങ്ങൾ പാലിച്ചുമാത്രം ഉപയോഗിക്കാൻ അനുവദിക്കപ്പെടുന്ന യന്ത്രങ്ങളും രാസവസ്തുക്കളും മുതൽ ഇ- വേസ്റ്റ് ഗണത്തിൽ പെടുത്തേണ്ട ഉപയോഗിച്ച് പഴകിയ ഉൽപന്നങ്ങൾവരെ മൂന്നാം ലോക രാജ്യങ്ങളിലെ പ്ലാൻറുകളിൽ കൈകാര്യം ചെയ്യപ്പെടുന്നു. കുറച്ചാളുകൾക്ക് അത്ര വലുതല്ലാത്ത ശമ്പളത്തിൽ തൊഴിൽ ലഭിക്കുന്നു എന്നതൊഴിച്ചു നിർത്തിയാൽ പല കമ്പനികളും നാടിന് ഭാരവും ബാധ്യതയും മാത്രമാണ് സമ്മാനിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് കൈനിറയെ പണവും മാധ്യമങ്ങൾക്ക് പരസ്യവും നൽകുന്നതിനാൽ ഫാക്ടറി വളപ്പിൽ നടക്കുന്ന അടിച്ചമർത്തലുകളും മനുഷ്യാവകാശ ലംഘനങ്ങളുമൊന്നും ഗേറ്റിന് പുറത്തേക്ക് പോലുമെത്തില്ല. തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിൽ ജീവനക്കാരും ഇതെല്ലാം പരമാവധി സഹിക്കുകയാണ് പതിവ്. തൊഴിലാളികളുടെ ചോരയൂറ്റുന്ന ബഹുരാഷ്ട്ര ഭീമന്മാർ ചോദ്യം ചെയ്യപ്പെടാതെ പ്രവർത്തിക്കുന്ന കാലത്ത് നിശബ്ദത ഭേദിക്കാനും ആത്മാഭിമാനം ഉയർത്തിപ്പിടിക്കാനും ഒരുകൂട്ടം തൊഴിലാളികൾ പുലർത്തിയ ധൈര്യമാണ് സാംസങ് പ്ലാൻറിന് മുന്നിൽ വിജയക്കൊടിയായി ഉയർന്നു പാറുന്നത്.

സാംസങ് കമ്പനിയിലെ തൊഴിലാളികളുടെ പോരാട്ടം വിജയം കണ്ടവേളയിൽ 15 വർഷം മുമ്പ് വ്യവസായശാലയിൽ ജോലിക്കിടെ കുടുങ്ങി ജീവൻ നഷ്ടപ്പെട്ട മരണപ്പെട്ട അംബിക എന്ന തൊഴിലാളിയെ ഓർമ വരുന്നു. സാംസങ് വിപണി കീഴടക്കും മുമ്പ് മൊബൈൽ ഫോൺ രംഗത്ത് തരംഗമായിരുന്ന നോക്കിയയുടെ ശ്രീപെരുമ്പുത്തൂർ പ്ലാൻറിലെ ജീവനക്കാരിയായിരുന്നു അംബിക. അവരുടെ മരണത്തിന്റെ ഉത്തരവാദികളാരും നിയമത്തിന് മുന്നിൽ എത്തിയില്ല, കുടുംബത്തിന് മാന്യമായ നഷ്ടപരിഹാരവും ലഭിച്ചില്ല. അംബികക്ക് നീതി തേടാൻ ഒരു സംഘടിത മുന്നേറ്റം ഉയർന്നതുമില്ല. നാലു വർഷങ്ങൾക്കുശേഷം ആദായനികുതി നിയമങ്ങൾ ലംഘിച്ച വിഷയത്തിൽ പ്ലാന്റ് അടച്ചുപൂട്ടുകയും ചെയ്തു. തന്റെ ദുർഗതി ഇനിമേൽ ആർക്കെങ്കിലും ഉണ്ടായാൽ ചോദ്യം ചെയ്യപ്പെടുമെന്നും ഉത്തരവാദികൾ മറുപടി പറയേണ്ടിവരുമെന്നും ഇനിയെങ്കിലും അംബികയുടെ ആത്മാവ് ആശ്വാസം കൊള്ളട്ടെ.

Tags:    
News Summary - Madhyamam Editorial 2024 oct 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.