‘‘ഭരണഘടന മൂല്യങ്ങളുടെ ഉറവിടം സനാതന ധർമത്തിൽ കണ്ടെത്താൻ കഴിയും. സനാതന ധർമം എല്ലാറ്റിനെയും ഉൾക്കൊള്ളുന്നതാണ്. മാനവകുലത്തിന് മുന്നോട്ടുപോകാനുള്ള ഏക മാർഗമാണത്. സനാതനധർമം വിഷം പ്രചരിപ്പിക്കുന്നില്ല’’ -ഇത്രയും പറഞ്ഞത് ഏതെങ്കിലും ആത്മീയ പ്രഭാഷകനോ മത നേതാവോ പ്രചാരകനോ അല്ല. കഴിഞ്ഞയാഴ്ച ജയ്‌പുരിൽ സംഘടിപ്പിക്കപ്പെട്ട പഞ്ചദിന ഹിന്ദു ആധ്യാത്മിക-സേവ മേളയിൽ ഇന്ത്യയുടെ ഉപരാഷ്ട്രപതിയും രാജ്യസഭ അധ്യക്ഷനുമായ ജഗദീപ് ധൻകർ നടത്തിയ ഉദ്ഘാടന പ്രസംഗത്തിലെ പരാമർശങ്ങളാണിത്.

കേന്ദ്ര മന്ത്രി, പശ്ചിമ ബംഗാൾ ഗവർണർ തുടങ്ങിയ ഭരണഘടന പദവികൾ അലങ്കരിച്ച, വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ച ധൻകറിന് സ്വന്തം മതവിശ്വാസങ്ങളും ഭരണഘടന അഭിഭാഷകൻ എന്ന പശ്ചാത്തലം നൽകിയ നിയമപാണ്ഡിത്യവും ബോധ്യങ്ങളും ഉണ്ടാവുക സ്വാഭാവികം. അതനുസരിച്ച് അദ്ദേഹത്തിന് ഹിന്ദു മതത്തെയും ഭരണഘടനയെയും കുറിച്ച്​ സംസാരിക്കാം. എന്നാൽ, ഭരണഘടനയുടെ ആമുഖത്തിൽതന്നെയുള്ള മതേതര രാഷ്ട്രമെന്ന ഇന്ത്യയുടെ സ്വത്വത്തിനു നിരക്കുന്നതാണോ അതിന്‍റെ ഉറവിടം സനാതന ധർമത്തിൽ ചേർത്തുനിർത്തുന്നത്​ എന്ന സന്ദേഹം ആർക്കുമുണ്ടാവാം. സനാതന ധർമത്തെ ഇന്ത്യയിൽ ഒരു വലിയ വിഭാഗം, മത, വിശ്വാസഭേദമന്യേ ഉദ്‌ഘോഷിക്കാറുണ്ട്. അതിൽ വിയോജിക്കുന്നവരുമുണ്ട്. എന്നാൽ, ഈ തത്ത്വങ്ങളെല്ലാം ഹൈന്ദവതയുടെ ചട്ടക്കൂടിനകത്തുനിന്ന് വന്നതാണെന്നും അതിനനുസൃതമായ ഭരണഘടനയാണ് ഇന്ത്യയെ മാർഗദർശനം ചെയ്യുന്നതെന്നും സിദ്ധാന്തിക്കുമ്പോൾ ഭാരതത്തിന്റെ അടിസ്ഥാന മതം ഹൈന്ദവതയാണെന്ന ഹിന്ദുത്വ ദേശീയവാദികളുടെ വാദത്തിന്​ ഔദ്യോഗികപരിവേഷം ചാർത്തുകയാണ്​ ഉപരാഷ്ട്രപതി.

ഹൈന്ദവ നേതാക്കളും സന്യാസിമാരും ആർ.എസ്​.എസ്​ പ്രവർത്തകരും നിറഞ്ഞ സദസ്സിൽ ധൻകർ വേറെയും ചില കാര്യങ്ങൾ പറഞ്ഞു. ‘വേദനാജനകമായ മത പരിവർത്തനങ്ങളെ’ക്കുറിച്ചും ‘മധുരം പുരട്ടിയ തത്ത്വശാസ്ത്രം’ രാജ്യത്ത് വിൽക്കപ്പെടുന്നതിനെക്കുറിച്ചും ദുർബല വിഭാഗങ്ങളെ അത് ലക്ഷ്യം വെക്കുന്നതിനെക്കുറിച്ചും നമ്മുടെ ഗോത്ര വിഭാഗങ്ങൾ ഇരയാവുന്നതിനെക്കുറിച്ചുമൊക്കെയുള്ള പരിദേവനങ്ങള​ായിരുന്നു അതിൽ കൂടുതലും. വ്യംഗ്യമായി അദ്ദേഹം ഉന്നമിടുന്നത്​ ഗോത്ര വിഭാഗങ്ങളുടെയും ദരിദ്ര ഗ്രാമീണരുടെയും ഇടയിൽ മതപ്രചാരണ, സേവന പ്രവർത്തനങ്ങൾ നടത്തുന്ന ക്രൈസ്തവ മിഷനറി സംഘങ്ങളെയാണെന്ന് കാണാം.

ഹിന്ദുത്വ വക്താക്കൾ ക്രൈസ്തവ സഭക്കു നേരെ ഈ ആരോപണം എന്നും ഉന്നയിക്കാറുണ്ട്. പ്രലോഭനങ്ങളിലൂടെ ദരിദ്രരെ മതത്തിലേക്ക് ആകർഷിച്ചും, മത-വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങൾ കെട്ടിപ്പടുത്തും സമൂഹഘടനതന്നെ മാറ്റിയെടുക്കുന്നു എന്നതാണ് ആക്ഷേപത്തിന്‍റെ മർമം. എന്നാൽ, ഭരണകൂടത്തിന്‍റെ അടിസ്ഥാന ക്ഷേമപ്രവർത്തനങ്ങളിലെ പരാജയത്തിൽനിന്നാണ് ഇത്തരമൊരു സാഹചര്യംതന്നെ ഉടലെടുക്കുന്നത്. അതിനെക്കാൾ പ്രധാനമായി, ഭരണഘടനയിലെത്തന്നെ 25ാം ഖണ്ഡികയനുസരിച്ച് ആർക്കും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അനുഷ്ഠിക്കാനുമുള്ള സ്വാതന്ത്ര്യത്തോടൊപ്പം മതം പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. അത് കേൾക്കുകയും അറിയുകയും ചെയ്യുന്നവർ അതിൽ നേരും നന്മയും കണ്ടെത്തിയാൽ ആ വിശ്വാസം സ്വീകരിക്കുന്നതും മുൻപറഞ്ഞ സ്വാതന്ത്ര്യത്തിന്‍റെത്തന്നെ ഭാഗമാണ്.

ഈ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി പ്രലോഭനങ്ങളിലൂടെ മതപരിവർത്തനം ചെയ്യിക്കുന്നത് കുറ്റകരമാവുമ്പോൾതന്നെ, ഈ പ്രക്രിയയിൽ ചിലപ്പോൾ തനി വിശ്വാസമല്ല, ഏതെങ്കിലും ആചാര-അനുഷ്ഠാന-വ്യവസ്ഥയോട് വിയോജിപ്പോ മറ്റൊന്നിനോടുള്ള യോജിപ്പോ ആയാലും ഒരു ഭരണകൂടം അത് തടയുന്നത് വിശ്വാസ-അഭിപ്രായ സ്വാതന്ത്ര്യ നിഷേധമാവും. മധ്യപ്രദേശ്, ഉത്തർപ്രദേശ് ഉൾപ്പെടെ പത്തോളം സംസ്ഥാനങ്ങളിൽ മിക്കവാറും ബി.ജെ.പി ഭരണകൂടങ്ങൾ മതപരിവർത്തന നിരോധനനിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ, അവിടെയെല്ലാം നിയമങ്ങളുണ്ടാക്കി വിശ്വാസപരിവർത്തനങ്ങളെപ്പോലും തടയുകയും ശിക്ഷിക്കുകയും ചെയ്യുമ്പോൾ, അതോടൊപ്പം സംശയത്തിന്‍റെ പേരിൽ ആൾക്കൂട്ടങ്ങൾതന്നെ നിയമം കൈയിലെടുത്ത് മതപരിവർത്തന നിരോധം നടപ്പാക്കുകയും ഉഭയസമ്മതത്തോടെയുള്ള മിശ്രവിവാഹങ്ങൾപോലും തടഞ്ഞ് ശിക്ഷ വിധിക്കുകയുമാണ്​. അരാജകത്വത്തിന്റെയും പകയുടെയും വിദ്വേഷത്തിന്റെയും അത്തരം അന്തരീക്ഷം സൃഷ്ടിക്കുന്നതിനെതിരെയും ഇന്ത്യയുടെ രണ്ടാമത്തെ പൗരനെന്ന നിലയിൽ ഉപരാഷ്ട്രപതി ശബ്ദമുയർ​ത്തേണ്ടിയിരുന്നില്ലേ? പകരം അദ്ദേഹം അസ്വസ്ഥപ്പെടുന്നത് ‘മത പരിവർത്തനങ്ങൾക്ക് സംഘടിതമായ ശ്രമങ്ങൾ’ നടക്കുന്നതിൽ മാത്രമായിരുന്നു. ഇത്തരം സംഭവങ്ങളിൽ കോടതികൾ പുറപ്പെടുവിക്കുന്ന അമൂർത്തമായ വിധിപ്രസ്താവനകളും നിരീക്ഷണങ്ങളും കൂടുതൽ ആശയക്കുഴപ്പങ്ങൾക്കിടയാക്കാറുണ്ട്. മതം പ്രചരിപ്പിക്കാം, പക്ഷേ, അത് മതപരിവർത്തനത്തിനുള്ള അനുവാദമല്ല എന്ന്​ കോടതികൾ പലപ്പോഴും പറയാറുണ്ട്​. മത പരിവർത്തനത്തിൽ ശിക്ഷാർഹമായ ഇനം ഏതെന്നു തിട്ടപ്പെടുത്താത്ത ഇത്തരം പരാമർശങ്ങളും ചിലപ്പോൾ അനീതിക്ക്​ വഴിവെക്കാറുണ്ട്. സംസ്ഥാനങ്ങൾ ഒന്നിനു പിറകെ ഒന്നായി മതപരിവർത്തന നിരോധനനിയമം നിർമിച്ചതും അത് സാമൂഹികവിരുദ്ധ ശക്തികൾക്ക്​ ദുരുപയോഗപ്പെടുത്താനുള്ള പഴുതായി മാറുന്നതും കാണാതിരുന്നുകൂടാ. ‘നിർബന്ധപൂർവ മതപരിവർത്തനം’ തടയുന്നത് മറയാക്കി, മതപരിവർത്തനംതന്നെ ദുരാചാരമോ കുറ്റകൃത്യമോ ആയി ചിത്രീകരിക്കപ്പെടുന്ന സാഹചര്യം ഉണ്ടാക്കിയത് ഹിന്ദുത്വ പ്രചോദിത ഭരണകൂടങ്ങൾ രാഷ്ട്രത്തെയും ഹിന്ദുമതത്തെയും സമീകരിക്കാൻ തുടങ്ങിയത് മുതലാണ്. ഭരണഘടനയുടെ നിലനിൽപ്​ ഉറപ്പുവരുത്താൻ ബാധ്യസ്ഥനായ ഉപരാഷ്ട്രപതി അതിന്റെ വേരുകൾ തേടി സനാതനധർമം വരെയെത്താൻ കാണിക്കുന്ന അതിയായ താൽപര്യം അപ്പേരിൽ നടക്കുന്ന അവകാശ-സ്വാതന്ത്ര്യങ്ങളുടെ നിഷേധത്തിനെതിരിൽകൂടി എടുത്തെങ്കിൽ എന്ന്​ ആശിക്കാനേ പൗരജനങ്ങൾക്ക് കഴിയൂ.

Tags:    
News Summary - Madhyamam editorial 2024 October 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.