സമഗ്രാധിപത്യത്തിലേക്ക് അടുത്ത ചുവട്


നരേന്ദ്ര മോദി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ എത്ര വിചിത്രമായ നയപരിപാടികൾ മുന്നോട്ടുവെച്ചാലും ലോകമിപ്പോൾ അത്ഭുതപ്പെടില്ല. മഹിതമായ ജനാധിപത്യ പാരമ്പര്യവും മതനിരപേക്ഷ മൂല്യങ്ങളും സ്ഥിതിസമത്വ കാഴ്ചപ്പാടുകളും ചേരിചേരാ നയവുമെല്ലാം കാത്തുപോന്നിരുന്ന രാജ്യത്തെ അതിൽനിന്നെല്ലാം മുക്തമാക്കി ഹിന്ദുത്വ സമഗ്രാധിപത്യത്തിന്റെ കാൽക്കീഴിൽ കൊണ്ടെത്തിക്കുവാനുള്ള നിതാന്ത പരിശ്രമത്തിലാണ് കഴിഞ്ഞ പത്തര വർഷമായി മോദിയും സംഘവും. കഴിഞ്ഞ ദിവസം േകന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിയും ആ ലക്ഷ്യത്തിലേക്കുള്ള അനേകം ചുവടുകളിൽ ഒന്നു മാത്രമാണ്. ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി ജനാധിപത്യത്തിന്റെ മുഖംമൂടിയിട്ട ഹിന്ദുത്വവ്യവസ്ഥയെ രാജ്യവ്യാപകമായി പ്രതിഷ്ഠിക്കാനുള്ള തന്ത്രം.

ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്ന പദ്ധതി നടപ്പാക്കുമെന്ന് 2019ലെ പൊതു തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ച നയരൂപവത്കരണത്തിന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ ഒരു സമിതിയെ കഴിഞ്ഞ ഭരണകാലത്ത് ചുമതലപ്പെടുത്തുകയുംചെയ്തു. ഇത്രയേറെ വൈവിധ്യവും രാഷ്ട്രീയ ചിന്താധാരകളും നിലനിൽക്കുന്ന രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഏതെങ്കിലും വിധത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുേമ്പാൾ എല്ലാ തലത്തിൽ നിന്നുമുള്ള ആളുകളുടെയും പ്രാതിനിധ്യം ഉണ്ടായിരിക്കണമെന്നത് പ്രാഥമിക മര്യാദയാണ്. അമിത്ഷാ, അർജുൻ റാംമേഘ് വാൾ, ബി.ജെ.പി സർക്കാറിന്റെ ഇഷ്ട അഭിഭാഷകൻ ഹരീഷ് സാൽവെ, കോൺഗ്രസിൽനിന്ന് തെറ്റിപ്പിരിഞ്ഞ ഗുലാം നബി ആസാദ് എന്നിവരുൾപ്പെട്ട സമിതിയിൽ അന്നത്തെ ലോക്സഭ കോൺഗ്രസ് കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി മാത്രമായിരുന്നു ഭരണകൂട വൃത്തത്തിന് പുറത്തുനിന്നുള്ളയാൾ. ചൗധരി രാജിവെച്ചൊഴിഞ്ഞതോടെ മോദിസംഘം ആഗ്രഹിച്ച മട്ടിലുള്ള തികഞ്ഞ ഏകപക്ഷീയ കമ്മിറ്റിയായി മാറി. ഇക്കാലമത്രയും പ്രതിപക്ഷ സ്വരങ്ങളെ വകവെക്കാൻ തരിമ്പ് താൽപര്യം കാണിച്ചിട്ടില്ലാത്ത ഒരു ഭരണകൂടം അവരുടെ പ്രകടനപത്രിക വാഗ്ദാനം നടപ്പാക്കാൻ കഴിയുന്ന വിധത്തിലുള്ള റിപ്പോർട്ടാവും ചുട്ടെടുക്കുക എന്ന കാര്യത്തിൽ അന്നുതന്നെ ഒരാൾക്കും സംശയമില്ലായിരുന്നു.

വിവിധ സംസ്ഥാനങ്ങൾ ഭരിക്കുന്ന 15 പാർട്ടികളുൾപ്പെടെ എതിർപ്പ് പ്രകടിപ്പിച്ചു എന്ന ഒറ്റക്കാരണം മതി കൂടുതൽ ആലോചനകളില്ലാതെ റിപ്പോർട്ട് മടക്കിക്കെട്ടാൻ. സംസ്ഥാന സർക്കാറുകളുടെ അനുമതിയില്ലാതെ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനും കമ്മിറ്റി ശിപാർശചെയ്യുന്നു. ഇന്ത്യൻ യൂനിയനിലെ സംസ്ഥാനങ്ങൾക്ക് ഭരണഘടന അതിവിപുലമായ പ്രാധാന്യവും അധികാരവുമാണ് നൽകിയിട്ടുള്ളത് എന്നത് വിസ്മരിക്കാവതല്ല. അവ മാനിച്ചും സംസ്ഥാനങ്ങൾക്കുള്ള വിഹിതങ്ങൾ ശരിയാംവിധം വകവെച്ചുനൽകിയുമാണ് ഡോ. മൻമോഹൻ സിങ് വരെയുള്ള പ്രധാനമന്ത്രിമാർ യൂനിയൻ സർക്കാറുകൾക്ക് നേതൃത്വം നൽകി വന്നത്. നികുതിപിരിവ്, ക്രമസമാധാനം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിലടക്കം സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് മേൽ കടന്നുകയറുന്നതിലും സംസ്ഥാനങ്ങളോട് വിവേചനസമീപനം പുലർത്തുന്നതിലും പ്രത്യേക ഉത്സാഹം കാണിക്കുന്ന നരേന്ദ്ര മോദിയും കൂട്ടരും എല്ലാ അധികാരങ്ങളും തങ്ങളിലേക്ക് കേന്ദ്രീകരിക്കുന്ന വിധത്തിലാണ് നീങ്ങുന്നത് എന്നിരിക്കെ കോവിന്ദ് റിപ്പോർട്ടിലെ ശിപാർശ ഉയർത്തിക്കാട്ടി സംസ്ഥാന നിലപാടുകളെ അപ്രസക്തമാക്കുമെന്ന കാര്യത്തിലും സംശയിക്കാനില്ല.

സാമ്പത്തിക ലാഭവും പ്രായോഗികത നേട്ടവുമൊക്കെയാണ് സർക്കാർ എടുത്തുപറയുന്നത്. പ്രായോഗികതലത്തിലും ഇത് ഒട്ടും എളുപ്പമല്ല. 60 ലക്ഷം വോട്ടിങ് യന്ത്രങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാം സജ്ജമാക്കുകയെന്നത് നിസ്സാര കാര്യമല്ല. ഇക്കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ കള്ളവോട്ടുകളുടെ പരമ്പര തന്നെ നടത്തുകയും അവ വിഡിയോയിൽ പകർത്തി പ്രചരിപ്പിക്കുകയുംചെയ്തത് രാജ്യം കണ്ടതാണ്.

പ്രധാനമന്ത്രിയുടെ പര്യടന സൗകര്യാർഥം ഘട്ടങ്ങൾ ചിട്ടപ്പെടുത്തിയ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിലെ കാലാവസ്ഥയുടെ കാഠിന്യം പോലും കണക്കിലെടുക്കപ്പെട്ടിരുന്നില്ല. പത്തിലേറെ പോളിങ് ഉദ്യോഗസ്ഥർ കൊടുംതാപത്തിൽ പെട്ട് മരണമടഞ്ഞ​ു. അത്തരമൊരു സാഹചര്യത്തിൽ ഈ മഹാരാജ്യത്തെ സംസ്ഥാന നിയമസഭകളിലേക്ക് കൂടിയായി ഒരു തെരഞ്ഞെടുപ്പ് ജംബൂരി നടത്തിയാലുണ്ടാവുന്ന അനർഥങ്ങൾ എന്തെല്ലാമായിരിക്കുമെന്നത് സങ്കൽപിക്കാൻ പോലുമാവില്ല, സുതാര്യത തൊട്ടു തീണ്ടില്ല. ഒരു രാജ്യം, ഒരു മതം, ഒരു ഭാഷ, ഒരു പാർട്ടി എന്ന മട്ടിൽ തച്ചുതകർത്ത് മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇതൊന്നും ആലോചനാ വിഷയങ്ങളേയല്ല. ഇഷ്ടമില്ലാത്ത സമുദായത്തെ അപരസ്ഥാനത്തു നിർത്തി മതവികാരം കുത്തിയിളക്കി രാജ്യം മുഴുവൻ പ്രചാരണ കോലാഹലം നടത്താമെന്നും ആ തക്കത്തിൽ രൂപപ്പെടുന്ന വിദ്വേഷത്തിന്റെ ചളിക്കുണ്ടുകളിൽ താമര വിരിയിച്ചെടുക്കാമെന്നുമൊക്കെയാവും സംഘ്പരിവാർ സർക്കാർ വ്യാമോഹിക്കുന്നുണ്ടാവുക. സംസ്ഥാനങ്ങളിലെ പ്രാദേശിക വിഷയങ്ങൾ ഉയർന്നുവരികയും മാറ്റുരക്കുകയും ചെയ്യേണ്ടിടത്തും ദേശീയതയെ സ്ഥാപിച്ച് കണ്ണിൽപൊടിയിടാമെന്നും.

നിലവിലെ കേന്ദ്രസർക്കാറിന്റെ ഭരണകാലാവധി പൂർത്തിയായശേഷം നടക്കേണ്ട 2029ലെ പൊതു തെരഞ്ഞെടുപ്പോടെ പദ്ധതി പ്രാബല്യത്തിലാക്കാനാണ് സർക്കാർ ഊന്നുന്നത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം വിഘാതം സൃഷ്ടിക്കുന്നത് ഇന്ത്യ എന്ന ആശയത്തിന് തന്നെയാണ് എന്ന് തിരിച്ചറിയണം. ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഈ പടപ്പുറപ്പാടിനെ തുടക്കം മുതൽ പ്രതിരോധിക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് സാധിക്കണം.

Tags:    
News Summary - Madhyamam Editorial 2024 Sep 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT