സാമ്പത്തിക വിവേചനത്തിനെതിരെ പ്രതിപക്ഷ ഐക്യനിര

കേ​ന്ദ്ര-​സം​സ്ഥാ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ബ​ന്ധ​ങ്ങ​ളെ വി​ശ​ക​ല​നം ചെ​യ്ത് ധ​ന​കാ​ര്യ ഇ​ട​പാ​ടു​ക​ൾ​ക്കു മേ​ൽ​നോ​ട്ടം വ​ഹി​ക്കുന്നതിനായി ഭരണഘടനയുടെ അനുച്ഛേദം 280 പ്രകാരം രൂപകൽപന ചെയ്ത സംവിധാനമാണ് കേന്ദ്ര ധനകാര്യ കമീഷൻ. അഞ്ചുവർഷ കാലാവധിയുള്ള കമീഷന്റെ ഇടപെടലുകൾ രാജ്യത്തിന്റെ സാമ്പത്തികാസൂത്രണത്തിലും വിഭവവിതരണത്തിലും അതിപ്രധാനമാണ്. അതുകൊണ്ടുതന്നെ, ഓരോ ധനകാര്യ കമീഷന്റെയും നിയമനവും അവർ നടത്താറുള്ള പ്രഖ്യാപനങ്ങളുമെല്ലാം ഏറെ ഗൗരവത്തോടെയാണ് സംസ്ഥാന സർക്കാറുകളും മാധ്യമങ്ങളുമെല്ലാം കാണാറുള്ളത്. 15ാം ധനകാര്യ കമീഷന്റെ കാലാവധി തീരുകയും ജനുവരിയിൽ രൂപം നൽകപ്പെട്ട 16ാം ധനകാര്യ കമീഷൻ ​പ്രവർത്തനമാരംഭിക്കുകയും ചെയ്തിരിക്കുന്നു. നിതി ആയോഗ് മുൻ വൈസ് ചെയർമാൻ കൂടിയായ അരവിന്ദ് പനഗാരിയയുടെ അധ്യക്ഷതയിലുള്ള 16ാം ധനകാര്യ കമീഷന്റെ സാമ്പത്തികാസൂത്രണ, നികുതി വിഹിത നിർദേശങ്ങൾ ഒരു വർഷത്തിനുള്ളിൽ സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ, കമീഷനുമുന്നിൽ കേന്ദ്രസർക്കാറിന്റെ ധനവിവേചനങ്ങൾക്കെതിരെ പുതിയ ഐക്യനിര രൂപപ്പെടുത്തിയിരിക്കുകയാണ് കേരളമടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങൾ. നികുതി വിഹിതത്തിലും മറ്റും കേന്ദ്രസർക്കാറിന്റെ വിവേചന സമീപനത്തിൽ പൊറുതിമുട്ടിയ ​സംസ്ഥാനങ്ങൾ സാമ്പത്തിക ഫെഡറലിസം സംരക്ഷിക്കുന്നതിനായി പുതിയൊരു സമരത്തിനൊരുങ്ങുകയാണെന്നും പറയാം. ഈ വിവേചനം ഏറ്റവുമധികം നേരിട്ട സംസ്ഥാനമെന്ന നിലയിൽ സമരമുന്നണിയുടെ നേതൃത്വത്തിലുള്ളത് കേരളമാണെന്നത് ഒട്ടും യാദൃച്ഛികവുമല്ല.

ധനകാര്യ കമീഷനു മുന്നിൽ യോജിച്ച നിലപാട് സ്വീകരിച്ച് നികുതി വിഹിത വർധനയടക്കമുള്ള അവകാശങ്ങൾ നേടിയെടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സെപ്റ്റംബർ 12ന് കൊച്ചിയിൽ പ്രതിപക്ഷ സംസ്ഥാനങ്ങളുടെ കോൺക്ലേവ് വിളിച്ചുചേർക്കുകയാണ് കേരളം. തമിഴ്നാട്, കർണാടക, തെലങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളുടെ ധനകാര്യ മന്ത്രിമാരും ധനകാര്യ സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം പ​ങ്കെടുക്കുന്ന കേൺക്ലേവിൽ സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ സംബന്ധിച്ച് കൃത്യമായ ധാരണ രൂപപ്പെടുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്. തുടർന്നായിരിക്കും, ഈ ആവശ്യങ്ങൾ മുൻനിർത്തിയുള്ള സമരപരിപാടികൾ ആവിഷ്കരിക്കുക. തീർത്തും അനിവാര്യമായൊരു നീക്കം തന്നെയാണിത്. ഇത്തരമൊരു ഉദ്യമത്തിന് മുൻകൈയെടുത്ത കേരള സർക്കാറി​നെ അഭിനന്ദിക്കാനും മടിക്കേണ്ടതില്ല. കിഫ്ബി അടക്കം സംസ്ഥാന സർക്കാറിന്റെ ധനകാര്യ മാനേജ്മെന്റിൽ കടുത്ത വിയോജിപ്പ് നിയമസഭക്കകത്തും പുറത്തും രേഖപ്പെടുത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതിപക്ഷവും കോൺക്ലേവുമായി സഹകരിക്കുന്നുണ്ട്. ഒരുപക്ഷേ, സാമ്പത്തിക ഫെഡറലിസത്തിനെതിരായ കേന്ദ്രത്തിന്റെ കടന്നുകയറ്റത്തെ പ്രതിരോധിക്കേണ്ടിയിരിക്കുന്നുവെന്ന തിരിച്ചറിവിന്റെ ഭാഗമായിട്ടാവാം പ്രതിപക്ഷം ഈ സമരത്തിൽ പങ്കാളികളാവുന്നത്. കഴിഞ്ഞ ഒരു ദശകമായി കേരളമടക്കമുള്ള സംസ്ഥാനങ്ങൾ സവിശേഷമായൊരു സാമ്പത്തിക ഉപരോധത്തിന്റെ പിടിയിലാണെന്ന് നിസ്സംശയം പറയാം. സാമ്പത്തിക പരിഷ്കാരങ്ങളെന്ന പേരിൽ നടപ്പാക്കിയ നോട്ടുനിരോധനമടക്കമുള്ള നടപടികൾ രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചതിന് പുറമെയാണിത്. അർഹമായ സാമ്പത്തികവിഹിതം നൽകാതെയും കടമെടുപ്പിന് പരിധി നിശ്ചയിച്ചുമെല്ലാം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ മോദി സർക്കാർ കടുത്ത സമ്മർദത്തിലാക്കി. ഇതിനെ അതിജീവിക്കാനായി കിഫ്ബി പോലുള്ള പദ്ധതി ആവിഷ്കരിച്ചപ്പോൾ അതിനും തടയിട്ടു. വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് കേരളമിപ്പോൾ. ഇതിന്റെ തുടർച്ചയിലാണ് ധനകാര്യ കമീഷനുമുന്നിൽ പുതിയ സമരമുറയുമായി കേരളം രംഗപ്രവേശം ചെയ്തിട്ടുള്ളത്.

എന്തുകൊണ്ട് ഇങ്ങനെയൊരു നീക്കം എന്നതിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: ‘‘പ​​ത്താം ധ​​ന​​കാ​​ര്യ ക​​മീ​​ഷ​​ൻ കാ​​ല​​ത്ത്​ 3.8 ശ​​ത​​മാ​​ന​​മാ​​ണ്​ കേ​​ര​​ള​​ത്തി​​ന്​ വി​​ഹി​​ത​​മാ​​യി ല​​ഭി​​ച്ച​​തെ​​ങ്കി​​ൽ 15ാം ധ​​ന​​കാ​​ര്യ ക​​മീ​​ഷ​​ന്‍റെ സ​​മ​​യ​​ത്ത്​ 1.92 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ച്ചി​​രു​​ന്നു. പ​​ത്താം​​ ധ​​ന​​കാ​​ര്യ ക​​മീ​​ഷ​​ന്‍റെ ക​​ണ​​ക്കു​​പ്ര​​കാ​​രം 48000 കോ​​ടി ല​​ഭി​​ക്കേ​​ണ്ടി​​ട​​ത്ത്​ 15ാം ക​​മീ​​ഷ​​ൻ പ്ര​​കാ​​രം ല​​ഭി​​ച്ച​​ത്​ 24000 കോ​​ടി രൂ​​പ മാ​​ത്രം. മ​​റ്റു പ​​ല ​​സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്കും നി​​കു​​തി വി​​ഹി​​ത​​ത്തി​​ൽ കു​​റ​​വു​​ വ​​രാ​​തി​​രി​​ക്കു​​മ്പോ​​ഴാ​​ണ്​ കേ​​ര​​ള​​ത്തി​​ന്​ കു​​റ​​ഞ്ഞ​​ത്.’’ മന്ത്രിയുടെ വാക്കുകളിൽ നികുതി വിഹിതത്തിലെ വിവേചനം വ്യക്തം. 12ാം ധനകാര്യ കമീഷന്റെ കാലം വരെ ശരാശരി മൂന്നര ശതമാനത്തിന് മുകളിലായിരുന്നു കേരളത്തിന്റെ നികുതിവിഹിതം. അതാണിപ്പോൾ രണ്ടിലും താഴെ വന്നിരിക്കുന്നത്. ശക്തമായ സമ്മർദം ചെലുത്തിയില്ലെങ്കിൽ അത് ഇനിയും കുറയാനാണ് സാധ്യത. മാത്രമല്ല, കിഫ്ബി വിഷയം സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിലെത്തിച്ച കേരളത്തിനെതിരെ കൂടുതൽ ശക്തമായ ‘സാമ്പത്തിക ഉപരോധങ്ങൾക്കു’ള്ള സാധ്യതയും നിലവിലെ സാഹചര്യത്തിൽ തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ, ദൈനംദിന ചെലവുകൾക്കുപോലും പണം തികയാതെവരുന്ന സംസ്ഥാന സർക്കാറിനെ സംബന്ധിച്ച് ഈ കോൺക്ലേവ് അടക്കമുള്ള സമരപരിപാടികൾ അതിജീവനത്തിന്റെ കൂടി മാർഗങ്ങളായി കാണേണ്ടിയിരിക്കുന്നു. അതോടൊപ്പം, മോദി സർക്കാറിന്റെ സാമ്പത്തിക ഫാഷിസത്തിനെതിരായ ശക്തമായ ചെറുത്തുനിൽപു കൂടിയാണിത്.

Tags:    
News Summary - Madhyamam Editorial 2024 Sep 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT