സംസ്ഥാനം നിയമസഭ തെരഞ്ഞെടുപ്പിലേക്ക് അടുക്കുേമ്പാൾ തെരഞ്ഞെടുപ്പ് കമീഷെൻറ കാര്യക്ഷമതയും വിശ്വാസ്യതയും കൂടിയാണ് പരീക്ഷണത്തിന് വിധേയമാകുന്നത്. തെരഞ്ഞെടുപ്പ് നടത്തിപ്പിൽ പരമാവധി സൂക്ഷ്മതയും സുതാര്യതയും ഉറപ്പുവരുത്താൻ സംസ്ഥാന മുഖ്യകമീഷണർ ടിക്കാറാം മീണയും അദ്ദേഹത്തിെൻറ സംഘവും ശ്രമിക്കുന്നുണ്ട്. സമ്മതിദായകരും സ്ഥാനാർഥികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നൂറു ശതമാനം ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനമാണ് കേരളം. കോവിഡ്കാല മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് നടത്താനാവശ്യമായ ക്രമീകരണങ്ങളും നിർദേശങ്ങളും യഥാസമയങ്ങളിൽ വന്നുകൊണ്ടിരിക്കുന്നു. പ്രചാരണരംഗത്ത് വീറും വാശിയും ഏറെയുള്ള സമയമാണിത്. ഈ ചൂട് അനഭിലഷണീയമായ രീതിയിലേക്ക് അധഃപതിക്കാതെ നോക്കേണ്ട ഉത്തരവാദിത്തം സ്ഥാനാർഥികൾക്കും പാർട്ടികൾക്കുമുണ്ട്; അത് ഉറപ്പുവരുത്തേണ്ട ചുമതല ഇലക്ഷൻ കമീഷനുമുണ്ട്. അഴിമതിക്കുള്ള പഴുതുകൾ കഴിയുന്നത്ര അടക്കാനുള്ള പോംവഴികൾ കമീഷൻ ആരായാറുണ്ടെങ്കിലും ആ രംഗത്ത് ഫലപ്രാപ്തി തൃപ്തികരമല്ല എന്നതാണ് വസ്തുത. പ്രചാരണച്ചെലവ് നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള നീക്കങ്ങൾ ഒരുഭാഗത്ത് നടക്കുേമ്പാൾതന്നെ ഇലക്ടറൽ ബോണ്ടുകളെന്നപേരിൽ സാമ്പത്തിക ക്രമക്കേടിെൻറ വലിയ വാതിലുകൾ കേന്ദ്രസർക്കാർ തുറന്നുവെച്ചിരിക്കുന്നു. ചെലവുനിരീക്ഷകരുടെ അധികാരപരിധിയിൽവരുന്ന അഴിമതികളെങ്കിലും കുറയുമെന്ന് ആശിക്കാനേ ഇപ്പോൾ വക കാണുന്നുള്ളൂ. ക്രിമിനൽ പശ്ചാത്തലമുള്ളവർ ജനപ്രതിനിധിസഭകളിൽ ധാരാളമായി കടന്നുകൂടുന്നുണ്ട്. തങ്ങളുടെ പേരിലുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ സ്ഥാനാർഥികൾ വെളിപ്പെടുത്തണമെന്ന ചട്ടം ഒരു പരിധിവരെ ഈ പ്രശ്നത്തിന് പരിഹാരമാകാം- ജനങ്ങൾക്ക് ആ വിവരങ്ങൾ ലഭ്യമാവുകയും അവരുടെ വിലയിരുത്തലിൽ അവയുടെ സ്വാധീനം നിഴലിക്കുകയും ചെയ്യുമെന്ന പ്രത്യാശ ഫലവത്താകുന്ന അളവിൽ മാത്രം. ഏതായാലും ഏറ്റവും ജനസേവന തൽപരതയും നീതിബോധവുമുള്ളവരെ കണ്ടെത്തി നിയമസഭയിലെത്തിക്കാൻ പര്യാപ്തമാണ് ഇന്ന് നിലവിലുള്ള സംവിധാനങ്ങളെന്ന് ഏറ്റവും വലിയ ശുഭാപ്തിവിശ്വാസിപോലും കരുതില്ല. നിലവിലെ പരിമിതികൾക്കുള്ളിൽ കള്ളമോ കൃത്രിമമോ ഇല്ലാത്ത തെരഞ്ഞെടുപ്പ് ഫലം ഉറപ്പുവരുത്താനെങ്കിലും കഴിയേണ്ടതുണ്ട്.
കള്ളവോട്ടും ബൂത്തുപിടിത്തവുമാണ് വോട്ടെടുപ്പിലെ പ്രധാന അഴിമതികൾ. കള്ളവോട്ടിങ്ങിൽ അസാമാന്യ പ്രതിഭയുള്ളവർ നമ്മുടെ നാട്ടിലുണ്ടെന്നത് ഒരു യാഥാർഥ്യമാണ്. ഈ പശ്ചാത്തലത്തിൽ കേരളത്തിലെ പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ ചൂണ്ടിക്കാണിച്ച കാര്യം ഗൗരവമർഹിക്കുന്നു. 65 മണ്ഡലങ്ങളിൽ മാത്രം 2.17 ലക്ഷം വ്യാജ വോട്ടർമാർ വോട്ടർപട്ടികയിൽ ഉണ്ടെന്നാണ് തെളിവുസഹിതം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതിയിൽ പറയുന്നത്. ബാക്കിയുള്ള മണ്ഡലങ്ങളിലെ കൂടി കണക്ക് കിട്ടിയാൽ സംശയാസ്പദ വോട്ടർമാരുടെ എണ്ണം ഇതിെൻറ ഇരട്ടിയാകാനും മതി. വോട്ടർപട്ടികയിൽ പേരുചേർക്കുന്നിടത്ത് സ്വാഭാവികമായുണ്ടാവുന്ന ഇരട്ടിപ്പുകൾ മുമ്പ് കുറച്ചൊക്കെയുണ്ടായിരുന്നു. എന്നാൽ, തിരിച്ചറിയൽ നമ്പറുകളടക്കം പ്രമാണങ്ങളും ഡിജിറ്റൽ സൗകര്യങ്ങളുമുള്ള ഇക്കാലത്ത് ഇരട്ടിപ്പിന് സാധ്യത നന്നേ കുറവാണ്. എന്തുതന്നെയായാലും ഇപ്പോൾ ആരോപിക്കപ്പെടുന്ന അത്ര കള്ളവോട്ട് സാധ്യത സ്വാഭാവിക വീഴ്ചകൾ കൊണ്ടുണ്ടാകുന്നതല്ല. മണ്ഡലങ്ങളിലെ ജനവിധി അട്ടിമറിക്കാൻപോന്ന തരത്തിലാണ് ഇപ്പോൾ കണ്ടെത്തിയ വ്യാജവോട്ടർമാരുടെ എണ്ണവും വ്യാപ്തിയും. എണ്ണപ്പെരുപ്പത്തോളംതന്നെ ഗൗരവമുള്ളതാണ് അതിന് പിന്നിലുണ്ടെന്ന് കരുതാവുന്ന ആസൂത്രണവും. എന്നുവെച്ചാൽ, തെരഞ്ഞെടുപ്പ് നടത്തിപ്പുകാരായ ഉദ്യോഗസ്ഥരിൽ പലരുടെയും ഒത്താശയോടെ പാർട്ടി പ്രവർത്തകർ ബോധപൂർവം നടത്തിയ ശ്രമം അതിന് പിന്നിലുണ്ട്. ഇത് ശരിയാണെങ്കിൽ, ജനാധിപത്യത്തെ അട്ടിമറിക്കുന്ന പ്രവർത്തനം തന്നെയാണത്. ശക്തമായ നടപടി ഇത് ആവശ്യപ്പെടുന്നുമുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഇക്കാര്യത്തിലെടുക്കുന്ന നടപടി അതിനാൽ നിർണായകവുമാണ്.
വ്യാജ വോട്ടർമാരെക്കുറിച്ചുള്ള പരാതിയിൽ അന്വേഷണം നടത്തുമെന്ന് മുഖ്യകമീഷണർ ടിക്കാറാം മീണ പറഞ്ഞിരിക്കുന്നു. മുമ്പും തെരഞ്ഞെടുപ്പുകളിൽ ഉദ്യോഗസ്ഥരെ അടക്കം കൃത്രിമങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, അതിനപ്പുറത്തേക്ക് ഒരിക്കലും നടപടി പോയിട്ടില്ല. ഇതാണ് കള്ളക്കളികൾക്ക് ധൈര്യം പകരുന്ന ഒരുഘടകം. ഇക്കുറി വെബ്കാസ്റ്റിങ് അടക്കം പ്രശ്നബൂത്തുകളിൽ കമീഷൻ കൂടുതൽ ശ്രദ്ധചെലുത്തുന്നുണ്ട്. നല്ലത്. എന്നാൽ, പ്രാഥമിക പ്രമാണമായ വോട്ടർപട്ടിക കുറ്റമറ്റതല്ലെങ്കിൽ ബാക്കി അഭ്യാസങ്ങൾ വെറുതെയാകും. വ്യാജ വോട്ടർമാരെപ്പറ്റി കിട്ടിയ പരാതി അന്വേഷിക്കുമെന്നതല്ലാതെ, കമീഷൻ സ്വയം വ്യാജവോട്ട് പരതിനോക്കില്ല എന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. പ്രായോഗികമായി അത് സാധ്യമല്ല എന്നതാവാം കാരണം. അങ്ങനെത്തന്നെയെന്നുവെച്ചാലും ചൂണ്ടിക്കാണിക്കപ്പെടുന്ന വ്യാജവോട്ടർമാരുടെ കാര്യത്തിൽ നിഷ്കൃഷ്ട പരിശോധന നടത്തി പട്ടിക ശുദ്ധമാക്കേണ്ടതും കള്ളത്തരം നടന്നെങ്കിൽ ഉത്തരവാദപ്പെട്ടവരെ ശിക്ഷിക്കേണ്ടതും കമീഷെൻറ ചുമതലയാണ്. കമീഷൻ തന്നെയാണ് നല്ല ഉദ്യോഗസ്ഥർക്ക് സംരക്ഷണവും ധൈര്യവും നൽകേണ്ടതും. ഒരുകാര്യം തീർച്ച: വ്യാപകമായ കള്ളവോട്ടർമാരെ വെച്ച് തെരഞ്ഞെടുപ്പ് നടന്നാൽ അതിന് വിശ്വാസ്യത ഉണ്ടാകില്ല. മതിയായ അധികാരം കൈയിലുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അവസരത്തിനൊത്തുയരേണ്ട സന്ദർഭമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.