കോവിഡ് മഹാമാരിയുടെ ദുരിതപ്പെയ്ത്തിൽ പകച്ചുനിൽക്കുകയാണ് രാജ്യം. പ്രതിദിന കോവിഡ് നിരക്ക് മൂന്നു ലക്ഷത്തിനും മുകളിലെത്തിയിരിക്കുന്നു -ലോകത്ത് ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്. ജനുവരി ആദ്യവാരത്തിൽ അമേരിക്കയിൽ റിപ്പോർട്ട് ചെയ്ത മൂന്നു ലക്ഷം കേസുകളേക്കാൾ അധികം. എന്നാൽ, കോവിഡ് രോഗികളുടെ ഡേറ്റ കൈകാര്യം ചെയ്യുന്ന കോവിഡ് ഇന്ത്യ ഡോട്ട് ഓർഗിെൻറ മുന്നറിയിപ്പ് അതിലേറെ പേടിപ്പെടുത്തുന്നതാണ്. വരുന്ന രണ്ട് ആഴ്ച ഇന്ത്യയെ സംബന്ധിച്ച് കൂടുതൽ ഭീകരമായിരിക്കുമത്രെ. തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറയും കുംഭമേളയുടെയും പ്രത്യാഘാതം എത്രമാത്രമെന്ന് മനസ്സിലാകാൻ 15 ദിവസംകൂടി കാത്തിരിക്കേണ്ടി വരും. ഇന്ത്യയിൽനിന്നും ഇന്ത്യയിലേക്കുമുള്ള യാത്രകൾക്ക് റെഡ് അലർട്ടാണിപ്പോൾ. ബ്രിട്ടനിലെയും ജപ്പാനിലേയും പ്രധാനമന്ത്രിമാരുടെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയതും ഇതേത്തുടർന്നാണ്.
എന്തുകൊണ്ട് ഇത്ര തീവ്രമായി കോവിഡിെൻറ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിച്ചുവെന്ന ചോദ്യത്തിന് ഏക സ്വരത്തിലെ ഉത്തരം, ഭരണ നിർവഹണത്തിെൻറ കുറ്റകരമായ വീഴ്ച എന്നാണ്. 'ഗാർഡിയൻ' പത്രം ഇന്ത്യയുടെ കോവിഡ് വ്യാപനത്തിെൻറ പ്രധാനകാരണമായി നിരീക്ഷിച്ചത് ഭരണനിർവഹണത്തിലെ തകർച്ച എന്നത്രെ. വാക്സിൻ വിതരണം തികച്ചും അശാസ്ത്രീയമായ രീതിയിലാെണന്നും കേന്ദ്രത്തിെൻറ നയരാഹിത്യംമൂലം വാക്സിൻ പാഴായിപ്പോകുന്നുവെന്ന് വിമർശിക്കുകകൂടി ചെയ്യുന്നു, ഡൽഹി ഹൈകോടതി. മഹാരാഷ്ട്രയിലെ ഓക്സിജൻ അപര്യാപ്തതയിൽ കേന്ദ്രത്തിന് പങ്കുണ്ടെന്നും കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയത് ബോംബെ ഹൈകോടതിയാണ്. ഡൽഹി, ബോംെബ, സിക്കിം, മധ്യപ്രദേശ്, കൊൽക്കത്ത, അലഹബാദ് എന്നിങ്ങനെ ആറ് ഹൈകോടതികളാണ് കോവിഡ് പ്രതിരോധ പദ്ധതികളുടെ വിശദാംശങ്ങൾ തേടി കേന്ദ്രത്തിന് നോട്ടീസയച്ചിരിക്കുന്നത്. ഒടുവിൽ സുപ്രീംകോടതിയും സ്വമേധയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ കോവിഡ് പ്രതിരോധത്തിന് എന്തെങ്കിലും പദ്ധതികളുണ്ടെങ്കിൽ പറയാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെട്ടു. ഓക്സിജൻ, അടിസ്ഥാന മരുന്നുകളുടെ വിതരണം, വാക്സിനേഷൻ നടത്തിപ്പിെൻറ വിശദാംശങ്ങളും രീതികളും ലോക്ഡൗൺ പ്രഖ്യാപിക്കാനുള്ള അധികാരം എന്നീ വിഷയങ്ങളിൽ കേന്ദ്രം ഇതുവരെ ചെയ്തതും ഇനി ചെയ്യാനുദ്ദേശിക്കുന്നതുമായ കാര്യങ്ങളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് പരമോന്നത നീതിപീഠം. കൂടാതെ, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ അമിക്കസ് ക്യൂറിയായി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്ത് സംജാതമായ ആരോഗ്യ അടിയന്തരാവസ്ഥയുടെ ആഴം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാത്ത ഏക വിഭാഗം കേന്ദ്ര ഭരണ സംവിധാനമാെണന്നത് ലജ്ജാകരവും അതിലേറെ പ്രതിഷേധാർഹവുമാണ്. കഴിഞ്ഞ രണ്ട് ആഴ്ചകൾക്കുള്ളിൽ പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ ഒമ്പത് മഹാറാലികളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ബംഗാളിലെ അസൻസോൾ നഗരത്തിൽ നടന്ന രാഷ്ട്രീയ റാലിയിൽ, 'ഞാൻ ഇതുപോലൊരു റാലിയിൽ പങ്കെടുത്തിട്ടില്ല, കണ്ണിനു കാണാൻ കഴിയുന്നിടത്തോളം ദൂരം ജനക്കൂട്ടം നിറഞ്ഞിരിക്കുന്നു' എന്ന് ആമോദത്തോടെ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്യുന്നു. ആരോഗ്യമന്ത്രി ഹർഷവർധനാകെട്ട, 'ഇെതല്ലാവരും കാണൂ' എന്നു പറഞ്ഞ് വ്യാപക പ്രചാരണത്തിന് നേതൃത്വം വഹിക്കുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ മാസ്കുപോലും ധരിക്കാതെ റോഡ് ഷോകളിലെ നായകനായി ബംഗാൾ പിടിക്കാനുള്ള രണോത്സുക യുദ്ധത്തിലാണ്. ഭരണ നായകർ ബംഗാളിൽ തെരഞ്ഞെടുപ്പ് പൊറാട്ടുനാടകങ്ങളിലെ രാജാക്കന്മാരായി വാണരുളുമ്പോഴാണ് യു.പിയിലെ പത്രപ്രവർത്തകൻ ആശുപത്രികളിൽ പ്രവേശനം ലഭിക്കാതെ ഓക്സിജൻ തേടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് കേണപേക്ഷിച്ചതും ഒടുവിൽ ശ്വാസം കിട്ടാതെ മരണത്തിന് കീഴടങ്ങിയതും.
രാജ്യത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ മുഴുവനും യുദ്ധത്തിന്റെ മൂർധന്യതയിൽ പരാജയം സമ്മതിച്ച പടനായകേൻറതായിരുന്നു. യഥാർഥത്തിൽ ഓക്സിജൻ ക്ഷാമവും വാക്സിനുകളുടെ അപര്യാപ്തതയും ഭരണകൂട പിടിപ്പുകേടിനാൽ സംഭവിച്ചതാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ 162 പുതിയ ഓക്സിജൻ പ്ലാൻറുകൾക്കുള്ള നടപടിക്രമങ്ങൾ ഒക്ടോബറിൽ ആരംഭിച്ചെങ്കിലും പ്രവർത്തന സജ്ജമായത് വിരലിലെണ്ണാവുന്നതുമാത്രം. അതിലുപരി, ഓക്സിജൻ കയറ്റുമതി ചെയ്ത് ലാഭമുണ്ടാക്കാൻ കമ്പനികൾക്ക് അവസരം നൽകി. ഈ കാലയളവിൽ ഇന്ത്യ കയറ്റുമതി ചെയ്തത് 9000 മെട്രിക് ടൺ ഓക്സിജനാണ്. ശ്വാസം കിട്ടാതെ പൗരന്മാർ മരണമുനമ്പിൽ നിന്നപ്പോഴും വ്യവസായികാവശ്യത്തിനുള്ള ഓക്സിജൻ നിർമാണം പരിമിതപ്പെടുത്തി ആരോഗ്യമേഖലയിലേക്ക് ഉപയോഗിക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത് മടിച്ചുമടിച്ചാണ്.
കൂടാതെ, സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച വാക്സിന് കനത്ത വില ഈടാക്കുമെന്നും പ്രഖ്യാപിച്ചുകഴിഞ്ഞു. മരുന്നു കമ്പനികൾക്കും സ്വകാര്യ ആശുപത്രികൾക്കും കൊള്ളലാഭത്തിനുള്ള അവസരം തുറന്നുകൊടുത്ത് ഗാലറിയിലിരുന്ന് മരണക്കളി കാണുകയാണ് അധികാരികൾ. പല മാനദണ്ഡങ്ങളിൽപ്പെടുത്തി കോവിഡ് മരണനിരക്ക് കുറച്ചുകാണിക്കുന്ന തട്ടിപ്പ്, സർക്കാർ അവസാനിപ്പിച്ചാൽ പുറത്തുവരുന്ന യഥാർഥ കണക്ക് ഞെട്ടിപ്പിക്കുന്നതാകുമെന്ന് സൂചിപ്പിക്കുന്നത് ആരോഗ്യവിദഗ്ധരാണ്. കോവിഡ് ദുരിതത്തിൽ രക്ഷകരാകേണ്ട സർക്കാർ ജനങ്ങൾക്ക് പീഡയാകുന്നത് മരണത്തെപ്പോലെ നിസ്സഹായമായി നോക്കിനിൽക്കാനാണ് രാജ്യത്തിെൻറ വിധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.