​കോവിഡ്​ വ്യാപനത്തി​​െൻറ വാർഷിക കണക്കെടുപ്പ്​


ശീഘ്രഗതിയിൽ ലോകത്തെയാകെ പിടിയിലൊതുക്കിയ കോവിഡ്​ -19 മഹാമാരി ഇന്ത്യയിൽ പടർന്നുകയറിയ ആദ്യഘട്ടത്തിൽതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനത കർഫ്യൂ പ്രഖ്യാപിക്കുകയും ജനജീവിതത്തെ കർശനമായ നി​യ​ന്ത്രണങ്ങൾക്ക്​ വിധേയമാക്കാൻ രാജ്യവ്യാപകമായി നടപടികൾ സ്വീകരിക്കുകയും ചെയ്​തതി​​െൻറ ഫലമെന്തായെന്ന്​ തിരിഞ്ഞുനോക്കേണ്ട നിർണായകസന്ദർഭമാണിത്​. ലോക്​ഡൗൺ ഒരു വർഷം പിന്നിട്ടുകഴിഞ്ഞു; ജനജീവിതം ഒ​ട്ടൊക്കെ പൂർവാവസ്​ഥയിലേക്ക്​ മടങ്ങിപ്പോവാനും തുടങ്ങി. എന്നാൽ, 2020 മാർച്ച്​ 20ന്​ ജനത കർഫ്യൂ പ്രഖ്യാപിക്കു​േമ്പാൾ ഇന്ത്യയിലൊട്ടാകെ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​ 169 കോവിഡ്​ കേസുകളായിരുന്നെങ്കിൽ ഒരു വർഷത്തിനകം 1,16,46,081 പേരെയാണ്​ മഹാമാരി കടന്നാക്രമിച്ചത്. പ്രതിദിനം റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​ 47,000 കേസുകളാണ്​. 1,59,967 മരണങ്ങളും സംഭവിച്ചു. അപ്രകാരം ലോകത്ത്​ ഏറ്റവുമധികം കോവിഡ്​ രോഗികളുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയും ചെയ്​തു. 135 കോടിയോളം ജനങ്ങൾ അധിവസിക്കുന്ന ഒരു രാജ്യത്ത്​ ഈ സംഖ്യ അപ്രതീക്ഷിതമോ അസ്വാഭാവികമോ ആണെന്ന്​ പറയാനാവില്ല. മഹാരാഷ്​ട്ര, ഗുജറാത്ത്​, ആന്ധ്ര, തെലങ്കാന, കർണാടക, കേരളം, പഞ്ചാബ്​ എന്നീ സംസ്​ഥാനങ്ങളിലാണ്​ ഏറെ കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​.

പ്രാരംഭത്തിൽ രോഗപ്രതിരോധത്തിൽ ഇന്ത്യക്കാകെയും ഒരുവേള ലോകത്തിനും മാതൃകയെന്ന്​ ഖ്യാതി നേടിയ കേരളം പിന്നെ ക്രമത്തിൽ ഏറ്റവും കൂടുതൽ കോവിഡ്​ രോഗികളുള്ള സംസ്​ഥാനങ്ങളുടെ മുൻനിരയിലേക്കു വന്നത്​ നമ്മുടെ കണക്കുകൂട്ടലുകളെ പിഴപ്പിച്ചുകൊണ്ടാണ്​. രോഗബാധിത രാജ്യങ്ങളിൽനിന്നും സംസ്​ഥാനങ്ങളിൽനിന്നുമുള്ള പ്രവാസികളുടെയും മറുനാടൻ മലയാളികളുടെയും കൂട്ടത്തോടെയുള്ള മടക്കവും കോവിഡ്​ പ്രോ​ട്ടോകോൾ പരക്കെ ലംഘിക്കപ്പെട്ടതും മുഖ്യകാരണങ്ങളാവാം. എന്നാൽ, കൂടുതൽ ജാഗ്രത പുലർത്തേണ്ട സന്ദർഭങ്ങളിൽ നാം കാണിച്ച അനാസ്​ഥ രോഗികളുടെ എണ്ണം ഇരട്ടിപ്പിക്കുന്നതിൽ വഹിച്ച പങ്ക്​ കാണാതിരുന്നുകൂടാ. 2020ലെ ഓണാഘോഷമാണ്​ കൂട്ട വ്യാപനത്തിലേക്ക്​ നയിച്ച ആദ്യ സംഭവമെങ്കിൽ തുടർന്നുവന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിൽ അധികൃതരുടെ അടിക്കടിയുള്ള മുന്നറിയിപ്പ്​ അവഗണിച്ചതുകൊണ്ട്​ വ്യാപനം പൂർവാധികം രൂക്ഷമായി. വീണ്ടും താഴോട്ടുപോയ കോവിഡ്​ നിരക്ക്​ കഴിഞ്ഞ നാലു മാസക്കാലം കുറഞ്ഞുവരുന്നതി​​െൻറ ലക്ഷണങ്ങൾ കാണിച്ചശേഷം ഒരാഴ്​ചയായി മഹാരാഷ്​ട്ര, പഞ്ചാബ്​, കേരളം, കർണാടക, ഗുജറാത്ത്​ സംസ്​ഥാനങ്ങളിൽ ഉയരാൻ തുടങ്ങിയിരിക്കുന്നു.

ഞായറാഴ്​ച മാത്രം റിപ്പോർട്ട്​ ചെയ്​തത്​ 46,951 കേസുകൾ. രണ്ടാഴ്​ചക്കകം രാജ്യത്തെ കോവിഡ്​ മരണം 212ൽ എത്തി. കേരളത്തിൽ മരണനിരക്ക്​ നേരത്തേത്തന്നെ കുറവായിരുന്നു. ടെസ്​റ്റുകളുടെ എണ്ണം കുറയുന്തോറും നിരക്കും കുറയുന്നുവെന്നത്​ ആശ്വാസകരമാണെങ്കിലും ജാഗ്രത കൈവെടിയാൻ സമയമായില്ലെന്ന്​ മാത്രമല്ല കൂടുതൽ ഉത്​കണ്​ഠജനകമായ രണ്ടാം വരവി​​െൻറ ഭീഷണി നിലനിൽക്കുന്നുണ്ടുതാനും. കോവിഡ്​ -19​​െൻറ വ്യാപനക്കണക്കുകൾ അവതരിപ്പിച്ചുകൊണ്ടും ജാഗരൂകത പാലിക്കണമെന്ന്​ ഉണർത്തിക്കൊണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ ദിനേന സായാഹ്നങ്ങളിൽ ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരുന്നത്​ ആഴ്​ചകൾക്കു​ മാത്രം മുമ്പാണ്​. പ്രായമായവർ കഴിവതും പുറത്തിറങ്ങരുതെന്നും ജനം കൂടിനിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും മാസ്​ക്​ ധരിക്കാതെ ആരും പുറത്തിറങ്ങരുതെന്നും നിരന്തരവും ശക്തവുമായി ഉദ്​ബോധിപ്പിക്കപ്പെട്ടിരുന്നു. അക്കാര്യങ്ങൾ അനുസ്യൂതം നിരീക്ഷിക്കാൻ ​പൊലീസിനെ വിന്യസിക്കുകയും ശിക്ഷാനടപടികൾ സ്വീകരിക്കാൻ അവർക്ക്​ അധികാരം നൽകുകയും ചെയ്​തിരുന്നു. പക്ഷേ, നിയമസഭ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിക്കപ്പെട്ടതോടെ സ്​ഥിതിയാകെ അട്ടിമറിഞ്ഞിരിക്കുന്നു. സാക്ഷാൽ മുഖ്യമന്ത്രിതന്നെ ഒരു നിയന്ത്രണത്തിനും വിധേയരല്ലാത്ത പതിനായിരങ്ങളുടെ മേളകളെയാണ്​ അഭിമുഖീകരിക്കുന്നത്​. മറ്റെല്ലാ നേതാക്കളും പ്രവർത്തകരും അങ്ങനെ തന്നെ. കോവിഡ്​ വ്യാപനത്തിന്​ തീർത്തും അനുകൂലമായ ഈ സാഹചര്യം എല്ലാവരെയും ആശങ്കാകുലരാക്കേണ്ടതാണ്​.

കോവിഡിനെതിരായ കുത്തിവെപ്പ്​ ജാഗ്രത കൈവെടിയാനും ആലസ്യം വ്യാപകമാക്കാനും പ്രേരകമായി തീർന്നിട്ടുണ്ടെന്നു വേണം കരുതാൻ. പക്ഷേ, കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം 4, 50, 65, 998 പേരാണ്​ രാജ്യത്ത്​ ഇതേവരെ വാക്​സിനേഷന്​ വിധേയരായവർ. അവശേഷിക്കുന്ന 130 കോടിയിൽ പത്തിലൊന്നെങ്കിലും കുത്തിവെപ്പെടുക്കാൻ ഇനിയെത്ര നാൾ വേണ്ടിവരുമെന്ന്​ ഊഹിക്കാവുന്നതേയുള്ളൂ. ജനം വാക്​സിനേഷനിൽ വിമുഖരാവുന്നതല്ല, രാജ്യത്തെ ആരോഗ്യസംവിധാനങ്ങളുടെ അപര്യാപ്​തതയാണ്​ കാരണമെന്ന്​ വ്യക്​തമാണ്​. ആരോഗ്യരംഗത്ത്​ രാജ്യത്തിന്​ മാതൃകയായ കേരളത്തിലെങ്കിലും യുക്​തിസഹമായ കാലയളവിൽ വാക്​സിനേഷൻ പൂർത്തീകരിക്കാനുള്ള തീവ്രയത്​നം ആരോഗ്യമന്ത്രാലയത്തി​െൻറ ഭാഗത്തുനിന്നുണ്ടായേ തീരൂ. മതിയായ അളവിൽ മരുന്ന്​ ലഭ്യമാക്കുകയാണ്​ ഇക്കാര്യത്തിൽ പ്രാഥമികമായി പൂർത്തീകരിക്കേണ്ട നടപടി. സർക്കാർ ആശുപത്രികളിൽ വാക്​സിനേഷൻ സൗജന്യമാക്കിയ നടപടി തീർച്ചയായും സ്വാഗതാർഹമാണ്​. എന്നാൽ, ശേഷിയുള്ളവൻ സൗജന്യം കാത്തിരിക്കാതെ സ്വകാര്യ ആശുപത്രികളെ അഭയം പ്രാപിക്കുന്നത്​ കോവിഡ്​ വ്യാപനം തടയുന്നതിൽ നിർണായകമായിത്തീരും. പാർശ്വഫലങ്ങളെക്കുറിച്ച ഭീതിക്ക്​ അടിസ്​ഥാനമില്ലെന്ന്​ ഇതിനകം തെളിഞ്ഞുകഴിഞ്ഞുവല്ലോ. ഈ പ്രക്രിയ പൂർണമാവുന്നതുവരെയെങ്കിലും കരുതൽ നടപടികൾ ജാഗ്രതയോടെ തുടരുമെന്ന്​ സർക്കാറും ആരോഗ്യപ്രവർത്തകരും ജനങ്ങളും ഉറപ്പുവരുത്തുകയേ രക്ഷയുള്ളൂ.

Tags:    
News Summary - madhyamam editorial 24th march 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.