കേരള വനിത കമീഷൻ 25ാം വാർഷികം ആഘോഷിക്കുന്ന വേളയാണിത്. സ്ത്രീ അവകാശങ്ങൾക്കുവേണ്ടി വിപുലമായ പരിപാടികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സന്ദർഭം. ഈ സമയത്തുതന്നെ, ഗാർഹിക പീഡനം സംബന്ധിച്ച് പരാതി പറഞ്ഞ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് കമീഷൻ അധ്യക്ഷ എം.സി. ജോസഫൈന് രാജിവെക്കേണ്ടിവന്നിരിക്കുന്നു. ലൈവ് ചാനൽ പരിപാടിയിൽ അവരുപയോഗിച്ച വാക്കുകളും ശരീരഭാഷയും പരാതിക്കാരിയെ അങ്ങേയറ്റം അപഹസിക്കുന്നതും നിന്ദിക്കുന്നതുമായിരുന്നു. അതിലുപരി സ്ത്രീവിരുദ്ധവും അധികാരത്തിെൻറ അഹന്തമുറ്റിയതുമായിരുന്നു ആ പ്രകടനം. തുടക്കത്തിൽ സ്വയം ന്യായീകരിക്കാൻ ശ്രമിച്ച കമീഷൻ അധ്യക്ഷ രാഷ്ട്രീയഭേദമന്യേ വിമർശനങ്ങൾ കനത്തതോടെ ഖേദം പ്രകടിപ്പിച്ചുവെങ്കിലും പാർട്ടിയുടെയും സർക്കാറിെൻറയും മേൽ അപ്രതീക്ഷിതമായി പതിച്ച പ്രതിച്ഛായ കളങ്കത്തെ കഴുകിക്കളയാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് രാജി ആവശ്യപ്പെട്ടു. അങ്ങനെ 11മാസ കാലാവധി കൂടി അവശേഷിക്കെ പദവി ഒഴിയാൻ അവർ നിർബന്ധിതയായി.
2017ൽ വനിത കമീഷൻ അധ്യക്ഷസ്ഥാനം ഏെറ്റടുത്ത ജോസഫൈൻ പരാതിക്കാരെ വാക്കുകൊണ്ടു മുറിവേൽപിക്കുന്നത് ഇതാദ്യമായല്ല. അയൽവാസി വീട്ടിൽ കയറി മർദിച്ച സംഭവത്തിൽ നീതിതേടി വനിത കമീഷനിൽ എത്തിയ പത്തനംതിട്ടയിലെ വയോധികക്കും കുടുംബത്തിനുമെതിരെ നടത്തിയ ശകാരവർഷം മുതൽ വാളയാർ പീഡന കേസിൽ ഇരകൾക്കുനേരെ ചൊരിഞ്ഞ മോശം വാക്കുകൾവരെ ഈ പദവിക്ക് അവർ യോഗ്യയല്ല എന്നതിെൻറ സംസാരിക്കുന്ന തെളിവുകളായിരുന്നു. രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന സ്ത്രീകൾപോലും വിവേചനങ്ങൾ അനുഭവിക്കുന്ന സാമൂഹിക ക്രമത്തിലാണ് അതിനെതിരെ മുൻനിരയിൽ പോരാടേണ്ട വനിത കമീഷൻ അധ്യക്ഷ പരാതി പറയുന്നവർ തങ്ങളെക്കാൾ താഴ്ന്നവരാണ് എന്ന വരേണ്യബോധവും പുരുഷാധിപത്യ ഭാഷകളും നിരന്തരം പ്രസരിപ്പിക്കുന്നത്.
ഈ വിവാദപർവങ്ങൾക്കിടയിലും സ്ത്രീധനം നൽകുകയാെണങ്കിൽ സ്ത്രീയുടെ പേരിൽ ബാങ്ക് അക്കൗണ്ടിലിടുകയാണ് വേണ്ടതെന്നായിരുന്നു അവരുടെ പ്രസ്താവന. നിയമം മൂലം നിരോധിക്കപ്പെട്ടിരിക്കുന്ന, നൂറുകണക്കിന് സ്ത്രീകളുടെ ജീവനെടുത്തുകൊണ്ടിരിക്കുന്ന ഒരു ദുരാചാരത്തെ സ്ത്രീ ശാക്തീകരണത്തിെൻറ വ്യാജസീൽ പതിപ്പിച്ച് ന്യായീകരിച്ചെടുക്കലല്ലെങ്കിൽ പിന്നെന്താണിത്? എന്തുതന്നെ വന്നാലും സ്ത്രീധനം അംഗീകരിക്കാനാവില്ലെന്ന നിലപാടെടുക്കണമെന്ന ഒരു ധാർമിക-മാനുഷിക ബോധം സമൂഹത്തിെൻറ ചില കോണുകളിലെങ്കിലും ശക്തിപ്പെട്ടുകൊണ്ടിരിക്കെയാണിതെന്നോർക്കണം.
വീഴ്ചകൾ മാധ്യമങ്ങളും സ്ത്രീ അവകാശ പ്രവർത്തകരും പലകുറി ചൂണ്ടിക്കാണിച്ചുവെങ്കിലും തിരിച്ചറിഞ്ഞ് തിരുത്തുവാനോ, ഉത്തരവാദിത്തപ്പെട്ട അധികാര സ്ഥാനങ്ങളിലിരിക്കുന്നവർ നിഷ്ഠയോടെ പുലർത്തേണ്ട മര്യാദ പാലിക്കുവാനോ അവർ തൽപരയായിരുന്നില്ല. രാജ്യത്തെ ഏറ്റവും ശക്തമായ വനിത സംഘടനകളിലൊന്നായി വിശേഷിപ്പിക്കുന്ന, 'മാറണം മനോഭാവം സ്ത്രീകളോട്' എന്ന തലക്കെട്ടിൽ കാമ്പയിൻ നടത്തുന്ന ജനാധിപത്യ മഹിള അസോസിയേഷെൻറ അഖിലേന്ത്യാ നേതൃപദവിയും സ്ത്രീവാദ രാഷ്ട്രീയത്തോട് ചേർന്നു നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിെൻറ കേന്ദ്രസമിതി അംഗത്വവും വഹിക്കുന്ന വ്യക്തിയാണ് സ്ത്രീനീതി വിഷയത്തിൽ ഇത്ര വലിയ പിഴവുകൾ പലവുരു വരുത്തിയതെന്നോർക്കണം. എന്നിട്ട് ഒരിക്കൽ പോലും അത് നയവ്യതിയാനവും മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാെണന്ന് തിരിച്ചറിയുവാനും തിരുത്തിക്കുവാനും ആ കേഡർ സംഘടനകൾ തയാറായില്ലെന്നു വരുേമ്പാൾ പ്രശ്നം ജോസഫൈൻ എന്ന വ്യക്തിയുടെ മാത്രമല്ല മറിച്ച് അവർ പ്രതിനിധാനംചെയ്യുന്ന പ്രസ്ഥാനത്തിേൻറതു തന്നെയാണെന്ന് പറയേണ്ടിവരും. ജോസഫൈെൻറ ഖേദപ്രകടനത്തിലൂടെ വിവാദം അവസാനിച്ചുവെന്ന അപമാനകരമായ വാദവുമായി ഡി.വൈ.എഫ്.ഐ രംഗത്തു വന്നതിലും പ്രകടമാണ് ഈ സ്ത്രീവിരുദ്ധതയുടെ ആഴം. സ്ത്രീസൗഹൃദ കേരളം സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച ഇടതുപക്ഷ സർക്കാറും അതിന് നേതൃത്വം വഹിക്കുന്ന സി.പി.എമ്മും അടിയന്തരമായി പരിശോധിക്കേണ്ടതാണ് പൊതുമണ്ഡലത്തിലും പാർട്ടി അടരുകളിലും പൂപ്പലുപിടിച്ചുകിടക്കുന്ന സ്ത്രീവിരുദ്ധ മനോഘടനകൾ.
കേരളത്തിലെ സ്ത്രീകളുടെ പദവി മെച്ചപ്പെടുത്തുന്നതിനും സ്ത്രീകളെ ബാധിക്കുന്ന നീതിരഹിതമായ നടപടികൾ അന്വേഷിക്കുന്നതിനുമായി രൂപവത്കരിക്കപ്പെട്ട വനിത കമീഷെൻറ പ്രവർത്തനങ്ങളുടെ സാമൂഹിക ഓഡിറ്റിങ്ങും ഈ വിവാദം അനിവാര്യമാക്കുന്നു. തത്ത്വത്തിൽ സിവിൽ കോടതിയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരമുണ്ടെങ്കിലും പ്രയോഗത്തിൽ ഏതു വിഷയത്തിലും സംസ്ഥാന സർക്കാറിന് ശിപാർശ ചെയ്യാനുള്ള അധികാരമേ വനിത കമീഷനുള്ളൂ. അതുകൊണ്ടുതന്നെ ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെ അവസാനത്തെ അത്താണിയെന്ന് കരുതപ്പെടുന്ന വനിത കമീഷൻ ഫലത്തിൽ നിഷ്പ്രയോജന സംവിധാനമായി പരിണമിച്ചിരിക്കുന്നു. അധ്യക്ഷയുടെയും അംഗങ്ങളുടെയും നിയമനം രാഷ്ട്രീയ വീതംവെപ്പായി മാറിയതോടെ മറ്റൊരു വെള്ളാനയാകുകയാണ് വനിത കമീഷനും. സ്ത്രീകളുടെ അവകാശങ്ങൾ നിവർത്തിക്കൊടുക്കാൻ കഴിയുന്ന അധികാരമുള്ള സ്ത്രീകളിലെ വൈവിധ്യത്തെ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയ വിധേയത്വത്തിൽനിന്ന് വിമുക്തമായ വനിത കമീഷൻ രൂപപ്പെടുത്താനുള്ള പോരാട്ടമായി ഈ സന്ദർഭത്തെ പരിവർത്തിപ്പിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യാനായാൽ സ്ത്രീസൗഹൃദ സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് വലിയ ഒരു ചുവടുവെപ്പായിരിക്കുമെന്ന് തീർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.