മതനിരപേക്ഷ സോഷ്യലിസ്റ്റ് ജനാധിപത്യ ഇന്ത്യതന്നെ

1976ൽ അടിയന്തരാവസ്ഥകാലത്ത് 42ാം ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസം, സെക്യുലറിസം എന്ന വാക്കുകൾ ഉൾപ്പെടുത്തിയ നടപടിക്കെതിരെ സമർപ്പിക്കപ്പെട്ട ഹരജികൾ സുപ്രീംകോടതി തള്ളിക്കളഞ്ഞതോടെ രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള സംഘ്പരിവാർ നീക്കത്തിന് വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. 42ാം ഭേദഗതിയിലൂടെ ഇന്ദിരഗാന്ധി സർക്കാർ കൊണ്ടുവന്ന മറ്റു ഭേദഗതികൾ ’77ൽ അധികാരത്തിൽവന്ന ജനത സർക്കാർ 43, 44 ഭേദഗതികളിലൂടെ റദ്ദാക്കിയെങ്കിലും ഭരണഘടനയുടെ ആമുഖത്തിൽ സെക്യുലർ, സോഷ്യലിസ്റ്റ് എന്ന് കൂട്ടിച്ചേർത്തത് നിലനിർത്തുകയാണ് ചെയ്തിരുന്നത് എന്നോർക്കണം. അടൽ ബിഹാരി വാജ്പേയി, ലാൽകൃഷ്ണ അദ്വാനി എന്നീ പ്രമുഖ ഹിന്ദുത്വ നേതാക്കൾകൂടി പങ്കാളികളായ ജനത ഗവൺമെന്റ് ആമുഖത്തിലെ ഭേദഗതി നിലനിർത്തിയത് അതേറ്റവും പ്രസക്തമായി അവർ കരുതിയതുകൊണ്ടാവണമല്ലോ. സത്യത്തിൽ മതേതരമെന്ന വിശേഷണമില്ലാതെതന്നെ നാനാജാതി മതസ്ഥരുടെ നാടായ ഇന്ത്യ മഹാരാജ്യത്തെ മുഴുവൻ പൗരരെയും തുല്യാവകാശങ്ങളോടെയും പരിഗണനയിലൂടെയും കാണുന്ന ജനാധിപത്യ രാഷ്ട്രം എന്നതാണ് ഡോക്ടർ അംബേദ്കറും സഹപ്രവർത്തകരും ചേർന്ന് തയാറാക്കിയ ഭരണഘടനയുടെ അന്തസ്സത്ത. ഭരണഘടന നിർമാണസഭയിൽ മാസങ്ങളോളം നീണ്ട ചർച്ചകളിൽ എല്ലാ വിഭാഗം ജനപ്രതിനിധികളുടെയും സുചിന്തിതാഭിപ്രായങ്ങൾ പരിഗണിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തിയശേഷമാണ് ഭരണഘടന അന്തിമമായി അംഗീകരിക്കപ്പെട്ടത്. ബഹുഭൂരിപക്ഷം ജനങ്ങളും മതവിശ്വാസികളായ ഒരുരാജ്യത്ത് ഒരുമതത്തിനും പ്രത്യേക പരിഗണനയോ അവഗണനയോ കൽപിക്കാതെ എല്ലാ മതങ്ങളോടും തുല്യാദരവ് പ്രകടിപ്പിക്കുക എന്നതാണ് മതനിരപേക്ഷതയുടെ അന്തസ്സത്ത എന്ന് അംബേദ്കറും ജവഹർലാൽ നെഹ്റുവും ഉൾപ്പെടെയുള്ളവർ വിശദീകരിച്ചതാണ്. എന്നാൽ, സ്വാതന്ത്ര്യത്തിന്റെ കാൽനൂറ്റാണ്ട് പിന്നിട്ടപ്പോഴേക്ക് ഭൂരിപക്ഷത്തിന് പ്രത്യേക പരിഗണനയും മതന്യൂനപക്ഷങ്ങൾക്ക് അവഗണനയുമെന്ന പ്രവണത ശക്തിപ്പെടാൻ തുടങ്ങിയ പശ്ചാത്തലത്തിൽ 42ാം ഭരണഘടന ഭേദഗതിയിലൂടെ പരമാധികാര, സോഷ്യലിസ്റ്റ്, മതേതര ജനാധിപത്യ റിപ്പബ്ലിക് എന്ന പുനർനാമകരണം പാർലമെന്റ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയായിരുന്നു.

ബി.ജെ.പി നേതാക്കളായ സുബ്രഹ്മണ്യൻ സ്വാമി, അഡ്വ. അശ്വിനി കുമാർ ഉപാധ്യായ എന്നിവരും ഡോ. ബലറാം സിങ്ങും നൽകിയ ഹരജികളിൽ ഉന്നയിക്കപ്പെട്ട വാദഗതികൾ നിരാകരിച്ചുകൊണ്ട് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ശ്രദ്ധേയമാണ്. 1976ൽ കൊണ്ടുവന്ന ഭേദഗതിക്ക് മുൻകാല പ്രാബല്യം നൽകാനാവില്ലെന്നായിരുന്നു ഒരു വാദം. അങ്ങനെ​യെങ്കിൽ മറ്റെല്ലാ ഭേദഗതികളെയും അത് ബാധിക്കില്ലേ എന്നാണ് കോടതി തിരിച്ചുചോദിച്ചത്. സോഷ്യലിസ്റ്റ് എന്ന് ചേർക്കുകവഴി സർക്കാറിനിഷ്ടമുള്ള സാമ്പത്തിക നയം നടപ്പാക്കുന്നതിന് നിയന്ത്രണമുണ്ടാവുമെന്ന വാദം തള്ളിക്കൊണ്ട് സോഷ്യലിസത്തെ സാമ്പത്തികനയം മാത്രമായി ചുരുക്കി വ്യാഖ്യാനിക്കാനാവില്ലെന്നും അവസരസമത്വമുള്ള ക്ഷേമരാഷ്ട്രത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി. അല്ലെങ്കിലും സോഷ്യലിസത്തിന്റെ ഉപജ്ഞാതാക്കൾ കിതാബിൽ രേഖപ്പെടുത്തിയ സ്ഥിതിസമത്വവാദം ലോകത്തെവിടെയും ഇന്ന് നിലവിലില്ല. ചൂഷക മുതലാളിത്തത്തിൽനിന്ന് ഭിന്നമായി സകല ജനങ്ങൾക്കും സാമൂഹിക നീതിയും സാമ്പത്തിക സുസ്ഥിരതയും ഉറപ്പുവരുത്തുന്ന വ്യവസ്ഥിതി എന്നേ ഇന്ന് സോഷ്യലിസം എന്ന പദപ്രയോഗത്തിനർഥമുള്ളൂ. സെക്യുലറിസമാവട്ടെ, മതനിഷേധപരമെന്നും മതനിരാസപരമെന്നുമൊക്കെ നിഘണ്ടുക്കളിൽ രേഖപ്പെടുത്തിയിരിക്കാമെങ്കിലും ഇന്ത്യയുടെ മതനിരപേക്ഷത ഒരിക്കലും മതത്തെ മൗലികമായി നിരാകരിക്കുന്നതോ പരിമിതപ്പെടുത്തുന്നതോ അല്ല. ഒപ്പം എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്നതുമാണെന്ന് കോടതി വ്യക്തമാക്കുന്നുണ്ട്. വിശ്വാസ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന ഭരണഘടന വകുപ്പുകളുടെ അർഥവ്യാപ്തി പലപ്പോഴും പരമോന്നത കോടതിതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹരജിക്കാരുടെ പശ്ചാത്തലം പരിശോധിക്കുമ്പോൾ അവർ എന്തുകൊണ്ടാണ് സെക്യൂലറിസത്തെ ഭരണഘടനയിൽനിന്ന് നിഷ്കാസനം ചെയ്യാൻ ശഠിക്കുന്നതെന്ന് വ്യക്തമാവും. ഇന്ത്യരാജ്യത്തെ ഹിന്ദുത്വത്തിൽ അധിഷ്ഠിതമായ സങ്കുചിതവും വിഭാഗീയവുമായ രാഷ്ട്രമാക്കിമാറ്റാനുള്ള ത്വരയാണ് അതിന്റെ പിന്നിൽ. ക്രിസ്തുമതത്തെയും ഇസ്‍ലാമിനെയും വൈദേശിക മതങ്ങളായി ചിത്രീകരിച്ച് പ്രസ്തുത മതങ്ങളുടെ അനുയായികളെ രാജ്യദ്രോഹികളായി മുദ്രകുത്തുന്ന രണോത്സുക പ്രചാരണങ്ങൾ പതിറ്റാണ്ടിലേറെക്കാലമായി മൂർധന്യത്തിലെത്തിനിൽക്കുമ്പോൾ, മതനിരപേക്ഷത സ്റ്റേറ്റിന്റെ മൗലിക സ്വഭാവമായി വിളംബരം ചെയ്യുന്നത് അവർക്ക് പൊറുക്കാനാവില്ലല്ലോ. സുപ്രീംകോടതി അവരുടെ ദുർമോഹത്തിന് തടയിട്ടുവെങ്കിലും പാർലമെന്റിലൂടെ ഭരണഘടന ഭേദഗതി കൊണ്ടുവരാനുള്ള യത്നം ഫാഷിസ്റ്റ് ശക്തികൾ ഒരിക്കലും ഉപേക്ഷിക്കാൻ പോവുന്നില്ലെന്നോർക്കണം. അതിന് ജനാധിപത്യപരമായി തടയിടാൻ രാജ്യസ്നേഹികൾ ജാഗരൂകരാവുകയേ പ്രതിവിധിയുള്ളൂ.

Tags:    
News Summary - Madhyamam editorial 27 November 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.