ലോകാേരാഗ്യ സംഘടന കഴിഞ്ഞ ദിവസംവരെ സ്ഥിരീകരിച്ച കണക്കനുസരിച്ച് 31 ലക്ഷത്തിൽപരം മനുഷ്യരാണ് കോവിഡ് 19 മഹാമാരിയിൽ ലോകത്താകെ ജീവൻ വെടിഞ്ഞത്. പതിനാലര കോടിയിലേറെയാളുകളാണ് കോവിഡിന്റെ പിടിയിലമർന്നത് എന്നും ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട കണക്കുകളിലുണ്ട്. അങ്ങനെ നോക്കുേമ്പാൾ ഈ നൂറ്റാണ്ടിലെ ഏറ്റവും മാരകവും സംഹാരരുദ്രവുമായ വ്യാധി എന്നുതന്നെ കൊറോണയെ വിശേഷിപ്പിക്കേണ്ടിവരും. ഒരു വർഷത്തിലധികമായി മാനവകുലത്തെയാകെ വേട്ടയാടിക്കൊണ്ടിരിക്കുന്ന കോവിഡിനെ ഇനിയും തളക്കാനായിട്ടില്ലെന്നു മാത്രമല്ല സർക്കാറുകളും അത്യാധുനിക വൈദ്യശാസ്ത്രവും ലോകാരോഗ്യ സംഘടനയും കിണഞ്ഞുശ്രമിച്ചിട്ടും ഇരട്ടി ശക്തിയിൽ വ്യാപനം സംഹാരതാണ്ഡവമാടുകയാണ്. ലോക രാഷ്്ട്രങ്ങൾ ഒറ്റക്കെട്ടായി നേരിടാൻ സന്നദ്ധരായാൽ മാത്രമേ സമീപഭാവിയിലെങ്കിലും കോവിഡിനെ പിടിച്ചുകെട്ടാൻ സാധിക്കൂ എന്ന മുന്നറിയിപ്പുകൾ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളിൽ നിന്നെല്ലാം മുഴങ്ങിക്കൊണ്ടിരിക്കുന്ന പശ്ചാത്തലം ഇതാണ്. ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടതും പൂർണാർഥത്തിൽ തെളിയിക്കപ്പെടാത്തതുമായ വാക്സിനുകൾ വിവിധ രാജ്യങ്ങളിൽ സർക്കാർ ആഭിമുഖ്യത്തിലും അല്ലാതെയും പ്രയോഗിക്കപ്പെടുന്നുണ്ടെങ്കിലും പ്രശ്നപരിഹാരത്തിന്റെ വക്കുതൊടാൻ ഇനിയും സാധ്യമായിട്ടില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സമ്പന്ന രാജ്യങ്ങളും എല്ലാ രാജ്യങ്ങളിലെയും സമ്പന്നരും വാക്സിനേഷനും രോഗപ്രതിരോധ സൗകര്യങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും മഹാഭൂരിപക്ഷം വരുന്ന ദരിദ്രജനങ്ങളുടെ കാര്യത്തിൽ കുത്തിവെപ്പോ മഹാമാരി ബാധിതരായി കഴിഞ്ഞവരുടെ ചികിത്സയോ ഫലപ്രദമായി നടക്കുന്നില്ല. ഔഷധനിർമാണത്തിൽ ലോക രാജ്യങ്ങളുടെ മുൻനിരയിൽ കഴിയുന്ന ഇന്ത്യ, കോവിഡ് വ്യാപനത്തിന്റെ പ്രഥമഘട്ടത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് മരുന്നുകൾ കയറ്റുമതി ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനം കൊള്ളുകയായിരുന്നെങ്കിൽ രണ്ടാം ഘട്ടത്തിൽ പ്രാണവായു ലഭിക്കാതെ പിടഞ്ഞുമരിക്കുന്ന ഹതഭാഗ്യരുടെ തലസ്ഥാനമായി മാറിയിരിക്കുന്ന ഡൽഹി അടക്കമുള്ള നഗരങ്ങളിലെ ആശുപത്രികൾ ഓക്സിജനുവേണ്ടി മുറവിളി കൂട്ടുന്ന ദൈന്യാവസ്ഥയിലാണ്. അമേരിക്കയും ബ്രിട്ടനും ആസ്ട്രേലിയയും യു.എ.ഇയും സൗദിയും ഉൾപ്പെടെ പതിനഞ്ച് രാജ്യങ്ങളിൽ നിന്നുള്ള ചികിത്സ സഹായം ഇന്ത്യയിലേക്ക് പ്രവഹിക്കാൻ തുടങ്ങിയിരിക്കുന്നുെവന്ന വാർത്ത ആശ്വാസകരമായിരിക്കെത്തന്നെ രാജ്യം അടക്കിഭരിക്കുന്ന സർക്കാറിന്റെ അബദ്ധജടിലമായ നയങ്ങളും തെറ്റായ മുൻഗണനക്രമങ്ങളും വിവേചനപരമായ സമീപനങ്ങളും ആഭ്യന്തരരംഗത്ത് മാത്രമല്ല, ആഗോളതലത്തിലും കടുത്ത വിമർശനങ്ങൾ നേരിടുകയാണ്. സ്വകാര്യ വാക്സിൻ-ഓക്സിജൻ-മരുന്ന് ഉൽപാദന വിതരണ കമ്പനികളുടെ താൽപര്യങ്ങളാണ് സാമാന്യ ഇന്ത്യക്കാരന്റെ സുരക്ഷയേക്കാൾ സർക്കാറിന് പരിഗണനയെന്ന് വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ആധുനിക കാലഘട്ടത്തിൽ മുൻ ഉദാഹരണങ്ങളില്ലാത്ത ഒരു മഹാമാരിക്കു മുന്നിൽ നിസ്സഹായരായി നിൽക്കുേമ്പാഴെങ്കിലും 135 കോടി ജനങ്ങളുടെ പ്രിയ നാടിന് നിസ്വാർഥതയും സേവന മനോഭാവവും സൗമനസ്യവും സർവോപരി മനുഷ്യസ്നേഹവും പ്രകടിപ്പിക്കാൻ കഴിയേണ്ടതല്ലേ എന്ന ചോദ്യമാണ് ഈയവസരത്തിൽ ഉയരേണ്ടത്. പ്രളയം വരുേമ്പാൾ പാമ്പും തേളും പഴുതാരയും പരസ്പരം ആക്രമിക്കാതെ ഒരുമിച്ച് നീന്തി കരപറ്റാൻ ശ്രമിക്കുന്നത് കാണാറുണ്ട്. നാം മനുഷ്യർക്ക് ഈ ജീവികളുടെ സംഘബോധം പോലുമില്ലെന്നു വരുന്നത് ലജ്ജാകരം എന്നു തന്നെ പറയണം. കൊള്ളലാഭം കൊയ്തും കോവിഡ് നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ചും ലംഘനത്തിന്റെ പേരിൽ പരസ്പരം പഴിച്ചും എങ്ങനെ അവസരം മുതലാക്കാമെന്ന് ചിന്തിക്കുന്നവർ താരതമ്യേന കുറവാണ് എന്നുപോലും പറയാനാവില്ല. ഈ ഘനാന്ധകാരത്തിലാണ് മനുഷ്യസ്നേഹത്തിന്റെ മഹനീയ മാതൃക കാഴ്ചവെക്കുന്ന ഉദാരമനസ്കരുടെ ആവേശകരമായ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ ഓക്സിജൻ എത്തിച്ചുകൊടുത്ത വകയിൽ തനിക്ക് ലഭിക്കേണ്ട 85 ലക്ഷം രൂപ റമദാനിലെ സകാത്തായി കണക്കാക്കിയാൽ മതി എന്ന് തീരുമാനിച്ചു വിട്ടുകൊടുത്ത നാഗ്പുർകാരൻ പ്യാരിഖാന്റെ വേറിട്ട മാതൃക അതിലൊന്നാണ്. മാത്രമല്ല, ആവശ്യമെങ്കിൽ ബ്രസൽസിൽനിന്ന് വ്യോമമാർഗം ഓക്സിജൻ ടാങ്കറുകൾ എത്തിക്കാമെന്ന ഓഫർ കൂടി ഈ ട്രാൻസ്പോർട്ട് കമ്പനി ഉടമ നൽകുന്നു.
പുണ്യമാസത്തിൽ ദൈവപ്രീതി മാത്രമാണ് ഈ മനുഷ്യ സ്നേഹി കാംക്ഷിക്കുന്നത്. ഒരുവേള ഇതിനേക്കാൾ ഉദാത്തമാണ് കണ്ണൂർ കുറുവയിലെ ജനാർദനൻ എന്ന ബീഡിത്തൊഴിലാളിയുടെ മഹാമനസ്കത. 150 രൂപക്ക് കേന്ദ്ര സർക്കാർ വാങ്ങുന്ന അതേ വാക്സിൻ സംസ്ഥാന സർക്കാർ സിറം കമ്പനിയിൽനിന്ന് 400 രൂപ നിരക്കിൽ വാങ്ങണമെന്ന ഉത്തരവിലെ അനീതിക്കെതിരായ വിമർശം മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് കേട്ടപ്പോഴുണ്ടായ ധർമരോഷത്തിൽ ആരോടും പറയാതെയും ആലോചിക്കാതെയും ബാങ്കിൽ പോയി തന്റെ ആകെ സമ്പാദ്യമായ 2,00,850 രൂപയിൽനിന്ന് രണ്ടു ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയ ജനാർദനൻ മനുഷ്യസ്നേഹി അല്ലെങ്കിൽ മറ്റാരാണ് ആ പേരിന്നർഹൻ? ബാങ്ക് മാനേജരും ജീവനക്കാരും ആവുംവിധം നിരുത്സാഹപ്പെടുത്തിയിട്ടും ആ ബീഡിത്തൊഴിലാളി തന്റെ നിശ്ചയത്തിൽനിന്ന് പിന്മാറിയില്ല; സംഭവത്തിന് പബ്ലിസിറ്റി കൊടുക്കാനും അദ്ദേഹം വിസമ്മതിച്ചു എന്നാണ് വാർത്ത. ഇത്തരം വേറിട്ട അനുഭവങ്ങളാണ് മാനവികതയിൽ വീണ്ടും വീണ്ടും വിശ്വാസമർപ്പിക്കാൻ നമുക്ക് പ്രേരകമാവുന്നത്. 2018ലെയും 2019ലെയും മഹാപ്രളയങ്ങളുടെ കാലത്തും കേൾക്കാനും കാണാനും ഇടവന്നു കേരളത്തിൽനിന്ന് സമാന സംഭവങ്ങൾ. ജീവൻ പണയംവെച്ച് പ്രളയത്തിൽ മുങ്ങാൻ േപാവുന്നവരുടെ രക്ഷക്കെത്തിയ മത്സ്യത്തൊഴിലാളികളുടെ മഹത്തായ ത്യാഗത്തിന്റെ കഥകളാൽ നിറഞ്ഞു അന്ന് സമൂഹ മാധ്യമങ്ങൾ. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിലും തുരത്തുന്നതിലും അത്തരക്കാരിലാണ് നാടിന്റെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.