അന്താരാഷ്ട്ര സമൂഹത്തിന്റെ നീതിബോധം പരീക്ഷിക്കപ്പെടുന്ന മറ്റൊരു വിഷയമായി ശിറീൻ അബൂ ആഖില എന്ന മാധ്യമ പ്രവർത്തകയുടെ മരണം ആഗോളതലത്തിൽ ശ്രദ്ധനേടുകയാണ്. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) എന്ന ലോക കോടതിയുടെ വിശ്വാസ്യതയാണ് ഇപ്പോൾ പരിശോധിക്കപ്പെടുന്നത്. ഫലസ്തീൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സേന നടത്തിയ അതിക്രമം റിപ്പോർട്ട് ചെയ്യാനെത്തിയ അൽജസീറ റിപ്പോർട്ടർ ശിറീൻ അമേരിക്കൻ പൗരത്വമുള്ള ഫലസ്തീൻകാരിയാണെന്നത് അമേരിക്കയെയും സമ്മർദത്തിലാക്കുന്നുണ്ട്. അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്രസഭയും ഇസ്രായേലിന്റെ അന്യായങ്ങൾക്കുനേരെ നിസ്സഹായത പുലർത്തുമ്പോൾ ലോക കോടതിയുടെ നിലപാട് നിർണായകമാവുകയാണ്. കഴിഞ്ഞവർഷം മാർച്ചിൽ ഐ.സി.സി ഇസ്രായേലിനെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ചത് ഒരു വഴിത്തിരിവായിരുന്നു. അഭിഭാഷക കൂട്ടായ്മകളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സമർപ്പിച്ച പരാതികളിൽ പ്രാഥമിക പരിശോധന നടത്തിയ കോടതി, അധിനിവിഷ്ട ഗസ്സ, വെസ്റ്റ് ബാങ്ക്, ഈസ്റ്റ് ജറൂസലം എന്നിവിടങ്ങളിലെ ഇസ്രായേലി ചെയ്തികൾ അന്വേഷിക്കാൻ തങ്ങൾക്കുള്ള അധികാരം നിയമാനുസൃതം സ്ഥാപിച്ച ശേഷമാണ് നടപടി തുടങ്ങിയത്. ഇസ്രായേൽ യുദ്ധക്കുറ്റങ്ങളും മനുഷ്യത്വത്തിനെതിരായ കുറ്റങ്ങളും ചെയ്തുവോ എന്ന ഈ അന്വേഷണം പ്രധാനമായും 2018ലെയും 2021ലെയും ചെയ്തികളെ കേന്ദ്രീകരിച്ചുള്ളതാണെങ്കിലും അവയിൽ മാത്രം പരിമിതമല്ല. ഇക്കഴിഞ്ഞ ഏപ്രിലിൽ തുടങ്ങിയ അന്വേഷണ നടപടികൾക്ക് പ്രസക്തിയേറ്റും വിധം യു.എൻ ഏജൻസികളും ബൈത് സലേം എന്ന ഇസ്രായേലി മനുഷ്യാവകാശ സംഘടനയുമടക്കം ഇസ്രായേൽ അപാർതൈറ്റ് (വംശവിവേചനം) എന്ന കുറ്റം ചെയ്യുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഗുരുതരമായ അത്തരം ആരോപണങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ ശിറീൻ വധം മറ്റൊരു യുദ്ധക്കുറ്റമായി ഇസ്രായേലിനെതിരെ ഉയർത്തപ്പെടുന്നത്.
അന്വേഷണത്തിന് തടയിടാൻ കൂടിയാവണം, ഇസ്രായേൽ അതിവേഗം സ്വയം ന്യായീകരിച്ച് പ്രചാരണം തുടങ്ങി. ശിറീനെ വെടിവെച്ചത് ഫലസ്തീൻകാരാണെന്ന് പറഞ്ഞ് ഒരു വിഡിയോ ദൃശ്യം പുറത്തിറക്കി. എന്നാൽ, ബൈത് സലേം എന്ന ഇസ്രായേലി സംഘടന തന്നെ നേരിട്ട് സ്ഥലത്തുചെന്ന് അന്വേഷിച്ച്, ആ ദൃശ്യം മറ്റൊരു സ്ഥലത്തേതാണെന്ന് തെളിയിച്ചതോടെ ഇസ്രായേലി സൈന്യം വാദമുഖം മാറ്റി. സൈന്യത്തിന്റെ വെടിയാണ് കാരണമെന്നുവന്നാലും അത് ബോധപൂർവമായിരുന്നില്ല എന്നായി വാദം. അതേസമയം, സംഭവസ്ഥലത്തിന്റെ വിശദരേഖകളും സൈനികരുടെ ദേഹത്തുണ്ടായിരുന്ന കാമറകളിലെ ദൃശ്യങ്ങളും പുറത്തുവിടാൻ അവർ തയാറല്ല. അവ തങ്ങൾക്കുതന്നെ എതിരാകും എന്നതിനാലാണ് അവർക്ക് ഈ വൈമുഖ്യം എന്ന് മറ്റ് സ്വതന്ത്ര അന്വേഷണങ്ങൾ വ്യക്തമാക്കുന്നുണ്ട്. വെടിവെപ്പ് സംഭവം വിശദമായി പുനരാവിഷ്കരിച്ച് പഠിച്ച അസോസിയേറ്റഡ് പ്രസ് തീർത്തുപറയുന്നു, വെടിവെച്ചത് ഇസ്രായേലി സൈനികൻതന്നെ എന്ന്. ഫലസ്തീനിയൻ അതോറിറ്റിയുടെ അന്വേഷണം വെളിപ്പെടുത്തിയത്, അമേരിക്കൻ നിർമിത റൈഫിൾകൊണ്ട് തൊടുത്ത 5.56 മില്ലിമീറ്റർ ഉണ്ടയാണ് മരണകാരണമെന്നും അത് ഇസ്രായേൽ സൈനികർ ഉതിർത്തതാണ് എന്നുമാണ്. യു.എസ് മാധ്യമസ്ഥാപനമായ സി.എൻ.എൻ വിസ്തരിച്ചുള്ള സാങ്കേതിക, ഫോറൻസിക് പഠനമാണ് നടത്തിയത്. ഇസ്രായേലി സൈനികൻ വെടിവെച്ചു എന്ന് മാത്രമല്ല, അത് കരുതിക്കൂട്ടിയും കൃത്യതയോടെയും നിർവഹിച്ചതാണെന്നും അവർ സമർഥിക്കുന്നു. ഫലസ്തീൻകാരല്ല വെടിവെച്ചത് എന്നതിന് കൃത്യമായ തെളിവുകൾ ബൈത് സലേം നൽകിയിട്ടുണ്ട്. നിഷ്പക്ഷമായ നീതിനിർവഹണ സംവിധാനമാണ് ഇനി നടപടിയെടുക്കേണ്ടത്. അതിന് ഐ.സി.സിക്ക് കഴിയുമോ എന്ന് ലോകം കാണാൻ പോകുന്നു. ഏതായാലും ഇതിനകം സമർപ്പിക്കപ്പെട്ട പരാതികൾക്ക് പുറമെ ഇപ്പോൾ ശിറീൻവധം കൂടി ചേർക്കപ്പെടുകയാണ്. വിവിധ കേന്ദ്രങ്ങൾ ലോക കോടതിക്ക് മുമ്പാകെ ഔപചാരികമായി പരാതികൾ കഴിഞ്ഞ ദിവസങ്ങളിലായി സമർപ്പിച്ചു. ഫലസ്തീനിയൻ അതോറിറ്റി, അൽ ജസീറ, അന്താരാഷ്ട്ര ജേണലിസ്റ്റ്സ് ഫെഡറേഷൻ (ഐ.എഫ്.ജെ), മാധ്യമ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന 34 സംഘടനകളുടെ കൂട്ടായ്മ, മൂന്ന് ഫലസ്തീൻ മനുഷ്യാവകാശ സംഘടനകൾ തുടങ്ങി അനേകം ഭാഗങ്ങളിൽനിന്ന് പരാതികൾ സമർപ്പിക്കപ്പെട്ടുകഴിഞ്ഞു.
എന്നാൽ, ഐ.സി.സി ഈയിടെ കാണിക്കുന്ന മെല്ലെപ്പോക്ക് നയം അതിന്റെ വിശ്വാസ്യതക്ക് പരിക്കേൽപിച്ചിട്ടുണ്ട്. ഇസ്രായേലിനെതിരെ അന്വേഷണ നടപടികൾ തുടങ്ങിയെങ്കിലും മുഖ്യ പ്രോസിക്യൂട്ടർ സ്ഥാനത്ത് ബ്രിട്ടീഷ് അഭിഭാഷകനായ കരീംഖാൻ വന്നതോടെ നിശ്ചലാവസ്ഥയിലാണത്രെ. യുക്രെയ്നിലെ റഷ്യൻ യുദ്ധക്കുറ്റമന്വേഷിക്കാൻ തിടുക്കംകൂട്ടുന്ന അദ്ദേഹം ഇസ്രായേലിനെതിരായ പരാതികളിൽ ജാഗ്രത കാട്ടുന്നില്ല എന്നാണ് ആരോപണം. അഫ്ഗാനിസ്താനിൽ അമേരിക്ക ചെയ്ത യുദ്ധക്കുറ്റങ്ങളന്വേഷിക്കാൻ ആവശ്യമുയർന്നപ്പോൾ അമേരിക്കയെ ഒഴിവാക്കിയത് കരീംഖാനാണ്. എന്ത് ലക്ഷ്യത്തിനു വേണ്ടിയാണോ ഐ.സി.സി സ്ഥാപിച്ചത്, അതുമായി ശരിക്കും ചേരുന്നതാണ് ഫലസ്തീനിലും അഫ്ഗാനിസ്താനിലും ഇറാഖിലും അധിനിവേശകർ ചെയ്തുകൂട്ടിയ യുദ്ധക്കുറ്റങ്ങൾ. അവ അന്വേഷിക്കപ്പെടാതെയും ശിക്ഷിക്കപ്പെടാതെയും പോയാൽ അത് ഐ.സി.സിയുടെ വിശ്വാസ്യത മാത്രമല്ല, പ്രസക്തിയും ഇല്ലാതാക്കും. ശിറീൻ വധം ഇസ്രായേൽതന്നെ അന്വേഷിച്ചാൽ മതി എന്നു പറയുന്ന അമേരിക്കയാണ് ലോക കോടതിയെയും നയിക്കുന്നതെന്നു വന്നാൽ അത്, അംഗത്വമെടുക്കുന്നതിൽനിന്ന് അമേരിക്ക മുമ്പേ പിന്മാറിയ ആ കോടതിയുടെ മരണസാക്ഷ്യമാകും. കുറ്റം ചെയ്തവർ തന്നെ ന്യായാധിപരാകുന്ന ആ രീതിയോട് ലോകം രാജിയാകുമോ എന്ന പരീക്ഷണം കൂടിയാണ് ഇപ്പോൾ ഇസ്രായേലിനെതിരെ സമർപ്പിക്കപ്പെട്ട പരാതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.