ആർ.എസ്.എസിെൻറ അടിസ്ഥാനഗ്രന്ഥങ്ങളിലൊന്നായ 'വിചാരധാര' മൂന്ന് ആഭ്യന്തര ശത്രുക്കളെയാണ് ഇന്ത്യയുടെ ഭീഷണിയായി പരിഗണിക്കുന്നത് -മുസ്ലിംകൾ, ക്രിസ്ത്യാനികൾ, കമ്യൂണിസ്റ്റുകാർ എന്നിവർ. 'അപകടകാരികളായ' ഈ മൂന്ന് കൂട്ടരും നല്ലതുപോലെയുള്ള സംസ്ഥാനമാണ് കേരളം. അങ്ങനെയൊരു സംസ്ഥാനത്ത് രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കുക ബി.ജെ.പിക്ക് അത്ര എളുപ്പമല്ല എന്നത് ലളിത യാഥാർഥ്യമാണ്. എന്നാൽ, ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് ബി.ജെ.പി നേതൃത്വം വ്യാപകമായി പ്രചരിപ്പിക്കുകയും അവരിൽ പലരും ആത്മാർഥമായി വിചാരിക്കുകയും ചെയ്തിരുന്നത്. അതും കടന്ന്, തങ്ങൾ കേരളം ഭരിക്കുമെന്ന് അതിെൻറ സംസ്ഥാന പ്രസിഡൻറ് പല തവണ പ്രസ്താവനയിറക്കി. അവരുടെ പാലക്കാട് സ്ഥാനാർഥി ഇ. ശ്രീധരൻ താൻ മുഖ്യമന്ത്രിയാവുമെന്നും പ്രഖ്യാപിച്ചു. കേരളം ഭരിക്കാൻ മറ്റ് മുന്നണികളെപ്പോലെ തങ്ങൾക്കു 71 സീറ്റിെൻറ ആവശ്യമില്ലെന്നും 35 സീറ്റ് കിട്ടിയാൽ മതിയെന്നും മറയില്ലാതെ പ്രഖ്യാപിച്ചു, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ. അതായത്, മറ്റ് പല സംസ്ഥാനങ്ങളിലും വിജയിപ്പിച്ച എം.എൽ.എമാരെ വിലക്കെടുക്കുന്ന തന്ത്രം കേരളത്തിലും പ്രയോഗിക്കുമെന്ന പ്രഖ്യാപനമായിരുന്നു അത്. രാഷ്ട്രീയ നിരീക്ഷകർ അവരുടെ അവകാശവാദങ്ങളെ ഗൗരവത്തിലെടുത്തിരുന്നില്ലെങ്കിലും ബി.ജെ.പി നേതൃത്വവും അണികളും തങ്ങൾ മുന്നേറ്റമുണ്ടാക്കാൻ പോവുകയാണ് എന്ന വ്യാമോഹത്തിലായിരുന്നു. വ്യാമോഹക്കുമിളകളെ പൊട്ടിച്ചുകൊണ്ടുള്ള ഫലമാണ് പുറത്തുവന്നത്. 16 ശതമാനമുണ്ടായിരുന്ന വോട്ട് വിഹിതം 12 ശതമാനത്തിലേക്ക് താണു. ആകെയുണ്ടായിരുന്ന ഒരേയൊരു സീറ്റ് നഷ്ടപ്പെട്ടു നാണംകെട്ട തിരിച്ചടിയിൽ നിൽക്കുകയാണ് പാർട്ടി.
ബി.ജെ.പി എന്തുകൊണ്ട് തോറ്റു എന്നറിയാൻ വലിയ വിശകലനപാടവമൊന്നും വേണ്ട. കേരള ജനതയിലെ വളരെ വലിയൊരു വിഭാഗത്തെ അവർ ആഭ്യന്തര ശത്രുക്കളായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതാകട്ടെ, അവരുടെ അടിസ്ഥാന സൈദ്ധാന്തിക നിലപാടുമാണ്. വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ മുസ്ലിം വോട്ടുകളുടെ ധ്രുവീകരണം തങ്ങൾക്കെതിരെയുണ്ടായി എന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പരാജയ കാരണമായി മുന്നോട്ടുവെച്ചത്. നേമം, കഴക്കൂട്ടം, പാലക്കാട്, മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ ഈ വാദം ശരിയായിരിക്കാം. മുസ്ലിംകൾ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കൂട്ടത്തോടെ വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ അതവരുടെ രാഷ്ട്രീയ പക്വതയാണ്. തങ്ങളെ ശത്രുക്കളായി കണ്ട് തുടച്ചുനീക്കാൻ പദ്ധതികളിടുന്ന ഒരു സംഘത്തെ വിജയിപ്പിക്കേണ്ട ആവശ്യം അവർക്കില്ലല്ലോ. ഇത്തവണയാകട്ടെ, തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നടത്തിയ കേരള യാത്രയിലെമ്പാടും മുസ്ലിംകൾക്കെതിരായ വിദ്വേഷ പ്രചാരണമായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ അവർ കൂടുതൽ ഉണർന്നു പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവരെ പഴിക്കുന്നതിൽ അർഥമില്ല. അതേ സമയം, മുസ്ലിം വോട്ടുകൾ നിർണായകമല്ലാത്ത, ബി.ജെ.പി പ്രതീക്ഷവെച്ചിരുന്ന കോന്നി, ആറന്മുള, ചെങ്ങന്നൂർ, കാട്ടാക്കട തുടങ്ങിയ മണ്ഡലങ്ങളിലും അവർക്കു നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. സുരേന്ദ്രെൻറ മുസ്ലിം ധ്രുവീകരണ തിയറികൊണ്ട് ഇത്തരം മണ്ഡലങ്ങളിലെ തിരിച്ചടിയെ വിശകലനം ചെയ്യാൻ പറ്റില്ല. അപ്പോൾ, കേരള ജനതയൊന്നടങ്കം അവരെ തിരസ്കരിക്കുകയായിരുന്നു എന്നുവേണം മനസ്സിലാക്കാൻ.
ബി.ജെ.പി/ആർ.എസ്.എസ് പ്രവർത്തകെൻറ കാഴ്ചപ്പാടിൽ ആലോചിക്കുമ്പോൾ വലിയ പ്രയാസമുണ്ടാക്കുന്ന പരാജയംതന്നെയാണ് സംഭവിച്ചിരിക്കുന്നത്. കഠിനാധ്വാനവും പണവും സമയവും എല്ലാം ചെലവഴിച്ച് എത്ര കാലമായി ഇങ്ങനെ പ്രവർത്തിക്കുന്നു. എന്നിട്ടും വിശേഷിച്ച് മെച്ചമൊന്നുമുണ്ടാകുന്നില്ലല്ലോ എന്ന ചിന്ത ആരെയും വിഷമിപ്പിക്കുന്നതാണ്. ഇത്തവണയാകട്ടെ, നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി നഡ്ഡ, യോഗി ആദിത്യ നാഥ്, നിരവധി കേന്ദ്ര മന്ത്രിമാർ... എല്ലാവരും വന്ന് പ്രചാരണം നടത്തി. പണം വേണ്ടതിലേറെ ഒഴുക്കി. മെട്രോ മാൻ ശ്രീധരൻ, സിനിമാ നടൻ സുരേഷ് ഗോപി തുടങ്ങിയ സെലിബ്രിറ്റികളെ കളത്തിലിറക്കി. ഒന്നും ക്ലച്ച് പിടിച്ചില്ല. അത്തരമൊരു പശ്ചാത്തലത്തിൽ ഇനിയെന്ത് ചെയ്തിട്ടാണ് കാര്യം എന്ന ചിന്ത അവരെ നിശ്ചയമായും ആകുലപ്പെടുത്തുന്നതു തന്നെ.
ശുദ്ധ വർഗീയത ഉപയോഗിച്ച് പ്രചാരണം നടത്തിയിട്ടും നേട്ടമൊന്നുമുണ്ടാക്കാനാവാത്തവർ ഫലപ്രഖ്യാപനശേഷം അതൊക്കെ ഒന്ന് മയപ്പെടുത്തുമെന്നാണ് സാധാരണഗതിയിൽ പ്രതീക്ഷിക്കപ്പെടുക. എന്നാൽ, ഫല പ്രഖ്യാപനശേഷമുള്ള വാർത്തസമ്മേളനത്തിലും സംസ്ഥാന അധ്യക്ഷന് വർഗീയതതന്നെയാണ് വിളമ്പിയത്. അതായത്, അവർ വിശേഷിച്ച് ഒന്നും പഠിച്ചില്ലെന്നുവേണം മനസ്സിലാക്കാൻ. മുപ്പത് ശതമാനത്തോളം മുസ്ലിംകളുള്ള ഒരു സംസ്ഥാനത്ത് മുസ്ലിംവിരുദ്ധത കൊണ്ടുമാത്രം തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാൻ കഴിയില്ലെന്ന് അവരെന്തുകൊണ്ട് മനസ്സിലാക്കുന്നില്ല? മറ്റൊരു ന്യൂനപക്ഷമായ ക്രൈസ്തവരെ മുസ്ലിംകൾക്കെതിരെ തിരിക്കാൻ പറ്റുമോ എന്ന പരീക്ഷണവും നടത്തി നോക്കി. ലവ് ജിഹാദ് അടക്കമുള്ള വിവാദങ്ങൾ എടുത്തിട്ട് മുസ്ലിംകൾക്കെതിരെ ഹിന്ദു-ക്രൈസ്തവ ഐക്യം ഉണ്ടാക്കാനായിരുന്നു ശ്രമം. നിർഭാഗ്യകരമെന്നു പറയട്ടെ, കോടിയേരി ബാലകൃഷ്ണനെ പോലുള്ള സി.പി.എം നേതാക്കളും ക്രൈസ്തവർക്കിടയിൽ ഇങ്ങനെയൊരു വികാരമുണ്ടാക്കാൻ ശ്രമിച്ചു നോക്കി. ഹാഗിയ സോഫിയ വിഷയമൊക്കെ കേരളത്തിൽ ചർച്ചയാവുന്നത് അങ്ങനെയാണ്. പക്ഷേ, അതു വലിയ തോതിൽ ഗുണം ചെയ്തില്ല. ബി.ജെ.പിയെക്കാൾ മികവോടെ മുസ്ലിം വിരുദ്ധത പ്രയോഗിച്ച പി.സി. ജോർജ് ക്രൈസ്തവരുടെ നല്ല സാന്നിധ്യമുള്ള പൂഞ്ഞാറിൽ അടപടലം തോൽക്കുകയായിരുന്നു. ക്രൈസ്തവരെ മുസ്ലിംകൾക്കെതിരെ തിരിച്ച് നേട്ടം കൊയ്യാമെന്ന ചിന്തയും എളുപ്പമല്ലെന്നു സാരം.
ചുരുക്കിപ്പറഞ്ഞാൽ, അടവുകളൊന്നും ഏശാത്ത ദയനീയ അവസ്ഥയിലാണ് കേരളത്തിലെ ബി.ജെ.പി. അപ്പോൾ പിന്നെ എന്തു ചെയ്യും? അടിസ്ഥാന വർഗീയ നിലപാടുകൾ തിരുത്തുകയേ വഴിയുള്ളൂ. പക്ഷേ, അങ്ങനെ ചെയ്താൽ ബി.ജെ.പി അതല്ലാതായി മാറും. ലളിതമായി പറഞ്ഞാൽ ബി.ജെ.പി എന്ന പാർട്ടി കേരളത്തിൽ അപ്രസക്തമാണ് എന്ന സന്ദേശം അടിവരയിടുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.