മാധ്യമവേട്ട മുതൽ ചങ്ങാത്ത ജേണലിസം വരെ

മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം വീണ്ടും ഇടിഞ്ഞത് ആരെയും അത്ഭുതപ്പെടുത്താനിടയില്ല. ആഗോള മാധ്യമ നിരീക്ഷണ സ്ഥാപനമായ റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് (ആർ.എസ്.എഫ്) തയാറാക്കിയ സൂചികയനുസരിച്ച് 180 രാജ്യങ്ങളുടെ കൂട്ടത്തിൽ നമ്മുടെ സ്ഥാനം 161 ആണ്. വീഴ്ചക്കപ്പുറം, അതിന്റെ തോതും വേഗവും വലിയ ആശങ്ക ഉയർത്തുന്നുണ്ട്. 2022ൽ നാം മുൻവർഷത്തേക്കാൾ എട്ടു സ്ഥാനമാണ് ഇടിഞ്ഞതെങ്കിൽ, ഇക്കൊല്ലം കഴിഞ്ഞ വർഷത്തേക്കാൾ 11 സ്ഥാനം ഇടിഞ്ഞു. കഴിഞ്ഞ പതിറ്റാണ്ടിൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം കുത്തനെ താഴോട്ടാണ്. 2014ൽ 140ാം സ്ഥാനത്തായിരുന്ന നാം ഇന്ന് 21 സ്ഥാനം താഴോട്ടുപോയിരിക്കുന്നു. ഇത്തവണത്തെ വീഴ്ചയെ കൂടുതൽ ഭയാനകമാക്കുന്നത്, താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്താന്റെയും പട്ടാളത്തിന് സ്വാധീനമുള്ള പാകിസ്താന്റെയും പിറകിലാണ് നാം എന്നതാണ്. ഉത്തര കൊറിയയും ചൈനയും വിയറ്റ്നാമും അടക്കം 19 രാജ്യങ്ങൾ മാത്രമേ നമ്മെക്കാൾ മോശമായുള്ളൂ. തെറ്റായ കണക്കും ശരിയല്ലാത്ത രീതിശാസ്ത്രവുമാണ് ആർ.എസ്.എഫ് പിന്തുടരുന്നതെന്നും ഇന്ത്യയെപ്പറ്റി തെറ്റായ ചിത്രം അതുകൊണ്ടാണ് അവർ കാണുന്നതെന്നുമാണ് ഇന്ത്യാ സർക്കാറിന്റെ പതിവ് പ്രതികരണം. എന്നാൽ, ഒരു പതിറ്റാണ്ടുകൊണ്ട് മാധ്യമ സ്വാതന്ത്ര്യത്തിലുണ്ടായ ഇടിവ്, സൂചികയിലെന്നപോലെ അനുഭവത്തിലും പ്രകടമാണ്. അന്യായമായി സംപ്രേഷണാനുമതി തടഞ്ഞുവെക്കപ്പെട്ട്, അത് വീണ്ടുകിട്ടാനായി നീണ്ട 14 മാസം ഏറെ പ്രയാസം സഹിച്ച് പൊരുതേണ്ടിവന്ന ‘മീഡിയവണി’ന്റെ അനുഭവം രാജ്യത്തിന്റെ മുന്നിലുണ്ട്. ബന്ധപ്പെട്ട മാധ്യമ സ്ഥാപനത്തിന് വിവരമോ വിശദീകരണമോ നൽകാതെതന്നെ അതിന് വിലക്ക് ഏർപ്പെടുത്താമെന്ന അവസ്ഥ പരമോന്നത കോടതിയുടെ ഇടപെടൽകൊണ്ടു മാത്രമാണ് നീങ്ങിപ്പോയത്.

മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ കാതലാണെന്ന ഇന്ത്യൻ സുപ്രീംകോടതിയുടെ ഭരണഘടനാധിഷ്ഠിതമായ നിലപാടുതന്നെ ആഗോള സ്ഥാപനമായ ആർ.എസ്.എഫും ഊന്നിപ്പറയുന്നുണ്ട്. അവരുടെ റിപ്പോർട്ടിൽ ഇന്ത്യയെപ്പറ്റിയുള്ള ഭാഗത്ത് പറയുന്നു: ‘‘മാധ്യമ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ, മാധ്യമങ്ങളുടെ രാഷ്ട്രീയച്ചായ്‍വുകൾ, മാധ്യമരംഗത്തെ കുത്തകവത്കരണം എന്നിവയെല്ലാം കാണിക്കുന്നത്, 2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിലുള്ള ‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ’ത്തിൽ മാധ്യമസ്വാതന്ത്ര്യം പ്രതിസന്ധിയിലാണ് എന്നുതന്നെ’. സർക്കാർ മാത്രമല്ല ഈ തകർച്ചക്കുത്തരവാദി എന്നുകൂടി അതിനർഥമുണ്ട്. വാർത്താ പ്രക്ഷേപണരംഗത്ത് ആകാശവാണിക്കുള്ള കുത്തക മുമ്പേ ഉള്ളതാണ്; എന്നാൽ ഇന്നത്തെ ഭരണത്തിൽ ആ കുത്തകാവകാശം രാഷ്ട്രീയമായി കൂടുതൽ ഉപയോഗിക്കപ്പെടുന്നുണ്ട്. പ്രസാർഭാരതി മൊത്തമായും സർക്കാറിന്റെ പി.ആർ വിഭാഗമായി വർത്തിക്കുന്നു. സ്വകാര്യ മേഖലയിലുമുണ്ട് കുത്തകകൾ. ഒരേതരം സ്വരങ്ങൾ മാത്രം കേൾപ്പിക്കുന്ന ഇത്തരം മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ ബഹുസ്വരതയെത്തന്നെയാണ് തകർത്തുകളയുന്നത്. മാധ്യമ മേഖലയിലെ വൻകിടക്കാരെ തന്റെ പാർട്ടിയോട് അടുപ്പിച്ചുകൊണ്ട് മോദി, 2010കളുടെ മധ്യത്തോടെ മാധ്യമങ്ങളുടെ പുരോഗമന സ്വഭാവം മാറ്റിയെടുത്തതായി ആർ.എസ്.എഫ് സൂചിക പറയുന്നു. സ്വതന്ത്ര മാധ്യമങ്ങൾ മോദിയുടെ നീരസത്തിനും അദ്ദേഹത്തിന്റെ അനുയായികളുടെ അധിക്ഷേപങ്ങൾക്കും പാത്രമാകുന്നു. രാജ്യത്തിന്റെ ബഹുസ്വരത രാഷ്ട്രീയമായി മാത്രമല്ല, സാമൂഹികമായും മാധ്യമങ്ങളിൽ അദൃശ്യമാക്കപ്പെടുന്നുണ്ടെന്നും ആർ.എസ്.എഫ് എടുത്തുപറയുന്നുണ്ട്. മാധ്യമരംഗത്തെ ഉന്നത സ്ഥാനങ്ങളിൽ ഇന്നും മഹാഭൂരിപക്ഷം ‘മേൽജാതി’ ഹിന്ദുക്കളാണ്. വനിതാ പ്രാതിനിധ്യവും കുറവാണ്.

ഇന്ത്യൻ മാധ്യമരംഗത്തെ സൂക്ഷ്മമായി പഠിച്ചു തയാറാക്കിയതാണ് ഈ പത്ര സ്വാതന്ത്ര്യ സൂചിക. അത് ചൂണ്ടിക്കാണിക്കുന്ന രണ്ട് കാര്യങ്ങൾ പ്രത്യേക പരാമർശമർഹിക്കുന്നു. ഒന്നാമത്, ഭരണകൂടം നിയമത്തെ മാധ്യമവേട്ടക്കായി ഉപയോഗപ്പെടുത്തുന്നു എന്നതാണ്. അപകീർത്തി, രാജ്യദ്രോഹം, കോടതിയലക്ഷ്യം, ദേശസുരക്ഷാനിയമം തുടങ്ങിയവ ഭരണകൂടത്തെ വിമർശിക്കുന്ന മാധ്യമപ്രവർത്തകർക്കെതിരെ നിരന്തരം പ്രയോഗിക്കപ്പെടുന്നു. വിമർശകരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തി വേട്ടയാടുന്നു. സർക്കാറിനെ വിമർശിക്കുന്ന വാർത്തകളെ വ്യാജമെന്ന മുദ്രയടിച്ച് വിലക്കാനുള്ള വ്യവസ്ഥ ഐ.ടി നിയമഭേദഗതിയിൽ വരുത്തിയത് ആർ.എസ്.എഫ് സൂചിക തയാറാക്കിയതിന് ശേഷമാവാം. എന്തായാലും തത്ത്വത്തിൽ മാധ്യമസംരക്ഷണത്തിനെന്ന് പറയുന്ന നിയമങ്ങൾ ഫലത്തിൽ മാധ്യമമാരണമായി ഭവിക്കുന്നതായി ആർ.എസ്.എഫ് സൂചിപ്പിക്കുന്നുണ്ട്. ശ്രദ്ധയർഹിക്കുന്ന രണ്ടാമത്തെ കാര്യം, ഇന്ത്യയിലെ ‘ഗോദി മീഡിയ’യെ മാധ്യമ സ്വാതന്ത്ര്യത്തിന്റെയും ബഹുസ്വരതയുടെയും എതിരാളികളായി തിരിച്ചറിയുന്നു എന്നതാണ്. ഭരണകൂടത്തിൽനിന്ന് കിട്ടുന്ന പരസ്യവരുമാനമടക്കമുള്ള ആനുകൂല്യങ്ങൾക്കായി അങ്ങേയറ്റത്തെ വിധേയത്വം കാട്ടുന്നവർ ഇന്ന് ജനപ്രിയ പരിപാടികളുടെയും ബി.ജെ.പി അനുകൂല പ്രോപഗണ്ടയുടെയും മിശ്രിതമാണ് വിളമ്പിക്കൊണ്ടിരിക്കുന്നത് എന്ന് റിപ്പോർട്ട് പറയുന്നു. ഇത് ഉത്കണ്ഠയുണ്ടാക്കേണ്ട കാര്യം തന്നെയാണ്. ചങ്ങാത്ത മുതലാളിത്തത്തോട് ചങ്ങാത്ത ജേണലിസം ചേരുന്നതോടെ ജനാധിപത്യത്തിന്റെ നാലാം തൂൺ മിക്കവാറും ചിതലരിച്ച് ദുർബലമാകും.

Tags:    
News Summary - Madhyamam Editorial about Media freedom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.