പോക്സോയെ തോൽപിച്ചു കേരളവും?

സാമൂഹികമായും സാംസ്കാരികമായും ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധ സംസ്ഥാനമെന്ന് അഭിമാനിക്കുന്ന കേരളത്തിൽ പ്രായപൂർത്തിയാവാത്ത ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ വർഷംതോറും കൂടിക്കൂടി വരുകയാണെന്നത് തദ്വിഷയകമായി രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വ്യക്തമാക്കുന്ന തിക്തസത്യമാണ്. 2012ലെ പോക്സോ നിയമം രാജ്യത്ത് നിലവിൽവന്ന ശേഷമാണ്​ ഈ പ്രതിഭാസമെന്നത് മറക്കരുത്. രാജ്യത്തെയാകെ ഞെട്ടിച്ച ചില സംഭവങ്ങളെതുടർന്ന് പാർലമെന്റ് പാസാക്കിയ പ്രൊട്ടക്​ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്​ഷ്വൽ ഒഫൻസസ് (പോക്സോ) നിയമപ്രകാരം അതികഠിനമായ ശിക്ഷയാണ് കുട്ടികളെ ലൈംഗികദാഹം തീർക്കാൻ ദുരുപയോഗിക്കുന്നവർക്ക് വ്യവസ്ഥ ചെയ്തിട്ടുള്ളത്. പക്ഷേ, 2011ലെ സെൻസസ് പ്രകാരം രാജ്യ ജനസംഖ്യയിൽ 47 കോടിയിലധികം വരുന്ന ഇളംപ്രായക്കാരുടെ സുരക്ഷക്ക് അത് കാര്യമായ സംഭാവന ചെയ്തിട്ടില്ലെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇന്ത്യയിൽ മൊത്തംതന്നെ 2019ൽ 1.5 ലക്ഷം കേസുകളാണ് ഈയിനത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. കേരളത്തിൽ 2023ൽ 4641 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. കഴിഞ്ഞ എട്ടു വർഷങ്ങളിലെ ഏറ്റവും ഉയർന്ന സംഖ്യയാണിതെന്നത് ആശങ്കജനകമാണ്. മുൻവർഷങ്ങളുടെ റെ​ക്കോഡ് പരിശോധിച്ചാൽ ഒരൊറ്റ വർഷത്തിലും പോക്സോ കേസുകൾ കുറയുന്നില്ലെന്നു മാത്രമല്ല, വർധിച്ചുവരുന്ന സാഹചര്യവും നിലനിൽക്കുന്നതായി കാണേണ്ടിയിരിക്കുന്നു. അതോടൊപ്പം യഥാർഥത്തിൽ നടക്കുന്നതിന്റെ കാൽഭാഗംപോലും പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത പരിതാപകരമായ സ്ഥിതിയും നിലനിൽക്കുന്നു.

എന്തുകൊണ്ടാണ് നമ്മുടെ കുഞ്ഞുങ്ങളുടെയും ഇളംതലമുറയുടെയും ഭാവി ഇരുളടഞ്ഞതാകുന്ന ഈ അസാന്മാർഗികത വേണ്ടവിധം അഭിമുഖീകരിക്കപ്പെടാതെ പോവുന്നത് എന്നതാണ് ഏറെ ചിന്താർഹമായ കാര്യം. രാജ്യം നേരിടുന്ന ആഴമേറിയ ഈ ധാർമിക പ്രതിസന്ധി പതിനെട്ടാം പൊതുതെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുമ്പോഴും ചർച്ചാവിഷയംപോലും ആകുന്നില്ലെന്നത് ദേശീയ വിപത്തായി മാത്രമേ കാണാനാവൂ. സകലമാന സന്നാഹങ്ങളും രാമരാജ്യ നിർമിതിക്കായി ഒരുക്കി, ഇനി വരാൻപോവുന്നത് സമത്വസുന്ദര വികസിത ആർഷഭാരതമാണെന്ന് പെരുമ്പറ മുഴക്കുന്നവർ തൊട്ട് ഫാഷിസത്തിന്റെ കടന്നുവരവ് ജനാധിപത്യ ഭരണഘടനയെതന്നെ നിർവീര്യമാക്കും എന്ന് ഉദ്ഘോഷിക്കുന്നവർ വരെ രാജ്യത്തെ ആമൂലാഗ്രം ഗ്രസിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങൾ കുറക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന വാഗ്ദാനംപോലും നൽകുന്നില്ലെന്നതാണ് വിരോധാഭാസം. എന്നുവെച്ചാൽ അതൊക്കെ നേരിടാൻ ശക്തമായ നിയമങ്ങളുണ്ട്; പോരാഞ്ഞ് പുതുക്കിപ്പണിത ഭാരതീയ ന്യായസംഹിതയുമുണ്ട്. ഇതെല്ലാം സമൂഹത്തിലെ കുറ്റവാസനയും കുറ്റകൃത്യങ്ങളും കുറക്കാനും ഒടുവിൽ ഇല്ലാതാക്കാനും പര്യാപ്തമാവും എന്ന ആത്മവിശ്വാസമോ ശുഭപ്രതീക്ഷയോ ആവുമോ ഭരണകൂടങ്ങളെയും പ്രതിപക്ഷങ്ങളെയും സാമൂഹിക ശാസ്ത്രജ്ഞരെയും അലംഭാവത്തിലേക്കു നയിക്കുന്നത്? എങ്കിൽ അതേക്കാൾ അവാസ്തവികമായ കണക്കുകൂട്ടൽ വേറെയില്ല.

സ്വന്തം വീടകങ്ങളിൽപോലും ഇളംതലമുറകൾക്ക് -വിശിഷ്യ സ്ത്രീജന്മങ്ങൾക്ക്- സുരക്ഷയോ അഭിമാനപൂർവമായ ജീവിതമോ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നതാണ് പരിതാപകരം. ഇത് ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവത്കരിക്കാനുള്ള വ്യഗ്രതയല്ല. പല കാരണങ്ങളാൽ പുറത്തുവരാത്ത സംഭവങ്ങളിൽ ചിലതു മാത്രം പ്രത്യേക സാഹചര്യങ്ങളിൽ നിയമപാലകരുടെ ശ്രദ്ധയാകർഷിക്കുകയും കേസെടുക്കുകയും ചെയ്യുന്നു. അപ്പോഴും അന്വേഷണം എങ്ങുമെത്തുന്നില്ല. തുമ്പും തെളിവും ലഭിച്ച കേസുകൾതന്നെയും കോടതിനടപടികൾ അനിശ്ചിതമായി നീളുന്നതിനാൽ പ്രതികൾ സ്വൈരമായി വിഹരിക്കുന്നു; വീണ്ടും വീണ്ടും ക്രൂരകൃത്യങ്ങൾ ആവർത്തിക്കാൻ അവർക്ക് അവസരമൊരുക്കുന്നു. എല്ലാറ്റിനുമുപരി ലൈംഗികാതിക്രമങ്ങൾക്ക് പ്രേരണ നൽകുന്ന പ്രചാരണ മാധ്യമങ്ങൾ തഴച്ചുവളരുന്നു. സംസ്ഥാന സർക്കാറിന്റെ മുഖ്യ വരുമാനമാർഗങ്ങളിലൊന്നായ മദ്യത്തിന്റെ സർവകാല റെക്കോഡ് ഭേദിക്കുന്ന വ്യാപനവും ചെറുപ്പക്കാരെക്കൂടി പിടിയിലൊതുക്കി അനുനിമിഷം വ്യാപിക്കുന്ന മയക്കുമരുന്ന് വിനിമയവും ലൈംഗിക കുറ്റകൃത്യങ്ങളെ എത്രത്തോളം വ്യാപിപ്പിക്കുന്നു എന്ന് കണ്ണും കാതുമുള്ളവരെ ബോധ്യപ്പെടുത്തേണ്ടതില്ല.

എല്ലാറ്റിനും പ്രതിവിധിയായി ഇപ്പോൾ നിർദേശിക്കപ്പെടുന്നതും പരിഗണിക്കപ്പെടുന്നതും വിദ്യാലയങ്ങളിൽ ലൈംഗികവിദ്യാഭ്യാസം ഏർപ്പെടുത്തുകയാണ്. ആരോഗ്യകരമായ അന്തരീക്ഷത്തിൽ ആത്മസംയമനവും വിവേകവും കൈമുതലായ അധ്യാപകർ ശാസ്ത്രീയമായി ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് ഗുണകരമാവും; അതാവശ്യവുമാണെന്നതിൽ സംശയമില്ല. എന്നാൽ, ബാലികാബാലന്മാരെ ക്രൂരമായ ലൈംഗിക പീഡനങ്ങൾക്കിരയാക്കി അവരുടെ ജീവിതംതന്നെ നശിപ്പിക്കുന്ന കുറ്റവാളികളെ പിടികൂടാനും പോക്സോ നിയമം അനുശാസിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും ലൈംഗിക വിദ്യാഭ്യാസം കാത്തിരിക്കേണ്ടതില്ല. ശക്തവും സമഗ്രവുമായ ബോധവത്കരണത്തിലൂടെ ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് പിന്തിരിയാൻ സമൂഹത്തെ പ്രബുദ്ധരാക്കേണ്ട ബാധ്യത മത-ധാർമിക-രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും സംവിധാനങ്ങൾക്കുമുണ്ട്.

Tags:    
News Summary - Madhyamam editorial child abuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT