നക്സൽ വിരുദ്ധ പോരാട്ടത്തിന്‍റെ ഫലപ്രാപ്തി

നക്സൽ വേട്ട രൂക്ഷമായ ഛത്തിസ്ഗഢിലേക്ക് 4000 സൈനികരെക്കൂടി നിയോഗിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നു. ഇടതു തീവ്രവാദ അതിക്രമങ്ങൾക്ക് അടുത്ത മാർച്ചോടെ അന്ത്യം കുറിക്കുമെന്ന് ഈയിടെ സംസ്ഥാനം സന്ദർശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിച്ചിരുന്നു. അതിന്‍റെ തുടർച്ചയായാണ് നക്സൽ ഭീഷണി നേർത്തുവന്ന ഝാർഖണ്ഡിൽനിന്നും ബിഹാറിൽനിന്നും നക്സൽ വിരുദ്ധ ഓപറേഷനിൽ പങ്കെടുത്ത സി.ആർ.പി.എഫിന്‍റെ ആയിരംപേർ വീതമുള്ള നാല് ബറ്റാലിയനുകളെ പിൻവലിച്ച് ഛത്തിസ്ഗഢിൽ വിന്യസിക്കാനുള്ള നീക്കം. നക്സലുകളുടെ സജീവസാന്നിധ്യമുള്ള ബസ്തർ മേഖലയിൽ ഈ വർഷം സ്ഥാപിച്ച 10 ഫോർവേഡ് ഓപറേറ്റിങ് ബേസുകൾക്ക് പുറമെ പുതുതായി 100 എണ്ണം കൂടി സ്ഥാപിക്കും. ഈ വർഷം ഇതുവരെയായി ഛത്തിസ്ഗഢിൽ 153 നക്സലുകൾ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. 669 പേർ അറസ്റ്റിലാവുകയും 656 പേർ കീഴടങ്ങുകയും ചെയ്തെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ റിപ്പോർട്ട്. 22 സാധാരണക്കാരും 10 സുരക്ഷാഭടന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ 15 വർഷത്തിനിടെ ഏറ്റുമുട്ടലുകളിലും മറ്റുമായി രാജ്യത്ത് ഏറ്റവും കൂടുതൽ മാവോവാദികളെ കൊന്ന വർഷമാണ് 2024. വർഷം പാതി പിന്നിടുമ്പോൾതന്നെ 164 പേരെയാണ് സേന വധിച്ചത്. ഇതിൽ 90 ശതമാനവും ഛത്തിസ്ഗഢിലായിരുന്നു. മഹാരാഷ്ട്രയിലെ ഗഡ്ചിറോളി, ഗോണ്ടിയ, ഛത്തിസ്ഗഢിലെ ഖൈറാഗഢ്, ഛൂയ്ഖഡൻ, ഗണ്ടയ്, ബിജാപുർ, സുക്മ, ദണ്ഡേവാഡ തുടങ്ങിയ നക്സൽ ശക്തികേന്ദ്രങ്ങളെല്ലാം പ്രത്യേക ദൗത്യസേനയുടെ ആസൂത്രിത നീക്കങ്ങളിലൂടെ ക്ഷയിപ്പിക്കാനും നിയന്ത്രണത്തിലാക്കാനും കഴിഞ്ഞിട്ടുണ്ട്. നക്സൽ അതിക്രമങ്ങൾ ബസ്തർ മേഖലയിലെ 40,000 ചതുരശ്ര അടി ഇടങ്ങളിലേക്കായി ഒതുങ്ങിയെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. റോഡു വെട്ടിയും ഫോൺ കണക്ടിവിറ്റി നൽകിയും കാങ്കർ വനമേഖലയിലെ അഭുജ്മാഡ് പോലെയുള്ള അതിപിന്നാക്ക ഉൾപ്രദേശങ്ങളിലേക്കുവരെ ചെന്നെത്താനും പുറംലോകവുമായി കുറച്ചെങ്കിലും അടുപ്പിക്കാനും ഗവൺമെന്‍റ് പദ്ധതികൾക്ക് കഴിഞ്ഞു. കൂടുതൽ താവളങ്ങൾ സ്ഥാപിച്ച് രഹസ്യാന്വേഷണത്തിനും അതിദ്രുതമായ സേന ഇടപെടലുകൾക്കും കൂടുതൽ സൗകര്യമൊരുക്കിയതോടെ മാവോവാദി കേന്ദ്രങ്ങളിലേക്കുള്ള സേനനീക്കം എളുപ്പമായി. നക്സൽ ഭീഷണി ചെറുക്കുന്നതിന്‍റെ ഭാഗമായി ഈയിടെ മഹാരാഷ്ട്ര സർക്കാർ മാവോവാദികൾക്കും അവരെ പിന്തുണക്കുന്നവർക്കും കടുത്ത ശിക്ഷ ശിപാർശ ചെയ്യുന്ന പുതിയ ബിൽ പാസാക്കിയിട്ടുണ്ട്. ഛത്തിസ്ഗഢ്, ആന്ധ്ര, തെലങ്കാന, ഒഡിഷ സർക്കാറുകൾ നേരത്തേതന്നെ പൊതുസുരക്ഷ നിയമം (പബ്ലിക് സെക്യൂരിറ്റി ആക്ട്-പി.എസ്.എ) ഇതിനായി ഉപയോഗിക്കുന്നു.

ഛത്തിസ്ഗഢ്, ഝാർഖണ്ഡ്, ബിഹാർ, ഒഡിഷ, തെലങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടന്ന രാജ്യത്തെ ഏറ്റവും വലിയ സുരക്ഷഭീഷണിയായി കോൺഗ്രസ്, ബി.ജെ.പി മുന്നണി ഭരണകൂടങ്ങൾ ഒരുപോലെ കണ്ട മാവോവാദമെന്നും നക്സലിസമെന്നും അറിയപ്പെടുന്ന പ്രതിഭാസത്തെ നേരിടാൻ കോടിക്കണക്കിന് രൂപയും സൈനികവിഭവവുമാണ് കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി കേന്ദ്രവും സംസ്ഥാനങ്ങളും ചെലവിട്ടുവരുന്നത്. ഒരേസമയം സായുധമായി നേരിട്ടു ആൾനാശം വരുത്തിയും നക്സലുകൾ ശ്രദ്ധയൂന്നുന്ന ഗോത്ര, ആദിവാസി ജനവിഭാഗങ്ങൾക്കിടയിൽ ജനക്ഷേമപ്രവർത്തനങ്ങൾ ആവിഷ്കരിച്ചുമുള്ള ദ്വിമുഖ പ്രവർത്തനപരിപാടിയാണ് ഇക്കാലമത്രയും നടപ്പാക്കിയത്. പദ്ധതി ആസൂത്രണത്തിന്‍റെയും അവയുടെ ആവിഷ്കാരത്തിന്‍റെയും അവകാശവാദങ്ങളോളം വരുമോ വാസ്തവത്തിൽ നിലമിറങ്ങിയ യാഥാർഥ്യം എന്നു ചോദിച്ചാൽ തൃപ്തികരമല്ല ഉത്തരം. നക്സൽ ഭീഷണിയുടെ വിശദാംശങ്ങളെക്കുറിച്ച ഔദ്യോഗികഭാഷ്യമനുസരിച്ചു തന്നെ അതിനെ നിർമൂലനം ചെയ്തു കഴിയേണ്ട സമയം എന്നോ അതിക്രമിച്ചു. എന്നാൽ, പ്രതിവർഷം ബജറ്റുകളിൽ വലിയൊരു തുക ഈയാവശ്യാർഥം മാറ്റിവെച്ച് പ്രതിരോധത്തിന്‍റെ പുതു പദ്ധതികൾ പിന്നെയും പ്രഖ്യാപിക്കപ്പെട്ടു കൊണ്ടേയിരിക്കുകയാണ്. മുഖ്യധാര കമ്യൂണിസ്റ്റ് പാർട്ടികൾ അധികാരത്തിലിരിക്കുന്ന, കമ്യൂണിസ്റ്റ് തീവ്രവാദം എന്നോ ക്ഷയിച്ചെന്നു കരുതപ്പെടുന്ന കേരളത്തിൽപോലും മാവോവാദി വേട്ട ഇപ്പോഴും അരങ്ങുതകർത്തു കൊണ്ടിരിക്കുന്നു.

പല സംസ്ഥാനങ്ങളിലും സർക്കാറിതര ഏജൻസികളും മറ്റുമായി ഈ ആഭ്യന്തരസംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നെങ്കിലും വേണ്ടത്ര വിജയിക്കാനായില്ല. ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ചവരെ ആയുധമുപയോഗിച്ച് കീഴ്പ്പെടുത്താനുള്ള നീക്കമാണ് ഗവൺമെന്‍റ് ഭാഗത്തു നിന്നുണ്ടായത്. ഇത് മേഖലയിലെ ഗോത്രജനതക്കും മാരകമായ നഷ്ടങ്ങൾ വരുത്തിവെച്ചു. ഉൾഗ്രാമങ്ങളിൽ സ്വാധീനം നേടി അവിടെ താവളമാക്കി ‘യുദ്ധത്തിന്’ കോപ്പുകൂട്ടുന്ന നക്സലുകൾക്ക് ലഭിക്കുന്ന തദ്ദേശീയ പിന്തുണ എന്നും ഭരണകൂടത്തെ കുഴക്കിയിരുന്നതാണ്. അതിനെ നേരിടാനാണ് ഗോത്രമേഖലയിൽ വിവിധ പദ്ധതികൾ ഗവൺമെന്‍റ് ആവിഷ്കരിച്ചത്. അതിക്രമത്തെ കർക്കശമായി സായുധമായി നേരിടുമെന്ന പുതിയ പ്രഖ്യാപനത്തിനൊപ്പം ഝാർഖണ്ഡിലെയും ഛത്തിസ്ഗഢിലെയും നക്സൽ ബാധിത ജില്ലകളിലും ഗോത്രവർഗ മേഖലകളിലും പയറിനങ്ങളുടെ വാണിജ്യാധിഷ്ഠിത കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളും കേന്ദ്രം ആവിഷ്കരിച്ചിട്ടുണ്ട്. ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷന്‍റെ കീഴിൽ ഒമ്പതു ജില്ലകൾ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. കർഷകരിൽനിന്ന് ഉയർന്ന താങ്ങുവില നൽകി സഹകരണ ഫെഡറേഷൻതന്നെ ഉൽപന്നങ്ങൾ സംഭരിക്കും. താങ്ങുവിലയേക്കാൾ കൂടുതൽ വില ലഭിക്കുന്നെങ്കിൽ അവർക്ക് സ്വന്തം നിലയിൽ വിൽക്കാനും സ്വാതന്ത്ര്യമുണ്ടാകും. അരനൂറ്റാണ്ടിലേറെയായി വിവിധയിനം പദ്ധതികൾ പ്രഖ്യാപിക്കുകയും അത് പ്രശ്നപരിഹാരം സാധ്യമാക്കുമെന്ന് മാറിമാറി വന്ന ഭരണകൂടങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിട്ടും കാര്യങ്ങൾ കടലാസിൽതന്നെ കിടന്നതാണ് പ്രതിസന്ധി തുടർന്നുപോകാനുള്ള കാരണം. ആ നിഷ്ക്രിയത്വമാണ് തീവ്രവാദികളും മറ്റും കൂടുതൽ ശക്തിസംഭരിക്കാനിടയാക്കിയതും. ആ ‘പരമ്പരാഗത രീതി’യിൽ നിന്നു മാറിനടക്കാൻ കേന്ദ്രം മനസ്സു വെക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു നക്സൽ വിരുദ്ധപോരാട്ടത്തിന്റെ ഫലപ്രാപ്തി.

Tags:    
News Summary - Madhyamam Editorial: Effectiveness of anti-Naxal fight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.