നീതിന്യായ രംഗത്തെപ്പറ്റി സമൂഹത്തിൽ ഉയർന്ന വിമർശനങ്ങൾ സുപ്രീംകോടതി ശ്രദ്ധിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നത് നല്ല സൂചനയാണ്. വ്യക്തികളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ട സംഭവങ്ങളിൽ ക്രിയാത്മക നീക്കങ്ങൾ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു എങ്കിലും ജുഡീഷ്യറിയുടെ ഉന്നതതലങ്ങളിൽ പുതിയ ജാഗ്രതയുടെ ലക്ഷണങ്ങൾ കാണുന്നതായി തോന്നുന്നു. സിദ്ദീഖ് കാപ്പന് ജാമ്യം ലഭിക്കാത്തതിെനപ്പറ്റി വന്ന മാധ്യമറിപ്പോർട്ടുകൾ കടന്നുപോയെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിലെ ന്യായാന്യായങ്ങളെന്തായാലും സമൂഹത്തിെൻറ പ്രതികരണങ്ങൾക്ക് കോടതി ചെവികൊടുക്കുന്നത് സന്തോഷകരംതന്നെ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തബ്ലീഗ് ജമാഅത്തിനെതിരെ ചില മാധ്യമങ്ങൾ നടത്തിയ വർഗീയ പ്രചാരണം സുപ്രീംകോടതിയിൽ കേസായപ്പോൾ കോടതി നടത്തിയ ഇടപെടലും നീതി ആഗ്രഹിക്കുന്ന സമൂഹം സ്വാഗതംചെയ്യും. വിദ്വേഷപ്രചാരണം നടത്തിയ ചാനലുകളുടെ കാര്യം മറച്ചുവെച്ചു കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് സമർപ്പിച്ച സത്യവാങ്മൂലത്തെ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് തുറന്നാക്ഷേപിച്ചു; വാങ്മൂലം തിരുത്താൻ കേന്ദ്രം തയാറാകേണ്ടിവന്നു.
ജനാധിപത്യാവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്ന സാമൂഹിക സാഹചര്യത്തിൽ ജനങ്ങളുടെ വിശ്വാസം നിലനിർത്താൻ ജുഡീഷ്യറിക്ക് സാധിക്കേണ്ടതുണ്ട്. കേസുകൾ പെരുകുകയും കോവിഡ് കാലം പ്രവർത്തനക്ഷമതയെ ബാധിക്കുകയും അതോടൊപ്പം അവകാശനിഷേധങ്ങൾ വ്യാപകമാവുകയും ചെയ്ത പ്രത്യേക സന്ദർഭം കോടതികളെ സമ്മർദത്തിലാക്കുന്നുണ്ടെന്നത് ശരിയാണ്. എന്നാൽ, ഭരണഘടനാപരമായ ചുമതല നിർവഹിക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറാൻ ഇതൊന്നും മതിയായ കാരണമല്ല. അതുകൊണ്ടാണ് കോടതിയിൽനിന്നുള്ള ശുഭസൂചനകൾ ആശ്വാസംപകരുന്നത്.
പ്രധാനമായും ഭരണഘടനയുടെ രണ്ടു വകുപ്പുകൾ സവിശേഷ ശ്രദ്ധ അർഹിക്കുന്നു എന്ന് ഞങ്ങൾക്ക് തോന്നുന്നു. 32ാം വകുപ്പും 14ാം വകുപ്പുമാണവ. ഭരണകൂടം വ്യക്തിയുടെ അവകാശം ഹനിക്കുേമ്പാൾ അതിൽനിന്ന് സംരക്ഷണം നൽകാനുള്ള വകുപ്പാണിത്. ഹേബിയസ് കോർപസ് റിട്ട് ഹരജിയിലൂടെയും മറ്റും സുപ്രീംകോടതിയെ വ്യക്തിസ്വാതന്ത്ര്യത്തിെൻറ അന്തിമാഭയമാക്കുന്നത് ഈ വകുപ്പാണ്. ഭരണഘടനയിൽ ഏറ്റവും പ്രധാനപ്പെട്ട വകുപ്പായി ഒരെണ്ണം ചൂണ്ടിക്കാട്ടാനാവശ്യപ്പെട്ടാൽ താൻ ഈ വകുപ്പാണ് കാണിക്കുകയെന്ന് അംബേദ്കർ പറഞ്ഞത് അതിെൻറ വില അറിഞ്ഞുതന്നെയാണ്. ഭരണഘടനയുടെ കാതലാണത്; ഹൃദയമാണത് -അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഈ വകുപ്പുപ്രകാരമുള്ള ഹരജികൾ നിരുത്സാഹപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന ചീഫ് ജസ്റ്റിസ് ബോബ്ഡെയുടെ വാക്കുകൾ ആശങ്കയുണ്ടാക്കുന്നതാണ്. സിദ്ദീഖ് കാപ്പെൻറ ജാമ്യഹരജി പരിഗണിക്കവെയായിരുന്നു ഈ പരാമർശം. 32ാം വകുപ്പിനോടുള്ള ഈ താൽപര്യക്കുറവ് ഭരണഘടനപ്രകാരം ന്യായീകരിക്കാനാവുന്നതല്ല. അടുത്തകാലത്തായി '32ാം വകുപ്പ് ഹരജികൾ' വല്ലാതെ കൂടുന്നതാണത്രെ കോടതിയെ മാറിച്ചിന്തിപ്പിക്കുന്നത്. ഭരണകൂടത്തിെൻറ അത്യാചാരം കൂടുന്നതിന് ഇരകൾ സഹിച്ചുകൊള്ളണമെന്ന സമീപനം നീതിയുക്തമല്ല. ഭരണഘടനയുടെ മൂന്നാം ഭാഗത്ത് പൗരന്മാർക്ക് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ ലഭ്യമാക്കാനുള്ള അനുപേക്ഷണീയ മാർഗമാണ് 32ാം വകുപ്പ്. നീതിന്യായരംഗത്ത് നാഴികക്കല്ലായ ഒരുപാട് കോടതിവിധികൾ വന്ന വഴിയുമാണത്. ഭരണഘടനാ വ്യവസ്ഥകൾ സാഹചര്യമനുസരിച്ച് വെട്ടിക്കുറക്കാനോ ദുർബലപ്പെടുത്താനോ സുപ്രീംകോടതിക്ക് അധികാരമില്ല. നീതിനൽകുന്നതിൽ കാലതാമസംപോലും നീതിനിഷേധമാണുതാനും. 20, 21 വകുപ്പുകൾ ഒഴിച്ച് മൗലികാവകാശങ്ങൾ തൽക്കാലം നീക്കാൻ അടിയന്തരാവസ്ഥയിൽ മാത്രമാണ് അനുവാദമുള്ളത്. ജോലിത്തിരക്കും കേസുകളുടെ ആധിക്യവും അതിന് ഒഴികഴിവല്ല. ജോലിഭാരത്തിന് പരിഹാരം കാണേണ്ടത് മറ്റുനിലക്കാണ്. ഹരിതബെഞ്ചുകൾപോലെ, പ്രത്യേക ഇനം കേസുകൾ വേഗത്തിൽ തീർപ്പാക്കാനുള്ള സംവിധാനമെല്ലാം അങ്ങനെ വന്നതാണ്.
നീതിനിർവഹണത്തിെൻറ മറ്റൊരു അനിവാര്യതാൽപര്യമാണ് 14ാം വകുപ്പ് നിഷ്കർഷിക്കുന്ന, നിയമത്തിനു മുന്നിൽ തുല്യത എന്ന തത്ത്വം. നിയമത്തിനു മുന്നിലുള്ള സമത്വം, നിയമങ്ങളുടെ സമമായ സംരക്ഷണം, ഒരു വ്യക്തിക്കും നിഷേധിച്ചുകൂടാ എന്നാണ് ആ വകുപ്പ് അനുശാസിക്കുന്നത്. ജാമ്യഹരജികൾ തീർപ്പാക്കുന്നതിൽ സുപ്രീംകോടതിക്ക് ഈയിടെ സംഭവിച്ച പിഴവ് ഭരണഘടനയോട് നേർക്കുനേരെ ഏറ്റുമുട്ടുന്നു എന്നർഥം. ഇന്ന് വിചാരണത്തടവുകാരായി വിവിധ ജയിലുകളിൽ കഴിയുന്നവരുടെ വിവരങ്ങൾ സമാഹരിച്ചാൽ അഭിമാനിക്കാവുന്ന ചിത്രമല്ല തെളിയുക. 97 പേരെ കൊന്നതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബാബു ബജ്റംഗിക്ക് ആരോഗ്യകാരണങ്ങളാൽ ജാമ്യം നൽകിയ അതേ വ്യവസ്ഥിതിയിലാണ് കെട്ടിച്ചമച്ച കേസിൽപെട്ട വരവരറാവുവും സ്റ്റാൻ സ്വാമിയും അബ്ദുന്നാസിർ മഅ്ദനിയുമടക്കം അസംഖ്യം പേർ രോഗാതുരരായി യാതനയനുഭവിക്കുന്നത്.
സുപ്രീംകോടതിയിൽ ഫയൽചെയ്യുന്ന കേസുകൾ ലിസ്റ്റ് ചെയ്യുന്നതിലെ വിവേചനത്തെപ്പറ്റി സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡൻറ് ദുഷ്യന്ത് ദവെയും അഡ്വ. റീപക് കൻസലുമടക്കം പരാതിപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഇക്കാര്യത്തിൽ നഷ്ടപ്പെട്ട വിശ്വാസ്യത സുപ്രീംകോടതി വീണ്ടെടുക്കണം. ഒരു ജുഡീഷ്യൽ സമിതിയെ നിശ്ചയിച്ച്, കഴിഞ്ഞ രണ്ടോ മൂന്നോ വർഷത്തെ ജാമ്യ, ഹേബിയസ് കോർപസ് ഹരജികളുടെ കണക്കും ഓരോന്നും എപ്പോൾ സമർപ്പിച്ചു, എപ്പോൾ വിചാരണയും തീർപ്പും നടന്നു തുടങ്ങിയ വിവരങ്ങളും ശേഖരിച്ചാൽ പരിഹരിക്കാനുള്ള പിഴവുകൾ കണ്ടെത്താനാകും. രാജ്യവാസികളുടെ ആശ്രയമാകേണ്ട ജുഡീഷ്യറി അവരോടും ഭരണഘടനയോടുമുള്ള ഉത്തരവാദിത്തം ഗൗരവബുദ്ധിയോടെ നിർവഹിക്കും എന്നുതന്നെ രാജ്യം പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.