രാജ്യവ്യാപകമായി ഉയർന്ന ജനരോഷത്തിനുമുന്നിൽ ഉത്തർപ്രദേശിലെ യോഗി ആദ്യത്യനാഥ് സർക്കാർ അൽപമൊന്ന് അയഞ്ഞിരിക്കുന്നു. ഹാഥറസ് കേസിൽ സി.ബി.ഐ അന്വേഷണത്തിന് തയാറായത് തീർച്ചയായും സർക്കാറിെൻറ സൗമനസ്യമല്ല. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് നാടെങ്ങും മുറവിളി ഉയർന്നു. രാഷ്ട്രീയ നേതൃത്വങ്ങളും മനുഷ്യാവകാശ പ്രവർത്തകരുമെല്ലാം ഒരു സ്വതന്ത്ര അന്വേഷണത്തിനാണ് മുറവിളി ഉയർത്തുന്നത്. സി.ബി.ഐ അന്വേഷണം നീതിക്കായുള്ള ആവശ്യത്തെ തൃപ്തിപ്പെടുത്തില്ലെന്നാണ് ഇതിനകം വന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
എന്നാൽ, ഇതുപോലും നിർബന്ധിതാവസ്ഥയിൽ ചെയ്യേണ്ടിവന്നതാണ് യു.പി സർക്കാറിന്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്തപ്ത കുടുംബത്തെ സന്ദർശിക്കുന്നതുവരെ ചെറുത്ത അധികൃതർ തുടക്കം മുതൽ കുറ്റകൃത്യവും കുറ്റവാളികളെയും മറച്ചുവെക്കാനാണ് ശ്രമിച്ചുവന്നിട്ടുള്ളത്. കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയവരെപ്പോലും തടഞ്ഞു. മാധ്യമങ്ങളെ വിലക്കി. കുടുംബത്തെ പൂട്ടിയിട്ടു. ഫോണുകൾ പിടിച്ചുവെച്ചു. ഇതിനെയെല്ലാം മറികടന്ന് രാജ്യത്തിെൻറ മനസ്സാക്ഷി നീതിക്കായി ഉയർത്തുന്ന ശബ്ദം കുറച്ചെങ്കിലും കേൾക്കാതെ പറ്റില്ലായിരുന്നു. എന്നാൽ, നീതി ലഭ്യമാക്കാൻ ഇതു മതിയാകുമോ? സി.ബി.ഐ ഏറ്റെടുത്ത കേസുകളിൽ സത്യം കണ്ടെത്താനാകുമെന്ന് ഉറപ്പുണ്ടായിരുന്ന കാലം എന്നോ കഴിഞ്ഞു.
കൂട്ടിലെ തത്ത എന്നാണ്, അധികാരികളുടെ ആജ്ഞാനുവർത്തികളായ സി.ബി.ഐയെ സുപ്രീംകോടതിപോലും വിശേഷിപ്പിച്ചിട്ടുള്ളത്. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് സന്തപ്തകുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. പൗരന്മാർക്ക് നമ്മുടെ അന്വേഷണ ഏജൻസികളിലും പൊലീസ് സംവിധാനങ്ങളിലും വിശ്വാസം വളരെയൊന്നും അവശേഷിക്കുന്നില്ല എന്നു കൂടി ഇത്തരം കേസുകളിലെല്ലാം വ്യക്തമാകുന്നുണ്ട്. ഹാഥറസ് കേസിൽ ഇതു കൂടുതൽ വ്യക്തമാണെന്നുമാത്രം. വല്ല സംശയവുമുള്ളവർക്കായി, ഹാഥറസിലെ ബി.ജെ.പി നേതാവ് രജ്വീർ സിങ് പഹൽവൻ അന്തിമ കണ്ടെത്തൽ ആദ്യമേ പറഞ്ഞുവെച്ചിരിക്കുന്നു- ബലാത്സംഗം നടത്തിയിട്ടില്ലത്രെ; ആരോപിതർ നിരപരാധികളാണത്രെ; അവരുടെ നിരപരാധിത്വം സി.ബി.ഐ തെളിയിക്കുമത്രെ.
ഉത്തർപ്രദേശിലെ സ്ത്രീപീഡനങ്ങളുടെ നീണ്ട പട്ടികയിൽ ഒന്നുമാത്രമാണ് ഹാഥറസിലേത്. അനേകം ദലിത് പീഡനങ്ങളിലും ഒന്നുമാത്രം. ഇത്തരം കേസുകളിൽ നിയമം മേലാളരുടെ വഴിക്കുനീങ്ങുന്ന തുടർക്കഥക്ക് യോഗി ആദിത്യനാഥിെൻറ ഭരണത്തിൽ ആക്കംകൂടിയിരിക്കുകയാണ്. ഒപ്പം ഒന്നുകൂടി സംഭവിക്കുന്നു. കുറ്റവാളികൾക്ക് പൂർണ സ്വാതന്ത്ര്യം ലഭിക്കുന്നുവെന്നുമാത്രമല്ല, തെളിവുകളെല്ലാം നശിപ്പിച്ച് കുറ്റവാളികളെ രക്ഷിക്കുന്ന രീതി സ്ഥാപനവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പുതിയ ഇന്ത്യയിൽ ഇത് വ്യാപകമാണെങ്കിലും യു.പിയിലാണ് അതൊരു വ്യവസായമായി വളർന്നുകൊണ്ടിരിക്കുന്നത്. ഹാഥറസിൽ ഇത് ലജ്ജയില്ലാത്തവിധം പരസ്യമായി എന്നുമാത്രം. ഇരക്ക് സുരക്ഷ ലഭിച്ചില്ലെന്നു മാത്രമല്ല, മരണാനന്തര നീതിയും നിഷേധിക്കപ്പെട്ടു.
സെപ്റ്റംബർ 14ന് കുറ്റം നടന്നശേഷം അത് മറച്ചുവെക്കാനും കുറ്റവാളികളെ രക്ഷപ്പെടുത്താനും നടന്ന ശ്രമങ്ങൾ ആ കൊലപാതകെത്തപ്പോലെത്തന്നെ ഞെട്ടിക്കുന്നതാണ്. ജില്ല മജിസ്ട്രേറ്റ് പാതിരാക്ക് ഇരയുടെ മൃതദേഹം ബലംപ്രയോഗിച്ച് കത്തിച്ചു. ബന്ധുക്കളെ കാണിച്ചില്ല. കുടുംബാചാരപ്രകാരം പൂജാരി ഉണ്ടായിരുന്നില്ല. പീഡനത്തിെൻറ ഇരകളുടെ ദേഹം ഇങ്ങനെ ഇരുട്ടിലേക്കെടുത്ത് പൊലീസിന് കത്തിക്കാൻ പറ്റുമെങ്കിൽ എന്തിനാണ് നിയമങ്ങൾ? കേസും തെളിവും അന്വേഷണവുമെല്ലാം പൊലീസിെൻറ തന്നിഷ്ടമാകാമെന്ന് ഏതു നാട്ടിലാണ് നിയമമുള്ളത്? തെളിവു നശിപ്പിക്കാനുള്ള സൂത്രം തന്നെയായിരുന്നു അത്. അതുപോരെങ്കിൽ കേസ് തോൽക്കാൻ വേറെയും വഴികളുണ്ട്. കുറ്റകൃത്യത്തിെൻറ ഇരകളെ ഓട്ടോപ്സിക്കും പോസ്റ്റ്മോർട്ടത്തിനും വിധേയരാക്കുേമ്പാൾ അങ്ങേയറ്റത്തെ സൂക്ഷ്മതയും കൃത്യതയും ഉണ്ടാകണം. ഹാഥറസ് പെൺകുട്ടിയുടെ കാര്യത്തിൽ രണ്ടു പരിശോധനകൾ തമ്മിൽ വൈരുധ്യമുണ്ട്. പേരിലും വയസ്സിലും കുറ്റം നടന്നതിെൻറ ലക്ഷണങ്ങളിലുമെല്ലാം വ്യത്യാസങ്ങൾ വന്നുകഴിഞ്ഞു. ബലാത്സംഗം നടന്നതിന് തെളിവില്ലെന്ന് എ.ഡി.ജി.പി പ്രശാന്ത്കുമാർ പറഞ്ഞത് നിയമത്തിൽ പറയുന്ന നിർവചനത്തെ വളച്ചൊടിച്ചാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മരണമൊഴിയിൽ യുവതി പറഞ്ഞ വസ്തുതയെ നിഷേധിക്കാൻ പാകത്തിൽ കഥകൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
കഥകൾ സൃഷ്ടിക്കാൻ പബ്ലിക് റിലേഷൻസ് (പി.ആർ) കമ്പനികൾക്ക് കരാർ കൊടുക്കുന്നതായും റിപ്പോർട്ടുവരുന്നു. ഹാഥറസിൽ ബലാത്സംഗം നടന്നിട്ടില്ലെന്ന് മുംബൈയിലെ ഒരു പി.ആർ കമ്പനി വിദേശ മാധ്യമങ്ങൾക്കടക്കം വാർത്തക്കുറിപ്പ് അയക്കുവോളം നമ്മുടെ കുറ്റാന്വേഷണ യന്ത്രം പരിഷ്കരിക്കപ്പെട്ടിരിക്കുന്നു. ഫോറൻസിക് അന്വേഷണവും പ്രാഥമിക മെഡിക്കൽ പരിശോധനയും പോസ്റ്റ്മോർട്ടം പരിശോധനയും പീഡനം നടന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നുണ്ടത്രെ. ഇതൊരു ദുരഭിമാനക്കൊല മാത്രമാണെന്നും പീഡനം കെട്ടുകഥയാണെന്നുമൊക്കെ പുതിയ 'കണ്ടെത്തൽ' അണിയറയിൽ തയാറായിക്കൊണ്ടിരിക്കുന്നു എന്നാണ് വിവരം; ജാതിവെറിക്കപ്പുറം കുറ്റമൊന്നും നടന്നിട്ടില്ലെന്ന്. അന്വേഷണ കേന്ദ്രങ്ങളിലും പ്രചാരണ രംഗത്തും രാഷ്ട്രീയ മേഖലയിലുമെല്ലാം കുറ്റകൃത്യത്തെ മറച്ചുവെക്കാനും കുറച്ചുകാണിക്കാനും കൊണ്ടുപിടിച്ച് ശ്രമം നടക്കുേമ്പാൾ, അധികാരത്തോട് വിധേയത്വം പുലർത്തുന്ന സി.ബി.ഐയെ കേസ് ഏൽപിക്കുന്നത്, അധികൃത ഭാഷ്യത്തിന് സാധുത നൽകാനേ സഹായിക്കൂ. നേരു കണ്ടെത്താൻ മാത്രമല്ല, വേണമെങ്കിൽ മറച്ചുവെക്കാനും സമർഥരാണ് തങ്ങളെന്ന് സി.ബി.ഐ പലകുറി തെളിയിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.