''അവൻ എെൻറ മാനം കടിച്ചുകീറി, അതിനു പരാതിപ്പെട്ട അച്ഛനെ ഇതാ അവൻ അമ്പലനടയിൽ നെഞ്ചിലും മുതുകിലും വെടിയുതിർത്ത് കൊന്നുകളഞ്ഞിരിക്കുന്നു. എന്തിനാണ് അവെനെൻറ അച്ഛെൻറ നെഞ്ചിലേക്കുതന്നെ നിറയൊഴിച്ചത്? എനിക്കു നീതിയില്ലേ കൂട്ടരേ, നീതിയില്ലേ?'' -ഉത്തർപ്രദേശിലെ ഹാഥറസിൽനിന്നു ചങ്കുപൊട്ടിക്കരയുകയാണ് മറ്റൊരു പെൺകുട്ടി. 2018ൽ മകളെ മാനഭംഗപ്പെടുത്തിയ ഗൗരവ് ശർമക്കെതിരെ പൊലീസിനു പരാതി നൽകിയതായിരുന്നു പിതാവ്. കേസിൽ ഏതാനും നാളുകൾ ജയിലിലായശേഷം പ്രതി വൈകാതെ പുറത്തിറങ്ങി. ചൊവ്വാഴ്ച ഹാഥറസിലെ ക്ഷേത്രത്തിൽ പ്രാർഥനക്കെത്തിയ അച്ഛനെ ആ പാതകിയും സംഘവും പിന്തുടർന്ന് വെടിവെച്ചുകൊന്നു. സ്വന്തം മാനത്തിനു ജീവൻ ബലിയായി നൽകിയ അച്ഛെൻറ മൃതദേഹവും ചുമന്ന് പൊട്ടിക്കരഞ്ഞു നീങ്ങുന്ന അവളുടെ ചിത്രം മനഃസാക്ഷിയുള്ളവർക്കൊന്നും പൊടുന്നനെ മായ്ക്കാനാവില്ല. എന്നാൽ, ഇതും ഇതിലപ്പുറവും പതിവായിക്കഴിഞ്ഞ യു.പിയിലെ ജംഗിൾരാജിനെ നയിക്കുന്നവരെ ഇതൊന്നും ഏശിയ ലക്ഷണമില്ല. അവിടത്തെ മുഖ്യമന്ത്രി, സംഘ്പരിവാറിെൻറ പോസ്റ്റർ ബോയ്, യോഗി ആദിത്യനാഥ് ഇപ്പോൾ പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഗോവധക്കാരെയും രാമദ്രോഹികളെയും കൈകാര്യം ചെയ്യാത്തതിന് മുഖ്യമന്ത്രി മമത ബാനർജിയെ ശകാരിച്ചു നടക്കുകയാണ്.
ഹാഥറസ് നിസ്സഹായമായി നിലവിളിക്കുന്നത് ഇതാദ്യമല്ല. നരാധമന്മാരുടെ പൈശാചികവേഴ്ചയിൽ ഹാഥറസ് ലോകത്തെ ഞെട്ടിച്ചിട്ട് ആറുമാസമാകുന്നേയുള്ളൂ. പത്തൊമ്പതുകാരിയായ ദലിത് പെൺകുട്ടിയെ നാലു മേൽജാതി ഹിന്ദുക്കൾ ബജ്റ പാടത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാൽക്കാരത്തിനിരയാക്കുകയും നെട്ടല്ലിനു ക്ഷതമേൽപിച്ച്, നാവരിഞ്ഞ് വയലിൽ തള്ളുകയും ചെയ്തത് കഴിഞ്ഞ സെപ്റ്റംബർ 14നാണ്. ഗുരുതരമായി പരിക്കേറ്റ് രണ്ടാഴ്ചക്കുശേഷം അവൾ മരണത്തിനു കീഴടങ്ങിയപ്പോൾ മൃതദേഹം അന്ത്യകർമങ്ങൾക്ക് കുടുംബത്തിനു വിട്ടുകൊടുക്കാതെ, അവരെ ബന്ദിയാക്കി നിർത്തി വയലിൽ ചണ്ടി കൂട്ടിയിട്ട് പൊലീസ് ഉദ്യോഗസ്ഥർ കത്തിച്ചുകളഞ്ഞ സംഭവം ലോകം െഞട്ടിത്തരിച്ചു നോക്കിനിന്നു. അതിനുമുമ്പ് ആഗസ്റ്റിൽ ഗോരഖ്പുരിൽ ഒരു പതിനേഴുകാരിയും ലഖിംപുരിൽ പതിമൂന്നുകാരിയും പൈശാചികതക്കിരയായി കൊല്ലപ്പെട്ടു. പതിമൂന്നുകാരിയുടെ ജഡം കൂട്ടമാനഭംഗത്തിനിരയാക്കി കണ്ണുകൾ ചൂഴ്ന്ന്, നാവ് പിഴുത നിലയിലാണ് കണ്ടെത്തിയത്. ജനുവരി മൂന്നിന് ബദായൂനിലെ ഉഗായ്തിയിലുള്ള ക്ഷേത്രത്തിൽ പ്രാർഥനക്കെത്തിയ അമ്പതുകാരി അംഗൻവാടി വർക്കെറ പൂജാരിയും രണ്ടു പേരും ചേർന്ന് ബലാത്സംഗം ചെയ്തുകൊന്നു. ഉന്നാവിൽ ജീവൻ തിരിച്ചുകിട്ടിയ ഇര പരാതികൊടുത്ത പക തീർത്തത് കുടുംബത്തെ നിരന്തരം പിന്തുടർന്ന് ഒാരോരുത്തരെയായി കൊന്നുകളഞ്ഞുകൊണ്ടാണ്. ഇങ്ങനെ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ 14.7 ശതമാനം രേഖപ്പെടുത്തി ഒന്നാം സ്ഥാനത്തു നിൽക്കുകയാണ് യു.പി. 2019ൽ 59,853 കേസുകളാണ് ഇൗയിനത്തിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടത്. രാജ്യത്ത് പ്രായപൂർത്തിയെത്താത്ത പെൺകുഞ്ഞുങ്ങളെ പീഡിപ്പിച്ചതിനുള്ള പോക്സോ കേസിലും മുന്നിൽ യു.പി തന്നെ. ഇതിനെതിരായി രാജ്യമെമ്പാടും മുറവിളിയുയർന്നിട്ടും കരാളമായ അനീതിവാഴ്ചയിൽനിന്നു ജനത്തെ രക്ഷിക്കണമെന്ന് സ്ത്രീരക്ഷാമന്ത്രങ്ങളും മുദ്രാവാക്യങ്ങളുമുതിർക്കുന്ന േയാഗി ഭരണത്തിനു നിർബന്ധമൊന്നുമില്ലെന്നു മാത്രമല്ല, ഗുണ്ടകൾക്ക് നിയമം കൈയിലെടുക്കാൻ ധൈര്യം പകരുന്ന തരത്തിലുള്ള സാഹചര്യമാണ് ബി.ജെ.പി സർക്കാർ സൃഷ്ടിച്ചിരിക്കുന്നത്. കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യുന്നതിലല്ല, അതു പുറത്തുപോകാതെ അമർത്തിപ്പിടിക്കുന്നതിലാണ് യോഗി ഭരണത്തിന് കൂടുതൽ ജാഗ്രത.
നിയമം കൈയിലെടുക്കുന്നവർക്ക് യു.പി പൊലീസും ഭരണസംവിധാനവും ഒരുക്കുന്ന ഒത്താശയുടെ തെളിവാണ് ഹാഥറസിൽ കഴിഞ്ഞ സെപ്റ്റംബറിൽ ദലിത് പെൺകുട്ടിക്കെതിരായി നടന്ന പൈശാചികത. അതിനെ കൂടുതൽ ഭീകരമാക്കിയത് യോഗി പൊലീസിെൻറ മനുഷ്യത്വത്തിനു നിരക്കാത്ത ഹീനവൃത്തികളായിരുന്നു. അന്വേഷണം ഏറ്റെടുത്ത സി.ബി.െഎ കുറ്റപത്രത്തിൽ സംസ്ഥാന പൊലീസിനെതിരെ വിരൽചൂണ്ടിയത് എത്ര ലാഘവത്തോടെയാണ് യോഗിസർക്കാർ ക്രമസമാധാനവിഷയം കൈകാര്യം ചെയ്യുന്നത് എന്നതിെൻറ മുന്തിയ തെളിവാണ്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പരാതി സമയത്തിനു രേഖപ്പെടുത്താതെ അഞ്ചുദിവസം വെച്ചുതാമസിപ്പിച്ചതും അവരെ വൈദ്യപരിശോധനക്കു വിധേയമാക്കാൻ പിന്നെയും ഒരാഴ്ച താമസിപ്പിച്ചതും അന്വേഷണത്തിൽ തെളിവുകൾ നഷ്ടപ്പെടുത്താനിടയാക്കിയെന്നാണ് സി.ബി.െഎ ചൂണ്ടിക്കാട്ടിയത്.
ഇത്തരത്തിൽ അപരാധികൾക്ക് മാന്യതയും ഇരകൾക്ക് അവരനുഭവിക്കുന്ന പീഡനങ്ങൾക്കുമേൽ പിന്നെയും അവമതിയും ലഭിക്കാനിടയാക്കുന്ന തരത്തിൽ ഭരണനിർവഹണ, നീതിന്യായസംവിധാനങ്ങൾക്കുവന്ന പക്ഷവാതം പാതകികൾക്ക് വളംവെച്ചുകൊടുക്കുകയാണെന്ന് അനുദിനം വർധിച്ചുവരുന്ന അതിക്രൂരതകൾ തെളിയിക്കുന്നു. പുതിയ സംഭവത്തിലും കുറ്റവാളികളുടെ രാഷ്ട്രീയം പരതുന്നതിലും പ്രശ്നപരിഹാരത്തിന് മുറവിളികൂട്ടുന്നവരെ ചിത്രവധം നടത്തുന്നതിലുമാണ് ബി.ജെ.പി ഭരണകൂടത്തിനും നേതാക്കൾക്കും താൽപര്യം. പെൺജന്മം മഹാ അപരാധമായിത്തീരുന്ന ദുര്യോഗത്തിലേക്ക് സംസ്ഥാനത്തെ എത്തിച്ച ഇത്തരം പൈശാചികതകളാണ് യഥാർഥ അപകീർത്തിയെന്നു എപ്പോഴാണാവോ യോഗി ഭരണകൂടം തിരിച്ചറിയുക! അപ്പോഴേ മദമിളകിപ്പായുന്ന മനുഷ്യപ്പിശാചുക്കളുടെ ഭീകരതയിൽ സ്ത്രീജന്മം മഹാപരാധമായിത്തീരുന്ന ദുര്യോഗത്തിൽനിന്നു യു.പിയും സ്ത്രീകളെ പുലരാനനുവദിക്കാത്തവരെന്ന അപഖ്യാതിയിൽനിന്നു നാടും രക്ഷപ്പെടുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.