സർക്കാർ സർവിസിലേക്കുള്ള റിക്രൂട്ട്മെൻറിനുവേണ്ടി രൂപവത്കരിക്കപ്പെട്ട ഭരണഘടന സംവിധാനമാണ് പബ്ലിക് സർവിസ് കമീഷൻ. സുതാര്യമായ നടപടിക്രമങ്ങളിലൂടെ ശാസ്ത്രീയരീതിയിൽ നടക്കുന്ന മത്സരപ്പരീക്ഷകളിലൂടെ പി.എസ്.സി തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികളാണ് വിവിധ സർക്കാർ സർവിസുകളിൽ ജോലിയിൽ പ്രവേശിക്കുന്നതെന്നാണ് നമ്മളെല്ലാം വിചാരിക്കുന്നത്. അതിനാൽതന്നെ, സർക്കാർ ശമ്പളം പറ്റുന്ന ഏതു ജോലിയിലേക്കും പി.എസ്.സി വഴി മാത്രമേ പ്രവേശനം നടത്താവൂ എന്നത് ഗൗരവപ്പെട്ട പൊതു ആവശ്യമാണ്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തസ്തികകളിലേക്കുള്ള നിയമനങ്ങളും പി.എസ്.സി വഴിയാക്കണമെന്ന ആവശ്യത്തിെൻറ മെറിറ്റ് അതാണ്. വിവിധ സർക്കാർ ബോർഡ്, കോർപറേഷനുകളിലേക്കുള്ള നിയമനങ്ങളും പി.എസ്.സി വഴിയാക്കണമെന്ന ആവശ്യവും നാട്ടിൽ കാലങ്ങളായുണ്ട്. പക്ഷേ, അതിലൊന്നും എൽ.ഡി.എഫ്–യു.ഡി.എഫ് ഭേദെമന്യേ ആർക്കും താൽപര്യമില്ല എന്നതാണ് വാസ്തവം. യൂനിവേഴ്സിറ്റികളിലെ നിയമനങ്ങളും പി.എസ്.സിക്ക് വിടണമെന്ന ആവശ്യം ഇതുവരെ നിറവേറ്റപ്പെട്ടിട്ടില്ല. 2015ൽ, കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ അവസാന നാളിലാണ് യൂനിവേഴ്സിറ്റികളിലെ അനധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള തീരുമാനമുണ്ടാകുന്നത്.
ഈ വിഷയം ഇപ്പോൾ ഇവിടെ സവിശേഷമായി ചർച്ചചെയ്യാൻ കാരണമുണ്ട്. കാലിക്കറ്റ് യൂനിവേഴിസിറ്റിയിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള 2020 ഡിസംബറിലെ സിൻഡിക്കേറ്റ് തീരുമാനം ഹൈകോടതി ഇപ്പോൾ സ്റ്റേ ചെയ്തിരിക്കുകയാണ്. സി.പി.എം ഏരിയ സെക്രട്ടറിയുടെ മകനടക്കമുള്ള സ്വന്തക്കാർക്ക് വിവിധ തസ്തികകളിൽ താൽക്കാലികനിയമനം നൽകിയിരുന്നു. കമ്പ്യൂട്ടർ േപ്രാഗ്രാമർ ഉൾപ്പെടെയുള്ള തസ്തികകളിൽ 'ജോലി' ചെയ്യുന്ന പ്രസ്തുത താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ് ഡിസംബറിൽ എടുത്തത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിയോജനക്കുറിപ്പുപോലും മറികടന്നാണ് സിൻഡിക്കേറ്റിെൻറ ഈ തീരുമാനം. തൊഴിൽ തേടി അലയുന്ന ചെറുപ്പക്കാരിൽ ചിലർ കോടതിയെ സമീപിച്ചാണ് ഇപ്പോൾ സ്റ്റേ സമ്പാദിച്ചിരിക്കുന്നത്. പി.എസ്.സിയെ നോക്കുകുത്തിയാക്കിയും സംവരണതത്ത്വങ്ങൾ ലംഘിച്ചും നടത്തിയ ഈ നിയമന മേളക്കുള്ള തിരിച്ചടിയായി നിശ്ചയമായും ഹൈകോടതി വിധിയെ കാണാം. അതേസമയം, ഈ സ്റ്റേയും മറികടക്കാനുള്ള നിയമവഴികൾ യൂനിവേഴ്സിറ്റി തേടുമെന്നും പ്രതീക്ഷിക്കാം. കോടതിയിൽ കേസ് വരുമ്പോൾ എതിർകക്ഷിയായ യൂനിവേഴ്സിറ്റിക്ക് അനുകൂലമായ നിലപാടേ സർക്കാർ സ്വീകരിക്കുകയുള്ളൂ. അങ്ങനെയാണ് മിക്കപ്പോഴും കോടതിയുടെ 'പിന്തുണ'യോടുകൂടി ഇത്തരം നിയമനമേളകൾ സാധൂകരിക്കപ്പെടാറുള്ളത്.
പി.എസ്.സി അതിമഹത്തായ ഒരു ഏജൻസിയാണ് എന്ന് വിലയിരുത്തുന്നതിലൊന്നും വലിയ കഴമ്പില്ല. പി.എസ്.സിയുടെ പൊലീസ് കോൺസ്റ്റബ്ൾ ലിസ്റ്റിൽ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ കത്തിക്കുത്ത് സംഘം മുഴുവൻ ആദ്യ ഇടംനേടിയത് കഴിഞ്ഞവർഷം നമ്മൾ കണ്ടതാണ്. ഇത് വിവാദമായപ്പോൾ കത്തിക്കുത്തുകാരെ ലിസ്റ്റിൽനിന്ന് മാറ്റിനിർത്തി തടിതപ്പുകയായിരുന്നു പി.എസ്.സി. അതുമായി ബന്ധപ്പെട്ട കേസിൽ ആ കത്തിക്കുത്ത് സംഘാംഗങ്ങൾ മാത്രമാണ് പ്രതികൾ. ക്രിമിനലുകളായ ഏതാനും ചെറുപ്പക്കാർക്ക് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഏറ്റവും മുൻനിരയിൽ സ്ഥാനം പിടിക്കാൻ സാധിക്കണമെങ്കിൽ വലിയ സംവിധാനം തന്നെ അതിനു പിറകിൽ പ്രവർത്തിച്ചിട്ടുണ്ടാവുമെന്നതുറപ്പാണ്. പക്ഷേ, നിർഭാഗ്യവശാൽ അതിെൻറ ഉള്ളറകളിലേക്ക് കടക്കാനോ അന്വേഷിക്കാനോ പി.എസ്.സി തയാറായില്ല. കേരളത്തിെൻറ അഭിമാന സർവിസായ കെ.എ.എസ് പരീക്ഷയുടെ വാല്വേഷനുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്നങ്ങളും കോടതി വ്യവഹാരങ്ങളും പി.എസ്.സിയുടെ വിശ്വാസ്യതക്ക് വീണ്ടും പ്രഹരമേൽപിക്കുന്നതായിരുന്നു. അങ്ങനെയൊക്കെയാണെങ്കിലും ഏറ്റവും വലിയ റിക്രൂട്ട്മെൻറ് ഏജൻസിയെന്ന നിലക്ക് പി.എസ്.സിക്ക് സമൂഹത്തിൽ വലിയ ആധികാരികതയുണ്ട്. നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന ആവശ്യത്തിെൻറ യുക്തി അതാണ്.
യൂനിവേഴ്സിറ്റിയിലെ അനധ്യാപക നിയമനങ്ങൾ മാത്രമേ സാങ്കേതികമായി പി.എസ്.സിക്ക് വിട്ടിട്ടുള്ളൂ. അതുപോലും അട്ടിമറിക്കപ്പെടുന്നുവെന്നതാണ് വാസ്തവം. യൂനിവേഴ്സിറ്റികളിലേക്കുള്ള അധ്യാപകനിയമനങ്ങൾ ഇതുവരെ പി.എസ്.സിക്ക് വിടാൻ സർക്കാർ സന്നദ്ധമായിട്ടില്ല. വി.സി, സിൻഡിക്കേറ്റ് പ്രതിനിധി, വി.സി നിശ്ചയിക്കുന്ന വിഷയ വിദഗ്ധൻ, സർക്കാർ പ്രതിനിധി, ഡിപാർട്ട്മെൻറ് തലവൻ എന്നിവർ ഉൾപ്പെടുന്ന പാനൽ അഭിമുഖം നടത്തിയാണ് ഇപ്പോൾ അധ്യാപക നിയമനം നടത്തുന്നത്. രാഷ്ട്രീയ നിയമനങ്ങളിലൂടെ വരുന്നയാളുകൾ നടത്തുന്ന ഈ അഭിമുഖത്തിെൻറ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. പാർട്ടിക്കാരെയും സ്വന്തക്കാരെയും യൂനിവേഴ്സിറ്റികളിൽ കുടിയിരുത്താനുള്ള സംവിധാനം മാത്രമാണത്. അൺ എയ്ഡഡ് കോളജുകളിലെ അധ്യാപകർക്കുള്ള ഗുണനിലവാരംപോലുമില്ലാത്ത അധ്യാപകരുടെ വിളനിലമായി യൂനിവേഴ്സിറ്റി കാമ്പസുകൾ മാറിക്കഴിഞ്ഞിരിക്കുകയാണ്.
സർക്കാർ ശമ്പളവും ആനുകൂല്യങ്ങളും മേടിക്കുന്ന സർവ നിയമനങ്ങളും സമ്പൂർണമായി പി.എസ്.സിക്ക് വിടുക, പി.എസ്.സിയുടെ വിശ്വാസ്യത ഉറപ്പുവരുത്താനാവശ്യമായ നടപടികൾ സ്വീകരിക്കുക എന്നീ രണ്ട് ആവശ്യങ്ങൾ കേരളത്തിലെ യുവജനങ്ങൾ രാ ഷ്ട്രീയത്തിനതീതമായി ഉയർത്തേണ്ട സന്ദർഭമാണിത്. ഇഷ്ടപ്പെട്ടവരെ നിയമിക്കുന്നതിൽ ഇരുമുന്നണികൾക്കും വലിയ താൽപര്യമുണ്ടാവും എന്നതിനാൽ വലിയ ജനകീയ സമ്മർദം തന്നെ ഈ വിഷയത്തിൽ വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.