നെതർലൻഡ്സിൽ നവംബർ 22നു നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ കക്ഷി പാർട്ടി ഫോർ ഫ്രീഡം (പി.വി.വി) അധികാരത്തോടടുത്തിരിക്കുന്നു. കടുത്ത കുടിയേറ്റവിരുദ്ധനും ഇസ്ലാംവെറി ഉൽപാദകനുമായ ഹിയർട്ട് വിൽഡേഴ്സ് നയിക്കുന്ന പി.വി.വി 150 അംഗ പാർലമെന്റിൽ 37 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കഴിഞ്ഞ തവണ നേടിയതിന്‍റെ ഇരട്ടി സീറ്റുകൾ അവർ പിടിച്ചപ്പോൾ രണ്ടാം സ്ഥാനത്ത് വന്ന മധ്യ ഇടതുപക്ഷ ഹരിത-തൊഴിലാളി സഖ്യത്തിന് 25 സീറ്റാണ് കിട്ടിയത്. മുൻ പ്രധാനമന്ത്രി മാർക് റൂത്തെയുടെ മധ്യ-വലതു ചായ്‌വുള്ള ഭരണകക്ഷി പീപ്ൾസ് പാർട്ടി ഫോർ ഫ്രീഡം ആൻഡ് ഡെമോക്രസി (വി.വി.ഡി)ക്കു 24 സീറ്റേ കിട്ടിയുള്ളൂ. പതിവനുസരിച്ച് ഏറ്റവും വലിയ കക്ഷി സർക്കാർ രൂപവത്കരിക്കാൻ മുന്നോട്ടുവരും. കേവല ഭൂരിപക്ഷത്തിന് 76 സീറ്റ് വേണമെങ്കിലും, 20 സീറ്റ് നേടിയ യാഥാസ്ഥിതിക നാഷനൽ സോഷ്യൽ കോൺട്രാക്ട് (എൻ.എസ്.സി) സഖ്യത്തിനു താൽപര്യം കാണിച്ചതോടെ ചെറുപാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണ നേടിയെടുക്കാനാവുമെന്നാണ് വിൽഡേഴ്സിന്‍റെ കണക്കുകൂട്ടൽ.

മുമ്പ് ഏറക്കുറെ ഉദാരതയും സഹിഷ്ണുതയും പുലർന്ന രാജ്യവും അതിതീവ്ര ദേശീയത മാതൃകയിലെ ഇസ്‌ലാം വിരോധവും കുടിയേറ്റ വിരോധവും പ്രഖ്യാപിത നയമാക്കിയ കക്ഷിയുടെ കൈകളിലേക്കു മാറുകയാണ്. യൂറോപ്പിൽ പലയിടങ്ങളിലും പിടിമുറുക്കുന്നുവെന്നു കരുതപ്പെടുന്ന തീവ്ര വലതുപക്ഷത്തിന്റെ മറ്റൊരു പതിപ്പാണ് ഡച്ച് രാഷ്ട്രീയത്തിലെ പി.വി.വി. ഉറച്ച ഇസ്രായേൽ പിന്തുണക്കാരനായ വിൽഡേഴ്സ് ഇസ്‌ലാമിനെയും മൊറോക്കോക്കാരെയും നീചമായ ഭാഷയിൽ ആക്ഷേപിച്ചുവന്നയാളാണ്. അധികാരത്തിൽ വന്നാൽ ഖുർആൻ നിരോധിക്കുമെന്നും പള്ളികൾ അടച്ചുപൂട്ടുമെന്നും സർക്കാർ സ്ഥാപനങ്ങളിൽ ശിരോവസ്ത്ര വിലക്കേർപ്പെടുത്തുമെന്നും മുസ്‍ലിം രാജ്യങ്ങളിൽനിന്നുള്ളവർക്കു നേരെ അതിർത്തികൾ അടച്ചുപൂട്ടുമെന്നുമൊക്കെയായിരുന്നു അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. തീവ്രദേശീയതയുടെ ഭാഗമായി ഇ.യുവിൽനിന്ന് രാജ്യം പുറത്തുവരണമെന്നും അദ്ദേഹം വാദിച്ചു.

തെരഞ്ഞെടുപ്പടുത്തപ്പോൾ ഖുർആൻ നിരോധനം പോലെയുള്ള ഇസ്‌ലാംവിരുദ്ധ പ്രസ്താവനകൾ മയപ്പെടുത്തുകയും ഡച്ച് ഭരണഘടന മാനിക്കുമെന്ന് ആണയിടുകയും ചെയ്‌തെങ്കിലും പ്രതിയോഗികളാരും അത് വിശ്വസിക്കുന്നില്ല. 2010 മുതൽ ദീർഘകാലം അധികാരംവാണ പ്രധാനമന്ത്രി റൂത്തെക്ക് തിരിച്ചടിയായത് സർക്കാറിന്‍റെ നൈട്രജൻ നിയമത്തെ കർഷകർ എതിർത്തതും അഭയാർഥി പുനരധിവാസത്തെച്ചൊല്ലി സഖ്യകക്ഷികൾക്കിടയിലുണ്ടായ അഭിപ്രായഭിന്നതകളുമാണ്. കഴിഞ്ഞ വർഷത്തേതിന്‍റെ ഇരട്ടിയായി രണ്ടു ലക്ഷത്തിൽപരം അഭയാർഥികൾ നെതർലൻഡ്സിൽ എത്തിച്ചേർന്നുവെന്നാണ് പറയപ്പെടുന്നത്. പകുതിയിലേറെയും യുക്രെയ്ൻ യുദ്ധത്തിന്‍റെ ഇരകളാണ്. അവരുടെ പുനരധിവാസംപോലുള്ള സാമ്പത്തികമാനങ്ങളുള്ള വിഷയങ്ങൾ എടുത്തിട്ട് വോട്ടർമാരെ വശത്താക്കാൻ എളുപ്പമാണെന്ന് രാജ്യത്തെ അടഞ്ഞ സമൂഹമാക്കാൻ ശ്രമിക്കുന്ന വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ഹംഗറിയിൽ വിക്ടർ ഒർബാൻ, ഇറ്റലിയിൽ ജോർജിയ മെലാനിയുടെ ബ്രദേഴ്സ് ഓഫ് ഇറ്റലി, സ്വീഡനിലെ ഡെമോക്രാറ്റുകൾ, ഫിൻലൻഡിലെ ഫിൻസ് പാർട്ടി, ജർമനിയിലെ നവ-നാസി വേരുകളുള്ള എ.എഫ്.ഡി എന്നിവയൊക്കെ അധികാരത്തിൽ വന്നത് വലതുപക്ഷ അജണ്ട ഉയർത്തിപ്പിടിച്ചാണ്. ഫ്രാൻസിൽ വംശവെറിയുടെ വക്താവായ മരീൻ ലി പെന്നിനെതിരെ മാക്രോണിന് ചെറിയ ഭൂരിപക്ഷമേ കിട്ടിയിരുന്നുള്ളൂ. ജനകീയപ്രശ്നങ്ങളെ കുടിയേറ്റം, അഭയാർഥിപ്രവാഹം എന്നിവയുമായി ബന്ധിപ്പിച്ചുള്ള പ്രചാരണങ്ങളാണ് ഇപ്പോൾ യൂറോപ്യൻ രാഷ്ട്രീയത്തിൽ മേൽക്കൈ നേടുന്നത്. എന്നാൽ, തലവേദനയായി ചൂണ്ടിക്കാട്ടുന്ന അഭയാർഥിപ്രവാഹവും കുടിയേറ്റവുമൊക്കെ തങ്ങളുടെകൂടി കൃതാനർഥങ്ങളുടെ ഫലമാണെന്ന കാര്യം അവർ വിസ്മരിക്കുകയും ചെയ്യുന്നു. ചില ആഫ്രിക്കൻ തീരങ്ങളിൽനിന്നുള്ള സംഘങ്ങൾ മെച്ചപ്പെട്ട ജീവിതമാർഗങ്ങൾക്കുവേണ്ടി മെഡിറ്ററേനിയൻ കടന്നു വരുന്നുണ്ടാകാം. അതേസമയം, ഇതിനു നിമിത്തമാംവിധം ലിബിയ, സുഡാൻ പോലുള്ള രാജ്യങ്ങളിൽ സംഘർഷം വിതക്കുന്നത് പാശ്ചാത്യ വികസിതരാജ്യങ്ങളുടെ രാഷ്ട്രീയ-സൈനിക ഇടപെടലുകൾകൂടിയാണ് എന്നത് നിഷേധിക്കാനാവില്ല.

ഇറാഖ്, സിറിയ, അഫ്‌ഗാനിസ്താൻ, ലബനാൻ തുടങ്ങിയ ഏഷ്യൻരാജ്യങ്ങളിലും വൻശക്തി ഇടപെടലുകൾ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് കാരണമാവുകയോ രൂക്ഷമാക്കുകയോ ചെയ്യുന്നുണ്ട്. ഇവിടങ്ങളിലെല്ലാം അമേരിക്കയോ അമേരിക്കയുടെ പക്ഷം ചേർന്നുനിൽക്കുന്നവരോ തന്നെയാണ് മുസ്‍ലിം രാജ്യങ്ങളിൽനിന്നുള്ള അഭയാർഥിപ്രവാഹത്തെ പെരുപ്പിച്ചുപറയുന്നത്. അങ്ങകലെ മറ്റൊരു വൻകരയിൽ സ്ഥിതിചെയ്യുന്നത് കാരണം അഭയാർഥിപ്രവാഹം അമേരിക്കയെ തെല്ലും ബാധിക്കുന്നുമില്ല. എല്ലാറ്റിനും പുറമെ ഇസ്രായേലിനു നൽകുന്ന പാശ്ചാത്യ പിന്തുണ മേഖലയിലെ ഒട്ടേറെ രാജ്യങ്ങളിൽ അരക്ഷിതാവസ്ഥക്കു നിദാനമാവുന്നുമുണ്ട്. അതിനിടയിലാണ് വൈകാരിക മുദ്രാവാക്യങ്ങളിലൂടെ ജനങ്ങളെ കൈയിലെടുത്ത് രാഷ്ട്രീയ പാർട്ടികൾ പിന്തുണ നേടുന്നത്. ശാക്തിക സന്തുലനത്തിൽകൂടി മാറ്റംവന്നാലേ കുടിയേറ്റപ്രശ്നങ്ങളും സങ്കുചിത ദേശീയവീക്ഷണങ്ങളും അവസാനിപ്പിക്കാൻ കഴിയൂ. എന്നാൽ, അതിന്‍റെ സൂചനകൾ കാണുന്നില്ല എന്നു മാത്രമല്ല, അതുവെച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവർക്ക് അധികാരലബ്ധി എളുപ്പമാകുന്നു എന്നതാണ് പുതിയ ദുര്യോഗം.

Tags:    
News Summary - Madhyamam Editorial on Dutch election, Geert Wilders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.