ഗസ്സയിൽ വംശഹത്യ ഭീകരമായി തുടരുന്ന ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നതിൽനിന്ന് ഇന്ത്യയെ തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് തള്ളിയ വാർത്ത രാജ്യത്തിനകത്തും പുറത്തുമുള്ള മനുഷ്യസ്നേഹികളെ വേദനിപ്പിക്കുന്നതാണെന്ന് പറയാതെ വയ്യ. ഇസ്രായേൽ പരമാധികാര രാജ്യത്തിന്റെ മേൽ ഇന്ത്യൻ കോടതിക്ക് അധികാരമൊന്നുമില്ലെന്നും ഇന്ത്യയുടെ വിദേശനയത്തിൽ ഇടപെടാനാവില്ലെന്നും വ്യക്തമാക്കിയാണ് വിദേശകാര്യ വകുപ്പിലെ മുൻ സീനിയർ ഉദ്യോഗസ്ഥൻ അശോക് കുമാർ ശർമയടക്കം പതിനൊന്ന് പ്രമുഖരടങ്ങുന്ന സംഘം സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരമോന്നത കോടതി തള്ളിയിരിക്കുന്നത്. രാഷ്ട്രാന്തരീയ നിയമങ്ങളും മനുഷ്യാവകാശങ്ങളും കാറ്റിൽപറത്തി ഇസ്രായേൽ തുടരുന്ന ഭീകര വംശീയാക്രമണത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഹരജിക്കാരുടെ അഡ്വക്കറ്റ് പ്രശാന്ത് ഭൂഷൺ വാദമുഖങ്ങൾ ശക്തമായി അവതരിപ്പിച്ചു.
പക്ഷേ, ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നെന്നത് ഹരജിക്കാരന്റെ അനുമാനം മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി വിഷയത്തിൽ ഇടപെടാനാവില്ലെന്ന നിലപാട് സ്വീകരിച്ചത്. വിദേശനയം സർക്കാറിന്റെ അധികാര പരിധിയിൽപെട്ട കാര്യമാണെന്നിരിക്കെ, എങ്ങനെ കോടതി ഇടപെടുമെന്ന പ്രസ്താവം സാങ്കേതികമായി ശരിയാവാം. ഭരണഘടനപരമായി സാധൂകരിക്കാനാവാത്ത ഒരു വിധി പുറപ്പെടുവിക്കാൻ കോടതിക്ക് തടസ്സമുണ്ടെന്ന ചീഫ് ജസ്റ്റിസിന്റെ തീർപ്പും നിയമദൃഷ്ട്യാ ന്യായീകരിക്കപ്പെടാം. എന്നാൽ, വംശഹത്യ തടയാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്ന 1948ലെ ജനീവ കൺവെൻഷന്റെ രേഖയിൽ ഒപ്പുവെച്ച രാജ്യമാണ് ഇന്ത്യ എന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയതാണ്. യുദ്ധകുറ്റവാളിയാവാൻ സാധ്യതയുള്ള ഒരു രാഷ്ട്രത്തിനും ആയുധങ്ങൾ നൽകിക്കൂടെന്നുമുണ്ട് ജനീവ കൺവെൻഷന്റെ രേഖയുടെ പ്രഥമ ഖണ്ഡികയിൽ. ഇന്റർനാഷനൽ കോർട്ട് ഓഫ് ജസ്റ്റിസ് ഇസ്രായേൽ ജനീവ കൺവെൻഷൻ പ്രഖ്യാപന പ്രകാരമുള്ള ബാധ്യതകളെ ലംഘിച്ചതായി 2024 ജനുവരി 26ന് വ്യക്തമാക്കിയിട്ടുമുണ്ട്.
അതുപ്രകാരം ഫലസ്തീൻ ജനതക്കുനേരെ ഇസ്രായേൽ നടത്തുന്ന എല്ലാവിധ സൈനിക നടപടികളും നിർത്തിവെക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. തദടിസ്ഥാനത്തിൽ യു.എൻ വിദഗ്ധർ പുറപ്പെടുവിച്ച പ്രസ്താവനയിൽ, ഗുരുതരമായ മനുഷ്യാവകാശങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ലംഘനത്തിലേർപ്പെട്ട ഇസ്രായേലിന് ആയുധങ്ങളും പടക്കോപ്പുകളും നൽകുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നിരിക്കെ, ഒരുവിധ സൈനികോപകരണവും ആയുധങ്ങളും ഇസ്രായേലിന് ഇന്ത്യ നൽകിക്കൂടെന്നും അവ യുദ്ധകുറ്റങ്ങൾക്ക് ഉപയോഗിക്കുമെന്നും ഹരജിയിൽ ബോധിപ്പിച്ചിരുന്നതുമാണ്. പക്ഷേ, നടേ സൂചിപ്പിച്ചപോലെ നിയമത്തിന്റെ സാങ്കേതിക തടസ്സം മാത്രം മുൻനിർത്തി ഹരജി തള്ളി കോടതി. അതേസമയം, 2023 ഡിസംബറിൽ ഗസ്സയിൽ ഉടനടി വെടിനിർത്താനുള്ള യു.എൻ പ്രമേയത്തെ അംഗീകരിച്ച രാജ്യമാണ് ഇന്ത്യ എന്നോർക്കണം.
തൊണ്ണൂറുകളിൽ പി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തിലെ സർക്കാർ ഇസ്രായേലിന് പൂർണ നയതന്ത്രപദവി അനുവദിച്ചതോടെ ആരംഭിച്ച സയണിസ്റ്റ് സൗഹൃദം പിന്നീട് പടിപടിയായി ഉയർന്നു, വളർന്ന് നരേന്ദ്ര മോദി സർക്കാറിന്റെ കാലഘട്ടത്തിൽ അതിന്റെ മൂർധന്യത്തിലെത്തുന്നതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഫലസ്തീൻ ജനതക്ക് ഒരു സ്വതന്ത്ര രാഷ്ട്രമായി നിലനിൽക്കാനുള്ള അവകാശത്തെ പിന്താങ്ങുന്നതോടൊപ്പം ദ്വിരാഷ്ട്ര നിർമിതി മാത്രമാണ് ഫലസ്തീൻ പ്രശ്നത്തിന്റെ പരിഹാരമെന്ന് മോദി സർക്കാർ സമ്മതിക്കുന്നു. കഴിഞ്ഞ ദിവസം റിയാദിൽ നടന്ന ഇന്ത്യ-ജി.സി.സി ഉച്ചകോടിയിലും അക്കാര്യം വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ആവർത്തിച്ചതാണ്.
അതേസമയം, 2023 ഒക്ടോബർ 27ന് ഹമാസ് നടത്തിയ ഇസ്രായേൽ ആക്രമണം ഭീകരകൃത്യമായി പ്രഖ്യാപിക്കാൻ മോദിക്ക് മണിക്കൂറുകൾ വേണ്ടിവന്നില്ല. ഹമാസിനെ ഐക്യരാഷ്ട്രസഭയോ ഇന്ത്യ തന്നെയോ ഭീകരസംഘടനകളിൽ ഇതേവരെ ഉൾപ്പെടുത്തിയിട്ടുമില്ല. ബിന്യമിൻ നെതന്യാഹുവിന്റെ തീവ്ര സയണിസ്റ്റ് ഭരണകൂടം ഇസ്രായേലിലെ ജനാഭിപ്രായം പോലും മാനിക്കാതെ തുടരുന്ന അതിഭീകര വംശീയാക്രമണത്തിൽ ഇതെഴുതുന്നതുവരെ 42,772 മനുഷ്യർ രാക്ഷസീയമായി കൊല്ലപ്പെട്ടുകഴിഞ്ഞു. ജീവൻ പോയവരിൽ പതിനായിരക്കണക്കിന് സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെട്ടിരിക്കെ, ഇതേപ്പറ്റി വംശനശീകരണം എന്നല്ലാതെ എന്തുവിളിക്കണം? കാർഗിൽ യുദ്ധത്തിൽ പാകിസ്താനെ നേരിടാൻ യുദ്ധവിമാനങ്ങൾ നൽകി ഇന്ത്യയെ സഹായിച്ച ഇസ്രായേലിന്റെ അപേക്ഷ എങ്ങനെ നിരസിക്കുമെന്നാണ് മോദി സർക്കാറിന്റെ പക്ഷത്ത് നിൽക്കുന്നവരുടെ ചോദ്യം. ഇന്ത്യപോലും അംഗീകരിക്കുന്ന പി.എൽ.ഒവിന്റെ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിൽ ഒരു പ്രത്യാക്രമണത്തിനും തുനിയാതെ ശാന്തരായി കഴിയുന്ന ഫലസ്തീൻകാരിൽ 662 പേരെയെങ്കിലും ഇതിനകം കൊന്നുതള്ളിയ നെതന്യാഹുവിന്റെ ക്രൂരതക്ക് എന്ത് ന്യായീകരണമാണുള്ളത്.
10,000 ഫലസ്തീനികളെങ്കിലും ഇസ്രായേൽ ജയിലുകളിൽ നരകയാതന അനുഭവിക്കുന്നുണ്ടെന്നാണ് ജനീവയിൽ ചേർന്ന മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ അതിന്റെ മേധാവി വോൾകർ ടർക് വെളിപ്പെടുത്തിയിരിക്കുന്നത്. ഏകപക്ഷീയമായ ഈ മനുഷ്യാവകാശ ധ്വംസനത്തെയും നമ്മുടെ സർക്കാർ ന്യായീകരിക്കുകയാണോ? അദാനിയുടെയും മറ്റും സ്വകാര്യ ഫാക്ടറികളിൽ നിർമിക്കുന്ന യുദ്ധോപകരണങ്ങളും നശീകരണ സാമഗ്രികളും ജൂതരാഷ്ട്രത്തിലേക്ക് കപ്പൽമാർഗേണ ഒഴുകിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതിക്കുപോലും പ്രതികരിക്കാൻ കഴിയാത്തവിധം മഹാത്മാഗാന്ധിയുടെ ഇന്ത്യക്ക് നാവിറങ്ങിപ്പോയെങ്കിൽ കേഴുക മമനാടേ എന്നല്ലാതെ എന്തുപറയാൻ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.