സ്പീക്കർ ജഡ്ജിയാകുമ്പോൾ

സംസ്ഥാന നിയമസഭകളിലോ പാർലമെന്റിലോ പ്രാതിനിധ്യമുള്ള പാർട്ടികളിൽ പിളർപ്പുണ്ടായാൽ കൊടിയുടെയും ചിഹ്നത്തിന്റെയും ആസ്ഥാനമന്ദിരത്തിന്റെയും അവകാശം സംബന്ധിച്ച തർക്കങ്ങളും നിയമപോരാട്ടവും തെരഞ്ഞെടുപ്പ് കമീഷൻ ഇടപെടലുമൊക്കെ സർവസാധാരണമാണ്. എന്നാൽ, പതിവിന് വിപരീതമായി മഹാരാഷ്ട്രയിലെ ശിവസേനയിലുണ്ടായ പിളർപ്പിൽ തീർപ്പുകൽപിച്ചിരിക്കുന്നത് തർക്കമുന്നയിച്ച കക്ഷികളിലൊന്നിന്‍റെ പ്രതിനിധി തന്നെയാണ്. ആരാണ് യഥാർഥ ശിവസേന എന്ന തർക്കത്തിൽ കഴിഞ്ഞദിവസം സ്പീക്കർ രാഹുൽ നർവേക്കർ വിധിപറഞ്ഞപ്പോൾ അത് ജനാധിപത്യ ചരിത്രത്തിലെ തീർത്തും വിചിത്രമായ ഏടായി. ഉദ്ധവ് താക്കറെ നയിക്കുന്ന വിഭാഗമാണോ, മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡെയുടെ ഗ്രൂപ്പാണോ യഥാർഥ പാർട്ടി എന്നതായിരുന്നു വലിയ നിയമപോരാട്ടത്തിനു തിരികൊളുത്തിയ തർക്കവിഷയം. പിളർപ്പിനുശേഷം സ്പീക്കറായി ഷിൻഡെ നിയമിച്ച നർവേക്കർ സ്വാഭാവികമായും രാഷ്ട്രീയ യജമാനന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. പല രാഷ്ട്രീയ നിരീക്ഷകരും നിയമവിദഗ്ധരും ചൂണ്ടിക്കാണിച്ചതുപോലെ, ഇതിനെ ജുഡീഷ്യൽ വിധിയായി കാണാനാവില്ല; ഭരണകൂട സേവകന്റ രാഷ്ട്രീയ ഉത്തരവായി മാത്രമായേ വിലയിരുത്താനാവൂ.

2022 ജൂൺ 20ന് നടന്ന മഹാരാഷ്ട്ര നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി തോറ്റതോടെ മഹാവികാസ് അഗാഡി സഖ്യത്തിൽ ഉടലെടുത്ത രാഷ്ട്രീയ വിവാദമാണിപ്പോൾ സ്പീക്കറുടെ തീർപ്പിൽ കലാശിച്ചിരിക്കുന്നത്. നിയമസഭയിലെ കക്ഷിനില അനുസരിച്ച് ജയിക്കേണ്ടിയിരുന്ന സ്ഥാനാർഥിയുടെ പരാജയം ശിവസേനയിലെ ഒരുവിഭാഗം വോട്ട് മാറ്റിക്കുത്തിയതു മൂലമാണെന്ന ആക്ഷേപമുണ്ടായി. ആരാണ് മറുകണ്ടം ചാടിയതെന്ന് തൊട്ടടുത്ത മണിക്കൂറുകളിൽത്തന്നെ വ്യക്തമായി. മുഖ്യമന്ത്രി ഉദ്ധവുമായി ഉടക്കിനിൽക്കുകയായിരുന്ന ഏക് നാഥ് ഷിൻഡെയും 11 പാർട്ടി എം.എൽ.എമാരും സൂറത്തിലെ നക്ഷത്ര ഹോട്ടലിൽ തമ്പടിച്ചതോടെ കളിക്കുപിന്നിലാരെന്നും മനസ്സിലായി. രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും വിമതസംഘത്തിന്റെ അംഗബലം 38 ആയി. മറുവശത്ത്, സമ്മർദത്തിലായ ഉദ്ധവ് വിമതർക്കുനേരെ ‘അയോഗ്യതനീക്കം’ നടത്തിനോക്കിയെങ്കിലും വിജയിച്ചില്ല. അതോടെ, അദ്ദേഹം അവിശ്വാസ വോട്ടെടുപ്പിനുപോലും കാത്തുനിൽക്കാതെ രാജിവെച്ചൊഴിഞ്ഞു. തുടർന്ന്, ബി.ജെ.പി പിന്തുണയോടെ ഷിൻഡെയും സംഘവും അധികാരത്തിലെത്തി. ഇതിനിടയിൽത്തന്നെ, അംഗങ്ങളെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടും പാർട്ടിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയും ഇരുകൂട്ടരും നിയമപോരാട്ടത്തിനും ഒരുങ്ങിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് കമീഷൻ ഷിൻഡെ പക്ഷത്തെ യഥാർഥ ശിവസേനയായി അംഗീകരിച്ചു. പക്ഷേ, നിയമസഭയിലെ നാടകീയ സംഭവങ്ങളിൽ സുപ്രീംകോടതി മറ്റൊരു വിധിയാണ് പുറപ്പെടുവിച്ചത്. ഷിൻഡെയെ നിയമസഭാകക്ഷി നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടിയും വിപ്പ് നിയമനങ്ങൾക്ക് അംഗീകാരം നൽകിയതുമെല്ലാം നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. അഥവാ, ഭരണഘടനാവിരുദ്ധമായ നടപടികളിലൂടെയാണ് ഷിൻഡെ മറുകണ്ടം ചാടിയതും തുടർന്ന് മുഖ്യമന്ത്രിപദത്തിലെത്തിയതും. എന്നാൽ, വിശ്വാസവോട്ടിനുമുമ്പേ, ഉദ്ധവ് രാജിവെച്ചതിനാൽ സർക്കാറിനെ പുനഃസ്ഥാപിക്കാനാവില്ലെന്ന് കോടതി കൈമലർത്തി. മറ്റൊരുതരത്തിൽ പറഞ്ഞാൽ, അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിച്ചശേഷമായിരുന്നു ഉദ്ധവ് രാജിവെച്ചൊഴിഞ്ഞതെങ്കിൽ കോടതിക്ക് മുഴുവൻ നടപടികളും പുനഃപരിശോധിക്കേണ്ടിവന്നേനെ. ഈ നിരീക്ഷണത്തിനുശേഷമാണ്, നിയമസഭാ സ്പീക്കറോട് എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച് വിധി പറയാൻ ഉത്തരവിട്ടത്. പ്രസ്തുത നടപടി പരമാവധി നീട്ടിക്കൊണ്ടുപോയ സ്പീക്കർ ഒടുവിൽ കോടതിയുടെ അന്ത്യശാസനത്തിനുശേഷം ഏറ്റവും അവസാന ദിവസമാണ് വിധിപറയാൻ തയാറായതെന്നും ശ്രദ്ധിക്കേണ്ട കാര്യമാണ്.

വിധി പറയുന്നതിന്റെ തലേന്നാൾ, സ്പീക്കർ ഷിൻഡെയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയപ്പോഴേ കാര്യങ്ങളുടെ പോക്ക് ഏറക്കുറെ മനസ്സിലായിരുന്നു. ഉദ്ധവ് പക്ഷത്തെ എത്രപേർ അയോഗ്യരാക്കപ്പെടുമെന്നു മാത്രമേ അറിയേണ്ടതുണ്ടായിരുന്നുള്ളൂ. എന്നാൽ, സാങ്കേതിക കാരണങ്ങൾ നിരത്തി ഇരുവിഭാഗം കക്ഷികൾക്കും സഭയിൽ തുടരാൻ അനുമതി നൽകി. മറുവശത്ത്, യഥാർഥ പാർട്ടിയേതെന്ന് നിശ്ചയിക്കാൻ പഴയ പാർട്ടി ഭരണഘടന റഫറൻസായി തിരഞ്ഞെടുക്കുകയും ചെയ്തു. ഇതുവഴി, കൃത്യമായൊരു രാഷ്ട്രീയനീക്കമാണ് അദ്ദേഹം നടത്തിയിരിക്കുന്നതെന്ന് ആർക്കും മനസ്സിലാകും. ഉദ്ധവ് വിഭാഗത്തിന് അയോഗ്യത കൽപിച്ചിരുന്നുവെങ്കിൽ വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലും ഈ വർഷം അവസാനം നടക്കുന്ന നിയമസഭ ഇലക്ഷനിലും അത് ചർച്ചയാവുകയും ഷിൻഡെ വിരുദ്ധ വികാരം ഉയരുകയും ചെയ്യുമെന്നുറപ്പാണ്. അതൊഴിവാക്കാൻ, അയോഗ്യത ഒഴിവാക്കി സ്പീക്കറുടെ അധികാരമുപയോഗിച്ച് പാർട്ടി പിടിച്ചെടുക്കുകയായിരുന്നു നർവേക്കർ. ഈ കളിയിൽ വാസ്തവത്തിൽ വിജയിച്ചത് ഷിൻഡെയോ അദ്ദേഹത്തിനെ പിന്തുണക്കുന്നവരോ അല്ല; യഥാർഥ വിജയി സംഘ്പരിവാർ തന്നെയാണ്. കോൺഗ്രസ്-എൻ.സി.പി-ശിവസേന മുന്നണി രൂപംകൊണ്ടതുതന്നെ ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താനായിരുന്നുവല്ലോ. പരിമിതികളുണ്ടെങ്കിലും പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ കാര്യമായ പ്രശ്നങ്ങളില്ലാതെ ഭരണം മുന്നോട്ടുപോകുമ്പോഴാണ് കേന്ദ്ര അന്വേഷണ ഏജൻസികളെ ഇറക്കിവിട്ട് സഖ്യത്തിൽ സംഘ്പരിവാർ വിള്ളൽ വീഴ്ത്തിയത്. ഷിൻഡെയും സംഘവും അതിൽ വീണുവെന്നതാണ് നേര്. പേരിന് മുഖ്യമന്ത്രിപദവും മറ്റും കിട്ടിയെങ്കിലും അവിടെ ഭരണചക്രം തിരിക്കുന്നത് കാവിപ്പടയാണ്. അതിന് അടിവരയിടുന്ന നർവേക്കറുടെ വിധി തോൽപിക്കുന്നത് ഉദ്ധവ് താക്കറെയെയല്ല; ജനാധിപത്യത്തെ തന്നെയാണ്.

Tags:    
News Summary - Madhyamam Editorial on Maharashtra Shiv sena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.