വിദ്യാഭ്യാസ നീതി ഇനിയും നിഷേധിക്കരുത്

സംസ്ഥാനത്ത് പ്ലസ്‍ വൺ പ്രവേശന ഒരുക്കങ്ങൾ പുരോഗമിക്കെ പ്രാദേശിക അസന്തുലനത്തെപ്പറ്റിയുള്ള ആശങ്കകൾക്ക് വിരാമമായില്ല. സർക്കാറിന്റെ സജീവശ്രദ്ധയിൽ ഈ വിഷയമുണ്ടെന്നത് സ്വാഗതാർഹം തന്നെ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇതേപ്പറ്റി ഉന്നതതല യോഗം ചേർന്ന് ചില തീരുമാനങ്ങളെടുത്തിട്ടുണ്ടെങ്കിലും പ്രശ്നത്തിന്റെ ഗൗരവംവെച്ച് നോക്കിയാൽ അത് വളരെ അപര്യാപ്തമാണ്. മതിയായ കുട്ടികളില്ലാത്ത ഹയർ സെക്കൻഡറി ബാച്ചുകൾ സീറ്റ് ക്ഷാമമുള്ള ജില്ലകളിലേക്ക് മാറ്റാനും മുഖ്യഘട്ട പ്രവേശനത്തിന് ശേഷവും സീറ്റ് ക്ഷാമം നിലനിൽക്കുന്ന ജില്ലകളിൽ പുതിയ ബാച്ചുകൾ അനുവദിക്കാനുമാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. തെക്കൻ ജില്ലകളിൽ ഒഴിഞ്ഞുകിടക്കുന്ന 20 ബാച്ചുകൾ ഉൾപ്പെടെ നൂറ് ബാച്ചുകൾ മലബാർ ജില്ലകളിൽ പുതുതായി അനുവദിക്കാനാണ് ധാരണ.

അതേസമയം, ഏകജാലകം വഴി അപേക്ഷിക്കേണ്ട തീയതി കഴിഞ്ഞപ്പോൾ എസ്.എസ്.എൽ.സി പാസായവരും പ്ലസ് ടു സീറ്റുകളും തമ്മിൽ എണ്ണത്തിലുള്ള അന്തരത്തിന് വ്യക്തത കൈവന്നിട്ടുണ്ട്. പാലക്കാട് മുതൽ കാസർകോടുവരെയുള്ള ജില്ലകളിൽ പ്ലസ് ടു സീറ്റ് ക്ഷാമം രൂക്ഷമാണെന്ന് കണക്കുകൾ കാണിക്കുന്നു. വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക് തുടങ്ങിയ കോഴ്സുകളിലെ സീറ്റുകൾ കണക്കിലെടുത്താൽപോലും 34,352 സീറ്റിന്റെ കുറവാണ് ഈ ജില്ലകളിലുള്ളത്. മലപ്പുറം ജില്ലയിൽ മാത്രം 22,267 സീറ്റ് കുറവാണ്. പാലക്കാട് (7386), കോഴിക്കോട് (5145), കാസർകോട് (3796) എന്നീ ജില്ലകളിലും വലിയ കുറവുണ്ട്. ഈ കുറവുകൾ നികത്താൻ ഇപ്പോൾ നിശ്ചയിച്ച നടപടികൾ ഒട്ടും മതിയാകില്ലെന്ന് വ്യക്തമാണ്. പ്രശ്നത്തിന്റെ വലുപ്പത്തിനും ഗൗരവത്തിനുമനുസരിച്ചുള്ള പരിഹാരം, താൽക്കാലിക നീക്കുപോക്കായിട്ടല്ലാതെ സ്ഥിരമായിത്തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി കാണിക്കുന്ന താൽപര്യം പൂർണമായ പ്രശ്നപരിഹാരത്തോളം നീണ്ടുനിൽക്കണമെന്നാണ് പ്രതിസന്ധിക്കിരയായ പ്രദേശങ്ങളുടെ ആഗ്രഹം.

കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ കൃത്യമായ പരിഹാരം എന്ന മുഖ്യമന്ത്രിയുടെ നിലപാട് യുക്തിസഹമാണ്. ഇപ്പോഴത്തെ അവസ്ഥയിൽ, മലബാർ ജില്ലകളിൽ 687 പുതിയ ബാച്ചുകൾ വന്നാലേ സീറ്റ് ക്ഷാമം പരിഹരിക്കപ്പെടുകയുള്ളൂ. ഇപ്പോൾ ആലോചനയിലുണ്ടെന്ന് അറിയുന്ന നൂറു ബാച്ചുകൾകൊണ്ട് എങ്ങുമെത്തില്ല എന്നർഥം. ക്ലാസിൽ പരമാവധി 50 വിദ്യാർഥികൾ എന്ന തോത് വെച്ചാണ് 687 ബാച്ച് വേണ്ടിവരുന്നത്- അതിൽ കൂടുതൽ വിദ്യാർഥികളെ ക്ലാസിൽ ഉൾക്കൊള്ളിക്കുന്നത് പരിഹാരമാകില്ല. ഇക്കാര്യത്തിൽ പ്രായോഗിക പ്രശ്നങ്ങളും സാങ്കേതിക തടസ്സങ്ങളും ഉണ്ടെന്നത് സത്യമാണ്. എന്നാൽ, വർഷങ്ങളായി പരിഹരിക്കാതെ കിടക്കുന്ന പ്രശ്നം ഇനിയും വെച്ചുനീട്ടാൻ അതൊന്നും ന്യായമല്ല. നായനാർ സർക്കാറിന്റെ കാലത്ത് പി.ജെ. ജോസഫ് മന്ത്രിയായിരിക്കെയാണ് ഇത്ര കടുത്ത അന്യായം സംസ്ഥാന വിദ്യാഭ്യാസ രംഗത്തെ മലിനമാക്കിയത്.

അതിനുശേഷം യു.ഡി.എഫും എൽ.ഡി.എഫുമായി സർക്കാറുകൾ പലത് വന്നെങ്കിലും മലബാറിന്റെ പരാതികൾ വനരോദനമായി ഒടുങ്ങുകയാണ്. തെക്ക്-വടക്ക് പ്രാദേശിക വാദമെന്ന ആരോപണംകൊണ്ട് പരാതികളെ നേരിടാൻ മന്ത്രിമാർ ശ്രമിക്കാറുണ്ട്. എന്നാൽ, തെക്ക്-വടക്ക് വിഭജനം സർക്കാറാണ് സൃഷ്ടിച്ചത് എന്നതാണ് സത്യം. അതിന്റെ ഇരകൾക്ക് വേണ്ടത് പ്രശ്നം പരിഹരിച്ചു കിട്ടുകയാണ്. അവരല്ലല്ലോ അത് സൃഷ്ടിച്ചത്. ജനരോഷം വരുന്നത് അനീതിയിൽനിന്നാണ്. അതിനെ പ്രാദേശികവാദമായി കുറ്റപ്പെടുത്തുംമുമ്പ് അധികാരികൾ ചെയ്യേണ്ടത് വസ്തുതകളും കണക്കുകളും നോക്കുകയാണ്. അതുകൊണ്ടാവണമല്ലോ പിണറായി സർക്കാർ കാർത്തികേയൻ നായർ കമ്മിറ്റിയെ നിയോഗിച്ചത്.

അനീതി പരിഹരിക്കുമ്പോൾ അക്കാര്യം ബന്ധപ്പെട്ടവർക്ക് ബോധ്യപ്പെടുന്ന രീതിയിലാകേണ്ടതുണ്ട്. സുതാര്യത എത്രത്തോളം കുറയുന്നോ അത്രത്തോളം അധികാരികൾക്ക് എന്തോ മറച്ചുവെക്കാനുണ്ടെന്ന് കരുതേണ്ടിവരും. പ്ലസ് ടു സീറ്റിലെ അസമത്വം വെറും അഭിപ്രായമല്ല; കണക്കുകൾ അടിസ്ഥാനമാക്കി ഉള്ളതാണ്. സർക്കാർ നിയോഗിച്ച കാർത്തികേയൻ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാൻ എന്താണ് തടസ്സമെന്ന് ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല. അധിക ബാച്ചുകളും അധിക സീറ്റുകളും ഓരോ വർഷവും താൽക്കാലികമായി അനുവദിച്ച് പ്രശ്നം പരിഹരിച്ചെന്ന് നടിക്കാനായിരുന്നെങ്കിൽ കാർത്തികേയൻ കമ്മിറ്റിയുടെ ആവശ്യമുണ്ടായിരുന്നില്ല. ഇക്കൊല്ലം മലബാറിൽ എവിടെയൊക്കെ, എത്രയൊക്കെ സീറ്റും ബാച്ചും കൂടുതൽ കിട്ടുമെന്ന് ഇനിയും വിശദമാക്കപ്പെട്ടിട്ടില്ല. ആദ്യ അലോട്ട്മെന്റിന് മുമ്പുതന്നെ അനുവദിച്ചാലേ അതുകൊണ്ട് പ്രയോജനമുള്ളൂ. തീരുമാനം വൈകുന്തോറും വിദ്യാർഥികൾ ഓപൺ സ്കൂളിനെ ആശ്രയിക്കുകയെന്ന പതിവ് നിസ്സഹായതയിലേക്ക് തള്ളപ്പെടും.

കഴിഞ്ഞ കൊല്ലം 35,000ത്തിലധികം വിദ്യാർഥികൾ ഓപൺ സ്കൂളിൽ ശരണം തേടി; അതിൽ 31,000ത്തോളം പേർ മലബാർ ജില്ലക്കാരായിരുന്നു. പരമാവധി സ്ഥിരമായ അധ്യാപക തസ്തികകളോടെ സ്ഥിരമായ ബാച്ചുകൾ അനുവദിക്കുക, ഉടനെ സാധിക്കാത്തവ ഒന്നോ രണ്ടോ വർഷങ്ങൾകൊണ്ട് സാധ്യമാക്കുന്ന തരത്തിൽ കർമപദ്ധതി തയാറാക്കുക, അങ്ങനെ രണ്ടുവർഷംകൊണ്ട് മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനം പൂർണമായും അവസാനിപ്പിക്കുക -സർക്കാറിന് സ്വന്തം ആത്മാർഥത തെളിയിക്കാൻ ഇതൊക്കെയാണ് ചെയ്യാവുന്നത്. ഓരോ വർഷവും പയറ്റുന്ന തട്ടിക്കൂട്ട് വിദ്യകൊണ്ട് ഇനിയും മുന്നോട്ടുപോകാമെന്ന് കരുതരുത്.

Tags:    
News Summary - Madhyamam Editorial on Plus one seat shortage in Malabar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.