ഒരു അപകടം അവസാന നിമിഷങ്ങളിൽ ഒഴിവായത് അതിന്റെ ഗൗരവം കുറക്കുന്നില്ല. തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എക്സ്പ്രസിന് സ്റ്റോപ്പില്ലാത്ത സ്റ്റേഷനടുത്ത്, കുതിച്ചോടുന്ന ആ വണ്ടിയുടെ വഴിയിലെ സിമന്റ് മിക്സർ വാഹനം യഥാസമയം കണ്ട് ലോക്കോ പൈലറ്റ് വേഗം കുറച്ചില്ലായിരുന്നെങ്കിൽ, പയ്യന്നൂരിൽ ശനിയാഴ്ച മറ്റൊരു ട്രെയിൻ ദുരന്തം കൂടി സംഭവിക്കുമായിരുന്നു. നിർമാണ പ്രവർത്തനത്തിനുള്ള വാഹനം റെയിൽപാളത്തിൽ നിൽക്കാനിടയായത് ഒറ്റപ്പെട്ട അശ്രദ്ധയുടെ ഫലമാണെന്ന് കരുതാനാവാത്ത വിധം റെയിലപകടങ്ങൾ നമ്മുടെ നാട്ടിൽ കൂടിവരുന്നു. സാരമെന്നോ നിസ്സാരമെന്നോ വ്യത്യാസമില്ലാതെ സമാനമായ ദുരന്തങ്ങൾ പോലും ആവർത്തിക്കുന്നു.

കഴിഞ്ഞവർഷം ഒഡിഷയിലെ ബാലസോറിൽ മൂന്ന് തീവണ്ടികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുന്നൂറോളം പേർ കൊല്ലപ്പെട്ടു. ഈ മാസം 11ന് ചെന്നൈക്കടുത്ത് മൈസൂരു-ദർഭംഗ എക്സ്പ്രസ് നിർത്തിയിട്ട ചരക്കുവണ്ടിയിലിടിച്ച് യാത്രാവണ്ടിയുടെ 12 കോച്ചുകൾ പാളംതെറ്റി മറിഞ്ഞു. ഈ സംഭവത്തിൽ ജീവഹാനിയുണ്ടായില്ലെങ്കിലും സംഭവത്തിന്റെ ഗൗരവം ഒട്ടും കുറച്ചുകാണാനാവില്ല. ഈ മാസം തന്നെ 17ന് അസമിൽ അഗർതല-ലോകമാന്യതിലക് എക്സ്പ്രസ് പാളം തെറ്റിയപ്പോഴും ഭാഗ്യം കൊണ്ടാണ് ജീവനാശം ഉണ്ടാകാതിരുന്നത്. 22ന് മഹാരാഷ്ട്രയിൽ ഷാലിമാർ എക്സ്പ്രസിന്റെ രണ്ട് കോച്ചുകൾ പാളം തെറ്റി. മൂന്നാം മോദി മന്ത്രിസഭയുടെ ആദ്യത്തെ 126 ദിവസങ്ങളിൽ 55 ട്രെയിനപകടങ്ങൾ നടന്നു എന്ന കണക്ക് പുറത്തുവന്നിരിക്കുന്നു. ഇവയിൽ 21 പേർ കൊല്ലപ്പെട്ടു. റെയിൽവേ സുരക്ഷയെപ്പറ്റി ആശങ്ക സൃഷ്ടിക്കാൻ പോന്നതാണ് ആവർത്തിക്കുന്ന അപകടങ്ങൾ. ഓരോ ദിവസവും ഒന്നേകാൽ കോടിയിലധികം പേർ യാത്ര ചെയ്യുന്ന റെയിൽവേ ശൃംഖല പ്രാഥമികമായ സുരക്ഷാസംവിധാനങ്ങളിൽ പോലും പിറകോട്ടുപോകുന്നെന്നാണ് വാർത്തകളും അവലോകനങ്ങളും വ്യക്തമാക്കുന്നത്. വീഴ്ചകൾ കണ്ടെത്തി പരിഹരിക്കാൻ കഴിയുന്നില്ലെന്നുകൂടി അവ സൂചിപ്പിക്കുന്നു. ദുരന്തം നടന്നതിനുശേഷം തൽക്കാലത്തേക്ക് ചില നടപടികളൊക്കെ ഉണ്ടാകുമെന്ന് മാത്രം.

2019 മുതൽ ഇതുവരെ 200 ഓളം ട്രെയിനപകടങ്ങളിലായി 351 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ പത്തുകൊല്ലം ട്രെയിൻ ദുരന്തങ്ങളിൽ കൊല്ലപ്പെടുന്നവരുടെ പ്രതിവർഷ ശരാശരി 68 ആണ്. അതിന് മുമ്പത്തെ പത്തുവർഷത്തെ അപേക്ഷിച്ച് ഇത് എണ്ണത്തിൽ കുറവാണെന്ന് അധികൃതർ പറയുന്നുണ്ട്. എങ്കിലും അടുത്തകാലത്ത് വർധിച്ചുവരുന്ന അപകടങ്ങൾ ഏറെയും സുരക്ഷാസംവിധാനങ്ങളുടെ അപര്യാപ്തത കാരണം ഉണ്ടാകുന്നതാണ്. അധികാരികൾ മനസ്സിരുത്തിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നതാണ് മിക്ക ട്രെയിൻ ദുരന്തങ്ങളും മരണങ്ങളുമെന്നർഥം. ദുരന്തം നടന്നതിനുശേഷം അധികൃതർക്ക് കൈകഴുകി ഒഴിയാവുന്ന വിശദീകരണങ്ങൾ വരുന്നു. പയ്യന്നൂരിൽ പാളത്തിൽ കയറിയ ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു; ഇനി അന്വേഷണം നടക്കും. കഴിഞ്ഞ മാർച്ചിൽ 14 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം ഡ്രൈവർ ഫോണിൽ ക്രിക്കറ്റ് മത്സരം ശ്രദ്ധിച്ചതായിരുന്നത്രെ.

മാനുഷിക വീഴ്ചകൾ കൊണ്ടുണ്ടാകുന്ന അപകടങ്ങൾ തടയാൻ നടപടിയുണ്ടാകേണ്ടത് അപകടങ്ങൾക്കുമുമ്പാണ്. ജീവനക്കാരുടെ കുറവ് വലിയൊരു ഘടകമാണെന്ന് പല റിപ്പോർട്ടുകൾ വന്നുകഴിഞ്ഞതാണ്. അത് പരിഹരിക്കാതെ ദുരന്തശേഷം ശിക്ഷാനടപടി സ്വീകരിച്ചതുകൊണ്ട് ഫലമുണ്ടാകില്ല. അപകടങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താനും മേലധികാരികളുടെ അടക്കം ഉത്തരവാദിത്തം നിർണയിക്കാനും ശ്രമമില്ല. ഒരു ട്രെയിനപകടത്തിന്റെ പേരിൽ റെയിൽവേ മന്ത്രി ലാൽ ബഹദൂർ ശാസ്ത്രി രാജിവെച്ച സംഭവമൊക്കെ പഴങ്കഥയാകാം. പക്ഷേ, ദുരന്തങ്ങളുടെ ഉത്തരവാദിത്തമേൽക്കേണ്ടവർ പലതരം പ്രചാരണങ്ങളിറക്കി കൈ കഴുകുമ്പോൾ അത് ദുരന്തം ആവർത്തിക്കാൻ വഴിതുറക്കുന്നു. ഓരോ അപകടത്തിനുശേഷവും അട്ടിമറി സാധ്യത ആദ്യമേ അവതരിപ്പിക്കപ്പെടുന്നു. അധികൃതരുടെ അലംഭാവം മൂലം പാളം തെറ്റിയാലും അട്ടിമറി സൗകര്യപ്രദമായ ഒഴികഴിവാകുന്നു.

ഇന്ത്യ കണ്ട ഏറ്റവും ദാരുണമായ ട്രെയിനപകടങ്ങളിലൊന്നായിരുന്ന ബാലസോർ ദുരന്തത്തിന്റെ കുറ്റം മുഴുവൻ വർഗീയലക്ഷ്യത്തോടെ ഒരു മുഹമ്മദ് ശരീഫിനുമേൽ വ്യാജമായി ചാർത്തിയത് ഒറ്റപ്പെട്ട ശൈലിയല്ല. കഴിഞ്ഞദിവസം എൻ.ഐ.എ സമർപ്പിച്ച റിപ്പോർട്ട് പറയുന്നത്, അടുത്തകാലത്തുണ്ടായ പാളംതെറ്റൽ സംഭവങ്ങളിലൊന്നും അട്ടിമറി ഇല്ലെന്നാണ്. സിഗ്നൽ സംവിധാനത്തിലെ തകരാറുകൾ പലേടത്തുമുണ്ട്. ബാലസോറിൽ അതായിരുന്നു കാരണം; മാത്രമല്ല, ആ തകരാറ് അതിനു മുമ്പ് പലതവണ അധികൃതരെ അറിയിച്ചിരുന്നു. 2022ലെ സി.എ.ജി റിപ്പോർട്ടും റെയിൽവേ സുരക്ഷാ കമീഷണറുടെ വിവിധ റിപ്പോർട്ടുകളും പരിശോധിച്ചാലറിയാം യഥാസമയം പരിഹാര നടപടികൾ എടുക്കാതിരുന്നതിനാലാണ് കുറേ അപകടങ്ങൾ സംഭവിച്ചതെന്ന്. പാളങ്ങൾ, ‘കവച്’ സംവിധാനം, ഇന്റർലോക്കിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പോലും പണം ലഭിക്കാത്തതിനാൽ പരിഹാരം നീണ്ടുപോയി. ഇന്നും ‘കവച്’ സുരക്ഷാ സംവിധാനം മൊത്തം റെയിൽവേ ട്രാക്കിന്റെ രണ്ടു ശതമാനത്തിന് മാത്രമേ ആയിട്ടുള്ളൂ.

സാധാരണക്കാരുടെ വണ്ടികളിൽ തിക്കും തിരക്കും കൂടുമ്പോൾ വന്ദേഭാരത് പോലെ ആർഭാട ട്രെയിനുകൾക്കാണ് സർക്കാർ മുൻഗണന നൽകുന്നത്; അതും സുരക്ഷയുടെ ചെലവിൽ. ബജറ്റിൽ റെയിൽവേ നീക്കിവെപ്പിൽ പുതിയ ആർഭാട വണ്ടികളെക്കാൾ മുൻഗണന നൽകേണ്ടത് സുരക്ഷക്കാണെങ്കിലും സംഭവിക്കുന്നത് മറിച്ചാണ്. 3.12 ലക്ഷം ഒഴിവുകൾ റെയിൽവേയിൽ നികത്താതെ കിടക്കുന്നു; അതിൽ 1.7 ലക്ഷം സുരക്ഷാജീവനക്കാരുടെ ഒഴിവുകളാണ്. പ്രധാനമന്ത്രിയുടെ പടംവെച്ച് സ്റ്റേഷനുകളിൽ സെൽഫി പോയന്റുകൾ സ്ഥാപിച്ച സർക്കാറിന് യാത്രക്കാരുടെ സുരക്ഷയെപ്പറ്റി കുറേക്കൂടി ശ്രദ്ധയാകാം. ബാലസോറിലെ അപകടവും ഈയിടെ ചെന്നൈയിലുണ്ടായ അപകടവും തമ്മിലുള്ള സാമ്യം തെളിയിക്കുന്നത് 300 പേരുടെ മരണം പോലും അധികൃതരെ ഒന്നും പഠിപ്പിച്ചില്ലെന്നാണ്. പയ്യന്നൂരിൽ ഒഴിവായിപ്പോയ അപകടത്തിലും ഡ്രൈവറെ മാത്രം കുറ്റപ്പെടുത്താനാവില്ല.

Tags:    
News Summary - Madhyamam Editorial on Rail Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.