വിക്ടോറിയ ഗൗരി തെരഞ്ഞെടുക്കപ്പെടുമ്പോൾ

ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലെ അപൂർവ നാടകീയതക്കാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി വേദിയായിത്തീർന്നത്. ആത്യന്തികമായി, അത് പരമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യതയിൽ കാളിമ പരത്താൻ ഇടവരുത്തുകയും ചെയ്തു. അഡ്വ. വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈകോടതി അഡീഷനൽ ജഡ്ജിയാക്കിയതിനെതിരായ ഹരജിയിൽ സുപ്രീംകോടതിയിൽ വാദം പൂർണമാകുന്നതിനുമുമ്പേ ചെന്നൈയിൽ അവരുടെ സ്ഥാനാരോഹണം പൂർണമായി എന്നത് നീതിന്യായ നടപടിക്രമങ്ങളെ അപഹാസ്യമാക്കുന്നുണ്ട്. ഹരജി സ്വീകരിച്ച പശ്ചാത്തലത്തിൽ അവരുടെ സ്ഥാനാരോഹണം നീട്ടിവെക്കാൻ നിർദേശം നൽകുകയായിരുന്നെങ്കിൽ പരമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യതക്ക് കുറച്ചുകൂടി ഗരിമ ലഭിക്കുമായിരുന്നു. തീർച്ചയായും ഈ വിവാദം ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളെക്കുറിച്ചും നിയമന പ്രക്രിയയെക്കുറിച്ചും ചില നിർണായക ചോദ്യങ്ങൾ ഉയരാൻ നിമിത്തമായിരിക്കുന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും കാത്തുസൂക്ഷിക്കാൻ ഏറ്റവും മികച്ച മാതൃക നിലവിലെ കൊളീജിയം തന്നെയാണോ എന്ന ചോദ്യം നിയമമേഖലക്ക് പുറത്തേക്കും പരന്നിരിക്കുകയാണ്. അതിലുപരി, നിലവിലെ സംവിധാനങ്ങളുടെ ദൗർബല്യങ്ങളും സുതാര്യതക്കുറവും വ്യക്തമാക്കാനും ഈ സംഭവം ഉപകരിച്ചു.

അഡ്വ. വിക്ടോറിയ ഗൗരിയെ ജഡ്ജിയായി നിശ്ചയിക്കാൻ മദ്രാസ് ഹൈകോടതിയുടെ ശിപാർശ സുപ്രീംകോടതി കൊളീജിയം അംഗീകരിച്ച് കേന്ദ്രത്തിന് അയച്ച വാർത്ത പുറത്തുവന്നയുടനെത്തന്നെ അവർക്കെതിരായ വിമർശനങ്ങളും ശക്തമായി ഉയർന്നിരുന്നു. അവർ രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ വനിത വിഭാഗം ജനറൽ സെക്രട്ടറിയാണ്. വ്യത്യസ്ത സന്ദർഭങ്ങളിൽ മുസ്‍ലിംകൾക്കും ക്രൈസ്തവർക്കുമെതിരായ വിദ്വേഷ പ്രസ്താവനകളുടെ പേരിൽ കുപ്രസിദ്ധയുമാണ്. അവയെല്ലാം പകൽപോലെ തെളിച്ചമുള്ളതും സർവർക്കും ലഭ്യമായ വിവരങ്ങളുമാണ്. എന്നിട്ടും അവയൊന്നും ചീഫ് ജസ്റ്റിസ് അടക്കമുള്ള ഏറ്റവും ഉയർന്ന നിയമപാലകരടങ്ങിയ കൊളീജിയത്തിന്റെ കണ്ണിലും കേന്ദ്രസർക്കാറിന്റെ റിപ്പോർട്ടിലും വന്നില്ല എന്നത് അതിശയകരമാണ്. സുപ്രീംകോടതിയുടെ കൊളീജിയം ഇത് കാണാതെ പോയതാണോ, അതല്ല അവഗണിച്ചതാണോ എന്ന കാര്യം ഗൗരിക്കെതിരായ ഹരജി തള്ളിയ സുപ്രീംകോടതി വിധിക്കുശേഷവും അവ്യക്തമാണ്. ഹരജി സ്വീകരിച്ചുകൊണ്ട്, ‘ശിപാർശ അംഗീകരിച്ചതിനുശേഷം ഞങ്ങളുടെ ശ്രദ്ധയിൽപെടേണ്ട ചില സംഭവവികാസങ്ങൾ നടന്നിട്ടുണ്ട്’ എന്ന ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പ്രസ്താവനയും എന്നാൽ, യോഗ്യതയും അനുയോജ്യതയും വ്യത്യസ്തമാണെന്ന ന്യായത്തിൽ ഹരജി തള്ളിക്കൊണ്ട്, ‘ഗൗരിയുടെ പശ്ചാത്തലമൊന്നും കൊളീജിയം അറിയാതിരിക്കുകയില്ലെന്ന’ ജസ്റ്റിസ് ഖന്നയുടെ പ്രസ്താവനയും തമ്മിൽ പൊരുത്തക്കേടുണ്ട്. ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന ഏറ്റവും ഉത്തരവാദപ്പെട്ടവരുടെ ഇത്തരം പ്രസ്താവനകൾ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് നിയമാനുസൃതമായി ആശങ്കകളുന്നയിക്കുന്ന വ്യക്തികളെ നിരുത്സാഹപ്പെടുത്തുകയും പൊതുജനങ്ങളോട് ജുഡീഷ്യറിക്ക് ഉത്തരവാദിത്തമില്ല എന്ന ധാരണ പ്രബലമാക്കുകയും ചെയ്യാൻ ഇടവരുത്തുന്നതാണ്.

ഒരു ജനാധിപത്യ സമൂഹത്തിൽ, നിയമങ്ങൾ വ്യാഖ്യാനിക്കുന്നതിനും പൗരന്മാരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനും അനിവാര്യമായ നെടുംതൂണാണ് സ്വതന്ത്രമായ ജുഡീഷ്യറി. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതിന് കൂടുതൽ സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഒരു പ്രക്രിയയുടെ അനിവാര്യതയിലേക്കാണ് ഈ സംഭവം വിരൽചൂണ്ടുന്നത്. നിലവിൽ തന്നെ, കേരളത്തിലടക്കം പല ഹൈകോടതികളും പരമോന്നത നീതിപീഠത്തിൽ വരെയും ഭരണകക്ഷിയുടെ പോഷക സംവിധാനങ്ങളിൽ നേതൃത്വം വഹിച്ചവരും രാഷ്ട്രീയമായി അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരും ജഡ്ജിമാരായി അവരോധിക്കപ്പെടുന്ന പ്രവണത അധികരിക്കുകയാണ്. അതേസമയം, അഡ്വ. ജോൺ സത്യനെപ്പോലെ ശ്രദ്ധേയരായ നിയമവിദഗ്ധരെ കൊളീജിയം നിർദേശിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ഓൺലൈൻ ലേഖനം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് ചൂണ്ടിക്കാട്ടി, കേന്ദ്രം ഒരുവർഷമായി അംഗീകരിക്കാൻ വിസമ്മതിക്കുകയാണ്. കേന്ദ്രത്തിന്റെ ഈ സമീപനത്തിനെതിരെ സുപ്രീംകോടതിതന്നെ പലതവണ ശാസിച്ചിട്ടും ഒരുമാറ്റവും സംഭവിക്കുന്നില്ല. ജുഡീഷ്യറിയുടെ അടിത്തറയെത്തന്നെ തകർക്കുന്ന പ്രവണതയാണിതെന്നതിൽ സംശയമില്ല.

ജുഡീഷ്യറിയിലുള്ള പൊതുവിശ്വാസം ഇല്ലാതായാൽ ദുർബലപ്പെടുക നിഷ്പക്ഷമായി നീതി വിതരണം ചെയ്യാനുള്ള അതിന്റെ ശേഷിതന്നെയാണ്. രാഷ്ട്രീയമായി നിർണായകമായ കേസുകളിൽ സുപ്രീംകോടതി പരാജയപ്പെടുന്നു എന്ന വിമർശനം ശക്തമാകുന്ന കാലത്ത് നീതിയോടും ഭരണഘടനയോടും പ്രതിബദ്ധത പുലർത്തുന്നതിൽ നിഷ്കർഷ പുലർത്താത്തവരുടെയും അധികാരഘടനകളോട് ഒട്ടിനിൽക്കാനാഗ്രഹിക്കുന്നവരുടെയും താവളമായി നീതിപീഠങ്ങൾ മാറുന്നത് ഏറെ ഭീതിദമാണ്. അങ്ങനെ സംഭവിക്കുന്നില്ല എന്ന് ഉറപ്പുവരുത്താനും അവ ജനങ്ങൾക്ക് ബോധ്യപ്പെടുത്താനുമുള്ള പ്രഥമ ബാധ്യത പരമോന്നത നീതിപീഠത്തിനുതന്നെയാണ്. ജഡ്ജിമാരുടെ നിയമനങ്ങൾ അംഗീകരിക്കുന്നതിനുമുമ്പ് അവരുടെ വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കുകയും പൊതുസമൂഹത്തിന് പരാതി ഉന്നയിക്കാനുള്ള അവസരം സൃഷ്ടിക്കപ്പെടേണ്ടതുമുണ്ട്. പരമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യതക്കുണ്ടായ ഈ ഗ്ലാനിയുടെ സന്ദർഭം പ്രയോജനപ്പെടുത്തി ജഡ്ജിമാരുടെ നിയമന പ്രക്രിയ ഉടച്ചുവാർക്കാൻ സ്വയം സന്നദ്ധമായി രംഗത്തുവന്നാൽ രാജ്യത്ത് ഏറ്റവും ശുഭോർക്കമായ പരിവർത്തനത്തിനായിരിക്കും അതിലൂടെ തുടക്കംകുറിക്കപ്പെടുക.

Tags:    
News Summary - Madhyamam editorial on victoria gowri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.