മലർത്തിയടിക്കപ്പെടുന്ന നീതി

രാജ്യത്തിന്‍റെ അഭിമാനം വാനിലുയർത്തിയ വനിതാ ഗുസ്തിതാരങ്ങൾ ഗുസ്തി ഫെഡറേഷന്‍റെ അകത്തളങ്ങളിൽ നടമാടുന്ന അധികാര ദുഷ് പ്രവണതകളും ലൈംഗിക അതിക്രമങ്ങളും തുറന്നുപറഞ്ഞുകൊണ്ട് നീതിതേടി ഏതാനും മാസം മുമ്പ് പ്രക്ഷോഭത്തിനിറങ്ങിയപ്പോൾ രാജ്യതലസ്ഥാനം സാക്ഷ്യംവഹിച്ചത് അപൂർവമായ ഒരു സമരപ്രവാഹത്തിനായിരുന്നു. ബി.ജെ.പി എം.പി ബ്രിജ് ഭൂഷൺ സിങ് നടത്തിയ ലൈംഗികാക്രമണങ്ങൾ ഞെട്ടലോടെ ലോകം കേട്ടു. അയാളെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനും നിയമത്തിനുമുന്നിൽ കൊണ്ടുവരാനുമാവശ്യപ്പെട്ട് മറ്റു കായികതാരങ്ങളും രംഗത്തിറങ്ങി. കായിക ഫെഡറേഷനുകളുടെ തെരഞ്ഞെടുപ്പു രീതികളിലും സംഘാടനത്തിലും പരിവർത്തനങ്ങൾക്ക് വഴിയൊരുക്കുന്ന വിപ്ലവമായി ആ സമരത്തെ പലരും വിശേഷിപ്പിച്ചു. കർഷക സമരക്കാരും അവരോട് ചേർന്നതോടെ സമരത്തിന്‍റെ സാമൂഹിക മുഖം കൂടുതൽ വികസിതമായി. വലിയ സമ്മർദങ്ങൾക്കൊടുവിൽ കായികതാരങ്ങളുമായി ധാരണയിലെത്തി കേന്ദ്ര സർക്കാർ അന്ന് സമരം അവസാനിപ്പിച്ചുവെങ്കിലും അവർ അതിക്രൂരമായി വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് ഫലങ്ങൾ.

ലൈംഗിക പീഡന ആരോപണം നേരിടുന്ന ബി.ജെ.പി എം.പി ബ്രിജ് ഭൂഷണിന്‍റെ നോമിനികളെ ഗുസ്തി ഫെഡറേഷൻ ഭാരവാഹികളായി തെരഞ്ഞെടുത്തത് കായികരംഗത്തെ സ്ത്രീകളുടെ സുരക്ഷയെ സംബന്ധിച്ച് ഇതിനകംതന്നെ നഷ്ടപ്പെട്ട പൊതുവിശ്വാസത്തെ പൂർണമായി തകർക്കുന്നതായിരുന്നു. കടുത്ത നിരാശയോടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് മെഡൽ ജേത്രി സാക്ഷി മാലിക് തന്‍റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. കർത്തവ്യപഥിലെ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിലെ നടപ്പാതയിൽ ബജ്റങ് പുനിയ പത്മശ്രീ ഉപേക്ഷിച്ചതുകണ്ട് ഭരിക്കുന്നവർക്ക് വികാരമാറ്റമേതുമുണ്ടായില്ലെങ്കിലും രാജ്യം ലജ്ജിച്ച് തലതാഴ്ത്തി. ഖേൽരത്ന, അർജുന അവാർഡുകൾ തിരികെ നൽകുമെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ് വിനേഷ് ഫോഗട്ട്. പ്രതിഷേധം വീണ്ടും കടുത്തതോടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തിട്ടുണ്ടെങ്കിലും ജീവിതത്തിലെ ഏറ്റവും മഹത്തായ നേട്ടങ്ങൾ സർക്കാറിന് തിരിച്ചേൽപിക്കേണ്ടിവരുന്ന ദുരവസ്ഥക്ക് സാഹചര്യമൊരുക്കിയ കുറ്റത്തിൽനിന്ന് ബി.ജെ.പിക്ക് ഒരിക്കലും വഴുതിമാറാനാകില്ല.

ഫെഡറേഷൻ തെരഞ്ഞെടുപ്പ് സുതാര്യമാക്കുമെന്നും ബ്രിജ് ഭൂഷണിനെതിരായ നിയമനടപടികൾ ആരംഭിക്കുമെന്നും കായിക മന്ത്രി നൽകിയ ഉറപ്പാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ് ഒരിക്കലും ഭൂഷണിനെതിരെ കടുത്ത നിയമനടപടിക്ക് തയാറായിരുന്നില്ല. ക്രിമിനൽ നടപടി ചട്ടം പ്രകാരം രേഖാമൂലമുള്ള പരാതിയും സെക്ഷൻ 161, 164 പ്രകാരം മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ മൊഴികളുമടക്കം കുറ്റം ചുമത്താവുന്ന മൂന്ന് തരം മൊഴികളുണ്ടായിട്ടും കേന്ദ്രത്തിന്റെ താൽപര്യപ്രകാരം പൊലീസ് അദ്ദേഹത്തിന് അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്. ആറ് വനിതാ ഗുസ്തി താരങ്ങൾ ലൈംഗികാതിക്രമ മൊഴികൾ നൽകിയിട്ടും സുപ്രീംകോടതി ഉത്തരവ് വേണ്ടിവന്നു അയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ. ഇത്രയും പ്രമാദമായ ആരോപണങ്ങളുയർന്നിട്ടും സംഘടനാപരമായി അയാൾക്കെതിരെ ബി.ജെ.പി ഒരച്ചടക്ക നടപടിയും സ്വീകരിച്ചില്ല.

കേന്ദ്ര പിന്തുണയോടെ നിയമത്തെ മലർത്തിയടിച്ചതുപോലെ ബ്രിജ് ഭൂഷണിന് ഫെഡറേഷൻ തെരഞ്ഞെടുപ്പ് വിജയവും അനായാസം കൈയിലൊതുക്കാനായി. സുപ്രീംകോടതിയുടെ നിർദേശപ്രകാരം നടന്ന തെരഞ്ഞെടുപ്പ് സാങ്കേതികമായി സ്വതന്ത്രമാണെന്ന് വാദിക്കാനായേക്കും. പക്ഷേ, പുതിയ പ്രസിഡന്റായി വിജയിച്ച സഞ്ജയ് സിങ്ങിന്‍റെ വിധേയഭാവവും വിരലുകളാൽ വിജയചിഹ്നം പ്രദർശിപ്പിച്ച് ബ്രിജ് ഭൂഷൺ കാമറകൾക്കുമുന്നിൽ പ്രകടിപ്പിച്ച അഹങ്കാര ചേഷ്ടകളും മതിയാകും ശരിക്കും ആരാണ് ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന് വ്യക്തമാകാൻ. ‘‘ഞങ്ങൾ ആധിപത്യം പുലർത്തി, ഇനിയും ഞങ്ങൾ ആധിപത്യം പുലർത്തും’’എന്നായിരുന്നു ബ്രിജ് ഭൂഷണിന്‍റെ വസതിയിലുയർന്ന മുദ്രാവാക്യം. വനിതാ കായികതാരങ്ങളുടെ നിയമപോരാട്ടത്തിന് പിന്തുണ നൽകാൻ ബാധ്യതയുള്ള പുതിയ സമിതിയിൽ ഒറ്റ സ്ത്രീ പോലുമില്ല. മുൻ കോമൺ‌വെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് അനിത ഷിയോറന് ലഭിച്ചത് വെറും ഏഴ് വോട്ടുകൾ!

പീഡനാരോപണ വിധേയനെ പിണക്കാൻ സന്നദ്ധമല്ല എന്ന വ്യക്തമായ സൂചന ഫെഡറേഷൻ തെരഞ്ഞെടുപ്പിലൂടെ കേന്ദ്രം ഗുസ്തി താരങ്ങൾക്ക് നൽകിക്കഴിഞ്ഞിരിക്കുന്നു. ഹരിയാനയിലെ ജാട്ടുകളുടെ അമർഷം അണയ്ക്കാനുള്ള ചെപ്പടി വിദ്യകൾക്കപ്പുറം കായികതാരങ്ങളുടെ പ്രശ്നം നീതിപൂർവം പരിഹരിക്കാൻ സർക്കാറിന് അശേഷം താൽപര്യമില്ലെന്നും ഇതോടെ വ്യക്തമായിക്കഴിഞ്ഞു. ബി.ജെ.പി പ്രസിഡന്റ് ജെ.പി. നഡ്ഡയുമായുള്ള കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ച മാത്രം മതിയാകും ബിജ് ഭൂഷണിന്‍റെ, പാർട്ടിയിലെ സ്വാധീനമളക്കാൻ. നമ്മുടെ രാജ്യത്തിന്‍റെ കായികാവസ്ഥ ഇത്രയും ദുർബലമാകുന്നതിന്‍റെ യഥാർഥ കാരണങ്ങളിലേക്കാണ് ഇത് വെളിച്ചം വീശുന്നത്. സ്ത്രീസുരക്ഷ, വനിതാ ശാക്തീകരണം തുടങ്ങിയവ ഭരണകൂടങ്ങൾക്ക് കേവല മുദ്രാവാക്യം മാത്രമാണെന്നും ഈ സംഭവം അടിവരയിടുന്നു. സമൂലമായ മാറ്റത്തിന് കായിക സ്ഥാപനങ്ങളെ കൂടുതൽ ജനാധിപത്യപരവും സുതാര്യവുമാക്കുന്നതിന് വിശാലമായ കാമ്പയിനുകൾ ആവശ്യമാണ്. അതിന് ജന്തർമന്തറിലെ ഗുസ്തിക്കാരുടെ സമരത്തിന്റെ ചൈതന്യവും ശക്തിയും ഏകീകരിക്കുകയും വിപുലീകരിക്കുകയും വേണ്ടതുണ്ട്. 

Tags:    
News Summary - Madhyamam editorial on wrestling fedaration election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.