'നല്ല കാലം വരുന്നു' എന്ന വാഗ്ദാനത്തോടെ ഭരണത്തിലേറിയ നരേന്ദ്ര മോദിയുടെ എൻ.ഡി.എ സർക്കാർ എട്ടു വർഷം പൂർത്തിയാക്കിയിരിക്കുന്നു. എട്ടു വർഷമെന്നാൽ, ഏകദേശം 3000 ദിവസത്തിനടുത്തു വരും. അത്രയേറെ ദിവസം തുടർച്ചയായി അധികാരത്തിലിരിക്കുകയെന്നത് ജനാധിപത്യത്തിൽ ഒട്ടും ചെറിയ കാര്യമല്ല. അതുകൊണ്ടുതന്നെ ആ നേട്ടം ആഘോഷിക്കാൻ ബി.ജെ.പിക്കും സംഘ്പരിവാറിനും അവകാശമുണ്ട്. അവരത് തുടങ്ങിക്കഴിഞ്ഞു. രണ്ടാഴ്ച നീളുന്ന ആഘോഷ പരിപാടികളാണ് ബി.ജെ.പി കേന്ദ്രനേതൃത്വം ആസൂത്രണം ചെയ്തിരിക്കുന്നത്.
സാധാരണഗതിയിൽ, ഇത്തരം സന്ദർഭങ്ങളിൽ എട്ടു വർഷത്തെ ഭരണനേട്ടങ്ങളെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഉയർന്നുകേൾക്കേണ്ടതാണ്. ഏതെല്ലാം മേഖലകളിൽ 'നല്ല കാലം വന്നു'വെന്നതിന്റെ പ്രോഗ്രസ് റിപ്പോർട്ടും മാധ്യമങ്ങൾ പുറത്തുവിടേണ്ടതായിരുന്നു. എന്നാൽ, പണപ്പെരുപ്പത്തിന്റെയും തൊഴിലില്ലായ്മയുടെയും വിലക്കയറ്റത്തിന്റെയും നടുവിൽ നട്ടംതിരിയുന്ന ജനകോടികളുടെ അതിദയനീയ ചിത്രങ്ങളാണ് രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ദൃശ്യമായിക്കൊണ്ടിരിക്കുന്നത്.
നല്ല കാലമല്ല, വികസന മുരടിപ്പും രാഷ്ട്രീയ അരക്ഷിതാവസ്ഥയും മാത്രം സമ്മാനിച്ചൊരു സർക്കാറാണിതെന്ന് പറയാൻ ഒരു റിപ്പോർട്ടിന്റെയും ആവശ്യമില്ല; ഈ യാഥാർഥ്യം ഓരോ ഇന്ത്യക്കാരുടെയും അനുഭവം തന്നെയാണ്. വരാനിരിക്കുന്ന രണ്ടു വർഷവും നമ്മുടെ അനുഭവം മറ്റൊന്നാകാൻ വഴിയില്ല. പാർലമെന്റിലെ കൊടിയ ഭൂരിപക്ഷത്തിന്റെ മറവിൽ എല്ലാം അടിച്ചമർത്തി ഹിന്ദുത്വ അജണ്ടയിലേക്ക് കുതിക്കുക എന്നതല്ലാത്ത ഒരു ലക്ഷ്യവും ഇപ്പോൾ ഈ ഭരണകൂടത്തിനില്ലെന്ന് നിസ്സംശയം പറയാം. ആഘോഷ മുദ്രാവാക്യങ്ങൾപോലും വികസനത്തിന്റേതല്ല; മറിച്ച്, ഈ അജണ്ടയുടെ പരസ്യ പ്രഖ്യാപനങ്ങളാണ്.
2013 സെപ്റ്റംബറിലാണ് ബി.ജെ.പി കേന്ദ്രനേതൃത്വം നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയത്. തൊട്ടടുത്ത ദിവസം മുതൽ മോദിയെ 'വികസന നായകനാ'ക്കി ഉയർത്തിക്കാണിക്കാനുള്ള പ്രചാരവേലകളും ആരംഭിച്ചു. ഇതിനായി പി.ആർ ഏജൻസികളും സംഘ്പരിവാറിന്റെ സൈബർ ഗ്രൂപ്പുകളും നന്നായി പണിയെടുത്തു. 2ജി അടക്കമുള്ള അഴിമതിയാരോപണങ്ങളിൽ കുടുങ്ങി ഇഴയുകയായിരുന്ന യു.പി.എ സർക്കാറിനെ മറിച്ചിടാൻ ഈ പ്രചാരണങ്ങൾ ധാരാളമായിരുന്നു. അങ്ങനെയാണ് ദുർബലമായ പ്രതിപക്ഷത്തിന്റെ സാന്നിധ്യത്തിൽ മോദി സത്യപ്രതിജ്ഞ ചെയ്തത്. പാർലമെന്റ് നടയിലെ മോദിയുടെ കരച്ചിലും പറച്ചിലുമെല്ലാം കണ്ട് അഴിമതിമുക്തവും വികസനോന്മുഖവുമായ ഭരണമായിരിക്കും ഉണ്ടാവുക എന്ന് തുടക്കത്തിൽ ചിലരെങ്കിലും വിശ്വസിച്ചു.
എന്നാൽ, ആ ധാരണ ഭരണത്തിന്റെ ആദ്യനാളുകളിൽതന്നെ തിരുത്തേണ്ടിവന്നു. അഴിമതിക്കെതിരായ പോരാട്ടവും വികസനവുമല്ല, സംഘ്പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയം മാത്രമാണ് മുന്നിലുള്ള അജണ്ടയെന്ന് വെളിപ്പെടാൻ അധികസമയമൊന്നും വേണ്ടിവന്നില്ല. വികസനമെന്ന പേരിൽ നടപ്പാക്കിയ പദ്ധതികളാകട്ടെ, വലിയ അബദ്ധങ്ങളുമായി പരിണമിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വികസന നയങ്ങൾക്ക് ഊർജം പകർന്ന ആസൂത്രണ കമീഷൻ പിരിച്ചുവിട്ട് നിതി ആയോഗിന് രൂപം നൽകിയതും നോട്ട് നിരോധനം നടപ്പിലാക്കിയതും ജി.എസ്.ടി എന്ന പേരിൽ പുതിയ നികുതിഘടന കൊണ്ടുവന്നതുമെല്ലാം എങ്ങനെയെല്ലാമാണ് രാജ്യത്തെ പിന്നോട്ട് നടത്തിയതെന്ന് ഇന്ന് എല്ലാവർക്കുമറിയാം. കഴിഞ്ഞ നാലര പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ഈ നയംമൂലം ആദ്യം സംഭവിച്ചത്; ചരിത്രത്തിലെ വലിയ സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും വിലക്കയറ്റവുമെല്ലാം പിന്നാലെ വന്നു. കോവിഡിനെത്തുടർന്ന് ഏർപ്പെടുത്തിയ അശാസ്ത്രീയ ലോക്ഡൗൺ കൂടി ആയതോടെ രാജ്യത്ത് പട്ടിണിയുടെയും ഭക്ഷ്യക്ഷാമത്തിന്റെയും വരെ സൂചനകൾ വന്നുതുടങ്ങി.
വികസന സൂചികകൾ മാത്രമല്ല, കഴിഞ്ഞ എട്ടു വർഷത്തിനിടെ ജനാധിപത്യ സൂചികകളും നമ്മുടെ രാജ്യത്ത് ഏറെ താണുപോയിരിക്കുന്നു. മതസ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവുമൊക്കെ ഇടുങ്ങിയമർന്ന ദേശമായിരിക്കുന്നു ഇന്ത്യയെന്ന് സാക്ഷ്യപ്പെടുത്തിയ ഒട്ടേറെ അന്താരാഷ്ട്ര സംഘടനകളുണ്ട്. പക്ഷേ, ഈ വിമർശനമൊന്നും ഭരണകൂടത്തെ ഒരിക്കൽപോലും തങ്ങളുടെ അജണ്ടയിൽനിന്ന് പിന്തിരിപ്പിച്ചിട്ടില്ല. ആദ്യഘട്ടത്തിൽ പരോക്ഷമായി നടപ്പാക്കിയിരുന്ന പദ്ധതികൾ രണ്ടാമൂഴത്തിൽ കൂടുതൽ വേഗത്തിലും പച്ചയായും മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു. ഇക്കാലമത്രയും മുദ്രാവാക്യങ്ങളായി കേട്ടുകൊണ്ടിരുന്ന സംഘ്പരിവാർ പ്രഖ്യാപനങ്ങൾ ഓരോന്നായി യാഥാർഥ്യമായി.
ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം ഉയർന്നുകൊണ്ടിരിക്കുന്നു; ബാബരിധ്വംസനത്തിനു തൊട്ടുടനെ ഹിന്ദുത്വവാദികൾ പിടിച്ചെടുക്കുമെന്നു പ്രഖ്യാപിച്ച മഥുരയിലെയും കാശിയിലെയും മുസ്‍ലിം ആരാധനാലയങ്ങളുമിപ്പോൾ അയോധ്യയുടെ അതേ വഴിയിലാണ്. ഹിന്ദുത്വയുടെ ഉന്മാദ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന മുദ്രാവാക്യങ്ങളും ആക്രോശങ്ങളും രാജ്യത്തിന്റെ മറ്റു പലഭാഗത്തുനിന്നും കേൾക്കുന്നുണ്ടിപ്പോൾ. എന്തിനേറെ, ഏക സിവിൽകോഡ് സംബന്ധിച്ച ബില്ല് പോലും പാർലമെന്റിനകത്തെത്തിക്കഴിഞ്ഞിരിക്കുന്നു. ഉന്മാദികളായ ആൾക്കൂട്ടം നയിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടമായി രാജ്യം നിപതിച്ചിരിക്കുന്നു. ഉത്സവത്തിന്റെ ആഘോഷ ദിനങ്ങൾപോലും ഈ ഉന്മാദികൾക്കിപ്പോൾ ആൾക്കൂട്ടാക്രമണത്തിന്റെ വേദിയാണ്. മതത്തിന്റെ വേലിക്കെട്ടുകൾ തീർത്ത് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ അപരവത്കരിച്ച് രണ്ടാം പൗരന്മാരാക്കാനും തുടർന്ന് നിഷ്കാസിതരാക്കാനുമുള്ള നീക്കമാണിതെന്ന് വ്യക്തം.
വരാനിരിക്കുന്ന നാളുകളിൽ ഹിന്ദുത്വയുടെ ഈ തേർവാഴ്ച കൂടുതൽ ശക്തമാകാനേ തരമുള്ളൂ. മോദി ഭരണത്തിന്റെ എട്ടാം വാർഷികാഘോഷ വേദികളിൽനിന്നുയരുന്ന പ്രസംഗങ്ങളും മുദ്രാവാക്യങ്ങളുമൊക്കെ ഇതാണ് സൂചിപ്പിക്കുന്നത്. ഈ ആക്രോശങ്ങളെ ആര്, എങ്ങനെ പ്രതിരോധിക്കുമെന്നതാണ് ഈ ഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. നമ്മുടെ മുഖ്യധാരാ മതേതര രാഷ്ട്രീയ കക്ഷികൾക്ക് അതിന് കഴിയുമോ എന്നും ആലോചിക്കേണ്ടിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.