‘സുതാര്യത’ക്ക്​ എത്ര അര്‍ഥങ്ങളുണ്ട്​?

രാഷ്ട്രീയരംഗം ‘സുതാര്യ’മാക്കി പൊതുപ്രവര്‍ത്തന മേഖല ശുദ്ധീകരിക്കാനെന്ന ലക്ഷ്യത്തോടെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച നിര്‍ദേശങ്ങള്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ അഴിമതിമുക്തമാക്കാനെന്ന നിലക്ക് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നിര്‍ദേശിക്കുന്ന നടപടികളെ ചിലര്‍ പ്രശംസിക്കുന്നത് സുതാര്യതക്കും ഉത്തരവാദിത്തത്തിനും ഉതകുമെന്ന് പറഞ്ഞാണ്. എന്നാല്‍, സ്വയം തോല്‍പിക്കാനുള്ള പഴുതുകള്‍ ബാക്കിനിര്‍ത്തിക്കൊണ്ടുള്ളതാണ് നടപടികള്‍ എന്ന് പരിശോധിച്ചാല്‍ കാണാം. രാഷ്ട്രീയ കക്ഷികളുടെ ഫണ്ടിങ് ശുദ്ധീകരിക്കാന്‍ ജെയ്റ്റ്ലി സ്വീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നടപടി, പണമായി വാങ്ങുന്ന സംഭാവനയുടെ പരിധി 20,000 രൂപയില്‍നിന്ന് 2,000 ആയി കുറക്കുന്നു എന്നതാണ്. മറ്റൊരു നടപടി, തെരഞ്ഞെടുപ്പ് ബോണ്ട് എന്ന നവീന പദ്ധതിയാണ്. കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ബാങ്കുകള്‍ വഴി ഈ ബോണ്ടുകള്‍ വാങ്ങി പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്യാം. എല്ലാ പാര്‍ട്ടികളും കണിശമായും കൃത്യമായും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നതാണ് മറ്റൊരു നിര്‍ദേശം. ഇപ്രകാരം ഫയല്‍ ചെയ്യാത്ത പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ നിലവിലുള്ള നികുതിയൊഴിവ് നഷ്ടപ്പെടും.
വ്യക്തിഗത സംഭാവനയുടെ പരിധി 2000 രൂപയാക്കി കുറച്ചത് തെരഞ്ഞെടുപ്പ് കമീഷന്‍െറ ഉപദേശപ്രകാരമാണ്. കമീഷന്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചപ്പോള്‍ തന്നെ, ലക്ഷ്യം നേടാന്‍ അത് പര്യാപ്തമായില്ളെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഈ പരിധിക്കുള്ളില്‍ വരുന്ന സംഭാവനകളുടെ ഉറവിടം വെളിപ്പെടുത്തേണ്ടതില്ലാത്തതിനാല്‍ മിക്ക പാര്‍ട്ടികളും വലിയ തുകകള്‍ 20,000ത്തിന്‍െറ ശകലങ്ങളാക്കി കണക്കെഴുതുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. ഇങ്ങനെയുള്ള സംഭാവനക്കാരുടെ പട്ടികയില്‍ ആരുടെയും പേരുചേര്‍ക്കാം അത് നല്‍കുന്നവരുടെതാകാം; മറ്റാരോ നല്‍കിയത് തങ്ങളുടെ പേരിലെഴുതാന്‍ ഇഷ്ടക്കേടില്ലാത്തവരുടേതാകാം; സമ്മതംപോലും ചോദിക്കാതെ ആരുടെയെങ്കിലും പേരുകള്‍ എഴുതിച്ചേര്‍ക്കുന്ന രീതിയും നടപ്പുണ്ട്. ഇനിയങ്ങോട്ട് ഇത്തരം പട്ടികയില്‍ പത്തിരട്ടി ആളുകളുടെ പേരെഴുതണമെന്ന ‘ക്ളരിക്കല്‍’ ഭാരം മാത്രമെ പുതിയ നിര്‍ദേശം വഴി ഉണ്ടാകാന്‍ പോകുന്നുള്ളൂ: മുമ്പ് 20,000 രൂപ ഒരാളുടെ പേരില്‍ എഴുതാമായിരുന്നത് ഇനി പത്താളുകളുടെ പേരില്‍ ചേര്‍ക്കണം എന്നുമാത്രം. രാഷ്ട്രീയ കക്ഷികളുടെ അവിഹിത സമ്പാദ്യത്തില്‍ ചെറിയ ഭാഗമേ ഇത്തരം സംഭാവനകള്‍ ആകുന്നുള്ളൂ എന്നുമോര്‍ക്കണം. ‘തെരഞ്ഞെടുപ്പ് ബോണ്ട്’ എന്ന പദ്ധതിയുടെ അടിസ്ഥാനം തന്നെ സുതാര്യതക്കെതിരാണ്. ചെക്കായോ ഡിജിറ്റലായോ പണമടച്ച് കമ്പനികളോ വ്യക്തികളോ വാങ്ങുന്ന ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്നു; അവരത് ബാങ്കുവഴി മാറ്റുന്നു. ഈ പദ്ധതിക്ക് കാരണമായി പറയുന്നത്, വലിയ കമ്പനികളും മറ്റും പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനകള്‍ വെളിപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്. ‘മറഞ്ഞിരുന്ന്’ സംഭാവന നല്‍കാനുള്ള വഴിയായിട്ടാണ് ബോണ്ട് പദ്ധതി കണ്ടുപിടിച്ചിരിക്കുന്നത്. ഇതെങ്ങനെ ‘സുതാര്യത’യുടെ കണക്കിലെഴുതും? ഇടപാട് ബാങ്ക് വഴിയായതുകൊണ്ട് നേര്‍ക്കുനേരെയുള്ള തിരിമറി ഇല്ളെന്നു പറയാം. പക്ഷേ, സംഭാവന നല്‍കുന്ന  കമ്പനി തിരിച്ച് പ്രതീക്ഷിക്കുന്ന മറ്റു ചിലത് അതിലും വലിയ അഴിമതിയല്ളേ? അത് സാമൂഹിക ഓഡിറ്റിങ്ങിന് വിധേയമാക്കാന്‍ ദാതാക്കളുടെ പേരുവിവരം നിര്‍ബന്ധമാണ്.
സുതാര്യതക്കും ജനാധിപത്യ ചര്‍ച്ചക്കും വഴങ്ങാതെ അത്തരം നാട്യങ്ങള്‍മാത്രം കൊണ്ടുനടക്കുന്ന ശീലമേ ഇന്നത്തെ ഭരണകക്ഷികളടക്കമുള്ള മിക്ക പാര്‍ട്ടികള്‍ക്കും ഉള്ളൂ എന്നതാണ് വസ്തുത. പുതിയ ബജറ്റ് നിര്‍ദേശങ്ങളും ഫണ്ടിങ് സുതാര്യത കൈവരുത്താന്‍ ഉതകില്ല. അതിന്‍െറ ഏറ്റവും വലിയ തെളിവാണ് വിവരാവകാശ നിയമത്തിന്‍െറ പരിധിയില്‍നിന്ന് ഒഴിവാകാന്‍ പാര്‍ട്ടികള്‍ കാണിച്ചിട്ടുള്ള വ്യഗ്രത. കേന്ദ്ര വിവരാവകാശ കമീഷന്‍ 2013ല്‍ വ്യക്തമായ കല്‍പന പുറപ്പെടുവിച്ചിട്ടുപോലും അവ കുതറിമാറുകയാണ് ചെയ്തത്. സുപ്രീംകോടതിയില്‍ ഇക്കാര്യത്തില്‍ പാര്‍ട്ടികള്‍ സുതാര്യതക്കെതിരായ നിലപാടാണ് നിര്‍ലജ്ജം സ്വീകരിച്ചിട്ടുള്ളതും. ഇപ്പോഴത്തെ ബജറ്റില്‍ പറയുന്ന നിര്‍ദേശങ്ങള്‍ നിയമവിധേയമാക്കാന്‍ മൂന്നു നിയമങ്ങള്‍ ഭേദഗതി ചെയ്യേണ്ടിവരുമത്രെ. റിസര്‍വ് ബാങ്ക് നിയമം, ആദായ നികുതി നിയമം, ജനപ്രാതിനിധ്യനിയമം എന്നിവയിലാണ് മാറ്റം വേണ്ടത്. സര്‍ക്കാര്‍ അതിന് തയാറാണെന്നും പ്രഖ്യാപിച്ചിരിക്കുന്നു. വിവരാവകാശ നിയമത്തില്‍ പാര്‍ട്ടികളെ ഉള്‍പ്പെടുത്താന്‍ എന്നിട്ടുമെന്താണ് തയാറാകാത്തത്? അഴിമതിവിരോധവും സുതാര്യതാ താല്‍പര്യവും യഥാര്‍ഥമാണെങ്കില്‍ ആ ഒരു കാര്യം മാത്രം മതിയായിരുന്നല്ളോ. തന്നെയുമല്ല, നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നിടത്തുമുണ്ട് ചെറിയ ഒളിച്ചുകളി. ഭേദഗതികളെല്ലാം ധനകാര്യ ബില്ലായിട്ടാണ് അവതരിപ്പിക്കുന്നത്. അതിനര്‍ഥം അതൊന്നും രാജ്യസഭ ചര്‍ച്ചചെയ്യുകയോ അംഗീകരിക്കുകയോ വേണ്ട എന്നുതന്നെ. കഴിഞ്ഞ വര്‍ഷം ബഹുരാഷ്ട്ര കോര്‍പറേഷനുകള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ പഴുതു തുറന്നുകൊടുക്കുന്ന ‘അഴിമതി വിരുദ്ധ’ നിയമം പാസാക്കിയതും ഇതേ തരത്തിലായിരുന്നല്ളോ. വിവരാവകാശത്തെയും രാജ്യസഭാ ചര്‍ച്ചയെയുമൊക്കെ നിഷേധിക്കുന്നതിന്‍െറ പേരാണോ ‘‘സുതാര്യത’’?
Tags:    
News Summary - madhyamam editorial on political party funding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.