റാഞ്ചിയിലെ ബിർസ മുണ്ട ജയിലിലേക്ക് പോകുംവരെയും ഏത് െപാതുവേദിയിലും ആത്മവിശ്വാസത്തോടെ നെഞ്ചുവിരിച്ച് ലാലുപ്രസാദ് യാദവ് എന്ന രാഷ്ട്രീയ ചാണക്യൻ ഇങ്ങനെ പറയുമായിരുന്നു: ''ജബ് തക് രഹേഗ സമൂസ മേ ആലൂ, ബിഹാർ മേ രഹേഗാ ലാലു''. സമൂസയിൽ ഉരുളക്കിഴങ്ങ് ഉള്ളിടത്തോളം ബിഹാറിൽ ലാലുവും ഉണ്ടാകുമെന്ന് മലയാളം. മൂന്നുവർഷത്തിനിടെ, സമൂസയുടെ കാര്യത്തിൽ മാറ്റമൊന്നുമില്ലെങ്കിലും ലാലുവിെൻറ കാര്യത്തിൽ അതല്ല സ്ഥിതി. ബിഹാർ രാഷ്ട്രീയത്തിൽ ലാലുവില്ല ഇപ്പോൾ. ജയിലിലും വിവിധ ആശുപത്രികളിലുമായി ആ ജീവിതമങ്ങനെ വേറൊരു ട്രാക്കിൽ തുടരുകയാണ്. അതിനിടെ, ഉരുളക്കിഴങ്ങില്ലാത്ത സമൂസപോലെ ഒരു ലോക്സഭ തെരഞ്ഞെടുപ്പും കഴിഞ്ഞുപോയി. പാർട്ടി എട്ടുനിലയിൽ െപാട്ടി. പക്ഷേ, ഇപ്പോൾ കഴിഞ്ഞ രണ്ടാം തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുന്നു. ലാലുവില്ലെങ്കിലും, ആ 'മാജിക്കു'മായി തേജസ്വിയായ രണ്ടാമൻ അരങ്ങിൽ ഉയിർത്തെണീറ്റിരിക്കുന്നു. മോദിയും അമിത് ഷായും നിതീഷ് കുമാറുമെല്ലാം അണിനിരന്ന വൻപടയോട് കൃത്യമായി ചെറുത്തുനിന്നത് ചെറിയ കാര്യമാണോ? ഫാഷിസത്തിെൻറ തേർവാഴ്ചയെ മഹാസഖ്യത്തിലൂടെ അൽപമെങ്കിലും തടഞ്ഞുനിർത്താനായില്ലേ? എങ്കിലും, പ്രതിപക്ഷത്തിരിക്കാൻ തന്നെയാണ് യോഗം. അക്കാര്യത്തിലുള്ള നിരാശ മറച്ചുവെക്കുന്നില്ല. അപ്പോഴും പോരാട്ടം തുടരുമെന്നു കട്ടായം. കൃത്രിമം കാണിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുനേരെയാണ് ആദ്യ അങ്കപ്പുറപ്പാട്. അതിെൻറ ബാക്കി നിയമസഭക്കകത്തും പുറത്തും പ്രതീക്ഷിക്കാം.
പത്തുവർഷം മുമ്പ്, 21ാം വയസ്സിൽ തുടങ്ങിയതാണ് ജാതി രാഷ്ട്രീയത്തിെൻറ പരീക്ഷണ ഭൂമികയിലെ പോരാട്ടം. പിതാവിനൊപ്പം തെരഞ്ഞെടുപ്പ് റാലികളിൽ അനുഗമിച്ചും അല്ലറ ചില്ലറ യോഗങ്ങളിൽ സംസാരിച്ചുമൊക്കെയായിരുന്നു തുടക്കം. 2014ൽ, മോദി അധികാരത്തിൽവരുകയും സ്വന്തം പാർട്ടി പടുകുഴിയിലേക്ക് താഴ്ന്നുപതിക്കുകയും ചെയ്തേപ്പാഴാണ് സംഗതി ഗൗരവമായി കാണാൻ തുടങ്ങിയത്. അങ്ങനെയാണ് കാലങ്ങളായുള്ള ശത്രുവിനെ കൂട്ടുപിടിച്ചായാലും ബിഹാറിൽ ഭരണം കൈപിടിയിലാക്കണമെന്ന് പിതാവിനെ ഉപദേശിച്ചത്. തൊട്ടടുത്ത വർഷം ജെ.ഡി.യു, കോൺഗ്രസ് പാർട്ടികൾക്കൊപ്പം ആർ.ജെ.ഡി സഖ്യം ചേർന്ന് മത്സരിക്കുന്നത് അങ്ങനെയാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ ആ 'മഹാസഖ്യ പരീക്ഷണം' വിജയിച്ചു. നിതീഷ് കുമാറിെൻറ കീഴിൽ 26ാം വയസ്സിൽ തേജസ്വി ബിഹാറിെൻറ ഉപമുഖ്യമന്ത്രി കസേരയിലെത്തി. സഹോദരൻ തേജ് പ്രതാപ് ആരോഗ്യമന്ത്രിയായി കൂട്ടിനുണ്ടായിരുന്നു. പക്ഷേ, ആ സഖ്യം അധികം നീണ്ടുപോയില്ല. മുഖ്യമന്ത്രി ഉപമുഖ്യനെതിരെ നിരന്തരം അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു. തേജസ്വി സ്കൂളിൽ പഠിക്കുന്ന കാലത്തുനടന്ന സംഭവങ്ങളുടെ പേരിലായിരുന്നു ഇൗ പുകിലെല്ലാം. തക്കം നോക്കി, കേന്ദ്രം ഇടപെട്ടു; സി.ബി.െഎയും ഇ.ഡിയുെമല്ലാം പട്നയിൽ വന്നിറങ്ങി. ഇൗസമയം, നിതീഷ് മറുകണ്ടം ചാടി ബി.ജെ.പിക്കൊപ്പം നിന്ന് മുഖ്യമന്ത്രിയുമായി. അതോടെ, തേജസ്വിയുടെ സ്ഥാനം പ്രതിപക്ഷനിരയിലായി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചെങ്കിലും തോറ്റമ്പി. തോൽവിക്കുപിന്നാലെ രാഹുൽ ഗാന്ധി സ്റ്റൈലിൽ കുറച്ചുകാലം അജ്ഞാതവാസത്തിലായിരുന്നു; നിയമസഭയിൽ പോലും വന്നില്ല. പക്ഷേ, തിരിച്ചുവന്നത് ശരിക്കും പുതിയൊരു തേജസ്വിയായിരുന്നു. തെൻറ അലസതയിൽ ബിഹാറി ജനതയോട് ക്ഷമചോദിച്ചുകൊണ്ടുള്ള രണ്ടാംവരവിൽ കണ്ടത് ജനകീയനായൊരു നേതാവിനെയാണ്. പ്രളയകാലത്തും ലോക്ഡൗണിലും ദുരിതമനുഭവിച്ച ജനലക്ഷങ്ങളുടെ നാവായി അയാൾ. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോൾ കോൺഗ്രസിനെയും ഇടതുപക്ഷത്തെയും കൂടെക്കൂട്ടി മഹാസഖ്യത്തെ കൂടുതൽ വിശാലമാക്കി. സ്വന്തം പാർട്ടി 75 സീറ്റിൽ വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായതും മുന്നണി നേട്ടം 110ലെത്തിച്ചതും ചെറിയ കാര്യമല്ല. കോൺഗ്രസിെൻറ വിലപേശലിനുമുന്നിൽ അടിയറവു പറഞ്ഞതുമാത്രമാണ് ചെയ്തുപോയ ഏക അബദ്ധം. അതിെൻറ വിലകൊടുക്കേണ്ടിവന്നു. അല്ലായിരുന്നുവെങ്കിൽ ഇപ്പോൾ മുഖ്യമന്ത്രി കസേരയിലിരുന്നേനെ. തോൽക്കാൻ വേണ്ടി മാത്രം ഇത്രേം സീറ്റ് അവർക്ക് വെച്ചുനീേട്ടണ്ടിയിരുന്നോ, ഉവൈസിയെപ്പോലുള്ളവരെക്കൂടി ചേർത്ത് മുന്നണി കൂടുതൽ വിപുലമാക്കാമായിരുന്നില്ലേ തുടങ്ങിയ ചോദ്യങ്ങൾക്കുമുന്നിൽ ഉത്തരമില്ലാതെപോകുന്നതും ഇൗ അബദ്ധത്തിെൻറ പേരിൽ മാത്രമാണ്.
ക്രിക്കറ്റ് താരമായിരുന്നു. ആ താരമാഹാത്മ്യത്തിന് ഏറ്റവും മനോഹരമായി കമൻററി പറഞ്ഞത് സാക്ഷാൽ ലാലുതന്നെ. ക്രീസിലുള്ള ബാറ്റ്സ്മാൻമാർക്ക് കൃത്യമായ ഇടവേളകളിൽ വെള്ളം കൊടുക്കുന്ന പണിയായിരുന്നു തേജസ്വിക്കെന്ന് ലാലു പറഞ്ഞത് പാർലമെൻറിലാണ്. സംഗതി ശരിയാണ്. ഡൽഹി പബ്ലിക് സ്കൂളിൽ പഠിക്കുേമ്പാഴാണ് ക്രിക്കറ്റ് കമ്പം തലക്കുപിടിച്ചത്. ക്രീസിൽ തീപടർത്തണെമന്ന മോഹവുമായി പാഡ്കെട്ടിയിറങ്ങിയെങ്കിലും തോൽവികളുടെ പരമ്പരയായിരുന്നു വിധി. സ്കൂളിൽ ടീമിെൻറ ക്യാപ്റ്റനൊക്കെ ആയെങ്കിലും പിന്നീടങ്ങോട്ട് ഉദ്ദേശിച്ചപോലെ കയറിപ്പോകാനായില്ല. എങ്കിലും, പിതാവിെൻറ സ്വാധീനത്തിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാൻ ഭാഗ്യം കിട്ടി. രഞ്ജിയിലെ ഏക മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ വെറും ഒരു റണ്ണും രണ്ടാം ഇന്നിങ്സിൽ 19 റൺസുമായിരുന്നു സമ്പാദ്യം. വിക്കറ്റൊന്നും കിട്ടിയതുമില്ല. കളിനിർത്തിപ്പോകാൻ ബന്ധുക്കളും ആരാധകരും അന്നേ പറഞ്ഞതാണ്. എന്നിട്ടും, സർവരെയും ഞെട്ടിച്ച് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ഡയർഡെവിൾസ് ടീമിൽ ഇടംനേടി. നാലുവർഷം ടീമിലുണ്ടായിട്ടും, ലാലു പറഞ്ഞതുപോലെ വെള്ളം കൊടുക്കാനല്ലാതെ ഗ്രൗണ്ടിലിറങ്ങേണ്ടിവന്നിട്ടില്ല. സ്വാഭാവികമായും നിരാശ ബാധിച്ചു. ക്രിക്കറ്റ് ഭ്രാന്തിൽ ഒമ്പതാം ക്ലാസിൽ പഠനം നിർത്തിയത് മിച്ചം. ആ നിരാശയിലാണ് പിതാവിെൻറ മാർഗത്തിൽ ഒരുകൈ നോക്കാൻ തീരുമാനിച്ചത്. ആ നിയോഗമിപ്പോൾ എത്തിനിൽക്കുന്നത് മികച്ചൊരു പോരാളിയുടെ വേഷത്തിലാണ്.
31 വയസ്സുണ്ടിപ്പോൾ. ഇതിനിടെ നേടിയ രാഷ്ട്രീയ വിദ്യാഭ്യാസം ചെറുതല്ല. രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെക്കുേമ്പാൾ, ലാലുവിെൻറ പിൻഗാമി ആരായിരിക്കുമെന്ന ചോദ്യമാണ് ആദ്യമായി കേട്ടത്. ജ്യേഷ്ഠൻ തേജ്പ്രതാപിനുവേണമെങ്കിലും ലാലുവിന് അധികാരം കൈമാറാമായിരുന്നു. പക്ഷേ, പാർട്ടിയുടെ യുവജന വിഭാഗത്തിെൻറ ചുമതല നൽകി പ്രതാപിനെ ഒതുക്കി. അതിെൻറ പേരിൽ കുടുംബകലഹമുണ്ടായിട്ടുണ്ട്. കുടുംബത്തിൽനിന്ന് പുതിയ പാർട്ടിവരെ പിറന്നു. അതിനെയെല്ലാം അതിജയിച്ചാണിപ്പോൾ ജനാധിപത്യവാദികളുടെ പ്രതീക്ഷയുടെ തുരുത്താക്കി മഹാസഖ്യത്തെ വളർത്തിയെടുത്തത്. 'ലാലു മാജിക്കി'നെപോലും വിസ്മയിപ്പിക്കുന്ന പല ജാലവിദ്യകളും ഇക്കാലത്ത് തേജസ്വി പുറത്തെടുത്തു. തെരഞ്ഞെടുപ്പ് യോഗങ്ങളിലും റാലികളിലും ലാലുവിെൻറ റെക്കോഡ് തിരുത്തി അയാൾ. 17 പൊതുയോഗങ്ങളും രണ്ട് റോഡ് ഷോകളും അടക്കം 19 പരിപാടികളാണ് ഒക്ടോബർ 31ന് തേജസ്വി സംഘടിപ്പിച്ചത്. അറിയാമല്ലോ, െബർലിൻ മതിൽ പൊളിച്ചുകളഞ്ഞ 1989 നവംബർ ഒമ്പതിനുതന്നെയാണ് തേജസ്വിയും ജനിച്ചത്. ഏകാധിപത്യത്തിെൻറയും വിവേചനത്തിെൻറയും മതിൽകെട്ട് തകർത്തുകളഞ്ഞ നാളിൽ പിറന്നുവീണ തേജസ്വിയുടെ നിയോഗവും ഫാഷിസമുയർത്തുന്ന പരദ്വേഷത്തിെൻറയും അപരവത്കരണത്തിെൻറയും മതിൽക്കെട്ടുകൾ പൊളിക്കുകയാവാം. അതിനുള്ള പോരാട്ടത്തിന് തയാറെടുക്കുകയാണയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.