വർത്തമാന ഇന്ത്യയുടെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തിൽ പുതിയ പല പ ാഠങ്ങളും പകർന്നു നൽകുന്നുണ്ട് മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞ െടുപ്പ്ഫലങ്ങൾ. കേന്ദ്ര സർക്കാറിെൻറ ഫാഷിസ്റ്റ്-ജനവിരുദ്ധ നയങ്ങ ൾക്കും അതത് സംസ്ഥാനങ്ങളിലെ ബി.ജെ.പി സർക്കാറുകൾക്കുമെതിരായ ജന രോഷം രണ്ടിടത്തും വ്യക്തമായി പ്രതിഫലിച്ചിരിക്കുന്നു. ഇരു സംസ്ഥാനങ്ങ ളിലും അവർ ഭരണത്തുടർച്ച ഉറപ്പാക്കിയെങ്കിലും ബി.ജെ.പിയുടെയും എൻ. ഡി.എയുടെയും ദേശീയ നേതൃത്വം ഈ നിറം മങ്ങിയ വിജയങ്ങളിൽ സംതൃപ്തര ാകാൻ ഒരു സാധ്യതയുമില്ല. മഹാരാഷ്ട്രയിൽ 288 സീറ്റിൽ 230ഉം നേടി 2014ൽ അധികാരത്തിലേറിയ ബി.ജെ.പി-ശിവസേന മുന്നണിക്ക് ഇക്കുറി 29 സീറ്റ് കുറഞ്ഞിരിക്കുന്നു. പ്രതിപക്ഷമായ എൻ.സി.പി-കോൺഗ്രസ് മുന്നണിയാകട്ടെ, 21 സീറ്റ് അധികം നേടി കക്ഷിനില 98ൽ എത്തിച്ചിരിക്കുന്നു.
ഹരിയാനയിൽ 90ൽ 79സീറ്റുണ്ടായിരുന്ന ബി.ജെ.പി, ഇപ്പോൾ സർക്കാർ രൂപവത്കരണത്തിന് സ്വതന്ത്രന്മാരുടെ പിന്തുണ ഉറപ്പാക്കേണ്ട ഗതികേടിലാണ്. കോൺഗ്രസ് 31 സീറ്റ് നേടി അപ്രതീക്ഷിത കുതിച്ചുചാട്ടംതന്നെ നടത്തിയിരിക്കുന്നു ഇവിടെ. രണ്ടിടത്തും രാഷ്ട്രീയ സാഹചര്യങ്ങൾ പൂർണമായും ബി.ജെ.പിക്ക് അനുകൂലമായിരുന്നു. പ്രതിപക്ഷ കക്ഷികൾ തെരഞ്ഞെടുപ്പ് ഗോദയിൽ ഒട്ടും സജീവമായിരുന്നില്ല. മഹാരാഷ്ട്രയിൽ എൻ.സി.പി നേതാവ് ശരദ് പവാർ നടത്തിയ തെരഞ്ഞെടുപ്പ് റാലികൾ ഒഴിച്ചുനിർത്തിയാൽ കോൺഗ്രസിേൻറതായി സംഭാവന കാര്യമായൊന്നുമില്ലായിരുന്നു. ഹരിയാനയിലും സ്ഥിതി മറിച്ചായിരുന്നില്ല. രാഹുൽ ഗാന്ധി അടക്കമുള്ളവർ സാന്നിധ്യമറിയിച്ചത് ഏതാനും ചില വേദികളിൽ മാത്രം. ഇതിനിടയിൽ പാർട്ടിയിലെ ചേരിപ്പോര് സൃഷ്ടിച്ച തലവേദന വേറെയും. എക്സിറ്റ് പോളുകളും ബി.ജെ.പിക്ക് ഈസി വാക്കോവർ പ്രവചിച്ചു. പക്ഷേ, ‘പെട്ടി തുറന്നപ്പോൾ’ കാര്യങ്ങൾ മറിച്ചായി. കാര്യമായ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യാതെ, പാർട്ടി ഉൾപ്പോരിൽ അഭിരമിച്ച കോൺഗ്രസ് പാർട്ടിയെ അതിെൻറ സഹജമായ ദൗർബല്യങ്ങളോടെതന്നെ വിശ്വാസത്തിലെടുക്കാൻ ജനങ്ങൾ തയാറായതിെൻറ കാരണമെന്താകും?
ലോക്സഭ തെരഞ്ഞടുപ്പിൽ കണ്ടതുപോലെ, ഉന്മാദ ദേശീയതയുടെയും വർഗീയതയുടെയും പതിവുചേരുവകൾതന്നെയാണ് മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് പ്രചാരണവേളകളിലും ബി.ജെ.പി പയറ്റിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായും തന്നെയാണ് ഇതിനു നേതൃത്വം നൽകിയതും. കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പ്കൂടിയായിരുന്നു ഇത്. സ്വാഭാവികമായും മുഖ്യവിഷയം കശ്മീർതന്നെയായി. ഇതിനുപുറമെ, പാകിസ്താനുമായുള്ള നയതന്ത്ര പ്രശ്നങ്ങൾ, ബാബരി മസ്ജിദ്, മുത്തലാഖ്, ഏകസിവിൽ കോഡ്, അസമിലെ എൻ.ആർ.സി തുടങ്ങിയവയും പ്രചാരണ വിഷയങ്ങളായി.
ഗാന്ധിവധക്കേസിൽ പ്രതിചേർക്കപ്പെട്ട സവർക്കറിന് ഭാരതരത്ന നൽകുമെന്ന വാഗ്ദാനവും മഹാരാഷ്ട്രയിൽനിന്ന് കേട്ടു. ന്യൂനപക്ഷങ്ങളെ അപവത്കരിച്ചും ഭൂരിപക്ഷ സമുദായത്തെ ചേർത്തുപിടിച്ചും രാജ്യത്തെ ഹിന്ദുത്വത്തിെൻറ രാഷ്ട്രീയഭൂമിക യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പ് എന്നനിലയിൽകൂടിയായിരുന്നു ആത്യന്തികമായി ഈ പ്രചാരണങ്ങളത്രയും. രാജ്യം ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളെ ഈ പ്രചാരണങ്ങളിലൂടെ ബോധപൂർവം മറച്ചുവെക്കാനും അവർക്ക് കഴിഞ്ഞു. എന്നാൽ, തെരഞ്ഞെടുപ്പ് ഗോദയിൽ മറച്ചുവെക്കപ്പെട്ട അസമത്വത്തിെൻറയും ദാരിദ്ര്യത്തിെൻറയും കഥകൾ കൃത്യമായിതന്നെ ബാലറ്റിൽ തെളിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ വോട്ട്നഷ്ടം സംഭവിച്ചത് വിദർഭയിലും സംസ്ഥാനത്തിെൻറ പടിഞ്ഞാറൻ മേഖലയിലുമാണ്. പ്രളയവും വരൾച്ചയും കർഷകർക്ക് കനത്തദുരിതം സമ്മാനിച്ച മേഖലകളാണ് അവയെന്നോർക്കണം.
ഏറ്റവും വലിയ ജി.ഡി.പിയുള്ള സംസ്ഥാനംകൂടിയാണ് മഹാരാഷ്ട്ര: സാമ്പത്തിക പ്രതിസന്ധി ഏറ്റവുമാദ്യം ബാധിക്കുക ഇവിടെയായിരിക്കും. ഹരിയാനയാകട്ടെ, രാജ്യത്ത് ഏറ്റവും കൂടുതൽ മോട്ടോർ വാഹന നിർമാണശാലകളുള്ള സംസ്ഥാനവും. ഭീകരമായ തൊഴിൽ നഷ്ടത്തിെൻറ കണക്കുകളാണ് ഇവിടെനിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ പ്രശ്നങ്ങളെയൊക്കെ തീവ്രദേശീയതയുടെ വാക്ധോരണികളിൽ ഒഴുക്കിക്കളയാമെന്ന ഹിന്ദുത്വയുടെ ഗൂഢതന്ത്രമാണ് ജനങ്ങൾ തള്ളിക്കളഞ്ഞത്. മഹാരാഷ്ട്രയിൽ ഒമ്പതും ഹരിയാനയിൽ ഏഴും മന്ത്രിമാർ തോറ്റുപോയി എന്നറിയുേമ്പാഴാണ് ജനരോഷത്തിെൻറ ആഴം എത്രത്തോളമായിരുെന്നന്ന് ബോധ്യപ്പെടുക. ഗുജറാത്തിലടക്കം ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റു സംസ്ഥാനങ്ങളിലും ഇതിെൻറ അനുരണനങ്ങൾ കാണാം.
അപരവത്കരണത്തിെൻറയും വിദ്വേഷത്തിെൻറയും അപകടകരമായ ഇത്തരം ആശയപ്രചാരണത്തിലൂടെ മാത്രമായി ഇനിയുമൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് ബുദ്ധിപരമായിരിക്കില്ലെന്ന് ഇതിനോടകം ഹിന്ദുത്വ രാഷ്ട്രീയം മനസ്സിലാക്കിയിട്ടുണ്ടാകും. ഈ തെരഞ്ഞെടുപ്പ് അവർക്ക് നൽകുന്ന ഏറ്റവും വലിയ പാഠവും അതാണ്. തീവ്രദേശീയതയും വർഗീയതയും പടർത്തുന്ന ഉന്മാദ രാഷ്ട്രീയം മനുഷ്യെൻറ അടിസ്ഥാന ആവശ്യങ്ങൾക്ക് ഒരുതരത്തിലും പരിഹാരമാകില്ല. അതിനാൽ, അവരുടെ ജീവൽപ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാതെ മുന്നോട്ടുപോകാൻ മറ്റു മാർഗമില്ല. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾക്കും ഇക്കാര്യം ബാധകമാണ്. ആഭ്യന്തരദൗർബല്യങ്ങൾ പരിഹരിച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നാൽ ഈ നാട്ടിൽ സ്വീകരിക്കാൻ ആളുണ്ട് എന്ന് മഹാരാഷ്ട്രയും ഹരിയാനയും പറയുന്നു.
അത്തരമൊരു വെല്ലുവിളി അവർ ഏറ്റെടുക്കുമോ എന്നാണ് ഈ ഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ബി.ജെ.പിക്കെതിരായ ജനവികാരം പൊതുവിൽ ഗുണം ചെയ്തത് കോൺഗ്രസിനും എൻ.സി.പിക്കുമാണെങ്കിലും സമൂഹത്തിൽ അരികുവത്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയ മുന്നേറ്റങ്ങളെയും ജനങ്ങൾ കാണാതിരുന്നില്ല. മഹാരാഷ്ട്രയിൽ അസദുദ്ദീൻ ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീെൻറയും ആദിവാസി മേഖലയിൽ സി.പി.എമ്മിെൻറയും വിജയങ്ങൾ എടുത്തുപറയേണ്ടതാണ്. കാലങ്ങളായി അധികാരകേന്ദ്രങ്ങളിൽനിന്ന് മാറ്റിനിർത്തപ്പെട്ടവരെക്കൂടി മുഖ്യധാരക്കൊപ്പം ജനങ്ങൾ ചേർത്തുപിടിച്ചത് അസാധാരണമായ രാഷ്ട്രീയപ്രബുദ്ധതയുടെ നിദർശനമത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.