ലോകമൊട്ടുക്കുമുള്ള മലയാളി മനുഷ്യസ്നേഹികളുടെ പ്രാർഥനാപൂർവവും ആവേശകരവുമായ പങ്കാളിത്തത്താൽ ഒരു വലിയ ലക്ഷ്യം സാക്ഷാത്കൃതമായിട്ട് ഇന്നേക്ക് ഒരാഴ്ച തികയുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട് 18 വർഷമായി സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനാവശ്യമായ 34 കോടി രൂപ സ്വരൂക്കൂട്ടിയെടുക്കുന്നതിൽ മനുഷ്യപ്പറ്റുള്ള ഓരോ മലയാളിയും മനസ്സുകൊണ്ടെങ്കിലും പങ്കാളിയായിട്ടുണ്ട്.
കേരളത്തിൽ നിന്നുൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഒമ്പത് ലക്ഷത്തിലേറെ ആളുകൾ (കൃത്യമായി പറഞ്ഞാൽ ഒമ്പതു ലക്ഷത്തി പതിനെട്ടായിരത്തി നാനൂറ്റി ഇരുപതുപേർ) ഈ ഉദ്യമത്തിന് സംഭാവന നൽകി. വിദേശത്തുനിന്നാണെങ്കിലോ, മലയാളിയുടെ പോറ്റമ്മനാടുകൾ എന്നറിയപ്പെടുന്ന ഗൾഫ് രാജ്യങ്ങളിൽനിന്ന് മാത്രമല്ല, അമേരിക്കയിൽനിന്നും യൂറോപ്പിൽനിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമെല്ലാം കാര്യമായ പങ്കാളിത്തമുണ്ടായി. സൗത്ത് സുഡാനിൽ നിന്ന് ഒരാളും മലയാളികൾ താരതമ്യേന കുറവുള്ള രാജ്യമായ ചിലിയിൽ നിന്ന് പത്തുപേരും സംഭാവന നൽകി എന്നറിയുമ്പോൾ മലയാളി ഒരു സംഭവം തന്നെ എന്ന് ആരും പറഞ്ഞുപോകും. ഈ യത്നത്തിൽ നമ്മൾ ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചുമല്ല ചിന്തിച്ചത്, ഏതു ജില്ലക്കാരനെന്നല്ല നോക്കിയത്. ഒന്നര വ്യാഴവട്ടമായി ജയിലിൽ കഴിയുന്ന ഒരു മലയാളി യുവാവിന്റെ മോചനം, അയാളെ കാത്തിരിക്കുന്ന ഒരുമ്മക്ക് നമ്മളാൽ ഏകാൻ കഴിയുന്ന ആശ്വാസം- അത്രമാത്രം. മുന്നേറ്റങ്ങളുടെ കേരള മോഡലിൽ സ്നേഹത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും മറ്റൊരു അധ്യായം എഴുതിച്ചേർത്ത അഭിമാനത്തിലും സന്തോഷത്തിലുമായിരുന്നു ഓരോ മലയാളിയും.
ധനസമാഹരണ ദൗത്യം പൂർത്തീകരിച്ച് മോചനത്തിനാവശ്യമായ മറ്റ് ഔപചാരിക നടപടിക്രമങ്ങൾക്ക് ശ്രമം തുടങ്ങിയിരിക്കുന്നു സാമൂഹിക പ്രവർത്തകർ. വിവിധ രാഷ്ട്രീയ സംഘടനകളുടെ അനുഭാവികളും ഭാരവാഹികളുമായ നിയമസഹായസമിതി പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലേക്കും നീങ്ങി. ഈ ഘട്ടത്തിലാണ് പൊടുന്നനെ ഒരു കൂട്ടം വിഷംചീറ്റൽ ആരംഭിച്ചത്. പണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യപ്പോരാട്ടം നടക്കവേ, അധിനിവേശകരായ ബ്രിട്ടീഷ് ഭരണാധികാരികൾക്ക് പാദസേവ ചെയ്ത്, സ്വാതന്ത്ര്യലബ്ധിയും വിഭജനവും കഴിഞ്ഞയുടനെ അധികാരക്കസേര സ്വന്തമാക്കാൻ വർഗീയ മുതലെടുപ്പുമായിറങ്ങിയ അതേ സംഘത്തിന്റെ പിന്മുറക്കാരാണ് ഈ രക്ഷാദൗത്യത്തിന് നേരെയും വിദ്വേഷത്തിലൂട്ടിയ അമ്പ് കുലക്കുന്നത്. വിഷപ്രചാരണങ്ങൾക്ക് കുപ്രസിദ്ധരായ ഒരു ടീച്ചറും വക്കീലുമുൾപ്പെട്ട കേരളത്തിലെ സംഘിഹൃദയ സമ്രാട്ടുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ വർഗീയ ആഖ്യാനങ്ങൾക്ക് തുടക്കമിട്ടത്. വർഷങ്ങൾക്കുമുമ്പ് കോഴിക്കോട്ട് ഓവുചാൽ ശുചീകരണത്തിനിറങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനിറങ്ങി ജീവൻ നഷ്ടപ്പെട്ട നൗഷാദിനെ ബുദ്ധിശൂന്യൻ എന്നവഹേളിച്ച, മനുഷ്യസ്നേഹത്തെക്കുറിച്ച് ഒരക്ഷരം പോലും പഠിച്ചിട്ടില്ലാത്ത ടീച്ചറിൽനിന്ന് ആ നിലവാരത്തിനപ്പുറമൊരു നിലപാട് പ്രതീക്ഷിക്കാനുമാവില്ല. ‘റഹീം’ എന്ന പേരുള്ളയാളായതുകൊണ്ടാണ് ഇത്തരമൊരു ധനസമാഹരണം നടത്താൻ കേരള ജനത മുന്നിട്ടിറങ്ങിയതെന്നും മറ്റേതെങ്കിലും ഒരു വിഭാഗത്തിൽ നിന്നുള്ളയാളായിരുന്നുവെങ്കിൽ അതുണ്ടാവില്ലായിരുന്നുവെന്നുമാണ് കാവിപ്പടയുടെ വിഷം കലക്കൽ. ഇത് ലോകമൊട്ടുക്കുമുള്ള മനുഷ്യ സ്നേഹികൾക്കെതിരായ വിദ്വേഷ വർത്തമാനമാണ്.
പല ഗൾഫ് രാജ്യങ്ങളിലും അവിടത്തെ സ്വദേശി ജനസംഖ്യയേക്കാളേറെയാണ് ഭൂരിഭാഗവും മലയാളികളുൾക്കൊള്ളുന്ന പ്രവാസി ഇന്ത്യക്കാരുടെ എണ്ണം. ചിലപ്പോഴെല്ലാം കുറ്റകൃത്യങ്ങളിൽ മലയാളികൾ പ്രതിചേർക്കപ്പെടാറുണ്ട്. കൊലപാതകം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ ഗുരുതര കുറ്റങ്ങൾക്ക് അവിടത്തെ നിയമപ്രകാരം കോടതികൾ വധശിക്ഷയാണ് വിധിക്കുക. വിധിക്കെതിരെ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിച്ച് നാട്ടിലെത്തിക്കാനും ഇന്ത്യൻ എംബസിയും മലയാളി സാമൂഹിക പ്രവർത്തകരും അവസാന നിമിഷം വരെയും പരിശ്രമിക്കാറുണ്ട്.
ദിയാധനം (blood money) നൽകിയാൽ മോചനം സാധ്യമാവുമെന്ന സാഹചര്യമുണ്ടെങ്കിൽ അവിടത്തെ സന്നദ്ധ സംഘടനകളും സമ്പന്ന വ്യവസായികളും മുതൽ കഫ്റ്റീരിയ തൊഴിലാളികൾ വരെ കൈകോർത്ത് അതിന് പരിശ്രമിക്കുകയാണ് പതിവ്. മുൻ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയവർ അധികാരമുള്ളപ്പോഴും അതിനുശേഷവും ഇത്തരം തടവുകാരുടെ മോചനത്തിനായി വഹിച്ച നേതൃപരമായ പങ്ക് ഈ അവസരത്തിൽ പ്രത്യേകമോർക്കുന്നു. കുവൈത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അർജുൻ അത്തിമുത്തു എന്ന തമിഴ്നാട് സ്വദേശിയുടെ മോചനത്തിനായുള്ള പരിശ്രമങ്ങൾക്കും ദിയാധനം കണ്ടെത്താനും മുന്നിൽ നിന്നത് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങളായിരുന്നു.
സഹജീവികളുടെ കണ്ണീരൊപ്പാനായി കേരളത്തിലങ്ങോളമിങ്ങോളം എത്രയോ ചികിത്സ സഹായ, ജീവകാരുണ്യ സമിതികളാണ് രൂപപ്പെടുന്നത്. കൊലക്കയറിൽ നിന്നായാലും രോഗക്കിടക്കയിൽ നിന്നായാലും ആളുകളെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുക എന്നത് മലയാളിയുടെ, മനുഷ്യത്വമുള്ളവരുടെ സഹജ ശീലമാണ്. സഭകൾ സ്ഥാപിച്ച സ്കൂളുകൾ ലക്ഷക്കണക്കിനാളുകൾക്ക് വിദ്യാഭ്യാസമേകിയതും ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആശുപത്രികളിൽ പൊതിച്ചോറ് വിതരണം ചെയ്യുന്നതും പാലിയേറ്റിവ് കൂട്ടായ്മകൾ സൗജന്യ ഡയാലിസിസും പരിചരണവും ഏർപ്പെടുത്തുന്നതും പീപ്ൾസ് ഫൗണ്ടേഷനും ബൈത്തുറഹ്മയും വീടുവെച്ചുനൽകുന്നതും ഗുണഭോക്താവിന്റെ ജാതിയും മതവും തിരക്കിയല്ല. വിദ്വേഷ സേവാസംഘങ്ങൾ എത്ര ശ്രമിച്ചാലും, മനുഷ്യരെ വർഗീയമായി വേർതിരിക്കാനും മതം നോക്കി അടിച്ചുകൊല്ലാനും ബലാത്സംഗം ചെയ്യാനും പഠിപ്പിക്കുന്ന വിചാരധാരയെ പുൽകാൻ മലയാളിക്ക് മനസ്സില്ല. ഇത് കേരള മനഃസാക്ഷിയുടെ പ്രഖ്യാപനമാണ്, അടുത്ത വെള്ളിയാഴ്ച ബാലറ്റിലൂടെയും കേരളം അത് വിളിച്ചുപറയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.