ഇന്ത്യൻ മഹാസമുദ്രത്തിലെ ചെറുതും വലുതുമായ ആയിരത്തോളം ദ്വീപുകളുടെ സമുച്ചയമായ മാലദ്വീപും ഇന്ത്യയും തമ്മിലെ ചരിത്രപരമായ ബന്ധങ്ങളിൽ വിള്ളലുണ്ടായതിനു പിന്നാലെ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരോട് മാർച്ച് 15നു മുമ്പ് അവിടം വിട്ടുപോകണമെന്നറിയിച്ചിരിക്കുന്നു ആ രാജ്യം.
നിലവിലെ പ്രസിഡന്റ് മുഹമ്മദ് മുയിസു കഴിഞ്ഞ നവംബറിൽ 54 ശതമാനം വോട്ട് നേടി അധികാരത്തിൽ വന്നതോടെയാണ് ഇന്ത്യയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ ദൃശ്യമായത്. ഇതിനുമുമ്പ് മാലയുടെ നിലപാടുകളിൽ ചെറിയ ചൈനാഭിമുഖ്യം ദൃശ്യമായിരുന്നത് പ്രോഗ്രസിവ് പാർട്ടി ഓഫ് മാൽഡീവ്സ് (പി.പി.എം) 2013 മുതൽ 2018വരെ ഭരണത്തിലിരുന്ന കാലഘട്ടത്തിലാണ്. എന്നാൽ, 2018ലെ തെരഞ്ഞെടുപ്പിൽ മാൽഡിവിയൻ ഡെമോക്രാറ്റിക് പാർട്ടിയുടെ (എം.ഡി.പി) ഇബ്രാഹിം സോലി അധികാരത്തിൽ വന്നതോടെ ഇന്ത്യയുമായി കൂടുതൽ ഉഭയകക്ഷി സൗഹൃദവും ഇടപാടുകളുമുണ്ടായി. ആ സൗഹൃദത്തിനാണ് ഇപ്പോൾ ഭംഗം വന്നിരിക്കുന്നത്.
ഇപ്പോഴത്തെ സംഭവവികാസങ്ങൾക്ക് മാലദ്വീപ്-ചൈന സൗഹൃദത്തിനും പങ്കുണ്ടെന്നത് വ്യക്തമാണ്. അവിടത്തെ ഇന്ത്യവിരുദ്ധ പ്രചാരണങ്ങളും അതിൽ പങ്കുവഹിച്ചു. ഒടുവിലത്തെ ഉദാഹരണമാണ് മൂന്നു ജൂനിയർ മന്ത്രിമാർ ഇന്ത്യയെയും പ്രധാനമന്ത്രി മോദിയെയും നിന്ദിക്കുന്ന പരാമർശങ്ങൾ നടത്തിയത്. സർക്കാറിന്റെ നയം എന്തായാലും അതിനുപോലും ഉൾക്കൊള്ളാനാകാത്തത്ര നിന്ദാപരമായ പ്രസ്താവനയിറക്കിയതാണ് മൂവരെയും പുറത്താക്കാൻ പ്രസിഡന്റ് നിർബന്ധിതനായത്. അതിനു മുമ്പേതന്നെ, ഇന്ത്യയെ തഴയുന്ന മറ്റു ലക്ഷണങ്ങളും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. മാലയിൽ അധികാരമേൽക്കുന്ന ഏതു ഭരണാധികാരിയും സന്ദർശിക്കുന്ന ആദ്യ വിദേശരാജ്യം ഇന്ത്യയായിരുന്നു. എന്നാൽ അതിനുപകരം മുയിസു പോയത് തുർക്കിയ തലസ്ഥാനമായ അങ്കാറയിലേക്കായിരുന്നു.
തുർക്കിയയുമായി പ്രശ്നങ്ങളൊന്നുമില്ലെങ്കിലും ഈ കീഴ് വഴക്കലംഘനം ഇന്ത്യയിൽ സംശയമുണർത്തി. അഞ്ചുദിവസത്തെ ചൈന സന്ദർശനം കഴിഞ്ഞ് ശനിയാഴ്ച മടങ്ങിയ മുയിസു മാധ്യമങ്ങളോട് പറഞ്ഞത് മാലദ്വീപ് ഒരു രാജ്യത്തിന്റെയും പിന്മുറ്റത്തല്ലെന്നും അവശ്യവസ്തുക്കൾക്ക് ഒരൊറ്റ രാജ്യത്തെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുകയാണെന്നുമാണ്. അവശ്യവസ്തു ഇറക്കുമതി ഭൂരിഭാഗവും ഇന്ത്യയിൽനിന്നാണെന്നതും മാലയുടെ വരുമാനത്തിന്റെ മൂന്നിൽ രണ്ടു ഭാഗം നേടിത്തരുന്ന വിനോദസഞ്ചാര മേഖലയിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണെന്നതും ഓർത്താൽ ആ പ്രസ്താവനയുടെ സൂചന വ്യക്തമാണ്. മാത്രമല്ല, ചൈന സന്ദർശനത്തിനിടെ അദ്ദേഹം വിവിധ ചൈനീസ് അധികാരികളുമായി വിപുലമായ ചർച്ചകൾ നടത്തുകയും 20 കരാറുകളിൽ ഒപ്പിടുകയുംചെയ്തു. അതിന്റെ തുടർച്ചയായാണ് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്ന ആവശ്യമുയരുന്നത്.
140 കോടി ജനങ്ങളുള്ള ലോകത്തെ മുൻനിര സാമ്പത്തിക-സൈനിക ശക്തിയായ ഇന്ത്യക്ക് അഞ്ചുലക്ഷം ജനസംഖ്യയുള്ള മാലദ്വീപ് എന്ന കൊച്ചുദ്വീപ് സമുച്ചയം ഒരു ഉപവിഷയം മാത്രമാണ്. തന്ത്രപ്രധാനമായ ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു താവളമെന്ന നിലയിലാണതിന്റെ അന്താരാഷ്ട്ര തന്ത്രപ്രാധാന്യം. ഇന്ത്യയെപ്പോലൊരു രാഷ്ട്രത്തെ പിണക്കാൻ അവർ തയാറാവുന്നെങ്കിൽ അതിൽ മറ്റു ഘടകങ്ങൾ പ്രവർത്തിച്ചിരിക്കും എന്ന് വ്യക്തം. ഇന്ത്യവിരുദ്ധ ട്വീറ്റുകൾക്ക് സമൂഹ മാധ്യമങ്ങളിൽ ഇന്ത്യൻ പക്ഷത്ത് രൂക്ഷമായ പ്രതികരണങ്ങളുണ്ടായി, ഒപ്പം മാലദ്വീപ് സന്ദർശനം ബഹിഷ്കരിക്കാനുള്ള വ്യാപകമായ ആഹ്വാനങ്ങളുമുണ്ടായി. ഒരു പ്രമുഖ വിമാനയാത്ര-സഞ്ചാര ബുക്കിങ് പോർട്ടൽ അവിടേക്കുള്ള ബുക്കിങ് നിർത്തിവെച്ചതും ഇത് വെറും ജനകീയ പ്രതികരണമല്ല എന്ന പ്രതീതി ജനിപ്പിച്ചു.
ഇന്ത്യയുടെ, ലക്ഷദ്വീപിനെ വിനോദസഞ്ചാര കേന്ദ്രമായി പൊലിപ്പിക്കുന്ന പരസ്യങ്ങളും പ്രധാനമന്ത്രി മോദിയുടെ ദ്വീപ് സന്ദർശന ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടതും മാലദീപിനെതിരായ നീക്കങ്ങളായാണ് ചിത്രീകരിക്കപ്പെട്ടത്. ലക്ഷദ്വീപിന്റെ തെളിഞ്ഞ നീലജലം ഏതു സഞ്ചാരിയെയും ഹഠാദാകർഷിക്കുമെങ്കിലും വ്യാപാരാടിസ്ഥാനത്തിൽ സഞ്ചാര കേന്ദ്രങ്ങൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും കെട്ടിടങ്ങൾ പണിയുന്നതിനും പവിഴപ്പുറ്റുകൾ നിറഞ്ഞ ചെറിയ ഭൂപ്രദേശം മാത്രമുള്ള ലക്ഷദ്വീപ് ഉചിതമാണോ എന്നതിൽ ഭിന്നാഭിപ്രായങ്ങളുണ്ട്.
അതിനുപുറമെ ഏതാനും വർഷങ്ങളായി ലക്ഷദ്വീപ് നിവാസികളുടെ പാരമ്പര്യമനുസരിച്ച് അസ്വീകാര്യമായ ഭരണപരിഷ്കാരങ്ങളും നിയന്ത്രണങ്ങളും പദ്ധതികളുമാണ് വികസനമെന്നപേരിൽ കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. അതെല്ലാം മാറ്റി വെച്ചാലും ഒരു കൊച്ചു രാഷ്ട്രത്തിന്റെ അവിവേകപൂർവമെന്നു കാണാവുന്ന നടപടികൾ ആ അവിവേകം പ്രവർത്തിക്കാനും അവർക്കുള്ള പരമാധികാരം വകവെച്ച് കൊടുക്കുന്നതും പക്വ തയും ഉദാരതയും ഉയർത്തിപ്പിടിക്കുന്നതുമായ സമീപനമാകും ഇന്ത്യക്ക് ഭൂഷണം. ചൈനയെ അതിരുവിട്ടും സ്വാഭിമാനം പണയപ്പെടുത്തിയും പുൽകുന്ന നയത്തിൽനിന്ന് വിട്ടുനിൽക്കാൻ മാലദീപിനെ പ്രേരിപ്പിക്കേണ്ടതുമുണ്ട്. ചർച്ചക്കുള്ള വാതിലടക്കാതെയുള്ള ഒരു സമീപനം തന്നെയാണ് ന്യൂഡൽഹി ഇപ്പോഴും സ്വീകരിക്കുന്നത് എന്നത് ശുഭോദർക്കമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.