പെട്രോൾ, ഡീസൽ, പാചകവാതക വില വർധിപ്പിച്ച് ജനങ്ങളെ വലച്ച സർക്കാർ ഇപ്പോൾ നിത്യോപയോഗ മരുന്നുകളുടെ വില കൂടി പത്തു ശതമാനത്തിലേറെ വർധിപ്പിച്ച് ചികിത്സയും ദുരിതത്തിലാക്കിയിരിക്കുന്നു. അടുത്തമാസം ഒന്നു മുതൽ 800 അവശ്യമരുന്നുകളുടെ വിലയാണ് ഒറ്റയടിക്കു കൂട്ടുന്നത്. അവശ്യമരുന്നുകളുടെ ദേശീയപട്ടിക (എൻ.എൽ.ഇ.എം)യിൽപെടുത്തി വില നിയന്ത്രണാധികാരം സർക്കാറിൽ നിക്ഷിപ്തമാക്കിയ മരുന്നുകൾക്കാണ് ദേശീയ മരുന്നുവില നിർണയ അതോറിറ്റി (എൻ.പി.പി.എ) 10.76 ശതമാനത്തോളം വില കൂട്ടിയിരിക്കുന്നത്. പാരാസെറ്റമോൾ, അസിത്രോമൈസിൻ പോലുള്ള ആന്‍റിബയോട്ടിക്കുകൾ, വേദനസംഹാരികൾ, അണുസംക്രമണവിരോധികൾ, ഹൃദ്രോഗ, ഇ.എൻ.ടി മരുന്നുകൾ, ആന്റിസെപ്റ്റിക്കുകൾ തുടങ്ങി സർവസാധാരണമായി ഉപയോഗത്തിലുള്ള ഏതാണ്ടെല്ലാ മരുന്നുകളും ഈ പട്ടികയിൽ വരുന്നുണ്ട്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലെ വ്യവസായ, ആഭ്യന്തരവ്യാപാര പ്രചാരണവകുപ്പിന്‍റെ സാമ്പത്തികകാര്യ ഉപദേഷ്ടാവിന്‍റെ ഓഫിസാണ് മൊത്തവില സൂചിക വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അടുത്ത സാമ്പത്തികവർഷം മരുന്നുകളുടെ വില വർധിപ്പിക്കാൻ തീരുമാനിച്ചത്. 2013ൽ ഭേദഗതി ചെയ്ത മരുന്നുവില നിയന്ത്രണ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ അവശ്യമരുന്നുകളുടെ പട്ടികയിൽപെടുത്തിയവയുടെ വില വർധിപ്പിക്കുന്നതിനുള്ള അധികാരം എൻ.പി.പി.എക്കാണ്.
രാജ്യത്തെ മരുന്നുവിതരണകമ്പനികൾ സർക്കാർ തീരുമാനം സ്വാഗതം ചെയ്തത് സ്വാഭാവികം. വർധനയുടെ ശതമാനം പോരാ എന്നാണ് അവരുടെ പക്ഷം. കോവിഡിനെ തുടർന്ന് അസംസ്കൃതവസ്തുക്കളുടെ വിലയും വിദേശത്തുനിന്നുള്ള കടത്തുകൂലിയും വളരെ കൂടിയതിനാൽ മരുന്നുവില വർധിപ്പിക്കാതെ തരമില്ലെന്ന് അവർ പറയുന്നു. അതേസമയം, ഭക്ഷണമെന്നപോലെ നിത്യേന ആശ്രയിക്കേണ്ടിവരുന്ന മരുന്നുകൾക്ക് ഇത്രയും ശതമാനം വില വർധിപ്പിക്കുന്നത് ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന അസ്വസ്ഥതയൊന്നും സർക്കാറിനില്ല. ജനങ്ങൾക്ക് ന്യായമായ നിരക്കിൽ അവശ്യമരുന്നുകൾ ലഭ്യമാക്കാനും കുത്തക മരുന്നുകമ്പനികളുടെ കൊള്ളലാഭ ദ്രോഹത്തിൽനിന്ന് അവരെ രക്ഷപ്പെടുത്താനും 1997ൽ കേന്ദ്രസർക്കാർ രൂപംകൊടുത്ത വേദിയാണ് നാഷനൽ ഫാർമസ്യൂട്ടിക്കൽസ് പ്രൈസിങ് അതോറിറ്റി എന്ന എൻ.പി.പി.എ. മരുന്നുകമ്പനിക്കാർ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ നടപടികൾ സ്വീകരിക്കുന്നത് ഈ വേദിയാണ്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ പാർലമെന്‍റിൽ ബന്ധപ്പെട്ട വകുപ്പുമന്ത്രി വെളിപ്പെടുത്തിയതനുസരിച്ച് 1997ൽ ഈ വേദി രൂപം കൊണ്ടതു മുതൽ അതുവരെ മരുന്നുകമ്പനികൾ അമിതനിരക്ക് ഈടാക്കിവരുന്നതുമായി ബന്ധപ്പെട്ട 2116 കേസുകളെടുത്തു. അതിൽ 881 കേസുകളും എങ്ങുമെത്താതെ കിടക്കുകയാണ്. 8180 കോടി രൂപയാണ് ഇവർ അമിതനിരക്കായി ഈടാക്കിയത്. കോടതികളിൽ നിയമവ്യവഹാരത്തിലിരിക്കുന്ന 324 കേസുകളാകട്ടെ, 6550 കോടി രൂപയുടേതാണ്. കോവിഡ് രണ്ടാം തരംഗം ആരംഭിക്കുന്ന കഴിഞ്ഞ വർഷം ഏപ്രിലിൽ രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെ മരുന്നുകമ്പനികൾ അത്യാർത്തിയോടെ രംഗത്തുവന്നു. റെംഡെസിവിർ ഇൻജക്ഷന് ചോദന വർധിച്ചതോടെ വില പതിന്മടങ്ങ് വർധിച്ചത് അന്നു വാർത്തയായിരുന്നു. അന്നു എൻ.പി.പി.എയുടെ ഇടപെടലിനെ തുടർന്ന് റെംഡെസിവിറിന്‍റെ വില 'സ്വമേധയാ' കുറക്കാൻ തയാറായി.
രാജ്യത്തെ പ്രമുഖ മരുന്നുകമ്പനികൾ അമിതനിരക്കുമായി ബന്ധപ്പെട്ട നിയമനടപടികളിലാണ്. എന്നാൽ, കേസും പിഴയുമായി നിയമനടപടിക്കൊരുങ്ങിയാൽ ഭാവിയിൽ അമിതനിരക്ക് ഈടാക്കുന്നതിൽനിന്നു മരുന്നുകമ്പനികളെ പിന്തിരിപ്പിക്കാനാകുമെന്ന എൻ.പി.പി.എയുടെ തന്ത്രവും ഫലിക്കുന്നില്ലെന്നാണ് അനുഭവം പറയുന്നത്. ഒടുവിൽ കമ്പനികൾക്ക് വില നിയന്ത്രണമേർപ്പെടുത്താൻ വന്ന സംവിധാനംതന്നെ മരുന്നുവില ഉയർത്തുന്നതിനുള്ള ഉപകരണമായിത്തീരുന്ന വിരോധാഭാസത്തിലാണ് എത്തിപ്പെട്ടിരിക്കുന്നത്. കോവിഡ്പ്രതിസന്ധിയുടെ മറവിൽ ചൈനയിൽനിന്ന് ഇറക്കുമതിചെയ്യുന്ന മരുന്നു ചേരുവകളുടെയും മറ്റും വിലയിൽ വന്ന വർധനയും ഇന്ധനവില, കടത്തുകൂലി, നികുതി എന്നിവയിലുണ്ടായ വർധനയുമൊക്കെ എണ്ണിപ്പറഞ്ഞാണ് ഇപ്പോൾ സാധാരണക്കാരന്‍റെ കഴുത്തിനുപിടിക്കുന്ന തരത്തിൽ സാർവത്രിക ഉപയോഗത്തിലിരിക്കുന്ന മുഴുവൻ മരുന്നുകളുടെയും വില വർധിപ്പിക്കുന്നത്.
അവശ്യമരുന്നുകളിൽ സർക്കാർ നിയന്ത്രണമുണ്ടാകണമെന്നുവെച്ചത് ജനക്ഷേമം മുൻനിർത്തി വിലവർധിക്കാതെ നോക്കാനാണ്. എന്നാൽ, ഭരണകൂടം കൂടുതൽ കച്ചവടമൂല്യത്തിന് പ്രാമുഖ്യം നൽകിയാൽ ജനം തെണ്ടുകയേ വഴിയുള്ളൂ. മരുന്നുകമ്പനിക്കാരുടെ ദേശീയസംഘടനയായ ഇന്ത്യൻ ഡ്രഗ് മാനുഫാക്ചേഴ്സ് അസോസിയേഷൻ കാര്യദർശിയുടെ പ്രസ്താവന തന്നെ മരുന്നുവിലനിർണയത്തിലെ ചൂഷണം വെളിപ്പെടുത്തുന്നുണ്ട്. 'ഉപഭോക്താവിന് കുറച്ചു ഭാരമൊക്കെ വരും എന്നു തീർച്ചയാണ്. എന്നാൽ, ധാരാളം നിർമാതാക്കളും പലതരം നിർമാണരീതികളും നിലവിലിരിക്കെ, എല്ലാവരും വില വർധിപ്പിക്കണം എന്നൊന്നുമില്ല. എന്നാൽ, പത്തു ശതമാനം വർധനക്ക് ഗവൺമെന്‍റ് അംഗീകാരം നൽകിയതിനാൽ ഈ അവസരം ആരും കൈയൊഴിയുകയുമില്ല' എന്നാണ് അസോസിയേഷൻ ജനറൽ സെക്രട്ടറി ദാര ബി. പട്ടേൽ പറയുന്നത്.
മരുന്നുകമ്പനികൾക്ക് വില കൂട്ടാതെയും കഴിക്കാം എന്ന സൂചന അദ്ദേഹം തന്നെ നൽകുന്നു. എന്നിരിക്കെ ചോദിച്ചതിലും കൂടുതൽ അവർക്ക് അനുവദിച്ചുകൊടുക്കുകയും അതിന്‍റെ മറവിൽ സ്വന്തം നിലക്കുള്ള ചൂഷണങ്ങൾക്കു മരുന്നുകമ്പനികൾക്ക് അവസരം തുറന്നുകൊടുക്കുകയുമാണ് പുതിയ വില വർധന. അതു പിടിച്ചുനിർത്താനുള്ള സംവിധാനം ഗവൺമെന്‍റിനില്ലതാനും. ഇന്ധനവില നിർണയം കമ്പനികൾക്കു വിട്ടുകൊടുത്തതുപോലെ മരുന്നുവില നിശ്ചയിക്കാനുള്ള അധികാരം ഒരു വേദിക്കു നൽകിയിരിക്കെ, അവർ കമ്പനികൾക്കായിരിക്കും ഒരു പണത്തൂക്കം പരിഗണന കൂടുതൽ നൽകുക എന്നുറപ്പാണ്. അതുകൊണ്ട് വില നിയന്ത്രണം കൊണ്ട് കുത്തക മരുന്നുകമ്പനികളെയല്ല, ആന്‍റിബയോട്ടിക്കുകളും വിറ്റമിനുകളുമൊക്കെ ജീവിതത്തിന്‍റെ ഭാഗമാക്കി മാറ്റേണ്ടിവരുന്ന സാധാരണക്കാരെയാണ് ഭരണകൂടം 'കൈകാര്യം' ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.