ക്യാപ്ടനെ ടീം പുറത്താക്കുന്നു, അടുത്ത ദിവസം തന്നെ അദ്ദേഹം എതിർ ടീമിന്റെ തലപ്പത്ത് അവരോധിതനാവുന്നു, രണ്ടു നാൾ കഴിഞ്ഞ് ടിയാൻ പഴയ ടീമിൽ തിരിച്ചെത്തി തന്നെ പുറത്താക്കിയവരെ മുഴുവൻ പുറത്താക്കുന്നു... നമ്മുടെ നാട്ടിലെ ജനതാദൾ, കേരള കോൺഗ്രസ് പാർട്ടികളിലോ ചില വിഡിയോ ഗെയിമുകളിലോ മാത്രം സങ്കല്പിക്കാവുന്ന തരത്തിലൊരു പുറത്താക്കൽ നാടകം അരങ്ങേറുന്നത് ലോകത്തിന്റെ ഭാവിതന്നെ നിർണയിച്ചുകളയുമെന്ന് നിരൂപിക്കപ്പെടുന്ന നിർമിത ബുദ്ധിയുടെ പരീക്ഷണശാലയിലാണ്. മനുഷ്യബുദ്ധിക്ക് അതീതമായ ബൗദ്ധിക മികവ് നിർമിച്ചെടുക്കാനുള്ള മത്സരമായതിനാൽ ആർട്ടിഫിഷൽ ഇന്റലിജൻസ് രംഗത്തെ പല കളികളും നമ്മുടെ സാമാന്യ ചിന്തകൾക്ക് അപ്പുറമാവുന്നത് സ്വാഭാവികം. ഓപൺ എ.ഐയിൽ നടക്കുന്ന ഈ പാരവെപ്പ് കഥകളെക്കുറിച്ചോ കഥാനായകനായ സാം ആൾട്ട്മാനെപ്പറ്റിയോ കാര്യമായ ധാരണയില്ലാത്തവരുടെപോലും ദൈനംദിന ജീവിതത്തിൽ അവർ രൂപപ്പെടുത്തിയ ചാറ്റ് ജിപിടി നിത്യസാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്നതാണ് മറ്റൊരു സത്യം.
ലോകത്തെ ഏതൊരു കോർപറേറ്റ് പ്രസ്ഥാനത്തെയും പോലെ മനുഷ്യ പുരോഗതി ലക്ഷ്യമിട്ട് ലാഭേച്ഛയേതുമില്ലെന്ന് പ്രഖ്യാപിച്ചാണ് ഓപൺ എ.ഐയുടെയും തുടക്കം. അതിന്റെ വികസനത്തിനും ഗവേഷണത്തിനും പണം ആവശ്യമായിരുന്നു. ഭാവിയിലെ ലോകത്തെ നിയന്ത്രിക്കാൻ കെല്പുള്ള ഉൽപന്നമാണ് അണിയറയിൽ ഒരുങ്ങുന്നതെന്നതിനാൽ നിക്ഷേപവുമായി ടെക്നോളി ഭീമന്മാർ പറന്നിറങ്ങി. ഈ രംഗത്തെ വമ്പന്മാരായ മൈക്രോസോഫ്റ്റ് മാത്രം പത്ത് ബില്യൻ ഡോളറിലധികം മുടക്കി ഓപൺ എ.ഐ കമ്പനിയുടെ 49 ശതമാനം ഓഹരിയാണ് സ്വന്തമാക്കിയത്. സംഭാവനകൾ കൂമ്പാരമായതോടെ ഗവേഷണം അതിവേഗം ബഹുദൂരം മുന്നോട്ടുനീക്കണമെന്ന നിലവന്നു. ഇപ്പോൾ തന്നെ ആലോചനകൾക്കപ്പുറത്തേക്ക് പോയിരിക്കുന്ന നിർമിത ബുദ്ധിയെ അത്ര വേഗത്തിൽ കയറൂരി വിടണമോ എന്ന കാര്യത്തിൽ ടെക് ലോകത്തുതന്നെ അഭിപ്രായ ഐക്യമില്ല. നിർമിത ബുദ്ധിയുടെ കടന്നുകയറ്റം ലോകത്ത് വരുത്തിവെക്കാവുന്ന ഭീഷണികളെക്കുറിച്ച് ആകുലപ്പെടുന്ന ബുദ്ധിജീവികളുടെ പ്രസ്താവനയിൽ ആൾട്ട്മാൻ ഒപ്പുവെച്ചതുതന്നെ കമ്പനിയിലെ ബോർഡ് അംഗങ്ങൾ തമ്മിലെ അലോസരം സൃഷ്ടിച്ചിരുന്നു. കാര്യങ്ങളൊന്നും ബോർഡ് അംഗങ്ങളുമായി പങ്കുവെക്കുന്നില്ലെന്ന കുറ്റം ചുമത്തിയാണ് വാശിയേറിയ ഒരു മാച്ചിനിടയിൽവെച്ച് ടീം ക്യാപ്റ്റനെ പിരിച്ചുവിടുന്നതുപോലെ ഓപൺ എ.ഐ സി.ഇ.ഒ കസേരയിൽനിന്ന് ആൾട്ട്മാനെ ഇറക്കിവിട്ടത്, വെറുമൊരു ഗൂഗ്ൾ മീറ്റ് വിളിച്ചാണ് ഓപൺ എഐ സഹസ്ഥാപകൻ ഇല്യ സുറ്റ് സ്കെവർ ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. കമ്പനിയുടെ ചീഫ് ടെക്നിക്കൽ ഓഫിസർ മിറാ മുററ്റിയെ താൽകാലിക സി.ഇ.ഒ ആയി നിയമിച്ചു. കഴിഞ്ഞ നിമിഷം വരെ കമ്പനിയുടെ മുഖമായി അറിയപ്പെട്ടിരുന്ന ആൾട്ട്മാന് സാൻഫ്രാൻസിസ്കോയിലെ കമ്പനി ആസ്ഥാനത്ത് കയറാൻ ഗസ്റ്റ് പാസ് എടുക്കേണ്ടി വന്നു.
മാനുഷിക വികാരങ്ങൾ മാറ്റിവെച്ച് യാന്ത്രിക ബുദ്ധിവെച്ച് കൈക്കൊണ്ട ഒരു പുറത്താക്കൽ തീരുമാനമായിരിക്കണമത്, അല്ലെങ്കിൽ യാന്ത്രിക ബുദ്ധിയെ അതിവൈകാരികത ആവേശിച്ചതുമാവാം. എന്തുതന്നെയായാലും ആൾട്ട്മാൻ പോയാൽ കൂടെപ്പോകുമെന്ന് കമ്പനി പ്രസിഡന്റ് ഗ്രെക് ബ്രൊക്മാൻ ഉൾപ്പെടെ മറ്റു ചില മിടുക്കരും പ്രഖ്യാപിച്ചു. ഗവേഷണത്തിന്റെയും കമ്പനിയുടെയും ഭാവിയെക്കുറിച്ച് കടുത്ത ആശങ്കയിലായി നിക്ഷേപകർ. നിർമിത ബുദ്ധി മത്സരത്തിൽ ഓപൺ എ.ഐയെ തോല്പിക്കാൻ തക്കം പാർത്ത് നടക്കുന്ന ഗൂഗ്ളോ ഇലോൺ മസ്കിന്റെ ഗ്രോക് എ.ഐയോ മറ്റോ ആൾട്ട്മാനെയും സംഘത്തെയും റാഞ്ചിക്കൊണ്ടുപോയാലുള്ള അപകടങ്ങൾ അതിലേറെ. കമ്പനി ഒരു കാലത്ത് തരംഗമായിരുന്ന ഓർക്കൂട്ടെന്നപോലെ ഓർമയായി മാറിയാലും അതിശയിക്കാനില്ലായിരുന്നു. പൊടുന്നനെ മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല മനുഷ്യബുദ്ധി (ദോഷൈക ദൃക്കുകൾക്ക് കച്ചവട ബുദ്ധിയെന്നും വായിക്കാം) പ്രയോഗിച്ചു. ആൾട്ട്മാനെ തിരിച്ചെടുക്കണമെന്ന നിർദേശം ഓപൺ എ.ഐയിലെ പ്രമുഖർക്ക് മുന്നിൽ വെച്ചു, അവരത് ചെവിക്കൊള്ളുന്നില്ലെന്ന് വന്നതും മൈക്രോസോഫ്റ്റിന്റെ എ.ഐ വിഭാഗം ഗവേഷണ മേധാവിയായി സാം ആൾട്ട്മാനെ പ്രതിഷ്ഠിച്ചു. ആൾട്ട്മാനോടൊപ്പം വരുന്ന സകല അനുയായികൾക്കും ജോലി നൽകാനും തീരുമാനിച്ചു. ചങ്ങാതിയുടെ മാനം രക്ഷിക്കുന്നതിനൊപ്പം ഓപൺ എ.ഐയിൽ മുടക്കിയിരിക്കുന്ന ബില്യൻ കണക്കിന് ഡോളറും രക്ഷിച്ചെടുക്കാൻ ഇതുവഴി സാധിക്കുമെന്നതു തന്നെ കാര്യം.
മൈക്രോസോഫ്റ്റിനൊപ്പം കൈകോർക്കുന്നുവെന്ന വാർത്ത അച്ചടിച്ച് മഷിയുണങ്ങുമ്പോഴേക്കും അടുത്ത ട്വിസ്റ്റ് വന്നു, ആൾട്ട്മാൻ ഓപൺ എ.ഐയുടെ സി.ഇ.ഒ സ്ഥാനത്ത് തിരിച്ചെത്തി. വെറും തിരിച്ചുവരവല്ല, തന്നെ പുറത്താക്കിയ ബോർഡ് അംഗങ്ങളെ മുഴുവൻ പുറത്താക്കിയാണ് രണ്ടാം വരവ്.
1985 ഏപ്രിൽ 22ന് ഷികാഗോയിൽ ജനിച്ച സാം ഹാരിസ് ആൾട്മാന് എട്ടാം വയസ്സിൽ ലഭിച്ച ആപ്പിൾ കമ്പ്യൂട്ടറായിരുന്നു ഏറ്റവും പ്രിയപ്പെട്ട കളിക്കൂട്ട്. താനൊരു സ്വവർഗാനുരാഗിയാണെന്ന് സ്കൂൾ കാലത്ത് തന്നെ തുറന്നുപറഞ്ഞ സാമിന് സ്കൂൾ ജീവിതം ഒട്ടും സന്തോഷകരമായിരുന്നില്ല. സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ ചേർന്നെങ്കിലും ബിരുദ കോഴ്സ് പൂർത്തിയാക്കാതെ 2005ൽ കാമ്പസ് വിട്ടിറങ്ങി. രണ്ട് സഹപാഠികൾക്കൊപ്പം ലൂപ്റ്റ് എന്ന സമൂഹ മാധ്യമ ആപ് സ്ഥാപിച്ചു. കമ്പനിയിലേക്ക് നിക്ഷേപം ആകർഷിക്കാൻ കഴിഞ്ഞെങ്കിലും വേണ്ടത്ര ഉപയോക്താക്കളെ കണ്ടെത്താനായില്ല. എയർ ബിഎൻബി, ഡ്രോപ് ബോക്സ് തുടങ്ങിയ ബ്രാൻഡുകളുടെ ഉടമകളായ വൈ കോംബിനേറ്ററിൽ ചേർന്ന് അഞ്ചു വർഷത്തിനുശേഷം 2016ൽ കമ്പനിയുടെ പ്രസിഡന്റ് പദവിയിലെത്തി. 2015ൽ ആരംഭിച്ച ഓപൺ എ.ഐയിൽ മുഴുവൻ സമയ ശ്രദ്ധ കേന്ദ്രീകരിക്കാൻ 2019ൽ വൈ കോംബിനേറ്ററിൽ നിന്നിറങ്ങി. ചാറ്റ് ജി.പി.ടി വിജയകരമായി അവതരിപ്പിച്ച ശേഷം ഈ വർഷം നടത്തിയ ആഗോളപര്യടനത്തിനിടെ ഋഷി സുനക്, ഇമ്മാനുവൽ മാക്രോൺ, നരേന്ദ്ര മോദി തുടങ്ങി 22 ലോക നേതാക്കളെയും സന്ദർശിച്ചിരുന്നു. നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട വർത്തമാനങ്ങൾ സാം ആൾട്ട്മാനെക്കൂടാതെ അപൂർണമാണെന്ന അവസ്ഥയായി. അതാണിപ്പോൾ പുറത്താക്കലും തിരിച്ചുകയറലുമെല്ലാമുൾപ്പെടെ ഉച്ഛസ്ഥായിലായിരിക്കുന്നത്.
2015ൽ ഫോർബ്സ് മാസിക 30 വയസ്സിന് താഴെയുള്ള ഏറ്റവും മികച്ച നിക്ഷേപകനായി തെരഞ്ഞെടുത്തു. ബിരുദ പഠനം പൂർത്തിയാക്കാത്ത ആൾട്ട്മാന് കാനഡയിലെ വാട്ടർലൂ സർവകലാശാല ഓണററി ഡോക്ടർ ഓഫ് എൻജിനീയറിങ് ബിരുദം നൽകി, ഇന്തോനേഷ്യൻ സർക്കാർ ഗോൾഡൻ വിസ പ്രഖ്യാപിച്ചപ്പോൾ ആദ്യം നൽകേണ്ടതാർക്ക് എന്ന കാര്യത്തിൽ സംശയമില്ലായിരുന്നു. ഈ വർഷം ഏറ്റവുമധികം ലോകത്തെ സ്വാധീനിച്ച നൂറു പേരിൽ പ്രധാനസ്ഥാനമാണ് ടൈം മാഗസിൻ കല്പിച്ചിരിക്കുന്നത്.
കുട്ടിക്കാലം മുതൽ സസ്യാഹാരിയാണ്. ലൂപ്റ്റ് സഹസ്ഥാപകൻ നിക്ക് സിവോ ആയിരുന്നു ആദ്യ പങ്കാളി, ആസ്ട്രേലിയൻ സോഫ്റ്റ്വെയർ എൻജിനീയർ ഒലിവർ മൾഹെറിനാണ് ഇപ്പോൾ ജീവിത സഹയാത്രികൻ. ഏതൊരു അടിയന്തര സാഹചര്യത്തെയും നേരിടാനായി ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) ഉപയോഗിക്കുന്ന ഗ്യാസ് മാസ്ക്, തോക്ക്, സ്വർണം, ബാറ്ററികൾ, വെള്ളം എന്നിത്യാദി ‘അവശ്യ വസ്തുക്കൾ’ സദാ സൂക്ഷിക്കുന്നുണ്ട്. മാതൃകാ പുരുഷനായിരുന്ന ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന് ഒരിക്കൽ കമ്പനി വിടേണ്ടിവന്ന സംഭവവുമായി സാമിന്റെ പുറത്തുപോക്കിനെ താരതമ്യപ്പെടുത്തുന്നവരുണ്ട്. 1976ൽ സ്ഥാപിച്ച ആപ്പിളിൽനിന്ന് സി.ഇ.ഒ ജോൺ സ്കല്ലിയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ 1985ലാണ് സ്റ്റീവ് ജോബ്സിന് വിട്ടുപോകേണ്ടി വന്നത്. 12 വർഷങ്ങൾക്കു ശേഷം ആപ്പിളിന്റെ സി.ഇ.ഒ പദവിയിലേക്ക് അദ്ദേഹം അവരോധിതനാവുകയും ചെയ്തു. സാം ആൾട്ട്മാന്റെ തിരിച്ചുവരവിന് വർഷങ്ങളുടെ കാത്തിരിപ്പൊന്നും വേണ്ടിവന്നില്ല. നിർമിത ബുദ്ധിയുടെ കാലമല്ലേ, ഇപ്പോ കാര്യങ്ങളെല്ലാം ഞൊടിയിടയിലാണെന്നേ!.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.