ശാസ്ത്രീയ മനോവൃത്തിയെക്കുറിച്ച് വിദ്യാർഥികളോട് സംവദിച്ച സഖാവ് എ.എൻ. ഷംസീറിന് എന്തു സംഭവിച്ചുവെന്ന് ആഴ്ചകൾക്കുമുമ്പ് കേരളം കണ്ടല്ലോ. ശാസ്ത്രത്തിനു പകരം ‘മിത്തു’കളെ പ്രതിഷ്ഠിക്കുന്നതിലുള്ള അപകടങ്ങളെയും അബദ്ധത്തെയും കുറിച്ച് ഉദാഹരണസഹിതം വിശദമാക്കിയ ഷംസീറിനെതിരെ കാവിപ്പാളയം ഒന്നടങ്കം തിരിഞ്ഞപ്പോൾ, സ്വന്തം പാർട്ടിക്കുപോലും നിസ്സംഗതയോടെ നോക്കിനിൽക്കേണ്ടിവന്നു. ഹിന്ദുത്വയുടെ ഭരണഘട്ടത്തിൽ നമ്മുടെ രാജ്യമനുഭവിച്ചുകൊണ്ടിരിക്കുന്ന വലിയ പ്രതിസന്ധിയാണിത്. ക്രിയാത്മകമായ മതവിമർശനം പോലും മതവിദ്വേഷ പ്രചാരണമായി ചിത്രീകരിക്കപ്പെടും; വിമർശിക്കുന്നവരുടെ ജാതിയും മതവും ഇഴകീറി പരിശോധിക്കും. പിന്നെ അതിന്റെ പേരിൽ കേസും കൂട്ടവുമാകും. നേരിയ വ്യത്യാസമുണ്ടെങ്കിലും, ഷംസീറിന്റെ അതേ അവസ്ഥയിലാണിപ്പോൾ ഉദയനിധി സ്റ്റാലിനും. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകൻ മാത്രമല്ല ഉദയനിധി; സംസ്ഥാന യുവജനക്ഷേമ വകുപ്പ് മന്ത്രികൂടിയാണ്. ഭരണഘടന പദവിയിലുള്ള ഒരാൾ സനാതന ധർമത്തെ വിമർശിച്ചത് കേന്ദ്രത്തിലുള്ളവർക്കും അവരുടെ കൂട്ടാളികൾക്കും ദഹിച്ചിട്ടില്ല. അംബേദ്കർ തൊട്ട് പലരും പലവുരു ഉന്നയിച്ച വിമർശനങ്ങൾ ആവർത്തിക്കുക മാത്രമാണ് ഉദയനിധി ചെയ്തതെന്ന ന്യായമൊന്നും അവിടെ വിലപ്പോകില്ല. അതിനാൽ, ഡൽഹിയിലും യു.പിയിലുമൊക്കെ കേസ് കൊടുത്ത് സനാതന ധർമ സംസ്ഥാപനത്തിനുള്ള പുതിയ ധർമയുദ്ധത്തിനൊരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് കാവിപ്പട. ഉദയനിധിയുടെ തലവെട്ടണമെന്നുവരെ ആഹ്വാനം നടത്തിയവരുണ്ട് ഇക്കൂട്ടത്തിൽ.
തമിഴ്നാട് പ്രോഗ്രസിവ് റൈറ്റേഴ്സ് ഫോറത്തിന്റെ ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് ഉദയനിധി സനാതന വിമർശനമുയർത്തിയത്. ‘ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആർ.എസ്.എസിന്റെ പങ്ക്’ എന്നാണ് പുസ്തകത്തിന്റെ തലക്കെട്ട്. അതിലെ രണ്ട് കാർട്ടൂണുകൾ കണ്ടാൽതന്നെ ആർക്കും കാര്യം പിടികിട്ടും. ഒന്ന് ബൂട്ട് നക്കുന്നതിന്റെ; രണ്ടാമത്തേത് തോക്കു ചൂണ്ടുന്നതിന്റെ. സവർക്കർ ഉൾപ്പെടെയുള്ള നേതാക്കൾ തുടർച്ചയായി ബ്രിട്ടീഷ് സർക്കാറിനോട് മാപ്പുപറഞ്ഞതും ഗാന്ധിവധവുമൊക്കെയാണ് സൂചനകൾ. ഹിന്ദുത്വയുടെ സ്വാതന്ത്ര്യ സമരപങ്കിനെ അടയാളപ്പെടുത്താൻ കുറച്ചു പേജ് ഒഴിച്ചിട്ടിട്ടുമുണ്ട്. ഇങ്ങനെ ഒരു പുസ്തകം പ്രകാശനംചെയ്യവെ സ്വാഭാവികമായും ഹിന്ദുത്വയെയും സനാതന ധർമത്തെയും പറ്റിയെല്ലാം രണ്ടു വാക്ക് പറയണമല്ലോ: ‘ജാതിയുടെയും മതത്തിന്റെയും പേരിൽ അസമത്വവും അനീതിയും വളർത്തുന്ന സനാതന ധർമം സാമൂഹികനീതിയെന്ന ആശയത്തിന് വിരുദ്ധമാണ്. കൊതുകിനെയും മലമ്പനിയെയും കോവിഡിനെയും ഡെങ്കിപ്പനിയെയും എതിർത്തതുകൊണ്ട് കാര്യമില്ല, അവയെ ഉന്മൂലനംചെയ്യുകയാണ് വേണ്ടത്. സനാതന ധർമവും അതുപോലെയാണ്!’ ഇതിനെയാണ് നൂറ് കോടി ഹിന്ദുക്കളുടെ മതവിശ്വാസത്തെ ഹനിക്കുന്നേ എന്ന വിലാപമാക്കി മാറ്റിയത്. ഉദയനിധിക്കെതിരെ സുപ്രീംകോടതിയിൽവരെ പരാതിപ്പെട്ടവരുണ്ട്. എന്നുവെച്ച്, പറഞ്ഞത് മാറ്റിപ്പറയാൻ ഉദയനിധി തയാറല്ല. പറഞ്ഞതിൽ വ്യക്തതക്കുറവുണ്ടെങ്കിൽ കൂടുതൽ വ്യക്തമാക്കാമെന്നാണ് നിലപാട്. അതുകൊണ്ടാണ്, രാഷ്ട്രപതി ദ്രൗപതി മുർമുവിന് പുതിയ പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിന്റെ സനാതനവശം വിശദീകരിച്ച് വിഷയത്തെ കൂടുതൽ ആനുകാലികമാക്കിയത്. കേസെങ്കിൽ കേസ് എന്നതാണ് വിഷയത്തിലെ അന്തിമ നിലപാട്. പാർട്ടിയുടെ ഉറച്ച പിന്തുണയും ഇക്കാര്യത്തിലുണ്ട്.
അല്ലെങ്കിലും സനാതന ധർമത്തെക്കുറിച്ച് ഉദയനിധി സ്റ്റാലിൻ ഇങ്ങനെയല്ലാതെ മറ്റെന്താണ് പറയുക? നിരീശ്വരവാദിയാണെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ച നേതാവാണ്. നിരീശ്വരവാദിയാണെങ്കിലും കൺകണ്ട ദൈവങ്ങൾ പിതാമഹൻ കരുണാനിധിയും പാർട്ടി ആചാര്യൻ തന്തൈ പെരിയാറുമാണ്. ഹിന്ദുത്വയുടെ ആര്യ രാഷ്ട്രീയത്തിനും ജാതീയതക്കുമെതിരെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ബദൽ അവതരിപ്പിച്ചവർ. ആ തലമുറയിലെ ഇളയ കണ്ണിയാണ് ഉദയനിധി. അങ്ങനെയൊരാൾ സനാതന ധർമത്തെ പിഴുതെറിയണമെന്നല്ലാതെ അതിന്റെ സംസ്ഥാപനത്തിനായി കൊടിപിടിക്കുമെന്ന് കരുതാനാകുമോ? നാസ്തിക-യുക്തിവാദ പ്രസ്ഥാനമാണ് ദ്രാവിഡകഴകം. ആ രാഷ്ട്രീയപൈതൃകത്തിന്റെ ചുവടുപിടിച്ചാണ് തമിഴകത്ത് സ്റ്റാലിൻ ഭരണം മുന്നോട്ടുകൊണ്ടുപോകുന്നത്. ഹിന്ദുത്വഭരണകൂടത്തിനെതിരായ സമരത്തിന്റെയും കൂട്ടായ്മകളുടെയും പ്രഭവകേന്ദ്രമായി തമിഴ്നാട് പലപ്പോഴും മാറുന്നുണ്ട്. മുഖ്യശത്രുവിനെതിരെ െഎക്യപ്പെടാവുന്നവരെ മുഴുവൻ അണിനിരത്തി മികച്ചൊരു രാഷ്ട്രീയ പോരാട്ടം സാധ്യമാക്കുക എന്നതാണ് കഴകത്തിന്റെ അടിസ്ഥാന തത്ത്വം. 234 സീറ്റുള്ള സംസ്ഥാനം പൂർണമായി പിടിച്ചടക്കാൻ അനുകൂല സാഹചര്യം നിലനിന്നിട്ടും 2021ൽ പാർട്ടി മത്സരിച്ചത് 180ൽ താഴെയാണ്. ബാക്കിയെല്ലാം സംസ്ഥാനത്തെ സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയം കൈയാളുന്ന കക്ഷികൾക്കു വീതിച്ചുനൽകി. ആ മത്സരത്തിൽ വിജയിച്ചാണ് സ്റ്റാലിൻ മുഖ്യമന്ത്രിയും ഉദയനിധി കാബിനറ്റ് അംഗവുമായത്. ഇപ്പോൾ ‘ഇൻഡ്യ’ സഖ്യത്തിന്റെ അവിഭാജ്യ ഘടകമായി ഡി.എം.കെ നിലകൊള്ളുന്നതും അതേ രാഷ്ട്രീയത്തിന്റെ പുറത്താണ്. സാമൂഹിക സമത്വമാണ് ആ രാഷ്ട്രീയത്തിന്റെ കാതൽ. അതിനു വിലങ്ങുതടിയാകുന്ന സകല പ്രത്യയശാസ്ത്രങ്ങളെയും അവർക്ക് വിമർശിക്കാതെ തരമില്ല. അതുമാത്രമാണ് ഉദയനിധി ചെയ്തത്.
ദ്രാവിഡ കഴകത്തിലെ മുൻഗാമികളെപ്പോലെ പൂർവാശ്രമത്തിൽ സിനിമ മേഖലയിലായിരുന്നു. സിനിമ നടൻ, നിർമാതാവ് എന്നിങ്ങനെയുള്ള മേൽവിലാസത്തിലാണ് അടുത്ത കാലംവരെയും അറിയപ്പെട്ടിരുന്നത്. നിർമാതാവായിട്ടായിരുന്നു തുടക്കം. തൃഷയും ഇളയ ദളപതിയും തകർത്തഭിനയിച്ച ‘കുരുവി’യാണ് ആദ്യ ചിത്രം(2008). പിന്നാലെ ആദവൻ, മൻമഥൻ അംബു, ഏഴാം അറിവ് തുടങ്ങിയ സിനിമകളും ഹിറ്റായതോടെ ഉദയനിധിയുടെ സിനിമാക്കമ്പനി പല ചിത്രങ്ങളുടെയും വിതരണംകൂടി ഏറ്റെടുത്തു. 2012ലാണ് ആദ്യമായി നായക വേഷത്തിലെത്തിയത്. ചിത്രം ‘ഒരു കൽ, ഒരു കണ്ണാടി’. 175 ദിവസം ചിത്രം തിയറ്ററുകളിലോടി. തൊഴിൽരഹിതനായ ശരവണനെ അവതരിപ്പിച്ച ഉദയനിധിക്ക് ഫിലിം ഫെയർ അവാർഡും കിട്ടി. അതിനുശേഷം ഒരുപിടി ചിത്രങ്ങളിൽ വേഷമിട്ടു. ‘ഇതു കതിരവേലൻ കതൈ’, ‘നൻബെൻഡ’ എന്നീ ചിത്രങ്ങളിൽ നയൻതാരയായിരുന്നു നായിക. ഗേതു, മനിതൻ, സരവണൻ ഇരുക്ക ഭയമേൻ, ഇപ്പടി വെല്ലും, കണ്ണൈ കലൈമാനെ എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘മഹേഷിന്റെ പ്രതികാരം’ പ്രിയദർശൻ തമിഴിൽ റീമേക്ക് ചെയ്തപ്പോൾ മഹേഷായി എത്തിയതും ഉദയനിധിയായിരുന്നു. ചിത്രം: നിമിർ. 2019ലായിരുന്നു ഔദ്യോഗിക രാഷ്ട്രീയപ്രവേശം. സംഘടനയുടെ യുവജന വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറിയായിട്ടായിരുന്നു തുടക്കം. പിതാവിനെ പോലെ, നിയമസഭയിലെത്താൻ 15 വർഷമൊന്നും കാത്തിരിക്കേണ്ടിവന്നില്ല. 2021ലെ പ്രഥമ തെരഞ്ഞെടുപ്പിൽ തന്നെ നിയമസഭയിലെത്തി; മന്ത്രിയുമായി. രാഷ്ട്രീയത്തിന്റെ തിരക്കുകൾക്കിടയിലും സിനിമയോടുള്ള അഭിനിവേശം കൈവിട്ടില്ല. ഒഴിവു കിട്ടുമ്പോഴെല്ലാം ലൊക്കേഷനിലെത്തും. ‘സൈക്കോ’ പോലുള്ള ചിത്രങ്ങൾ സംഭവിച്ചത് അങ്ങനെയാണ്.
1977 നവംബർ 27ന് ചെന്നൈയിൽ ജനനം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയാണ്. പാർട്ടി പത്രമായ ‘മുരസൊലി’യുടെ ഡയറക്ടറായിരുന്നു. സംവിധായികയും മാധ്യമപ്രവർത്തകയുമായ കൃതികയാണ് ഭാര്യ. രണ്ട് മക്കൾ: ഇൻബാനിധിയും തന്മയയും. ഇൻബാനിധി നൊരോക്ക എഫ്.സിയുടെ ഫുട്ബാൾ താരമാണ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.