ന്യൂനപക്ഷങ്ങൾക്കിടയിൽ ഉപതരംതിരിവുകൾ നിശ്ചയിക്കാൻ സംസ്ഥാന സർക്കാറിന് അധികാരമില്ലെന്ന ഹൈകോടതി പരാമർശത്തിനെതിരെ പരമോന്നത നീതിപീഠത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന ധനാഭ്യർഥന ചർച്ച, ഏറക്കുറെ പൂർണമായിത്തന്നെ ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദത്തിലേക്ക് വഴിമാറിയപ്പോഴാണ് മറുപടിയിൽ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സച്ചാർ-പാലോളി കമ്മിറ്റി ശിപാർശകളുടെ അടിസ്ഥാനത്തിൽ, ആദ്യം മുസ്ലിം വിഭാഗത്തിന് മാത്രമായും പിന്നീട് പിന്നാക്ക ക്രൈസ്തവരെക്കൂടി ഉൾപ്പെടുത്തി 80:20 അനുപാതത്തിലും നൽകിയിരുന്ന ന്യൂനപക്ഷ സ്കോളർഷിപ്പ് കഴിഞ്ഞ മേയിൽ ഹൈകോടതി റദ്ദാക്കിയിരുന്നു. പ്രസ്തുത വിധിന്യായത്തിലാണ് ന്യൂനപക്ഷങ്ങൾക്കിടയിൽ ഏകപക്ഷീയമായി അനുപാതം നിർണയിക്കാൻ സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് നിരീക്ഷിച്ച്, പദ്ധതി ജനസംഖ്യാടിസ്ഥാനത്തിലാക്കാൻ കോടതി ഉത്തരവിട്ടത്.
ഇതോെട, പത്തു വർഷമായി പിന്നാക്ക മുസ്ലിം വിദ്യാർഥികൾക്ക് ലഭിച്ചുകൊണ്ടിരുന്ന വലിയൊരു ആനുകൂല്യം ഇല്ലാതായി; എന്നല്ല, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്ക് സാമൂഹിക പിന്നാക്കാവസ്ഥ ഒരു മാനദണ്ഡമല്ലാതാവുകയും ചെയ്തു. ആനുകൂല്യങ്ങളുടെ അളവുകോൽ ജനസംഖ്യ മാത്രമായി. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേക്കാവുന്ന ഇൗ വിധിക്കെതിരെ അപ്പീൽ പോകുന്നതിനുപകരം സെക്രട്ടറിതല സമിതിയെ നിയോഗിച്ച് അതിെൻറ റിപ്പോർട്ടിനെ മറയാക്കി വിധി നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു പിണറായി മന്ത്രിസഭ. ഇതുസംബന്ധിച്ച ഉത്തരവും പുറത്തുവന്നിട്ടുണ്ട്. കോടതിവിധിയോടുള്ള സർക്കാറിെൻറ ഇൗ സമീപനം വി.എസ് സർക്കാർ നിയമിച്ച പാലോളി കമ്മിറ്റിയുടെ ശിപാർശകളെത്തന്നെ ഫലത്തിൽ റദ്ദുചെയ്ത കാര്യം ഞങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. അതിനു പിറകെയാണ് വിധിയുടെ ഒരു പരാമർശത്തിൽ പിടിച്ച് സുപ്രീംകോടതിയെ സമീപിക്കാനുള്ള സർക്കാർ തീരുമാനം.
ചില ക്രൈസ്തവ സംഘടനകളുടെ ദുഷ്ടലാക്കിൽനിന്നുടലെടുത്ത കേസിലായിരുന്നു ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദാക്കിയ കോടതിവിധി വന്നത്. എന്തുകൊണ്ട് ഇൗയൊരു വിധി വന്നു എന്നതിെൻറ കാരണം പാലോളി മുഹമ്മദ് കുട്ടിതന്നെ തുറന്നുപറഞ്ഞിട്ടുമുണ്ട്. സ്കോളർഷിപ്പ് നടപ്പിലാക്കിയ പശ്ചാത്തലവും മറ്റും കൃത്യമായി കോടതിയെ ബോധിപ്പിക്കാത്തതിനാലാകാം സർക്കാറിനു തിരിച്ചടിയുണ്ടായതെന്നായിരുന്നു അദ്ദേഹത്തിെൻറ നിരീക്ഷണം. അക്കാര്യങ്ങൾ കൃത്യമായി ബോധിപ്പിക്കുന്നതിൽ സർക്കാർ ഭാഗം അഭിഭാഷകൻ പരാജയപ്പെട്ടുവെന്നും അതിനെ മനസ്സിലാക്കാം. അതെല്ലാം മാറ്റിനിർത്തിയാൽപോലും, കാര്യങ്ങൾ വ്യക്തമാക്കാൻ മേൽകോടതിയെ സമീപിക്കാനുള്ള അവസരങ്ങൾ വേറെയുമുണ്ട്. ഭരണകക്ഷിക്ക് രാഷ്ട്രീയമായി താൽപര്യമുള്ള പല കേസുകളിലും ഇത്തരത്തിൽ മേൽകോടതിയെ സമീപിച്ച ചരിത്രവുമുണ്ട്. പക്ഷേ, ഇവിടെ അതുണ്ടായില്ല.
പകരം, വിധി എങ്ങനെയെങ്കിലും നടപ്പാക്കുന്നതിനുള്ള ന്യായങ്ങൾ ചികയുകയായിരുന്നു സർക്കാർ. ആദ്യം സർവകക്ഷി യോഗം ചേർന്നു സമവായത്തിെൻറ പാത തേടി. പിന്നീട് വിദഗ്ധ സമിതിയെ നിയമിച്ച് സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതത്തിൽ ക്രമപ്പെടുത്തി. അതോടെ, മുസ്ലിം വിഭാഗങ്ങൾക്ക് കിട്ടിെക്കാണ്ടിരുന്ന അനുപാതം കുറഞ്ഞുവെന്നു മാത്രമല്ല, അതുവരെയും ചിത്രത്തിലില്ലാതിരുന്ന മുന്നാക്ക ക്രൈസ്തവർക്കുകൂടി ആനുകൂല്യങ്ങൾ കിട്ടുന്ന സാഹചര്യം രൂപപ്പെടുകയും ചെയ്തു. അനുപാതത്തിൽ കുറവ് വന്നാലും സ്േകാളർഷിപ്പിെൻറ എണ്ണത്തിൽ കുറവുവരില്ല എന്നൊക്കെ വേണമെങ്കിൽ ഇതിനെ ന്യായീകരിക്കാം. കണക്കിലെ കളികളിലൂടെയുള്ള മറ്റൊരു ചെപ്പടിവിദ്യ എന്നതിനപ്പുറം ഇൗ വാദമൊന്നും നിലനിൽക്കില്ലെന്ന് ആർക്കാണറിയാത്തത്?
ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിപ്പിച്ച് അവിടെ കൃത്യവും വ്യവസ്ഥാപിതവുമായി കാര്യങ്ങൾ അവതരിപ്പിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ, പഴയപടിതന്നെ കാര്യങ്ങൾ തുടരാമായിരുന്നു. അക്കാര്യത്തിലെ ഉത്സാഹക്കുറവിനു കാരണം സാമുദായികപരിഗണനയിൽ ഇടതുമുന്നണി വരുത്തിയ തെരഞ്ഞെടുപ്പുകാല ക്രമീകരണങ്ങളായിരുന്നു. ഇപ്പോൾ വിധിയിലെ ഒരു പരാമർശം മാത്രം ചൂണ്ടി അതിലെ ഭരണഘടനാ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ സർക്കാർ താൽപര്യപ്പെടുന്നതും അതിെൻറ ഭാഗമാണെന്ന സംശയമുയർന്നു കഴിഞ്ഞു. പാലോളി കമ്മിറ്റി റിപ്പോർട്ടിന് കോടതിവിധിയെ തുടർന്നുണ്ടായ ദുരവസ്ഥ ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി കോശി കമ്മിറ്റിക്കും വന്നുപെടുമെന്നു നേരത്തേ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. അതുകൂടി മുന്നിൽകണ്ടാവാം ഗവൺമെൻറിെൻറ പുതിയ തീരുമാനമെന്നു കരുതുന്നവരുണ്ട്. ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധിയുണ്ടായാൽ, ന്യൂനപക്ഷങ്ങൾക്കിടയിലുള്ള ഉപതരംതിരിവുകൾക്കുള്ള അധികാരം സംസ്ഥാന സർക്കാറിന് തിരികെ ലഭിക്കുമെന്ന പ്രയോജനമുണ്ട്. എന്നാൽ, ആ അധികാരമുപയോഗിച്ച് ന്യൂനപക്ഷ സ്കോളർഷിപ്പുകൾ പഴയ അനുപാതത്തിൽ പുനഃസ്ഥാപിക്കുമോ എന്നതാണ് പ്രധാന ചോദ്യം. ഇതിനകം സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതത്തിലാക്കി കഴിഞ്ഞിരിക്കെ അത്തരമൊരു സാധ്യത വിരളമാണ്.
മുസ്ലിം ന്യൂനപക്ഷങ്ങളുടെ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാൻ നിർദേശിക്കപ്പെട്ട സ്കോളർഷിപ്പുകൾ തുടരുന്നതിൽ സർക്കാറിന് വലിയ താൽപര്യമില്ല എന്നു ഇൗ സമീപനത്തിൽനിന്ന് വ്യക്തം. അല്ലായിരുന്നുവെങ്കിൽ, ക്രൈസ്തവ വിഭാഗങ്ങൾക്കിടയിലെ ചില വ്യക്തികളും സംഘടനകളും തുടർച്ചയായി നടത്തിയ വ്യാജ ആരോപണങ്ങളുടെ നിജഃസ്ഥിതി സുപ്രീംകോടതിയിലെങ്കിലും വിളിച്ചുപറയാൻ പിണറായി സർക്കാർ ധൈര്യം കാണിച്ചേനെ. അതിനുപകരം, വോട്ട്ബാങ്ക് മാത്രം ലക്ഷ്യമിട്ട് മറ്റൊരു 'വിവേചന പദ്ധതി'ക്ക് തുടക്കമിടുകയാണ് അവർ ചെയ്തത്. സച്ചാർ-പാലോളി സമിതി നിർദേശങ്ങൾ പൂർണമായും മുസ്ലിംകൾക്കായി നിജപ്പെടുത്തുകയും കോശി റിപ്പോർട്ടിലെ നിർദേശങ്ങൾ വരുന്ന മുറക്ക് അവ ആ സമുദായത്തിന് പ്രത്യേകമായി നടപ്പാക്കുകയും ചെയ്യുകയാണ് ഇക്കാര്യത്തിൽ നീതിപൂർവവും പ്രയോഗികവുമായ പരിഹാരം. പ്രതിപക്ഷവും ഇപ്പോൾ ഇതുതന്നെയാണ് ആവശ്യപ്പെടുന്നത്. യുക്തിഭദ്രമായ ഇൗ വഴിയെക്കുറിച്ച് ചിന്തിക്കുന്നതാണ് സർക്കാറിന് അഭികാമ്യം. അതാണ് ജനാധിപത്യ മര്യാദയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.