മാധ്യമരംഗത്ത് ഉത്തരവാദിത്ത സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖർ അടക്കമുള്ള ഡസനിലേറെ വനിതകൾ ലൈംഗികപീഡനത്തിനിരയാക്കിയെന്ന് കൃത്യവും കണിശവുമായി പരാതിയുയർത്തിയ ശേഷവും കുറ്റാരോപിതനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ പദവി രാജിവെച്ച് അന്വേഷണം നേരിടാൻ തയാറല്ല. തനിക്കെതിരെ ഉന്നയിക്കപ്പെട്ട പരാതികൾ ദുരുപദിഷ്ടവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പറഞ്ഞൊഴിയുകയല്ല, ആരോപണം ഉന്നയിച്ചവരെ കോടതി കയറ്റുമെന്ന് ഭീഷണിപ്പെടുത്തുകയാണ് അദ്ദേഹം.
വിദേശപര്യടനം കഴിഞ്ഞ് ഞായറാഴ്ച തിരിച്ചെത്തിയശേഷം പുറപ്പെടുവിച്ച പ്രസ്താവനയിൽ ആരോപണം ഉന്നയിച്ചവരെ പേരെടുത്തു വിമർശിക്കുകയും നുണയരും നിക്ഷിപ്ത താൽപര്യക്കാരുമെന്ന് കുറ്റപ്പെടുത്തുകയും ചെയ്ത അക്ബറിെൻറ നീക്കം അപ്രതീക്ഷിതമായിരുന്നുവെന്നു പറയാം. മാധ്യമസ്ഥാപനത്തിൽ സഹപ്രവർത്തകരായും പരിശീലനത്തിനും എത്തിയവരെ വ്യവസ്ഥാപിതമായ രീതിയിൽ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ‘മീ ടൂ’ കാമ്പയിനിൽ അണിേചർന്ന് ഇരകളായ യുവതികൾ വിളിച്ചുപറഞ്ഞപ്പോൾ അക്ബർ രാജിവെക്കുമെന്നും എൻ.ഡി.എ സർക്കാർ അദ്ദേഹത്തെ മാറ്റിനിർത്തുമെന്നുമാണ് എല്ലാവരും പ്രതീക്ഷിച്ചത്.
കേന്ദ്ര മന്ത്രിസഭയിലെ വനിത അംഗങ്ങളായ നിർമല സീതാരാമൻ, സ്മൃതി ഇറാനി, േമനക ഗാന്ധി എന്നിവരെല്ലാം പീഡാനുഭവം പരസ്യമായി വെളിപ്പെടുത്തിയവർക്ക് പിന്തുണയും പ്രോത്സാഹനവുമായെത്തിയിരുന്നു. ബി.െജ.പി, ആർ.എസ്.എസ് വൃത്തങ്ങളിലും അക്ബറിനെതിരെ നീരസം പുകയുന്നുവെന്ന വാർത്തകൾക്കിടയിൽ പക്ഷേ, പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ പ്രതികരണം വ്യത്യസ്തമായിരുന്നു. ആരോപണം ശരിയോ തെേറ്റാ എന്ന് അന്വേഷിക്കണമെന്നും സമൂഹമാധ്യമങ്ങളിലെ പോസ്റ്റിെൻറ വിശ്വാസ്യത ഉറപ്പുവരുത്തണമെന്നുമായിരുന്നു ഷായുടെ പക്ഷം. മന്ത്രി മേനക ഗാന്ധി ആരോപണമുന്നയിച്ചവരുടെ അക്കൗണ്ടുകൾ സത്യസന്ധമാണെന്ന് ഉറപ്പിച്ചതൊന്നും അറിയാത്ത മട്ടിലായിരുന്നു ബി.ജെ.പി അധ്യക്ഷെൻറ പ്രതികരണം. അക്ബർ തിരിച്ചെത്തി വൈകാതെ വന്ന പ്രഖ്യാപനം അദ്ദേഹത്തിെൻറ വ്യക്തിനിഷ്ഠമായ അഭിപ്രായമല്ലെന്നും സർക്കാർ, പാർട്ടി നേതൃത്വത്തിെൻറ അറിവോടുകൂടിയാണെന്നും ഇതിൽനിന്ന് അനുമാനിക്കാം.
കൃത്യമായ നാളും വഴിയും വെച്ച് അക്ബറിെൻറ കീഴിൽ തൊഴിൽ/പരിശീലനം നേടി ഇന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ മാധ്യമങ്ങളിൽ ഉയർന്ന സ്ഥാനങ്ങൾ വരെ വഹിക്കുന്നവർ ഉന്നയിച്ച ആരോപണത്തിെൻറ വിഷയത്തിലേക്കു കടക്കാതെ എല്ലാം തനിക്കെതിരായ അസൂയ ഉൽപാദിപ്പിച്ച നുണകളാണെന്ന് പറഞ്ഞ് കണ്ണടച്ച് തള്ളിക്കളയുകയാണ് അദ്ദേഹം. ആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാനുള്ള വ്യക്തിഹത്യയാണ് ഇതെന്നും അദ്ദേഹം ആേരാപിക്കുന്നുണ്ട്. അതേസമയം, അക്ബറിെൻറ ഭീഷണി നിറഞ്ഞ പ്രസ്താവനക്കു ശേഷവും തങ്ങൾ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്ന് വിദേശ വനിതയടക്കം ആരോപണമുന്നയിച്ച പകുതിയിലേറെ പേരും മാധ്യമങ്ങളിലൂടെ മറുപടി പറഞ്ഞു.
അക്ബർ ചമക്കുന്ന ഗൂഢാലോചന സിദ്ധാന്തം വിലകുറഞ്ഞ രാഷ്ട്രീയക്കാരുടെ അടവാണെന്നും തെരെഞ്ഞടുപ്പോ അധികാരമോ അല്ല, സ്ത്രീകൾക്കെതിരെ മാരകമായ അതിക്രമം പതിവാക്കിയ ഒരാളെ ഇനിയും മറച്ചുപിടിക്കാനാവില്ലെന്ന നിർബന്ധമാണ് വെളിപ്പെടുത്തലിനു പിന്നിലെന്നും അവർ തറപ്പിച്ചുപറയുന്നു. മാധ്യമരംഗത്ത് അടുത്തറിയാവുന്ന പലരും ഇൗ ലൈംഗികാതിക്രമ ശല്യക്കാരനെതിെര സാക്ഷ്യപത്രവുമായി രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അവസരവാദ രാഷ്ട്രീയക്കാരെൻറ മെയ്വഴക്കം കൊണ്ടുമാത്രം സ്ത്രീകളുടെ പ്രതികരണശേഷിക്കു മുന്നിൽ അക്ബറിനു പിടിച്ചുനിൽക്കാനാവണമെന്നില്ല. മാധ്യമരംഗത്ത് സകലകലാവല്ലഭനായി ഇരുത്തം വന്ന അക്ബർ അധികാര രാഷ്ട്രീയത്തിെൻറ മധുരം രുചിച്ചതിൽ പിന്നെ അതിൽ ഇരിക്കപ്പൊറുതിയില്ലാത്തയാളാണ്.
രാജീവ് ഗാന്ധിയുടെ സ്വന്തക്കാരനായതോടെ പത്രപ്പണി നിർത്തി കോൺഗ്രസിലേക്കു വന്നു. 1989ൽ പാർലമെൻറ് സീറ്റും ജയവും നേടിയെത്തിയ അദ്ദേഹം കോൺഗ്രസ് റാവുകരങ്ങളിലെത്തിയപ്പോൾ നില ഭദ്രമല്ലെന്നു കണ്ട് വീണ്ടും പത്രത്തിലേക്കു വന്നു. 2002 വരെ നരേന്ദ്ര മോദിയെ ഇന്ത്യയിലെ ഹിറ്റ്ലറും നശീകരണകാരിയുമായി കണ്ടിരുന്നയാൾ പിന്നെ ബി.ജെ.പിയുടെ വാതിലിൽ മുട്ടി മുട്ടി ഒടുവിൽ മോദിയുടെ സ്തുതിപാഠകനും അതിെൻറ ഗുണഭോക്താവുമായി പരിണമിക്കുന്നതാണ് കണ്ടത്. ബിഹാറിലെ കിഷൻഗഞ്ചിൽനിന്ന് കോൺഗ്രസിൽ ആദ്യതവണ ജയിച്ചെങ്കിലും രണ്ടു കൊല്ലം കഴിഞ്ഞ് രാജീവ് സഹതാപതരംഗമുണ്ടായിട്ടും പരാജയപ്പെടുകയായിരുന്നു. ബി.ജെ.പിയിലാകെട്ട, മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് കടക്കാനാണ് ശ്രമിച്ചത്. അങ്ങനെയുള്ളയാൾ തെന്ന രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനുള്ള ശ്രമമെന്ന ആരോപണമുന്നയിക്കുന്നതിലും വലിയ തമാശയില്ല.
രാജ്യത്ത് സിനിമ, മാധ്യമരംഗത്തുനിന്നും മറ്റുമായി ‘മീ ടൂ’ വെളിപ്പെടുത്തലുകൾ വർധിച്ചുവന്ന സാഹചര്യത്തിൽ അതിനുവേണ്ടി പ്രത്യേക അന്വേഷണ സമിതി രൂപവത്കരിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നേരത്തുതന്നെ അക്ബറിനെതിരായ ആരോപണങ്ങൾ വന്നുകഴിഞ്ഞിരുന്നു. എന്നാൽ, സർക്കാർ തീരുമാനം പുറത്തുവന്ന് രണ്ടു നാൾ കഴിയുേമ്പാൾ 14 പേരുടെ ആരോപണവലയത്തിൽ പെട്ട അക്ബറിെന സംരക്ഷിക്കാനാണ് കേന്ദ്രത്തിെൻറ നീക്കം. പെൺകുട്ടികെള രക്ഷിക്കുകയെന്ന ‘ബേഠി ബചാവോ’ കാമ്പയിനു വേണ്ടി വാചാലമാകുന്ന പ്രധാനമന്ത്രി, ഏതു വിഭാഗത്തിൽപെട്ട സ്ത്രീകളുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ സത്വര നിയമനിർമാണം നടത്താൻപോലും തിടുക്കപ്പെടാറുണ്ട്. ഇങ്ങനെയൊക്കെ വനിതാക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി സഹപ്രവർത്തകനെതിരെ ഗുരുതരമായ ആരോപണമുയർന്നിട്ടും മൗനത്തിലാണ്. ആ മൗനമാണ് വാസ്തവത്തിൽ കളങ്കിതനായ അക്ബറിന് സുരക്ഷയായി മാറുന്നത്. േകന്ദ്ര സർക്കാറും ബി.ജെ.പിയും സ്ത്രീപക്ഷത്തോ എതിർപക്ഷത്തോ എന്നു തെളിയിക്കുന്ന പരിശോധനകൂടിയാണ് ഇപ്പോൾ ഇന്ത്യയെ പിടിച്ചുലക്കുന്ന ‘മീ ടൂ’ മൂവ്മെൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.