ഉത്തർപ്രദേശിലെ അലീഗഢ് ജില്ലയിൽ രണ്ടുപേരെ പൊലീസ് വെടിവെച്ചുകൊന്ന സംഭവം ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട് . ഒരുനിലക്ക് ഏറ്റുമുട്ടൽ കൊലകളെന്ന പൊലീസിെൻറ പതിവുരീതികളുടെ തുടർച്ചയായിരിക്കുേമ്പാഴും മറ്റൊരുതരത്തിൽ ചില പുതുമകളും സംഭവത്തിലുണ്ട്. മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തി, കാമറകൾക്കുമുന്നിലാണ് പൊലീസ് വെടിയുതിർത്തത് എന്നതാണ് വിവാദംസൃഷ്ടിച്ച ഒരു ‘പുതുമ’. ആറുപേരെ കൊലചെയ്ത കേസിലെ മുസ്തഖീം, നൗഷാദ് എന്നീ പ്രതികളെയാണ് യു.പി പൊലീസ് കൊന്നത്. വെടിയേൽക്കാത്ത വസ്ത്രമണിഞ്ഞ പൊലീസുകാർ അവർക്കുനേരെ തോക്കുചൂണ്ടിനിൽക്കുന്നതും വെടിവെക്കുന്നതും കാണാൻ പത്രപ്രവർത്തകരെയും ചാനൽ ലേഖകരെയും ക്ഷണിക്കുകയായിരുന്നുവത്രെ. എന്നാൽ, പൊലീസിെൻറ ചെയ്തി നിരീക്ഷിക്കാൻ മാധ്യമങ്ങളെ വിളിച്ചുവരുത്തിയില്ലെന്ന് എസ്.പി അജയ് സാഹ്നി വ്യക്തമാക്കിയിട്ടുണ്ട്.
ഏതായാലും മാധ്യമങ്ങൾ ആ ദൃശ്യം പകർത്തി എന്നത് വാസ്തവമാണ്. ഇതുസംബന്ധിച്ച വിവാദം ഏതുദിശയിൽ നടന്നാലും പൊലീസിെൻറ നടപടി ഉയർത്തുന്ന മറ്റു അടിസ്ഥാനവിഷയങ്ങൾ ശ്രദ്ധയർഹിക്കുന്നു. അതാകെട്ട മാധ്യമങ്ങളെ വിളിച്ചുവരുത്തിയെന്ന ആരോപണത്തെക്കാൾ ഗുരുതരവുമാണ്. കൊല്ലപ്പെട്ടവർ കുറ്റവാളികളാണെന്നു വന്നാൽതന്നെ അവരെ നീതിന്യായ പ്രക്രിയക്ക് വിധേയമാക്കുകയാണ് പൊലീസിെൻറ ചുമതല. യു.പി പൊലീസ് നിയമം കൈയിലെടുക്കുന്നതിെൻറയും വ്യാജ ഏറ്റുമുട്ടൽ സംഘടിപ്പിച്ചതിെൻറയും ഒേട്ടറെ സംഭവങ്ങൾ കോടതി നിരീക്ഷണങ്ങളിൽവരെ പരാമർശിക്കപ്പെട്ടിട്ടുണ്ട്. അലീഗഢിൽ പൊലീസ് കൊന്ന യുവാക്കൾ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നുവെന്നും പൊലീസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും ഒാടിച്ചുപോയെന്നും അഞ്ചുകിലോമീറ്ററോളം അവരെ പിന്തുടർന്ന പൊലീസിനുനേരെ വെടിവെച്ചെന്നും ഒടുവിൽ അവർ ഒരു കെട്ടിടത്തിൽ ഒളിച്ചപ്പോൾ വെടിവെക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം, കൊല്ലപ്പെട്ടവരുടെ വീട്ടുകാർ പറയുന്നത്, രണ്ടുപേരെയും ഞായറാഴ്ച തന്നെ ഭൈൻസ്പാദയിലെ വീട്ടിൽനിന്ന് െപാലീസ് പിടിച്ചുകൊണ്ടുപോയിരുന്നു എന്നാണ്. മറ്റൊരു വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണ് ഇതും എന്ന ആരോപണം ശരിവെക്കുന്നതാണ് ഇൗ വാദം.
ഇന്ത്യയിൽ ഏറ്റുമുട്ടൽ കൊലകളുടെ ആസ്ഥാനമാണ് യു.പി ഇന്ന്. യോഗി ആദിത്യനാഥ് അധികാരത്തിൽവന്നശേഷം ആയിരത്തിലേറെ ‘ഏറ്റുമുട്ടലു’കളാണ് നടന്നത്; 67 പേർ കൊല്ലപ്പെട്ടു. ഒന്നരവർഷംകൊണ്ട് ഇത്ര ‘മികച്ച പ്രകടനം’ നടത്തണമെങ്കിൽ നയപരമായ തീരുമാനം അതിനുപിന്നിലുണ്ടാകണം. മനുഷ്യാവകാശ സംഘടനകളും കോടതികളുംവരെ വ്യാജ ഏറ്റുമുട്ടലുകളുടെ പേരിൽ യു.പി സർക്കാറിനെ വിമർശിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ അധികൃതർ നിയമം കൈയിലെടുത്ത് ‘നീതി’ നടപ്പാക്കുകയാണെന്ന് സൂചിപ്പിക്കുന്നതാണ് മുഖ്യമന്ത്രി യോഗി അലീഗഢ് സംഭവത്തിൽ നടത്തിയ പ്രതികരണവും. ‘‘കുറ്റവാളികൾ സാധാരണക്കാരുടെ ജീവന് അപകടമാകുന്ന അവസ്ഥ അനുവദിക്കാനാവില്ല’’ എന്നത്രെ അദ്ദേഹം ന്യായീകരിച്ചത്. കൊല്ലപ്പെട്ടവർ കുറ്റവാളികളാണെന്നും അവരെ ശിക്ഷിക്കേണ്ടത് പൊലീസാണെന്നും അത് ഇങ്ങനെയുമാകും എന്നാണല്ലോ അതിനർഥം. ജുഡീഷ്യറിയും നിയമവുമൊന്നും പ്രശ്നമല്ലെങ്കിലേ ഇൗ ന്യായീകരണം ശരിയാവുകയുള്ളൂ. പൊലീസ്രാജിന് നിയമപരിരക്ഷ നൽകുന്നതാണ് യോഗി സർക്കാർ പാസാക്കിയ സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (2017). ഇന്ന് യു.പിയിൽ, പൊലീസ് പ്രോസിക്യൂട്ടറും ജഡ്ജിയും ആരാച്ചാരുമെല്ലാമായിരിക്കുന്നു. തെൻറ ഭരണത്തിൽ സ്കോർ ‘1200 ഏറ്റുമുട്ടലിൽ 40 കൊലകൾ’ ആയത് തെല്ല് അഭിമാനത്തോടെയാണ് മുഖ്യമന്ത്രി ഇക്കൊല്ലമാദ്യം യു.പി നിയമസഭയിൽ അറിയിച്ചത്. ഏറ്റവും കൊടിയ കുറ്റവാളിപോലും മനുഷ്യാവകാശങ്ങൾക്കും നിയമാനുസൃത നടപടിക്കും അർഹനാണെന്ന അടിസ്ഥാന തത്ത്വം ഉത്തർപ്രദേശിലെ അവസ്ഥ സൂചിപ്പിച്ച് ദേശീയ മനുഷ്യാവകാശ കമീഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യു.പി സർക്കാറിെൻറ അവകാശവാദങ്ങളെ സുപ്രീംകോടതിയടക്കം ചോദ്യംചെയ്തിട്ടുമുണ്ട്.
വ്യാജ ഏറ്റുമുട്ടൽ കൊലകൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്നുണ്ടെന്നത് ലജ്ജാകരമാണ്. ഇതിെൻറപേരിൽ നാം അന്താരാഷ്ട്ര രംഗത്ത് വല്ലാതെ നാണംകെടുന്നുമുണ്ട്. ഏറ്റുമുട്ടൽ കൊലകളടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങളെച്ചൊല്ലി യു.എൻ മനുഷ്യാവകാശ കമീഷണർ ഇന്ത്യയെ തുറന്നുവിമർശിച്ചത് കഴിഞ്ഞ ജൂണിലാണ്. വിവിധ രാജ്യങ്ങളിലെ നിയമവാഴ്ച അളക്കുന്ന ‘വേൾഡ് ജസ്റ്റിസ് പ്രോജക്ട് ഇൻഡെക്സ്’ പ്രകാരം 2017-18 കാലത്ത് 113 രാജ്യങ്ങളുടെ കൂട്ടത്തിൽ നമ്മുടെ സ്ഥാനം 62 ആണത്രെ. ഇന്ത്യ ഇത്ര താഴെയാകാൻ വലിയൊരുകാരണം വ്യാജ ഏറ്റുമുട്ടൽ കൊലകളാണ്. കോടതികളുടെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും നിയമജ്ഞരുടെയും മാത്രമല്ല പൊതുസമൂഹത്തിെൻറയും അടിയന്തര ശ്രദ്ധപതിയേണ്ട രംഗമാണിത്. ആൾക്കൂട്ടക്കൊലകളുടെ ഒൗദ്യോഗിക പതിപ്പുതന്നെയാണല്ലോ വ്യാജ ഏറ്റുമുട്ടൽ കൊലകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.