സഞ്ജയ് ലീല ഭന്‍സാലി സംവിധാനം ചെയ്ത പത്മാവത് സിനിമ നിരോധിക്കണമെന്ന ആവശ്യം വീണ്ടും നിരാകരിച്ച സുപ്രീംകോടതി നിലപാട് ജനാധിപത്യത്തിലും ആവിഷ്കാര സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നവരെ ആഹ്ലാദിപ്പിക്കുന്നതാണ്. ജനുവരി 18ലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്, മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാറുകളും സിനിമക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭങ്ങള്‍ക്കും അക്രമങ്ങള്‍ക്കും നേതൃത്വം നല്കുന്ന രജപുത്ര സംഘടനയായ കര്‍ണി സേനയുമാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ഇവരുടെ ഹരജിയിലെ ആവശ്യം തള്ളിയ കോടതി അതിരൂക്ഷമായ ഭാഷയിലാണ് വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി നിലവിലുണ്ട്. ആ വിധി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ക്രമസമാധാനം ചൂണ്ടിക്കാട്ടി ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ മുന്നോട്ടുവരുന്നത് ശരിയല്ല. ക്രമസമാധാനം നിലനിര്‍ത്തേണ്ട ചുമതല സംസ്ഥാനങ്ങള്‍ക്കാണ്. അത് അവര്‍ നിര്‍വഹിച്ചേ മതിയാവൂ- -ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കി. സംസ്ഥാന സര്ക്കാറുകള്ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട ഹരജിയിലെ ഒമ്പതാം ഖണ്ഡികയിലാണ് ക്രമസമാധാനപ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞിരുന്നത്. അതിരൂക്ഷമായാണ് ഈ ഖണ്ഡികയിലെ പരാമര്‍ശങ്ങളോട് ജസ്റ്റിസ് ചന്ദ്രചൂഡ് പ്രതികരിച്ചത്. എന്താണ് ഈ ഖണ്ഡികയുടെ അര്‍ഥമെന്ന് ഒരു ഘട്ടത്തില്‍ അദ്ദേഹം ചോദിച്ചപ്പോൾ, ആ ഖണ്ഡിക നിലനില്ക്കുന്നില്ല, അത് മറന്നേക്കൂ എന്ന് പറയേണ്ടിവന്നു ഹരജിക്കാരുടെ അഭിഭാഷകന്. ‘‘ഈ ഖണ്ഡിക നിലനില്ക്കുന്നില്ലെങ്കില് നിങ്ങളുടെ ഹരജിതന്നെ നിലനില്ക്കുന്നില്ല’’ എന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് അതിനോട് പ്രതികരിച്ചത്. അതായത്, നാട്ടില്‍ കുഴപ്പങ്ങളുണ്ടാക്കുമെന്ന ചിലയാളുകളുടെ ഭീഷണിക്ക് വിധേയമായി ഭരണഘടന തത്ത്വങ്ങളെയും സര്‍ക്കാറിെൻറ ഉത്തരവാദിത്തങ്ങളെയും മറക്കുന്ന രാഷ്ട്രീയ നേതൃത്വത്തിെൻറ നിലപാടിനെതിരായിട്ടുള്ള അതിശക്തമായ താക്കീതാണ് യഥാര്‍ഥത്തില്‍ സുപ്രീംകോടതി വിധി.
200 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പത്മാവത് എന്ന സിനിമ ഇതിനകം നിരവധി വിവാദങ്ങളിലൂടെയാണ് കടന്നുപോയത്. ഷെഡ്യൂള്‍ പ്രകാരം 2017 ഡിസംബര്‍ ഒന്നിന് പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രം പ്രതിഷേധങ്ങളും നിയമനടപടികളും കടന്നാണ് ഇന്ന് റിലീസ് ചെയ്യപ്പെടുന്നത്. ആദ്യം പത്മാവതി എന്ന് നാമകരണം ചെയ്യപ്പെട്ടിരുന്ന ചിത്രം പത്മാവത് എന്ന് പേരുമാറ്റിയതുപോലും പ്രതിഷേധങ്ങളെ തുടര്‍ന്നും സെന്‍സര്‍ ബോര്‍ഡിെൻറ ഇടപെടലിനും ശേഷമാണ്. നിരവധി ഭേദഗതി നിര്ദേശങ്ങള്ക്കുശേഷം രാജ്യത്തെ പരമോന്നത സെന്‍സര്‍ ബോര്‍ഡായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് 2017 ഡിസംബറില്‍ ചിത്രത്തിന് അനുമതി നല്‍കുകയും ചെയ്തു. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിച്ചുകഴിഞ്ഞാല്‍ ആ ചിത്രം പ്രദര്‍ശിപ്പിക്കുക എന്നത് നിര്‍മാതാക്കളുടെ അവകാശമാണ്. എന്നാൽ, തങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമായ ഭാഗങ്ങളുണ്ടെന്ന് പറഞ്ഞ് രജപുത്ര ജാതിക്കാരുടെ സംഘടനയായ കര്‍ണി സേന ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് പ്രതിഷേധങ്ങള്‍ ഏറെയും നടന്നത്. ഭരണകക്ഷിയായ ബി.ജെ.പിയുടെ പരോക്ഷ പിന്തുണ ഈ പ്രതിഷേധങ്ങള്ക്കുണ്ടായിരുന്നു. അങ്ങനെയാണ് ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള പുനഃപരിശോധന ഹരജിയുമായി രാജസ്ഥാന്, മധ്യപ്രദേശ് സര്‍ക്കാറുകള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. പ്രതിഷേധങ്ങളെ പേടിച്ച് ചിത്രം നിരോധിക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറുകള്‍തന്നെ കോടതിയെ സമീപിക്കുന്നത് വിചിത്രമായ കാര്യമാണ്.
സുപ്രീംകോടതി അര്ഥശങ്കക്കിടയില്ലാതെ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള നിര്‍മാതാക്കളുടെ അവകാശത്തെ ഉയര്‍ത്തിപ്പിടിച്ചെങ്കിലും ‘ജനകീയ കര്‍ഫ്യൂ’വിലൂടെ ചിത്രം തടയുമെന്നാണ് കര്‍ണി സേന പരസ്യമായി പ്രതികരിച്ചിട്ടുള്ളത്. ഇന്നാണ് സിനിമ റിലീസ് ചെയ്യപ്പെടുന്നതെങ്കിലും രണ്ടു ദിവസം മുമ്പുതന്നെ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും തെരുവ് അക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അഹ്മദാബാദില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഇടയുള്ള മള്ട്ടിപ്ലക്സുകള്ക്കുനേരെ വ്യാപക ആക്രമണങ്ങളാണ് നടന്നത്. അക്രമങ്ങളും പ്രതിഷേധങ്ങളും ഇനിയും വ്യാപിക്കാനാണ് സാധ്യത. വലിയ സ്വാധീനമുള്ള സവര്‍ണ ജാതി സംഘടനകളെ പിണക്കാന്‍ ഇഷ്ടമില്ലാത്ത ബി.ജെ.പി സര്‍ക്കാറുകള്‍ ഈ അക്രമങ്ങളെ തടയാന്‍ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതിലും അര്‍ഥമില്ല. ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്ക് ഔദ്യോഗിക പിന്തുണ ലഭിക്കുന്ന സാഹചര്യം നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനുശേഷം ഉത്തരേന്ത്യയില്‍ വ്യാപകമായിട്ടുണ്ട്. പത്മാവതിനെതിരെ കൊലവിളി ഉയര്‍ത്തുന്നവര്‍ക്ക് ആത്മവിശ്വാസം കിട്ടുന്നത് ഈ സാഹചര്യത്തിലാണ്. ആള്‍ക്കൂട്ടവും ജാതിക്കോമരങ്ങളും നിയമം നിര്‍വചിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന കാലത്ത്, ജനാധിപത്യത്തെയും നിയമവാഴ്ചയെയും ഉയരത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ് സുപ്രീംകോടതിയുടെ കഴിഞ്ഞ ദിവസത്തെ വിധി. ആ വിധിയുടെ ആത്മാവ് ഉള്‍ക്കൊണ്ട് സിനിമ പ്രദര്‍ശിപ്പിക്കാനുള്ള സാഹചര്യം എത്രത്തോളം സൃഷ്ടിക്കപ്പെടുമെന്ന് കാത്തിരുന്നുതന്നെ കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.