ചെങ്കോട്ട പ്രസംഗം വെറും വാചാടോപം


77ാം സ്വാതന്ത്ര്യദിനത്തിൽ, രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം കേവല വാഗ്ധോരണികൾക്കപ്പുറം അസംബന്ധങ്ങളുടെയും നിരർഥകമായ അവകാശവാദങ്ങളുടെയും കെട്ടുകാഴ്ച മാത്രമായിരുന്നുവെന്ന് പറയാതെ വയ്യ. കഴിഞ്ഞയാഴ്ച, മണിപ്പൂർ വംശീയാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷം പാർലമെന്റിൽ അവതരിപ്പിച്ച അവിശ്വാസപ്രമേയ ചർച്ചക്ക് നടത്തിയ മറുപടി പ്രസംഗം മറ്റൊരു രീതിയിൽ ആവർത്തിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.

രണ്ട് പ്രസംഗങ്ങളും അടുത്ത വർഷം നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമെന്ന നിലയിലുള്ള ശുദ്ധ രാഷ്ട്രീയ പ്രസ്താവനകൾ മാത്രമായി ഒതുങ്ങി; അടുത്ത തെരഞ്ഞെടുപ്പിൽ ജയിച്ച് മൂന്നാമതും പ്രധാനമന്ത്രിയാകുമെന്നതും രണ്ടിടത്തും കേട്ടു. എല്ലാ അർഥത്തിലും, പ്രതിപക്ഷത്തോടുള്ള പരിഹാസവും പുച്ഛവും മാത്രമായിരുന്നു ചെങ്കോട്ട പ്രസംഗത്തിലും പ്രതിഫലിച്ചത്; ഒപ്പം, യാഥാർഥ്യങ്ങളിൽനിന്ന് അകലെനിന്നുള്ള പൊള്ളയായ അവകാശവാദങ്ങളും. നവസാമൂഹിക മാധ്യമങ്ങളിൽ പലരും കളിയാക്കിയതുപോലെ, ‘ഭായിയോ ബഹനോം’ എന്ന പതിവ് അഭിസംബോധന ‘പരിവാർ ജൻ’ (കുടുംബാംഗങ്ങൾ) എന്നാക്കി മാറ്റിയതു മാത്രമാണ് സ്വാതന്ത്ര്യദിന പ്രഭാഷണത്തിലെ ഏക പുതുമ!

നൂറ് ദിവസം പിന്നിട്ട മണിപ്പൂരിനു പിന്നാലെ, ഹിന്ദുത്വവാദികൾ ഹരിയാനയിലെ നൂഹിൽ അഴിഞ്ഞാടിക്കൊണ്ടിരിക്കുമ്പോഴാണ് മോദി ചെങ്കോട്ടയിലെ കൊത്തളത്തിൽ ദേശീയ പതാക ഉയർത്താനെത്തുന്നത്. എന്നിട്ടും, അങ്ങനെയൊരു ദേശത്തെക്കുറിച്ച് മിണ്ടാൻ അദ്ദേഹം തയാറായില്ല. കലുഷിതമായ മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചുവെന്ന് രേഖപ്പെടുത്താനായി നാല് വാക്കുപറഞ്ഞുവെന്നത് നേരാണ്. പാർലമെന്റിൽ ആവർത്തിച്ചതുപോലെ, രാജ്യം മണിപ്പൂരിനൊപ്പം എന്ന ഐക്യദാർഢ്യ പ്രഖ്യാപനത്തിലൊതുങ്ങി അതും. പതിവുപോലെ, അവിടെ ക്രമസമാധാനം താറുമാറാക്കിയ സംസ്ഥാന സർക്കാറിന് ക്ലീൻ ചിറ്റ് നൽകാനും മോദി മറന്നില്ല. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് വിലക്കയറ്റമാണ്. വിഷയത്തിൽ ഇതുവരെ പാർലമെന്റിൽ പ്രതികരിക്കാൻ പോലും ഭരണപക്ഷം തയാറായിട്ടില്ല. മോദി കഴിഞ്ഞദിവസം സംസാരിച്ചപ്പോഴാകട്ടെ, സർവ പഴിയും ‘ബാഹ്യശക്തികൾ’ക്കാണ്. ഇറക്കുമതി ചെയ്ത വിലക്കയറ്റമാണത്രെ നമ്മുടെ നാട്ടിലേത്; യുക്രെയ്ൻ യുദ്ധവും അനുബന്ധ സംഭവങ്ങളുമൊക്കെയാണ് പ്രധാനമന്ത്രിയുടെ നിരീക്ഷണത്തിൽ വിലക്കയറ്റത്തിന്റെ കാരണം. എത്ര നിരുത്തരവാദിത്തത്തോടെയാണ് അദ്ദേഹം സംസാരിക്കുന്നത്? സാമ്പത്തിക പരിഷ്കരണങ്ങളെന്ന പേരിൽ അദ്ദേഹം നടപ്പിലാക്കിയ പദ്ധതികളുടെ സ്വാഭാവികഫലമാണ് രാജ്യത്തെ പട്ടിണിയിലേക്ക് നയിക്കുന്ന വിലക്കയറ്റവും തൊഴിലില്ലായ്മയുമെന്ന് ഈ മേഖലയിലെ വിദഗ്ധർ നേരത്തേ തന്നെ ശാസ്ത്രീയമായി വിലയിരുത്തിയതാണ്.

നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയിലൂടെയാണ് രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന കാര്യം ഒന്നിലധികം അന്താരാഷ്ട്ര ഏജൻസികൾ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സർക്കാർ മേഖലയിൽപോലും നിയമനങ്ങൾ നടക്കുന്നില്ല. മോദി ഭരണത്തിന്റെ ആദ്യ എട്ടുവർഷങ്ങളിൽ, 22 കോടി സർക്കാർ ജോലി അപേക്ഷകളിൽ ഏഴര ലക്ഷം പേർക്ക് മാത്രമാണ് നിയമനം ലഭിച്ചതെന്ന് പാർലമെന്റ് രേഖകളിലുണ്ട്. പൊതുമേഖലയിൽ, ആയിരം അപേക്ഷകളിൽ മൂന്ന് പേർക്ക് മാത്രമാണ് ജോലി ലഭിക്കുന്നതെന്നർഥം. മാത്രവുമല്ല, നിലവിലെ തസ്തികകളിൽനിന്ന് മൂന്നു പേർ വിരമിക്കുമ്പോൾ ഒരാൾക്ക് മാത്രമാണ് നിയമനം ലഭിക്കുന്നത്. ഇതിനുപുറമെ, രാജ്യത്തെ വലിയൊരു ശതമാനം ആളുകൾ ഭക്ഷ്യപ്രതിസന്ധി അനുഭവിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ഈ പ്രശ്നങ്ങളെ യാഥാർഥ്യബോധത്തോടെ ഉൾക്കൊണ്ട് അവക്ക് കൃത്യമായ പരിഹാരം കാണുന്നതിൽ കേന്ദ്രഭരണകൂടം ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. ഈ പരാജയത്തെ ഹിന്ദുത്വയുടെ വംശീയരാഷ്ട്രീയത്തെ മുൻനിർത്തിയും സ്വതസിദ്ധമായ വാഗ്ധോരണികളിലൂടെയും മറികടക്കാനാണ് മോദിയുടെയും സംഘത്തിന്റെയും ശ്രമം. തന്റെ മൂന്നാമൂഴത്തിൽ രാജ്യം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും ഇപ്പോൾ തറക്കല്ലിട്ട പദ്ധതികളുടെ ഉദ്ഘാടനം താൻ തന്നെ നിർവഹിക്കുമെന്നുമുള്ള ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങളിൽ കേവല അവകാശവാദങ്ങൾ മാത്രമല്ല. 75ാം വയസ്സിലെ രാഷ്ട്രീയ വിരമിക്കൽ സംബന്ധിച്ച് സംഘ്പരിവാറിനുള്ളിൽ നടന്നുകൊണ്ടിരിക്കുന്ന പുതിയ തർക്കങ്ങൾ കൂടി നിഴലിക്കുന്നുണ്ട് അതിൽ. മുമ്പ്, അദ്വാനിയടക്കമുള്ള മുതിർന്ന നേതാക്കൾക്ക് നിർബന്ധിത വിരമിക്കൽ ഏർപ്പെടുത്തിയതിന് സമാനമായൊരു തീരുമാനം പരിവാറിൽനിന്നുണ്ടാവാതിരിക്കാനുള്ള ഒരുമുഴം നീട്ടിയേറായി ഈ പ്രഖ്യാപനങ്ങളെ വായിക്കുന്നവരുണ്ട്.

2028ഓടെ, രാജ്യം സ്വാഭാവികമായിത്തന്നെ മൂന്നാം ശക്തിയാകുമെന്ന് 2012ൽ റിപ്പോർട്ടുകളുണ്ടായിരുന്നു. ലോകരാജ്യങ്ങൾ പൂർണമായും സാമ്പത്തികപ്രതിസന്ധിയിൽ അകപ്പെട്ടപ്പോൾ മൻമോഹനോമിക്സിലൂടെ ഇന്ത്യ പിടിച്ചുനിന്ന വേളകൂടിയായിരുന്നു അത്. ആ സാഹചര്യം നോട്ടു നിരോധനമടക്കമുള്ള മോദിയുടെ ‘സാമ്പത്തിക പരിഷ്കാര’ങ്ങൾ അട്ടിമറിച്ചുവെന്നതാണ് നേര്. ഈ യാഥാർഥ്യങ്ങളെല്ലാം മറച്ചുപിടിച്ച്, ദക്ഷിണ ഭൂഖണ്ഡത്തിലെ വൻശക്തിയും ശബ്ദവുമാണ് ഇന്ത്യയെന്നും കോവിഡ് കാലത്തെ കൃത്യമായി അതിജീവിക്കുന്നതിൽ നാം വിജയിച്ചുവെന്നൊക്കെ പറയുന്നത് ലോകരാജ്യങ്ങൾക്കുമുമ്പിൽ നമ്മെ പരിഹാസ്യരാക്കുകയേയുള്ളൂ. ചുരുക്കത്തിൽ, തീർത്തും പരാജിതനായൊരു ഭരണാധികാരിയുടെ വാചാടോപം മാത്രമായിരുന്നു ചെങ്കോട്ടയിലെ രാഷ്ട്രീയ പ്രസംഗം; ആ പ്രസംഗത്തിലെ ഓരോ വാക്കിലും പ്രതിഫലിക്കുന്നത് നാളെയുടെ പ്രതീക്ഷകളല്ല; രാജ്യം അകപ്പെട്ട പ്രതിസന്ധിതന്നെയാണ്.

Tags:    
News Summary - Narendra Modi Independence day speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.