പാർലമെൻറിനുവേണ്ടി പുതിയൊരു കെട്ടിടം പണിയുന്ന പദ്ധതിയുമായി മുന്നോട്ടുപോവുകയാണ് കേന്ദ്രസർക്കാർ. നിർമാണക്കരാർ 'ടാറ്റ പ്രോജക്ടിന്' നൽകാൻ കഴിഞ്ഞദിവസം തീരുമാനമായി. 2022ൽ, സ്വതന്ത്ര ഇന്ത്യക്ക് 75 വയസ്സു തികയുേമ്പാൾ ലോക്സഭയും രാജ്യസഭയും പുതിയ മന്ദിരത്തിൽ യോഗം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 861 കോടി 90 ലക്ഷം രൂപക്കാണ് നിർമാണക്കരാർ. ഇപ്പോഴുള്ള വൃത്താകാരത്തിലുള്ള കെട്ടിടത്തിനു പകരം, ത്രികോണാകൃതിയിൽ മൂന്നു നിലയുള്ളതായിരിക്കും പുതിയത്. കൊളോണിയൽ കാലഘട്ടത്തിൽ പണിത ഇപ്പോഴത്തെ കെട്ടിടത്തിന് കേടുപാടുകൾ വന്നുതുടങ്ങിയെന്നും ആവശ്യങ്ങൾക്ക് അത് അപര്യാപ്തമാണെന്നും ലോക്സഭ സ്പീക്കർമാർ അടുത്തകാലത്തായി ആവശ്യപ്പെട്ടുവരുന്നുണ്ട്. ഏറ്റവും പുതിയ സാങ്കേതികവിദ്യകളുൾക്കൊള്ളുന്ന ഒരു ആധുനികമന്ദിരം വേണമെന്നുകൂടി അവർ ഊന്നിപ്പറയുന്നു.
ഇതെല്ലാം ന്യായമാണെന്ന് അംഗീകരിക്കുേമ്പാൾതന്നെ, നമ്മുടെ ദേശീയ മുൻഗണനകളെ മുഴുവൻ മാറ്റിയെഴുതേണ്ട സ്ഥിതിയാണ് കോവിഡ് മഹാമാരിയോടെ ഉണ്ടായിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടാതെ വയ്യ. മോടിയും ആധുനികസൗകര്യവും വിസ്താരവുമുള്ള വലിയ കെട്ടിടം ഭാവനയിൽ വന്നകാലത്ത് ഇന്ത്യയുടെ സമ്പദ്ഘടന നല്ല വളർച്ചയിലായിരുന്നു. അന്ന് അത്തരം പരിപാടികൾക്ക് ന്യായീകരണവുമുണ്ടായിരുന്നു.
എന്നാൽ, ഇന്ന് അതല്ല സ്ഥിതി. മൊത്തം ആഭ്യന്തരോൽപാദനം കഴിഞ്ഞ പാദത്തിൽ 24 ശതമാനം ഇടിഞ്ഞത് നമ്മുടെ എല്ലാ ചെലവുകളും പുനഃപരിശോധിക്കാൻ നമ്മെ നിർബന്ധിക്കുന്നുണ്ട്. സാമ്പത്തികമാന്ദ്യത്തിലേക്ക് പതിക്കുന്ന ഒരു രാജ്യത്തിെൻറ ആദ്യ മുൻഗണനയല്ല പാർലമെൻറിന് വിശാലമായ പുതിയ കെട്ടിടം. കെട്ടിടമാറ്റത്തിന് പറയാവുന്ന ന്യായമായ ഒരു കാരണമുണ്ട്. ഇപ്പോഴത്തേതിൽ ഇരിപ്പിടം പോരാതെ വന്നേക്കും എന്നതാണത്. ലോക്സഭ ഹാളിൽ ഇപ്പോൾ പരമാവധി 550 സീറ്റാണ് സൗകര്യപ്പെടുത്താവുന്നത്. 2021ലെ സെൻസസിനു ശേഷം സമ്മതിദായകരുടെ എണ്ണത്തിലെ വർധനക്ക് അനുസരിച്ച് 2026 ലെ ലോക്സഭയിൽ അതിലേറെ അംഗങ്ങളുണ്ടാകാം. ഇപ്പോൾ പണിയാൻ പോകുന്നതിൽ ഇരുസഭകൾക്കും കൂടി 1400 ഇരിപ്പിടങ്ങൾ ഉണ്ടായിരിക്കും. പക്ഷേ, ഇരിപ്പിടങ്ങളുടെ കുറവാണ് പ്രശ്നമെങ്കിൽ, 2026 ൽ വരാൻ സാധ്യതയുള്ള കുറവ് നികത്താൻ 2022ൽ തന്നെ തിടുക്കത്തിൽ നിർമാണം പൂർത്തിയാക്കേണ്ടതില്ലല്ലോ. തന്നെയുമല്ല, പാർലമെൻറ് മന്ദിരത്തിനു പുറമെ ഡൽഹിയിലെ ഒരുപാട് സർക്കാർ കെട്ടിടങ്ങൾ ഒഴിവാക്കാനും പകരം 20,000 കോടി രൂപ ചെലവിൽ പുതിയ കെട്ടിടങ്ങൾ (പ്രധാനമന്ത്രി വസതിയടക്കം) പണിയാനും സർക്കാറിന് ഉദ്ദേശ്യമുണ്ട്. അത്യാവശ്യമല്ലെന്ന നിലക്ക് ഇപ്പോൾ ഇതെല്ലാം ഉപേക്ഷിക്കുന്നതാണ് ഉചിതം.
സാമ്പത്തിക ഞെരുക്കത്തിൽനിന്ന് കരകയറാനും നാട്ടിലെ ജനങ്ങൾക്ക് തൊഴിലും ജീവനോപാധികളും ലഭ്യമാക്കാനും അവരെ പട്ടിണിയിൽനിന്ന് മോചിപ്പിക്കാനും അടിയന്തര നടപടികളെപ്പറ്റി ആലോചിക്കേണ്ട സമയം ഇതാണ്. പണം ജനങ്ങളിലേക്ക് നേരിട്ടെത്തിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. പക്ഷേ, അതിനൊന്നും സർക്കാറിെൻറ പക്കൽ പണമില്ല. എന്തിനേറെ, എം.പിമാരുടെയും മന്ത്രിമാരുടെയും വേതനം വരെ കുറക്കേണ്ട സ്ഥിതിയാണ്. സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്ടപരിഹാരം കൊടുക്കാൻ കേന്ദ്രത്തിെൻറ കൈയിൽ പണമില്ല. ആരോഗ്യമേഖലയിൽ മുതലിറക്കാൻ പണമില്ലാത്തത് കോവിഡ് പ്രതിരോധത്തെ ബാധിച്ചിരിക്കുന്നു. രാജ്യംതന്നെ കടച്ചുഴിയിലാണ്. കർഷകരും യുവജനങ്ങളും ഗ്രാമീണരും ദുരിതത്തിലാണ്. വലിയൊരു വിഭാഗത്തിന് പട്ടിണി നിത്യയാഥാർഥ്യമായിക്കഴിഞ്ഞു. അവർക്കൊന്നും കൊടുക്കാൻ കൈവശമില്ലെന്നു പറയുന്ന പണം പാർലമെൻറ് മന്ദിരമുണ്ടാക്കാൻ എങ്ങനെ ഉണ്ടാകുന്നു? കോവിഡ് പ്രതിസന്ധിയിൽ തകർന്ന അനേകം വ്യവസായങ്ങൾക്കോ, ഉള്ള ജോലി നഷ്ടപ്പെട്ട 50 ലക്ഷം പേർക്കോ, പണ്ടേക്കുപണ്ടേ കടക്കെണിയിലായ ശേഷം ഇപ്പോൾ പാടേ തളരുന്ന കാർഷികമേഖലക്കോ പുനരുജ്ജീവന ഫണ്ടിന് വകയില്ലാത്ത സർക്കാർ 21 മാസംകൊണ്ട് അടിയന്തരമായി കെട്ടിടം പണിത് 862 കോടി ചെലവാക്കുന്നതിലെ ന്യായം എന്താണ്? 2024ലേക്ക് 20,000 കോടി ചെലവിടാൻ പോകുന്നതിെൻറ ന്യായം എന്താണ്?
ജനാധിപത്യമെന്നാൽ പാർലമെൻറ് കെട്ടിടങ്ങളല്ല. പാർലമെൻറിൽ ജനങ്ങളും അവരുടെ പ്രശ്നങ്ങളും എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്നതാണ് അതിെൻറ മർമം. കോവിഡ് പ്രതിസന്ധിയും പണെഞരുക്കവും കെട്ടിട നിർമാണത്തിന് തടസ്സമല്ലെന്ന് നിലപാടെടുത്ത സർക്കാർ തന്നെയാണ്, കോവിഡ് എന്ന കാരണം പറഞ്ഞ് ജനപ്രതിനിധികളുടെ പരമപ്രധാനമായ അവകാശങ്ങളിലൊന്നായ ചോദ്യോത്തരവേള ഒഴിവാക്കിയത്. സർക്കാറിെൻറ പ്രവർത്തനം ജനക്ഷേമപരമോ ജനാധിപത്യപരമോ അല്ലെന്നതിനാൽ ഒരു മന്ത്രിതന്നെ രാജിവെച്ചൊഴിഞ്ഞിരിക്കുന്നു. ജനജീവിതത്തെ സാരമായി ബാധിക്കുന്ന നിയമങ്ങൾ മതിയായ ചർച്ചകൂടാതെ ചുട്ടെടുക്കുന്നു.
പാർലമെൻററി സംവിധാനത്തിെൻറ അവശ്യഘടകമായ പ്രതിപക്ഷത്തിന് അർഹമായ പരിഗണന കൊടുക്കുന്നില്ല. ജി.ഡി.പി തകർച്ച, ചൈനയുടെ കടന്നുകയറ്റം, കോവിഡ് പ്രതിരോധം, ജി.എസ്.ടി വീഴ്ച, കർഷകദുരിതം, നാട്ടിൽ പടരുന്ന വർഗീയ ജ്വരം തുടങ്ങി പാർലമെൻറ് ചർച്ചചെയ്യേണ്ട ജനകീയ പ്രശ്നങ്ങൾ തൊടുകപോലും ചെയ്യാതെ സമ്മേളനങ്ങൾ നടക്കുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ പറയാനും അറിയേണ്ടത് ചോദിക്കാനും മുമ്പുണ്ടായിരുന്ന മാർഗങ്ങൾ ഒന്നൊന്നായി അടയ്ക്കുന്നു. പാർലമെൻറിെൻറ കെട്ടിടമല്ല ഇപ്പോൾ ദ്രവിച്ചു തകരുന്നത്; അതിെൻറ പ്രവർത്തനമാണ്. നന്നാക്കിയെടുക്കേണ്ടത് അതാണ്. ഇപ്പോൾ സമ്പദ്ഘടനയെ കരകയറ്റുന്നതിനും മഹാമാരിയെ അതിജയിക്കുന്നതിനുമാകണം മുൻഗണന. അതിനുപകരം കെട്ടിടം പണിയുന്നത് ജനങ്ങളെയും ജനാധിപത്യത്തെയും പരിഹസിക്കലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.