ആരോഗ്യ മേഖലയിൽ ലോകത്തിനുതന്നെ മാതൃകയായ പല നേട്ടങ്ങളും കൈവരിച്ച ‘കേരള ആരോഗ്യ മോഡലി’ൽ അഭിമാനം കൊള്ളുന്നവരാണ് മലയാളികൾ. ആയുർദൈർഘ്യം മുതൽ മാതൃ-ശിശു മരണനിരക്ക് വരെയുള്ള ഏത് മാനദണ്ഡങ്ങൾ പരിശോധിച്ചാലും ഇതര സംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിലാണ് കേരളമെന്നതിൽ തർക്കമില്ല. ഐക്യകേരള പിറവിക്കുശേഷം, വ്യവസ്ഥാപിതവും ജനകീയവുമായൊരു ആരോഗ്യരംഗം കെട്ടിപ്പടുക്കുന്നതിൽ ഇവിടുത്തെ ഭരണാധികാരികൾ വിജയിച്ചതോടെയാണ് മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഭിന്നമായതും വികസിത രാജ്യങ്ങളോടു കിടപിടിക്കുന്നതുമായ ആരോഗ്യ പരിരക്ഷാരംഗം നമുക്ക് സാധ്യമായത്.
പ്രബുദ്ധമെന്നവകാശപ്പെടാൻ കഴിയുംവിധമുള്ളൊരു മികച്ച മാതൃകതന്നെയായിരുന്നു അത്. എന്നാൽ, ഈ ‘പ്രബുദ്ധത’ക്ക് അടുത്തകാലത്തായി വലിയ തോതിലുള്ള ഇടിവുകൾ തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്നു. ജനകീയാരോഗ്യ മോഡലിന്റെ ഗുണനിലവാരം പലപ്പോഴും അളക്കപ്പെടുന്നത് ത്രിതല ആശുപത്രി സംവിധാനങ്ങളുടെയും മെഡിക്കൽ കോളജുകളുടെയും പ്രവർത്തനക്ഷമതയിലൂടെയാണ്. എന്നാൽ, അശ്രദ്ധയുടെയും അനാസ്ഥയുടെയുമെല്ലാം വിളനിലമായി ഈ സംവിധാനങ്ങൾ മാറിയിരിക്കുന്നുവെന്നാണ് പല സംഭവങ്ങളും തെളിയിക്കുന്നത്. കഴിഞ്ഞദിവസം, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അവയവം മാറി നാലു വയസ്സുകാരി ശസ്ത്രക്രിയക്ക് വിധേയമായ സംഭവത്തെയൊക്കെ അശ്രദ്ധയെന്നോ അനാസ്ഥയെന്നോ വിശേഷിപ്പിച്ചാൽപോലും കുറഞ്ഞുപോവുകയേയുള്ളൂ. അത്രമേൽ, ആരോഗ്യമോഡലിനേറ്റ കളങ്കമായി നമ്മുടെ ചികിത്സ സംവിധാനങ്ങളും അവിടുത്തെ ആരോഗ്യപ്രവർത്തകരും ക്ഷയിച്ചുപോയിരിക്കുന്നു.
ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ വിവാദം കെട്ടടങ്ങും മുമ്പെയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ഗുരുതര ചികിത്സ പിഴവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നാലു വയസ്സുകാരിക്ക് ഇടതു കൈവിരലിലെ ആറാം വിരലിന് പകരം നാവിനാണ് അസോസിയേറ്റ് പ്രഫസറുടെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയ നടത്തിയത്. സംഭവം ശ്രദ്ധയിൽപെട്ട കുട്ടിയുടെ രക്ഷിതാക്കൾ വിവരം അറിയിച്ചപ്പോൾ വിചിത്ര ന്യായം നിരത്തി രക്ഷപ്പെടാനാണ് ഡോക്ടർമാർ ശ്രമിച്ചത്. കുഞ്ഞിന്റെ നാവിന് പ്രശ്നമുണ്ടായിരുന്നുവെന്നും അത് നിസ്സാര ശസ്ത്രക്രിയയിലൂടെ ശരിയാക്കിയെടുക്കുകയാണ് ചെയ്തതെന്നുമാണ് ആദ്യഘട്ടത്തിൽ ഇവർ സ്ഥാപിച്ചെടുക്കാൻ ശ്രമിച്ചത്. പിന്നീട്, നിൽക്കക്കള്ളിയില്ലാതായപ്പോൾ മാത്രമാണ് തെറ്റ് സമ്മതിച്ചതും ക്ഷമാപണം നടത്തി ആവശ്യമായ ശസ്ത്രക്രിയക്ക് അവർ തയാറായതും. പിന്നാലെ, ആരോഗ്യമന്ത്രിയുടെ നിർദേശാനുസരണം അന്വേഷണ ഉത്തരവും സസ്പെൻഷനുമെല്ലാമായി. കേവലമായ ‘ചികിത്സപ്പിഴവ്’ എന്ന കളത്തിൽ ഒതുക്കാവുന്നതല്ല ഈ സംഭവം. തികഞ്ഞ അലംഭാവത്തോടെയും അശ്രദ്ധയോടെയും രോഗിയെ, അതും നാലു വയസ്സ് മാത്രമുള്ളൊരു കുഞ്ഞിനെ, സമീപിച്ചതിന്റെ പ്രശ്നമാണിത്.
ദിവസങ്ങൾക്കു മുമ്പുതന്നെ, ഒ.പിയിൽ ഡോക്ടറെ കാണിച്ച് വിശദമായ പരിശോധനകളെല്ലാം നടത്തിയശേഷം തീരുമാനിച്ച ശസ്ത്രക്രിയയാണിത്. അഥവാ, ആ കുട്ടിയുടെ മെഡിക്കൽ റെക്കോർഡുകളെല്ലാം കൃത്യമായി ഡോക്ടറുടെ പക്കലുണ്ട്. അവയൊന്നും പ്രാഥമിക പരിശോധനപോലും നടത്താതെയാണ് അവയവം മാറി ശസ്ത്രക്രിയ നടത്തിയതെന്ന് വ്യക്തം. പച്ചക്കള്ളം പറഞ്ഞ് ഡോക്ടർ ന്യായീകരിച്ചതുപോലെ കുഞ്ഞിന്റെ നാവിന് പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിൽപോലും, രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ എങ്ങനെയാണ് ഡോക്ടർക്ക് ശസ്ത്രക്രിയ നടത്താനാവുക? ചുരുക്കത്തിൽ, മറ്റുവഴികളില്ലാതായപ്പോൾ മാത്രമാണ് ഡോക്ടറും ആശുപത്രി അധികൃതരും ആരോഗ്യ വകുപ്പുമെല്ലാം തെറ്റ് സമ്മതിക്കുന്നതും നടപടികൾക്ക് തയാറാവുന്നതുമെല്ലാം.
കേവലം, സസ്പെൻഷൻ പോലുള്ള നടപടികളിലൂടെ പരിഹരിക്കാവുന്ന പ്രശ്നമായി ഇതിനെ ലഘൂകരിക്കാനാവില്ല. അടിയന്തരമായ ചികിത്സ ആവശ്യമുള്ള ഗുരുതര രോഗമായി ഈ അനാസ്ഥയും അശ്രദ്ധയും മാറിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഇത്തരം പിഴവുകളുടെ ഹബ്ബായി മാറിയിട്ടുണ്ട്. പ്രസവശസ്ത്രക്രിയക്കിടെ, വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന എന്ന യുവതിയുടെ ദുരിതകഥകൾ തുടങ്ങുന്നത് ഇതേ ആശുപത്രിയിൽനിന്നാണ്. വിഷയത്തിൽ കുറ്റക്കാരായ ഡോക്ടർമാരെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ആരോഗ്യ വകുപ്പിന്. പിന്നീട്, ഐ.സി.യുവിൽ പീഡനത്തിന് ഇരയായ രോഗിയോടും അധികാരികൾ കാണിച്ചത് വലിയ ക്രൂരതയായിരുന്നു. അതിജീവിതക്കൊപ്പം നിലയുറപ്പിച്ച ആരോഗ്യ പ്രവർത്തകയെയും അവർ ദ്രോഹിച്ചുകൊണ്ടിരിക്കുന്നു. അഥവാ, തുടർച്ചയായി പിഴവുകൾ സംഭവിക്കുമ്പോഴും ആരോഗ്യ വകുപ്പ് ഇരകൾക്കൊപ്പമല്ല, വേട്ടക്കാർക്കൊപ്പമാണ് നിലയുറപ്പിക്കുന്നത്.
ഇത് പൊതുജനാരോഗ്യ സംവിധാനങ്ങളുടെ വിശ്വാസ്യതയെ തകർക്കുമെന്ന് അധികൃതർ മനസ്സിലാക്കേണ്ടിയിരിക്കുന്നു. സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ളവർ പ്രധാനമായും ആശ്രയിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളാണിവ. അവിടം, അശ്രദ്ധയുടെയും അനാസ്ഥയുടെയും താവളങ്ങളാകുമ്പോൾ അപകടത്തിലാകുന്നത് സാധാരണക്കാരുടെ ജീവൻതന്നെയാണെന്ന് ഇനിയെങ്കിലും ഭരണകൂടം തിരിച്ചറിയണം. സർക്കാർ ആശുപത്രിയിലാണ് ഈ അത്യാഹിതം സംഭവിച്ചത് എന്നതിനാൽ ഇത് വാർത്തയാവുകയും നടപടിയുണ്ടാവുകയും ചെയ്തു. സമാനവും ഇതിലേറെ ഗുരുതരവുമായ എത്രയോ സംഭവങ്ങൾ സ്വകാര്യ ആശുപത്രികളിലും നടക്കുന്നുണ്ട്. അവ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുപോലുമില്ല എന്നതാണ് സത്യം. ആരെങ്കിലും ഇക്കാര്യം ചോദ്യം ചെയ്താൽ, പുതിയ ആശുപത്രി സംരക്ഷണ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് അവരെ പൂട്ടുകയും ചെയ്യും. ഇതും ആരോഗ്യ മേഖലയിലെ മറ്റൊരു പ്രതിസന്ധിയായി നിലനിൽക്കുന്നു. ചുരുക്കത്തിൽ, രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന സമഗ്രമായ നിയമനിർമാണമാണ് ഇത്തരം മഹാരോഗങ്ങൾക്കുള്ള പരിഹാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.