വെളിപ്പെടുത്താനാവാത്ത സുരക്ഷാകാരണങ്ങളുടെ മറവിൽ മീഡിയവൺ വാർത്താചാനലിന്റെ അപ് ലിങ്ക്-ഡൗൺ ലിങ്ക് ലൈസൻസ് റദ്ദാക്കിയ മോദി സർക്കാർ തൊട്ടുപിറകെ ഏതു മാധ്യമസ്ഥാപനത്തെയും മാധ്യമ പ്രവർത്തകനെയും വിലക്കാനുള്ള അധികാരങ്ങളോടെ അക്രഡിറ്റേഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി. രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, ഐക്യം, ക്രമസമാധാനം, അന്തസ്സ്, ധാർമികത, മറ്റു രാജ്യങ്ങളുമായുള്ള സൗഹാർദം എന്നിവക്ക് നിരക്കാത്ത പ്രവർത്തനത്തിലേർപ്പെട്ടതായി കാണുന്നപക്ഷം സർക്കാർ അംഗീകാരം അഥവാ അക്രഡിറ്റേഷൻ സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ ഇനിമേൽ സർക്കാറിന് അധികാരമുണ്ടായിരിക്കുമെന്ന് കേന്ദ്ര വാർത്ത വിതരണ-പ്രക്ഷേപണ മന്ത്രാലയം രണ്ടു ദിവസം മുമ്പ് പുതുക്കിയ മാർഗരേഖയിൽ വ്യക്തമാക്കുന്നു.
കോടതിയലക്ഷ്യം, അപകീർത്തി, കുറ്റകൃത്യ പ്രേരണ, കടുത്ത ശിക്ഷ കിട്ടാവുന്ന കേസ് എന്നീ കാരണങ്ങളാലും അക്രഡിറ്റേഷൻ റദ്ദാക്കാം. മാധ്യമപ്രവർത്തകരോ, അവർ പ്രതിനിധാനം ചെയ്യുന്ന മാധ്യമസ്ഥാപനങ്ങളോ തെറ്റായ വിവരമോ രേഖകളോ നൽകിയാലും അക്രഡിറ്റേഷൻ നഷ്ടപ്പെടും. പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ അധ്യക്ഷനായി ഐ.ബി മന്ത്രാലയം കേന്ദ്ര മീഡിയ അക്രഡിറ്റേഷൻ കമ്മിറ്റി രൂപവത്കരിക്കും. സർക്കാർ നാമനിർദേശം ചെയ്യുന്ന 25 പേർ ഉൾക്കൊള്ളുന്ന കമ്മിറ്റിയാണ് അക്രഡിറ്റേഷൻ റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുക.
നിഷ്പക്ഷമായ വാർത്തയും തുറന്ന അഭിപ്രായവും നിയന്ത്രിക്കുന്നതിനോടൊപ്പം മാധ്യമപ്രവർത്തകർക്കു മൂക്കുകയറിടാനും അവരെ സർക്കാറിന്റെ ഇംഗിതങ്ങൾക്ക് വിധേയരാക്കാനുമാണ് പുതിയ നിയന്ത്രണങ്ങളെന്ന് നാഷനൽ അലയൻസ് ഓഫ് ജേണലിസ്റ്റ്സ് പ്രസിഡന്റ് എസ്.കെ. പാന്ഥെ, ഡൽഹി യൂനിയൻ ഓഫ് ജേണലിസ്റ്റ്സ് ജനറൽ സെക്രട്ടറി സുജാത മഥോക് എന്നിവർ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയത് തീർത്തും ശരിയാണ്. ഭരണഘടന അനുവദിക്കുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ അനുപേക്ഷ്യ ഘടകമായ മാധ്യമസ്വാതന്ത്ര്യത്തെ ഫലത്തിൽ ഞെക്കിക്കൊല്ലുന്നതാണ് ലേഖകരുടെ അക്രഡിറ്റേഷൻ സർക്കാറിന്റെ തന്നിഷ്ടത്തിന് വിധേയമാക്കാനുള്ള നീക്കമെന്ന് വ്യക്തം. സർക്കാർ നിയമിക്കുന്ന 25 അംഗ അക്രഡിറ്റേഷൻ സമിതി മറ്റെല്ലാ സർക്കാർ സമിതിയുമെന്നപോലെ ആർ.എസ്.എസ് സഹയാത്രികരുടെ സങ്കേതമാവുക സ്വാഭാവികം മാത്രമാണ്. സംഘ്പരിവാറിന് അഹിതകരമായ മാധ്യമ സ്ഥാപനത്തിന്റെയോ സ്വതന്ത്ര സ്വഭാവമുള്ള മറ്റേതെങ്കിലും ഏജൻസിയുടെയോ ഒരംഗവും നിർദിഷ്ട അക്രഡിറ്റേഷൻ സമിതിയിൽ കടന്നുവരാൻ ഒരു സാധ്യതയും ഇന്നത്തെ സാഹചര്യത്തിലില്ല.
പുറമെ അക്രഡിറ്റേഷൻ നിഷേധിക്കാൻ എണ്ണിപ്പറഞ്ഞ കാരണങ്ങളൊന്നും സുതാര്യവുമല്ല. രാജ്യസുരക്ഷ, പരമാധികാരം, ഐക്യം, ക്രമസമാധാനം, അന്തസ്സ്, ധാർമികത, മറ്റു രാജ്യങ്ങളുമായുള്ള സൗഹൃദം എന്നീ കാര്യങ്ങൾക്ക് നിരക്കാത്ത പ്രവർത്തനം പൊറുപ്പിക്കാനാവിെല്ലന്നേ ആരും പറയൂ. ഇതൊന്നും ഒരു പരമാധികാര രാജ്യത്തിനും അംഗീകരിക്കാനാവില്ലല്ലോ. പക്ഷേ, ഏതെങ്കിലും പ്രവർത്തനം രാജ്യദ്രോഹപരമോ രാജ്യതാൽപര്യങ്ങൾക്ക് ദോഷകരമോ ആണെന്ന് ആരു തീരുമാനിക്കും, ഏതു മാനദണ്ഡ പ്രകാരം തീരുമാനിക്കും എന്നതാണ് മർമപ്രധാനം.
അക്കാര്യത്തിലുള്ള അവസാനവാക്ക് സർക്കാറിനാണെന്നു വരുകയും ഇപ്പോൾ മീഡിയവൺ ലൈസൻസ് റദാക്കിയ നടപടിയിൽ കണ്ടപോലെ അത് വെളിപ്പെടുത്താൻ സർക്കാർ ബാധ്യസ്ഥമല്ലെന്ന് വരുകയും ചെയ്യുമ്പോൾ കുറ്റാരോപിതർക്ക് പ്രാഥമിക നീതിപോലും നിഷേധിക്കപ്പെടുകയാണ് സംഭവിക്കുന്നത്. ഉദാഹരണത്തിന് ആംനസ്റ്റി ഇന്റർനാഷനൽ പോലുള്ള ആഗോള മനുഷ്യാവകാശ ഏജൻസികൾ നിരന്തരം ചൂണ്ടിക്കാട്ടുന്ന മനുഷ്യാവകാശ ലംഘനങ്ങളും കുട്ടികളുടെ പോലും കൂട്ടക്കൊലകളും നടത്തിവരുന്ന ചട്ടമ്പി രാഷ്ട്രമാണ് ഇസ്രായേൽ. അതു പക്ഷേ, ഇന്ത്യയുടെ ഉറ്റ സുഹൃദ് രാജ്യമാണ്. ഈ രാജ്യത്തിനെതിരെ വാർത്തകൾ നൽകുന്ന പത്രപ്രവർത്തകന് മേലിൽ അക്രഡിറ്റേഷൻ ലഭിക്കാൻ പോവുന്നില്ലെന്നുറപ്പ്!
ഏറെപ്പറയേണ്ടതില്ല. 1975ൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥക്കെതിരെ ഇന്നും നിരന്തരം ബഹളംവെക്കുന്ന പാർട്ടിയാണ് ബി.ജെ.പി. പക്ഷേ, അടിയന്തരാവസ്ഥയിലെ മാധ്യമനിയന്ത്രണങ്ങളേക്കാൾ മാരകവും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമാണ് മാധ്യമങ്ങളെയും മാധ്യമസ്ഥാപനങ്ങളേയും ശ്വാസംമുട്ടിച്ചു കൊല്ലുന്ന മോദി സർക്കാറിന്റെ നടപടികൾ.
സർക്കാർ റാൻമൂളി മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും മാത്രം പൊറുപ്പിക്കുന്ന ഏകാധിപത്യ സമഗ്രാധിപത്യ രാജ്യങ്ങളുടെ ഗണത്തിലേക്ക് മഹത്തായ ഇന്ത്യൻ ജനാധിപത്യ റിപ്പബ്ലിക്കിനെ ബലപ്രയോഗത്തിലൂടെ തെളിക്കുന്ന ഫാഷിസത്തിനെതിരെ സ്വാതേന്ത്ര്യച്ഛുക്കളായ മുഴുവൻ ജനങ്ങളും പൊരുതേണ്ട നിർണായക നിമിഷങ്ങളാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.