സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ശക്തമായ ജനാധിപത്യാവകാശമാണ് വിവരാവകാശം. 2005ലെ വിവരാവകാശനിയമം (ആർ.ടി.െഎ ആക്ട്) പൗരെൻറ കൈയിൽ കിട്ടിയ മികച്ച ആയുധം തന്നെയായി. തുടക്കം മുതലേ അതിനെ ദുർബലപ്പെടുത്താൻ സർക്കാറുകളും ബ്യൂറോക്രസിയും ശ്രമിച്ചുവന്നിട്ടുണ്ടെങ്കിലും എതിർപ്പുമൂലം അതൊന്നും നടന്നില്ല. എന്നാലിപ്പോൾ വളരെയൊന്നും പരസ്യപ്പെടുത്താതെ നിയമനിർമാണപ്പട്ടികയിലേക്ക് ആർ.ടി.െഎ ഭേദഗതി ഒളിച്ചുകടത്തുകവഴി നരേന്ദ്ര മേദി സർക്കാർ തങ്ങളുടെ കപടമുഖം വെളിപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ഭരണരംഗത്തെ സുതാര്യതയും അഴിമതി രാഹിത്യവും വാഗ്ദാനം ചെയ്ത് ഭരണത്തിലെത്തിയവരാണ് ബി.ജെ.പി. എന്നാൽ, ഏറ്റവും വിപുലമായും ആഴത്തിലും ഭരണസുതാര്യത ഉറപ്പുവരുത്താൻ പോന്ന ആർ.ടി.െഎ നിയമത്തിൽ വെള്ളം ചേർക്കുന്നതിലൂടെ തങ്ങളുടെ അഴിമതി വിരോധവും സുതാര്യതാവാദവും പൊള്ളയാണെന്ന് അവർ തെളിയിച്ചു. കടുത്ത എതിർപ്പുകാരണം നിയമഭേദഗതി തൽക്കാലത്തേക്ക് മാറ്റിവെച്ചിട്ടുണ്ടെങ്കിലും അതവർ ഉപേക്ഷിച്ചിട്ടില്ല. നിയമനിർമാണങ്ങൾ മുൻകൂർ കൂടിയാലോചനക്ക് വെക്കണമെന്ന കീഴ്വഴക്കം ലംഘിച്ചുകൊണ്ടാണ് ആർ.ടി.െഎ ഭേദഗതി പാർലമെൻറിെൻറ വർഷകാല സമ്മേളനത്തിെൻറ കാര്യപരിപാടിയിൽ ഒറ്റവരിയായി ചേർത്തത്. നിയമഭേദഗതി നിർദേശം 30 ദിവസം മുേമ്പ പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയിൽ കൊണ്ടുവരേണ്ടതായിരുന്നു. അതൊന്നും ചെയ്യാതെ, സഭയുടെ കാര്യപരിപാടിയിൽ ഒളിച്ചു ചേർത്തതുതന്നെ സുതാര്യതയുടെ നിരാസമായി. ഇതിനുമുമ്പും ബി.ജെ.പി ആർ.ടി.െഎയുടെ മുനയൊടിക്കാൻ ശ്രമിച്ചതാണ്. കഴിഞ്ഞ വർഷം കൊണ്ടുവന്ന നിയമഭേദഗതി, നിയമാനുസൃത അപ്പീലിനുള്ള ഉപാധികൾ കർക്കശമാക്കുന്നതും അപേക്ഷ പിൻവലിക്കാൻ പഴുത് ചേർക്കുന്നതുമായിരുന്നു. ഇതു പാസായിരുന്നെങ്കിൽ ആർ.ടി.െഎ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും വിവരാവകാശ അപേക്ഷകൾ പിൻവലിപ്പിക്കാൻ കഴിയുമായിരുന്നു. പൊതുജനങ്ങളും ആക്ടിവിസ്റ്റുകളും പ്രതിപക്ഷ പാർട്ടികളും എതിർത്തതിനാൽ മാറ്റിവെച്ചതാണ് ആ ഭേദഗതി. ഇപ്പോഴിതാ വിവരാവകാശ കമീഷണർമാരെ വരുതിയിലാക്കാനുള്ള മറ്റൊരു ഗൂഢതന്ത്രവുമായി സർക്കാർ എത്തിയിരിക്കുന്നു.
വിവരാവകാശ കമീഷണർമാരുടെ സേവന കാലാവധിയും ശമ്പളവും സംബന്ധിച്ച വ്യവസ്ഥകൾ മാറ്റാനുദ്ദേശിച്ചുള്ളതാണ് നിർദിഷ്ട ഭേദഗതി. വേതനവും ആനുകൂല്യങ്ങളും മറ്റും കേന്ദ്ര സർക്കാറിെൻറ തീരുമാനങ്ങൾക്ക് വിധേയമാക്കുന്നതാണത്. നിലവിലെ വ്യവസ്ഥപ്രകാരം കമീഷണർമാരുടെ ഒൗദ്യോഗിക കാലാവധിക്കും ശമ്പളം, ബത്ത തുടങ്ങിയവക്കും നിയമത്തിെൻറ സംരക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നാൽ, ഇവയെല്ലാം കേന്ദ്ര സർക്കാറിെൻറ ഇഷ്ടത്തിന് വിട്ടുകൊടുക്കുന്ന ഭേദഗതി ഫലത്തിൽ വിവരാവകാശത്തിെൻറ അന്ത്യം കുറിക്കും. ഭേദഗതിക്ക് ന്യായീകരണമായി, വിവരാവകാശ കമീഷണർമാരുടെയും തെരഞ്ഞെടുപ്പു കമീഷണർമാരുടെയും ഭരണഘടനാപരമായ പദവികൾ തമ്മിൽ വ്യത്യാസമുണ്ടെന്ന വ്യാഖ്യാനവും ഇറക്കിയിരിക്കുന്നു. ഇത്തരം വാദക്കസർത്തുകളുടെ ബാലിശത നിയമജ്ഞർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല, വിവരാവകാശം ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഭരണഘടനയുടെ 19(1) (എ) വകുപ്പിെൻറ പരിധിയിൽ ഉൾപ്പെടുന്നതാണ് വിവരാവകാശം. അതിനുപുറമെ, ഇന്ത്യ ഒപ്പുവെച്ചിട്ടുള്ള സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനമനുസരിച്ച് അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും വാസ്തവത്തിൽ ‘ഏതു മാധ്യമങ്ങളിലൂടെയും വിവരങ്ങളും ആശയങ്ങളും തേടാനുള്ള സ്വാതന്ത്ര്യം’ ഉൾക്കൊള്ളുന്നുമുണ്ട്. വാസ്തവത്തിൽ നിയമപരവും ഭരണഘടനാപരവുമായ എല്ലാ വിശദാംശങ്ങളും നിഷ്കൃഷ്ടമായി ചർച്ച ചെയ്ത ശേഷമാണ് 2005ൽ ആർ.ടി.െഎ നിയമം പാർലമെൻറ് പാസാക്കിയത് എന്നിരിക്കെ കുറേ വ്യാജവാദങ്ങൾ വലിച്ചുകൊണ്ടുവന്ന് ആ നിയമത്തെ അട്ടിമറിക്കുന്നത് അനാവശ്യവും ദുരുപദിഷ്ടവുമാണ്. ഇൗ നീക്കത്തെ പരാജയപ്പെടുത്തേണ്ടത് ജനാധിപത്യത്തിലും പൗരാവകാശത്തിലും വിശ്വസിക്കുന്നവരുടെ കടമയാണ്. സർക്കാർ ഇൗ ദുഷ്ടനീക്കത്തിൽ വിജയിച്ചാൽ അതോടെ വിവരാവകാശ കമീഷണർമാരുടെ സ്വതന്ത്ര പദവി ഇല്ലാതാകും. അവരെ നിയമിക്കാനും സ്ഥലം മാറ്റാനും ഒഴിവാക്കാനും അവരുടെ വേതനം തീരുമാനിക്കാനും സർക്കാറിന് അധികാരം കിട്ടുന്നതോടെ വിവരാവകാശം ജീവനില്ലാത്ത അക്ഷരങ്ങൾ മാത്രമാകും. ആർ.ടി.െഎ ഭേദഗതി കൊണ്ടുവന്ന രീതിയും അതുകൊണ്ടു ലക്ഷ്യമിടുന്ന കാര്യങ്ങളും ഒരിക്കൽകൂടി തെളിയിക്കുന്നത്, ബി.ജെ.പിയുടെ അഴിമതിവിരോധവും സുതാര്യതാവാദവും അധരവ്യായാമം മാത്രമാണെന്നാണ്. വലിയ കുംഭകോണങ്ങൾ പുറത്തുകൊണ്ടുവരാനും ഭരണരംഗത്തെ അഴിമതി കുറച്ചെങ്കിലും കുറക്കാനും ആർ.ടി.െഎ ഉപയുക്തമായിട്ടുണ്ട്.
അതേസമയം, ബി.ജെ.പിയുടെ ഭരണത്തിൽ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത് പല രീതിയിൽ തടയപ്പെട്ടുകൊണ്ടിരിക്കുന്നു. നോട്ടുനിരോധനത്തിെൻറ എല്ലാ വശങ്ങളും പൊതുജനങ്ങളിൽനിന്ന് മറച്ചുപിടിക്കാൻ കഴിഞ്ഞത് ഉദാഹരണം. ലോക്പാൽ ബില്ലും വിസിൽ ബ്ലോവർ സംരക്ഷണ നിയമവും പരാതിപരിഹാര നിയമവുമെല്ലാം വെച്ചു താമസിപ്പിക്കുന്നതും സർക്കാറിെൻറ സദുദ്ദേശ്യമല്ലല്ലോ തെളിയിക്കുന്നത്. തൽക്കാലം പാർലമെൻറിൽ ആർ.ടി.െഎ ഭേദഗതി അവതരിപ്പിച്ചിട്ടില്ലെന്നത് ശരി. ഇത്ര പോരാ, ഇൗ നീക്കം ഉപേക്ഷിക്കുകതന്നെ വേണം. അറിയാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കേണ്ടത് അന്തിമമായി ജനങ്ങൾ തന്നെയാണ്. ‘നിതാന്ത ജാഗ്രതയാണ് സ്വാതന്ത്ര്യത്തിന് നൽകേണ്ട വില’ എന്നത് ആർ.ടി.െഎ ഭേദഗതി വിഷയത്തിൽ സംഗതമാണ്. ഭേദഗതി ഉപേക്ഷിക്കാൻ സർക്കാറിൽ സമ്മർദം ചെലുത്തണം. എം.പി.മാർക്കും സർക്കാറിനും മുമ്പാകെ ഇതു സംബന്ധിച്ച ആവശ്യമുന്നയിക്കണം. ഇവക്കു പുറമെ ആർ.ടി.െഎ കൂടുതൽ പ്രയോജനപ്പെടുത്താൻ ജനങ്ങൾ മുന്നോട്ടുവരുകകൂടി വേണം. സർക്കാർ ഭാഗത്തുനിന്നുള്ള നിസ്സംഗതകൊണ്ടായാലും അല്ലെങ്കിലും, വിവരാവകാശ അപേക്ഷകൾ കുറഞ്ഞുവരുന്നതായി കണക്കുകൾ പറയുന്നു. 2015-16 വർഷം സമർപ്പിച്ച അപേക്ഷകളിൽ ആറു ശതമാനം കുറവാണ് 2016-17ൽ സമർപ്പിക്കപ്പെട്ടത്. അവകാശമുണ്ടായാൽ േപാരാ, അത് ഉപയോഗപ്പെടുത്തുകകൂടി വേണം. കാരണം വിവരാവകാശം വോട്ടവകാശത്തേക്കാൾ വിലപ്പെട്ടതാണ്. അത് നഷ്ടെപ്പട്ടുകൂടാ- നഷ് ടപ്പെടുത്തിക്കൂടാ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.