അമേരിക്കൻ തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിക്കുകയും ജനുവരിയിൽ 47ാമത് പ്രസിഡൻറായി സ്ഥാനമേൽക്കാൻ അരങ്ങൊരുങ്ങുകയും ചെയ്തിരിക്കുന്നു. ട്രംപ് ഭക്തരായ വലതു തീവ്രവാദികൾക്കൊഴികെ ലോകമെങ്ങുമുള്ള ജനസമൂഹങ്ങൾക്ക് ഇത് ആഗ്രഹസാഫല്യമാണ്. വിദ്വേഷരാഷ്ട്രീയവും കോമാളിത്തവുംകൊണ്ട് ഭരണപരാജയം മൂടിവെക്കാൻ റിപ്പബ്ലിക്കൻപാർട്ടിയും ഡോണൾഡ് ട്രംപും നടത്തിയ ശ്രമങ്ങൾ യു.എസ് ജനങ്ങൾക്കു മുന്നിൽ വിലപ്പോയില്ല.
ഇലക്ടറൽ കോളജ് വോട്ടുകളിൽ മേധാവിത്തം സ്ഥാപിക്കുന്നതിന് വളരെ മുേമ്പ ജനകീയ വോട്ടുകളിൽ റെക്കോഡ് ഭൂരിപക്ഷം നേടി ബൈഡൻ അമേരിക്കൻ ജനതയുടെ പിന്തുണ തെളിയിച്ചുകഴിഞ്ഞിരുന്നെങ്കിലും പരിഹാസ്യമായ എതിർന്യായങ്ങളുമായി ട്രംപ് യാഥാർഥ്യത്തിനു പുറംതിരിഞ്ഞുതന്നെ നിന്നു. കോടതിയെ സമീപിക്കുമെന്നാണ് ഇതെഴുതുേമ്പാഴും അദ്ദേഹത്തിെൻറ നിലപാട്. അതേസമയം, ട്രംപിെൻറ തോൽവിക്കു കാരണമായ ഘടകങ്ങൾ തിരിച്ചറിഞ്ഞതായി ജോ ബൈഡൻ നൽകുന്ന സൂചന ശുഭകരമാണ്. ശത്രുതയുടെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയം ജനങ്ങൾക്ക് മടുത്തുകഴിഞ്ഞെന്ന് മനസ്സിലാക്കിത്തന്നെയാണ്, തനിക്കെതിരായി വോട്ടുചെയ്തവരടക്കം എല്ലാ അമേരിക്കക്കാരുടെയും പ്രസിഡൻറായിരിക്കും താനെന്ന് അദ്ദേഹം ആദ്യമേ പറഞ്ഞുവെച്ചിരിക്കുന്നത്.
സംഘർഷത്തിെൻറ ജ്വാലകൾ ഊതിക്കത്തിക്കുകയല്ല, പ്രശ്നങ്ങൾ പരിഹരിക്കുകയും നീതി ഉറപ്പുവരുത്തുകയും എല്ലാവർക്കും ന്യായമായ അവസരങ്ങൾ നൽകുകയും ചെയ്യുകയാണ് തെൻറ ചുമതലയെന്ന് പറയുേമ്പാൾ, ട്രംപിൽ ലോകം തിരിച്ചറിഞ്ഞ വീഴ്ചകളെത്തന്നെയാണ് അദ്ദേഹം തള്ളിപ്പറയുന്നത്. മാനസിക വളർച്ചയെത്താത്ത കുറുമ്പെൻറ കൈയിൽനിന്ന് അമേരിക്കയുടെ ഭാഗധേയം പക്വതയുള്ള കാരണവരുടെ കൈയിലേക്കു മാറിയ ആശ്വാസത്തിലാണ് ആ രാജ്യവും ലോകസമൂഹവും. വല്ലായ്മയും ഇല്ലായ്മയുമൊക്കെ അനുഭവിച്ചറിഞ്ഞയാളെന്ന നിലക്ക് ജോ ബൈഡന് ട്രംപിനെക്കാൾ നന്നായി ജനങ്ങളെ മനസ്സിലാക്കാൻ കഴിയും. നാലു വർഷം വൈറ്റ് ഹൗസിലിരുന്നിട്ടും ട്രംപിന് ഭരണം തനിക്കു പരിചയമുള്ള റിയാലിറ്റി ഷോക്കപ്പുറം എന്തെങ്കിലുമാണെന്ന് തോന്നിയിട്ടില്ല. ഗോൾഫ് കളിയും ട്വീറ്റുകളും നുണകളുമാണ് തെൻറ പൈതൃകമായി അദ്ദേഹം വിട്ടേച്ചുപോകുന്നത്.
ഡോണൾഡ് ട്രംപല്ല എന്ന ഒറ്റ ഗുണം മതിയായിരുന്നു ബൈഡന് ജയിക്കാൻ. ഡെമോക്രാറ്റ് കക്ഷിക്കാരനെന്ന നിലക്ക് താരതമ്യേന ജനപക്ഷ രാഷ്ട്രീയം കൂടുതൽ അറിയുന്നയാളാണ് അദ്ദേഹം. ട്രംപിെൻറ വംശീയ മുൻവിധികളെയും വെള്ള വർണവെറിയെയും വിദ്വേഷരാഷ്ട്രീയത്തെയും തള്ളിപ്പറയാൻ അദ്ദേഹത്തിന് എളുപ്പം കഴിയണം. കുടിയേറ്റ ജനതയെ അപരവത്കരിക്കുന്ന രീതിയോടും അദ്ദേഹം യോജിക്കുന്നില്ല. എന്നാൽ, ഒരു ജനസമൂഹമെന്ന നിലക്ക് അമേരിക്കയെ പതിറ്റാണ്ടുകളായി കീഴ്പ്പെടുത്തിയ ചില അന്യായ നിലപാടുകളിൽനിന്ന് അദ്ദേഹവും മുക്തനല്ലതാനും.
മൃദുസയണിസമെങ്കിലും ഇല്ലാതിരുന്നാൽ ഇന്ന് യു.എസ് രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കുക എളുപ്പമല്ലല്ലോ. ബൈഡനെക്കാൾ നീതിയുക്തവും വിശാലവുമായ നിലപാടുള്ള ബെർണി സാൻഡേഴ്സിനെ പൊതുരാഷ്ട്രീയത്തിൽനിന്ന് പുറന്തള്ളിയത് ഡെമോക്രാറ്റ് കക്ഷിതന്നെയാണ്. ബൈഡനാകട്ടെ, സയണിസ്റ്റെന്ന് സ്വയം പ്രഖ്യാപിച്ചയാളാണ്. വംശവെറിക്കും സ്ത്രീവിരുദ്ധതക്കും വിമർശനം ഏറ്റുവാങ്ങിയയാളാണ്. ഇസ്രായേലിനെ ആയുധമണിയിക്കാൻ മടിതോന്നാതിരുന്ന ഒബാമ ഏതു രാഷ്ട്രീയ കാലാവസ്ഥയുടെ സൃഷ്ടിയാണോ അതുതന്നെയാണ് ബൈഡനെയും സൃഷ്ടിച്ചത്. ഇറാഖ് യുദ്ധത്തെ തുടക്കത്തിലെങ്കിലും എതിർത്തയാളായിരുന്നു ട്രംപെങ്കിൽ, ജോ ബൈഡൻ അതിനെ പിന്തുണച്ചയാളാണ്. 1970കളിൽ സെനറ്റിലെ തുടക്കക്കാരനായിരിക്കെ വെള്ളവംശീയത തുടിക്കുന്ന നിലപാടെടുത്തിരുന്നു. യു.എസിൽ (ഇേപ്പാൾ ഇന്ത്യയിലും) ഒഴിവാക്കാൻ പറ്റാത്ത കോർപറേറ്റ് വിധേയ രാഷ്ട്രീയത്തിൽനിന്ന് ബൈഡനും മുക്തനല്ല; ഒരു പക്ഷേ, ട്രംപിനെക്കാൾ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരാണ് കുറെ കോർപറേറ്റുകൾ.
എന്നാലും ട്രംപല്ല ബൈഡൻ എന്നതു മതി തൽക്കാലമെങ്കിലും വൈറ്റ് ഹൗസിലെ പുതുമുഖത്തെച്ചൊല്ലി ആഹ്ലാദിക്കാൻ. ലോകത്തെ വിവിധ രാജ്യങ്ങളിൽ ഇപ്പോഴുള്ള 'ട്രംപ് ക്ലോണുകൾ'ക്ക് ഇതൊരു മുന്നറിയിപ്പാകുമെന്നും ആശിക്കാം. ബൈഡൻ തെൻറ നിലപാടുകളിലെ ശരിതെറ്റുകൾ കൂടുതൽ നീതിബോധത്തോടെ പരിശോധിക്കാൻ തയാറാകുമെന്നുകൂടി പ്രത്യാശിക്കുക. അദ്ദേഹം പറഞ്ഞുകഴിഞ്ഞപോലെ, ഭരണം എളുപ്പമാകില്ല. അമേരിക്കൻ 'അനൈക്യ നാടുകളെ'യാണ് ട്രംപ് സൃഷ്ടിച്ചുകഴിഞ്ഞിട്ടുള്ളത്. മുറിവുകൾ ഉണക്കണം. വർഗ-വർണ-മതവിദ്വേഷങ്ങൾ ഇല്ലാതാക്കണം.
ഒപ്പം, തിരുത്തപ്പെടേണ്ട പിഴവുകൾ ധാരാളമുണ്ട്. കാലാവസ്ഥ സംബന്ധിച്ച പാരിസ് ഉടമ്പടിയിൽനിന്ന് പിൻവാങ്ങിയ ട്രംപിെൻറ ചെയ്തി തിരുത്തുമെന്ന് ബൈഡൻ നേരത്തേ വ്യക്തമാക്കിയതാണ്. വിദേശരംഗത്തെ ട്രംപിെൻറ സംഭാവന, ആഭ്യന്തരരംഗത്തെന്നപോലെ, വംശീയവാദത്തെ മുഖ്യധാരയിലെത്തിച്ചു എന്നതാണ്. ഫലസ്തീൻ ജനതയോട് ലോകം ചെയ്ത കൊടും അനീതികളിൽ നേതൃപരമായ പങ്കുവഹിച്ചിട്ടുള്ള രാജ്യമാണ് അമേരിക്ക. ബെർണി സാൻഡേഴ്സിനെ അനഭിമതനാക്കിയതുപോലും അദ്ദേഹം ഫലസ്തീൻ ജനതയോട് സഹാനുഭൂതി പുലർത്തിയതാണ്.
ഇത്തരം മേഖലകളാകും ബൈഡെൻറ നീതിബോധത്തെ ഏറ്റവും കൂടുതൽ പരിശോധിക്കുക. ഇറാനുമായുണ്ടാക്കിയ ആണവകരാറിൽനിന്നുള്ള പിന്മാറ്റമായിരുന്നു ട്രംപിെൻറ മറ്റൊരു പ്രതിലോമ നീക്കം. ഇതര രാജ്യങ്ങളോട് ന്യായയുക്തവും മനുഷ്യത്വപരവുമായ സമീപനം ബൈഡൻ കൈക്കൊള്ളുമെങ്കിൽ അതിെൻറ പ്രയോജനം ഇന്ത്യക്കും ലഭിക്കുമെന്ന് കരുതാം. ഇന്ത്യൻ വംശജയായ കമല ഹാരിസ് വൈസ് പ്രസിഡൻറ് പദവിയിലുള്ളതിനേക്കാൾ അക്കാര്യത്തിൽ നമുക്കു കിട്ടാവുന്ന ഉറപ്പ്, മനുഷ്യാവകാശങ്ങളോടും പൗരാവകാശങ്ങളോടും എടുക്കുന്ന നിലപാടിലെ നീതിയുക്തതയാകും. ഡോണൾഡ് ട്രംപിന് പകരക്കാരനോ അതോ, അദ്ദേഹത്തിെൻറ പകർപ്പോ ഇനി യു.എസ് ഭരിക്കുന്നതെന്ന് തെളിയേണ്ടത് ബൈഡെൻറ പ്രവർത്തനത്തിൽനിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.