തിങ്കളാഴ്ച വോട്ടെടുപ്പു നടന്ന ഉത്തരമലബാറിലെ ഒരു ബൂത്തിൽ റീപോളിങ് വേണമെന്ന് ആവശ്യമുയർന്നപ്പോൾ പ്രിസൈഡിങ് ഓഫിസറുടെ ഡയറി പരിശോധിച്ചതിെൻറ ജില്ല റിപ്പോർട്ട് കൗതുകകരമായിരുന്നു. ബഹളത്തിനിടയിൽ വനിത പ്രിസൈഡിങ് ഓഫിസർ ബൂത്തിനുള്ളിൽ വീണുപോയിരുന്നു.
വെബ്കാസ്റ്റ് പരിശോധിച്ചാൽ കാണാനിടയുള്ള ഈ രംഗം പക്ഷേ, പ്രിസൈഡിങ് ഓഫിസറുടെ ഡയറിക്കുറിപ്പിൽ ഇല്ല! തന്നെ തള്ളിയിട്ടതാണോ, മൽപ്പിടിത്തത്തിനിടയിൽ വീണുപോയതാണോ എന്നൊക്കെ ഒാഫിസർ പറയെട്ട; അത് അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യം. പക്ഷേ, തനിയെ വീണുപോയി എന്നാണെങ്കിൽപോലും അതിനിടയായ സാഹചര്യം ഉണ്ടാകുമല്ലോ.
പോളിങ് സ്റ്റേഷനിലെ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്താനുള്ള ഡയറിയിലെ ക്രമനമ്പർ 22, 23 ഇനങ്ങളിൽ ഇവ ഉൾപ്പെടേണ്ടതാണ്. പക്ഷേ, ഉണ്ടായില്ല. ഒറ്റപ്പെട്ടതല്ലാത്ത ഈ അനുഭവങ്ങൾ വ്യാപകമായി ആവർത്തിക്കപ്പെട്ടുതന്നെയാണ് ഓരോ തെരഞ്ഞെടുപ്പും അവസാനിക്കുന്നത്. നമ്മുടെ ജനാധിപത്യബോധത്തിനുനേരെ കൊഞ്ഞനം കുത്തുന്ന യാഥാർഥ്യമാണിത്.
വെബ്കാസ്റ്റിങ് ഇല്ലാതിരുന്ന കാലത്ത് അതിനെക്കാൾ കാര്യക്ഷമമായ കമൻററി വിവരങ്ങൾ രേഖപ്പെടുത്തുന്നതിനാണ് 'പ്രിസൈഡിങ് ഓഫിസേഴ്സ് ഡയറി' (ഫോറം എൻ.13) തെരഞ്ഞെടുപ്പ് നടപടികളിൽ ഉൾപ്പെടുത്തിയത്. ഒാരോ രണ്ടു മണിക്കൂർ വീതം രേഖപ്പെടുത്തപ്പെട്ട വോട്ടുകളുടെ എണ്ണം സ്ത്രീ-പുരുഷ വ്യത്യാസത്തോടെ രേഖപ്പെടുത്തുന്നതുൾപ്പെടെയുള്ള നാലുപേജ് ദൈർഘ്യമുള്ള നിർദിഷ്ട ഫോറത്തിലെ ക്രമനമ്പർ 22, 23 എന്നിവയിൽ അനിഷ്ടസംഭവങ്ങൾ ഓരോന്നായി തലക്കെട്ട് സഹിതം രേഖപ്പെടുത്താൻ കോളമുണ്ട്.
ഇതിൽ രേഖപ്പെടുത്തുന്നത് തികയാതെ വന്നാൽ ക്രമനമ്പർ ഉദ്ധരിച്ച് മറ്റൊരു പേപ്പറിലും എഴുതി നൽകാം. എന്നാൽ, രാഷ്ട്രീയ ഭീഷണി ഭയന്ന് ഈ കോളം പലരും സത്യസന്ധമായി രേഖപ്പെടുത്താറില്ല. എത്ര സത്യസന്ധരായ ഉദ്യോഗസ്ഥരും സമ്മർദവലയത്തിൽപെട്ട് മനഃസാക്ഷിക്കു വിരുദ്ധമായി ഫോറം പൂരിപ്പിച്ചു നൽകേണ്ടി വരുന്നു. ഓരോ തെരഞ്ഞെടുപ്പിലും പോളിങ് ഡ്യൂട്ടി പേടിസ്വപ്നമായി തീർന്നിട്ടുണ്ട്. വിവിധ തെരഞ്ഞെടുപ്പുകളിൽ മാറിമാറി പോളിങ് നടപടികൾ നിർവഹിച്ച ഉദ്യോഗസ്ഥരുടെ മനസ്സിൽ ഈ അനുഭവങ്ങൾ ഒരു നീണ്ട നോവലെഴുതാൻ മാത്രമുണ്ടാവും.
പശ്ചാത്തലമൊരുക്കുന്ന ഒൗദ്യോഗിക സംവിധാനം
ഇത്തവണ കോവിഡ് പശ്ചാത്തലത്തിൽ പോളിങ് മൂന്ന് ഘട്ടങ്ങളിലാക്കിയതിൽ പോലും ചില താൽപര്യങ്ങൾ കടന്നുകൂടിയോ? അവസാനഘട്ടം മലബാർ േമഖലയിലായത് യാദൃശ്ചികമല്ല. തെക്കുവടക്ക് പ്രോട്ടോകോൾ അനുസരിച്ച് മലബാർ മൂന്നാംഘട്ടത്തിലായി എന്നത് സ്വാഭാവികം. പക്ഷേ, എക്കാലവും തദ്ദേശ തെരഞ്ഞെടുപ്പുകളിൽ റീപോളിങ് ആവശ്യമുയരാറുള്ള മലബാർ മേഖലക്ക് വോട്ടെണ്ണുന്നതിന് മുമ്പ് ഒരു നാൾ മാത്രമായിരുന്നു ഇടവേള.
റീപോളിങ് ആവശ്യമുയർന്നാൽ പ്രിസൈഡിങ് ഓഫിസറുടെ ഡയറി നോക്കി അനിഷ്ടസംഭവം സ്ഥിരീകരിച്ച് തൊട്ടടുത്ത ദിവസത്തേക്ക് തീരുമാനമെടുക്കുകയാണ് പതിവ്. ഒരു ദിവസത്തെ ഇടവേളയിൽ ഈ നടപടി മലബാറിന് ഉപയോഗപ്പെടുത്താനാവാതെ വന്നതിനാൽ പൊതു ഫലപ്രഖ്യാപനത്തിനു ശേഷമാണിപ്പോൾ അത് നടക്കുന്നത്.
കണ്ണൂർ ജില്ലയിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് (മറ്റു ജില്ലകളിലേത് പരിശോധിച്ചിട്ടില്ല) നിയോഗിക്കപ്പെട്ടവരിൽ നല്ലൊരു ശ തമാനം സ്ത്രീകളായിരുന്നു. നിശ്ചയിച്ച ഇലക്ഷൻ നോഡൽ ഓഫിസർമാരിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് നിയമിക്കാനും അവരുടെ ലഭ്യത ഉറപ്പുവരുത്താനും ഹാജർ പരിശോധിക്കാനും ഒരു ഡെപ്യൂട്ടി കലക്ടർക്കാണ് ചുമതല. എന്നാൽ, ഇലക്ഷൻ ഡ്യൂട്ടിയിൽനിന്ന് ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതിന് അധികാരമുള്ള നോഡൽ ഓഫിസറായി മറ്റൊരു വകുപ്പ് അധ്യക്ഷനായിരുന്നു ചുമതല.
വെബ്കാസ്റ്റ് ബൂത്തുകളുടെ പട്ടിക തയാറാക്കിയപ്പോൾ വ്യാപകമായ പരാതിയുയർന്നു. പ്രശ്നമുണ്ടാവാനിടയുള്ള ബൂത്തുകൾ പലതും ഒഴിവാക്കപ്പെട്ടു. പാർലമെൻറ് തെരഞ്ഞെടുപ്പിൽ വെബ്കാസ്റ്റിങ് ജില്ല കലക്ടറുടെ സൈറ്റിൽനിന്ന് ബൂത്ത് സെലക്ട് ചെയ്താൽ പൊതുജനത്തിനും കാണാമായിരുന്നു. ഈ സംവിധാനമുണ്ടായപ്പോഴാണ് ഒരിക്കലും തോൽക്കുമെന്നു കരുതാത്ത കാസർകോട് പാർലമെൻറ് സീറ്റിൽപോലും ഇടതുപക്ഷം കടപുഴകിയത്.
സാങ്കേതിക സൗകര്യം അത്രത്തോളം മെച്ചപ്പെട്ടിട്ടും ഇത്തവണ വെബ്കാസ്റ്റ് പൊതുജനത്തിന് കാണാനാവുന്ന രീതിയിൽ ഒരുക്കുന്നതിനുപകരം ജില്ല കൺട്രോൾ റൂമിലേക്ക് ലൈവ് പരിമിതപ്പെടുത്തി. പലയിടത്തും കോടതിയെ സമീപിച്ചാണ് വെബ്കാസ്റ്റ് സംവിധാനം യു.ഡി.എഫ് നേടിയെടുത്തത്. പക്ഷേ, അപ്പോൾ പോലും അവിശ്വസനീയമായ സാങ്കേതികതടസ്സങ്ങളാണ് കോടതികളിൽ സർക്കാർ ബോധിപ്പിച്ചത്.
വെബ്കാസ്റ്റ് സജ്ജീകരണം ഏർപ്പെടുത്തുന്നതിനു കരാർ നൽകിയ സ്വകാര്യ ഏജൻസികൾക്ക് എത്ര കാമറയും െസർവറുകളുടെ ശേഷിയുമുണ്ടെന്നു പരിശോധിച്ചാലറിയാം ഇതിെൻറ പൊള്ളത്തരം. അധികമായി വെബ്കാസ്റ്റ് ഏർപ്പെടുത്താൻ കോടതി നിർദേശിച്ചിടത്ത് വെറും വിഡിയോ റെക്കോഡിങ്ങിലേക്ക് പരിമിതപ്പെട്ടു. ഇതിനു പിൻബലമേകാൻ ചില തുരുത്തുകളും സൃഷ്ടിക്കപ്പെട്ടു. കരാറുകാരുടെ പരിമിതിക്കു പുറമെ ബി.എസ്.എൻ.എല്ലിെൻറ ഒരു കത്തും കൗതുകകരമാണ്.
ഇത്ര ബൂത്തുകളിൽ വൈഫൈ സൗകര്യം നൽകാൻ പ്രയാസമുണ്ടെന്നായിരുന്നു ബി.എസ്.എൻ.എൽ നൽകിയ കത്ത്. അത്യാധുനിക സാറ്റലൈറ്റ് സംവിധാനമുള്ള കാലത്താണ് ബൂത്തുകളിൽ വെബ് കാമറ സ്ഥാപിക്കാനുള്ള നടപടിയിൽ സർക്കാർ സംവിധാനം മുട്ടിലിഴഞ്ഞത്.
ബൂത്തുപിടിത്തത്തിെൻറ പുതിയ പതിപ്പ്
തെരഞ്ഞെടുപ്പുകളിലെ ബൂത്തുപിടിത്തം എന്നാൽ മനസ്സിൽ തറച്ചുനിൽക്കുന്ന ചില കാഴ്ചകളുണ്ട്. ബൂത്തിനു നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വോട്ടർമാരെ ഓടിച്ചശേഷം ബൂത്തിൽ കയറി ബാലറ്റ് പേപ്പർ പിടിച്ചെടുത്ത് സീൽകുത്തി പെട്ടിയിലിടുന്ന രീതിയാണത്.
എന്നാൽ, ബാലറ്റ് പേപ്പറും വോട്ടുപെട്ടിയുമൊക്കെ മാറി ഇ.വി.എം വന്നതോടെ ഇതിനേക്കാൾ മികച്ചനിലയിൽ കൈ നനയാതെ മീൻപിടിക്കുന്ന പരുവത്തിൽ ബൂത്തുപിടിക്കുന്നതിനുള്ള സംവിധാനം പാർട്ടിക്കാർക്ക് മനഃപാഠമാണ്. ഇ.വി.എമ്മിെൻറ കാര്യക്ഷമത മോക്പോൾ വഴി ഉറപ്പു വരുത്തിയാലും പോളിങ് സങ്കീർണതയുടെ കുരുക്കഴിക്കാൻ ചില ജില്ലകളിൽ ഇനിയും ഇലക്ഷൻ കമീഷന് കഴിഞ്ഞിട്ടില്ല.
ബൂത്തിലെ ഉദ്യോഗസ്ഥരെ തലേന്നുതന്നെ കണ്ട് സ്വാധീനം തങ്ങൾക്കാണെന്ന് ബോധിപ്പിച്ച് വരുതിയിൽ വരുത്തുന്ന പതിവുണ്ട്. ബൂത്തുകൾ ഒരു പ്രാഥമിക സൗകര്യവുമില്ലാതെ ഒരുക്കുന്ന കമീഷെൻറ ബലഹീനതയുടെ ദുരുപയോഗമാണിത്. തങ്ങളുടെ വോട്ട് ആദ്യത്തെ മൂന്നോ നാലോ മണിക്കൂറിനകം പോൾചെയ്ത ശേഷം ഉച്ചക്ക് അഭ്യൂഹമുണ്ടാക്കി ബൂത്ത് പരിസരത്ത് ആളനക്കമില്ലാതാക്കിയശേഷം തുടർച്ചയായി ഒരേ സംഘംതന്നെ ഒരു തിരിച്ചറിയൽ കാർഡുമില്ലാതെ മറ്റുള്ളവരുടെ വോട്ട് ചെയ്യുന്നുവെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പിന്നീട് അനുഭവങ്ങളിലേ വിവരിക്കാറുള്ളൂ-ഔദ്യോഗികമായി രേഖപ്പെടുത്താൻ കഴിയാറില്ല.
വേണം പരിഷ്കാരം
ബൂത്തിലെ നടപടികൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യാൻ മുതിരുന്ന ഉദ്യോഗസ്ഥർ പിന്നീട് വേട്ടയാടപ്പെടും. അതുകൊണ്ട് അവർക്കു മൂകസാക്ഷികളാവേണ്ടി വരുന്നു. ആവശ്യമുള്ള രേഖകളുടെ സ്വകാര്യത കാത്തുസൂക്ഷിക്കാനും ചില രേഖകൾ പരസ്യപ്പെടുത്താനുമുള്ള പുതിയ ഭേദഗതി വന്നാലല്ലാതെ തെരഞ്ഞെടുപ്പ് നടപടികളുടെ സത്യസന്ധത പൂർണമായി നടപ്പാക്കാനാവില്ല. പ്രിസൈഡിങ് ഓഫിസറുടെ പോളിങ് ഡയറിയുടെ സ്വകാര്യത അതിഗൗരവമുള്ള ഒന്നാണ്.
അത് അത്ര സ്വകാര്യമായി സൂക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനാവണം. റിട്ടേണിങ് ഓഫിസർമാർക്കു മുകളിലുള്ള ഒരു കോൺഫിഡൻഷ്യൽ പദവിയിലേക്ക് ഡയറി പരിശോധനക്ക് നൽകപ്പെടണം. റിപ്പോർട്ട് രേഖപ്പെടുത്താനുള്ള നിർഭയത്വം നടപടികളിൽ ഉറപ്പുവരുത്തണം. വോട്ടു രേഖപ്പെടുത്തും മുമ്പ് സമ്മതിദായകൻ രജിസ്റ്റർ 21 എ പുസ്തകത്തിൽ ഒപ്പിടുന്നുണ്ട്.
കള്ളവോട്ട് കേസുകൾ കോടതിയിലെത്തിയാൽ പരിശോധനക്ക് വിധേയമാക്കുന്ന പ്രധാന തെളിവാണിത്. എന്നാൽ, സംസ്ഥാന തെരഞ്ഞെടുപ്പുകമീഷൻ 21 എ വോട്ടർ രജിസ്റ്റർ പോളിങ് സ്റ്റേഷൻ നമ്പർ പ്രകാരം വെബ്സൈറ്റിൽ ഇലക്ഷൻ കഴിഞ്ഞ് അപ്ലോഡ് ചെയ്യുകയാണെങ്കിൽ പോളിങ് ദിവസം സ്ഥലത്തില്ലാതിരുന്ന ഓരോ വോട്ടർമാർക്കും അത് പരിശോധിക്കാനാവും.
ബൂത്തിൽ ഉപയോഗിക്കുന്ന പോസ്റ്റൽ വോട്ട് ഉൾപ്പെടെ മാർക്ക് ചെയ്ത ഇലക്ടറൽ റോൾ പോളിങ്ങിനുശേഷമുള്ള വിവരം ഉൾപ്പെടുത്തി കമീഷന് സൈറ്റിൽ പ്രസിദ്ധീകരിക്കാം. വോട്ടു ചെയ്തവരെ അടയാളപ്പെടുത്തിയ രേഖയുടെ പകർപ്പ് ബൂത്ത് ഏജൻറുമാർക്ക് കൊടുക്കുകയും പൊതുജനങ്ങൾക്ക് തെരഞ്ഞെടുപ്പു കമീഷൻ വെബ്സൈറ്റിൽ പരസ്യപ്പെടുത്തുകയും ചെയ്യുന്നതിന് എന്തിനു മടിക്കണം? ഇത്തരം രേഖകൾ രഹസ്യസ്വഭാവത്തിൽ സർക്കാർ ട്രഷറിയിൽ പൂട്ടുകയാണ് പതിവ്.
ഒരു വർഷത്തിനുശേഷം തെരഞ്ഞെടുപ്പുകേസുകളില്ലെങ്കിൽ അത് നശിപ്പിച്ചുകളയാൻ കമീഷൻ ഉത്തരവിടുന്നു. ഇൗ നടപടി കാലോചിതമായി പരിഷ്കരിക്കണം.വിവരാവകാശനിയമം എല്ലാ വിഷയങ്ങളിലും ബാധകമായപ്പോൾ ജനപ്രാതിനിധ്യനിയമത്തിൽ അതിന് കുരുക്കുകളിട്ടത് ജനാധിപത്യത്തിന് യോജിക്കുന്നതല്ല. സമ്മതിദാന രഹസ്യമല്ലാത്ത മറ്റെല്ലാ ഇലക്ഷൻ നടപടിയും ഒരു പൗരന് അറിയാൻ അവകാശമുണ്ട്.
എന്നാൽ, പല രേഖകളും ട്രഷറിയിൽ ബന്ധിതമായതിനാൽ ഇലക്ഷൻ നടപടികൾ പൗരന് അറിയാൻ കഴിയുന്നില്ല. അതേസമയം, സത്യസന്ധമായി പോളിങ് നടപടി രേഖപ്പെടുത്തുന്ന പ്രിസൈഡിങ് ഓഫിസർ എത്ര രഹസ്യനടപടി ഉണ്ടായിട്ടും പിന്നീട് വേട്ടയാടപ്പെടുകയും ചെയ്യുന്നു.
ജനവിധി വോട്ടു പാറ്റേൺ മാത്രമല്ല, വോട്ടെടുപ്പു ദിവസത്തെ സംസ്കാരംകൂടി ചേർന്നതാണ്. കൂടുതൽ വോട്ടു ചെയ്തവർ ജയിക്കുന്നു എന്നത് ജനാധിപത്യ മൂല്യമാണ്. ജയിക്കുന്നത് ഒരാൾ മാത്രമാണ്. ഒരാൾ ജയിക്കണമെങ്കിൽ തോൽക്കാൻ കുറച്ചുപേർ എതിർ സ്ഥാനത്ത് വേണമല്ലോ. വിജയത്തിന് തിളക്കമുണ്ടാവുന്നത് തോറ്റവരുടെ അഭിമാനംകൂടി ചേരുേമ്പാഴാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.