മദ്യശാലകൾക്ക് അനുമതി നൽകുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്കുണ്ടായിരുന്ന അധികാരം റദ്ദാക്കാനുള്ള സംസ്ഥാന സർക്കാറിെൻറ ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകിയിരിക്കുന്നു; വിവിധ മേഖലകളിൽനിന്നുള്ള ശക്തമായ പ്രതിഷേധം നിലനിൽക്കത്തന്നെ. ദീർഘകാലത്തെ ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായാണ് കഴിഞ്ഞ സർക്കാർ നഗരപാലിക ആക്ടിലെ 447ാം വകുപ്പും പഞ്ചായത്തീരാജ് ആക്ടിലെ 232ാം വകുപ്പും പുനഃസ്ഥാപിച്ചത്. അതുപ്രകാരം തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ സർക്കാറിന് മദ്യശാലകൾക്ക് അംഗീകാരം നൽകാൻ സാധിക്കുമായിരുന്നുള്ളൂ. പുതിയ ഉത്തരവിലൂടെ മദ്യശാലകൾക്കിനി എക്സൈസിെൻറ മാത്രം അനുമതി മതി.
പൂട്ടിയ മദ്യശാലകൾ തുറക്കുന്നതിനും ദേശീയ പാതയോരത്തുണ്ടായിരുന്ന ബിവറേജസ് മദ്യശാലകൾ പുനഃസ്ഥാപിക്കുന്നതിനുമുളള തദ്ദേശസ്ഥാപനങ്ങളുടെ വിസമ്മതവും പ്രാദേശികമായി ശക്തമായ പ്രക്ഷോഭവുമാണ് ഓർഡിനൻസിന് കാരണമെന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കുന്നു. മദ്യത്തിനെതിരെയുള്ള ജനകീയ സമരങ്ങളെ നിയമംകൊണ്ട് തോൽപിക്കാൻ ശ്രമിക്കുന്നുവെന്നർഥം. അതുകൊണ്ടുതന്നെ, പ്രാദേശികമായി തീരുമാനമെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തെ കേന്ദ്രീകൃത അധികാരമുപയോഗിച്ചുകൊണ്ട് റദ്ദാക്കുകയാണ് ഫലത്തിൽ സംസ്ഥാന സർക്കാർ ഈ ഓർഡിനൻസിലൂടെ നിർവഹിച്ചിരിക്കുന്നത്. പ്രാദേശികമായി മദ്യശാലകൾക്കെതിരെ ഉയരുന്ന പ്രക്ഷോഭങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ വിസമ്മതവും ജനങ്ങളുടെ തീരുമാനാധികാരത്തിെൻറ പ്രകടനമായി ഉൾക്കൊള്ളുകയും അംഗീകരിക്കുകയുമാണ് വിവേകമുള്ള സർക്കാറിെൻറ ചുമതല.
ദേശീയ പാതയോരങ്ങളിൽ മദ്യവിൽപന നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ സുനിശ്ചിതമായ തീർപ്പ് കേരളത്തിലെ പ്രധാന പാതയോരങ്ങൾക്ക് ബാധകമല്ലെന്ന കേരള ഹൈകോടതി സിംഗിൾ െബഞ്ചിെൻറ കണ്ടെത്തലും പരമോന്നത കോടതിയുടെ വിധിയുടെ അന്തഃസത്തക്കു ചേർന്നതാണോ എന്ന ചോദ്യവും ഇത്തരുണത്തിൽ സംഗതമാണ്. കണ്ണൂർ മുതൽ കുറ്റിപ്പുറം വരെയും ചേർത്തല മുതൽ തിരുവനന്തപുരം വരെയുമുള്ള ദേശീയപാതകളെ 2014 ലെ വിജ്ഞാപനം വഴി കേന്ദ്ര സർക്കാർ ഒഴിവാക്കിയിരിക്കുന്നുവെന്ന് വിലയിരുത്തിക്കൊണ്ടാണ് ഇരുപാതകൾക്കരികിലും മദ്യശാലകൾ തുറക്കാൻ ഹൈകോടതി അനുവാദം നൽകിയിരിക്കുന്നത്. കേരളത്തിലെ ഈ രണ്ട് പ്രധാന പാതകളും ദേശീയ പാതകളല്ലെങ്കിൽ പിന്നെ ആരുടെ അധികാര പരിധിക്കുകീഴിലാെണന്ന് വ്യക്തമാക്കാൻ കോടതിക്ക് ബാധ്യതയുണ്ട്. അതിെൻറ നിർമാണ ചുമതലയും പരിപാലനവും ആരുടെ നിയന്ത്രണത്തിലാെണന്ന് അന്വേഷിക്കാനും. കേന്ദ്ര സർക്കാർ ഔദ്യോഗിക രേഖകൾ പറയുന്നത് ഇപ്പോഴും അവ ദേശീയപാതകൾ തന്നെയാെണന്നാണ്. അവ ദേശീയ പാതകളല്ലെന്ന് പൊതുമരാമത്ത് വകുപ്പ് അറിഞ്ഞിട്ടേയില്ല. ആശയക്കുഴപ്പങ്ങൾ നിറഞ്ഞ വിധി, കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതകളുടെ അസ്തിത്വത്തെ ചോദ്യം ചെയ്തിട്ടുപോലും കേരള സർക്കാറിന് താൽപര്യം അപ്പീലിന് പോകാനല്ല വിധിയുടെ ബലത്തിൽ മദ്യശാലകൾക്ക് അനുവാദം നൽകാനാണ്. മദ്യലോബിയുടെ പരിലാളനകളിലാണ് സംസ്ഥാന സർക്കാറെന്ന വിമർശനത്തെ സാധൂകരിക്കുന്നതാണ് ഹൈകോടതി വിധിയോടുള്ള സമീപനവും പുറത്തിറക്കിയ ഓർഡിനൻസും.
മദ്യവും മദ്യപാനവും പ്രോത്സാഹജനകമായ കാര്യമാെണന്നഭിപ്രായം ആർക്കുമില്ല. വർജിക്കേണ്ടതും ഇല്ലാതാക്കേണ്ടതുമായ അനഭിലഷണീയമായ പ്രവൃത്തിയെന്ന് കേരളം ഭരിക്കുന്ന സി.പി.എം പോലും വിശ്വസിക്കുന്നു. അതുകൊണ്ടാണല്ലോ അവരുടെ അംഗങ്ങൾ മദ്യപിക്കരുതെന്ന് പാർട്ടി ചട്ടമാക്കി വെച്ചിരിക്കുന്നത്. മദ്യാസക്തി കേരളത്തിെൻറ സാമൂഹിക ജീവിതത്തെ തകർക്കുന്നുവെന്നുപറഞ്ഞ് മുഴുവൻ പോഷകഘടകങ്ങളും ഒന്നുചേർന്ന് വമ്പിച്ച ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുകയും ചെയ്തത്. പക്ഷേ, അധികാരത്തിലേറുമ്പോൾ വാക്കുകളും പ്രസംഗങ്ങളും അവജ്ഞാപൂർവം തള്ളിക്കളയുകയും സാമ്പത്തിക താൽപര്യങ്ങൾ മാത്രം പരിഗണിച്ച് മദ്യമൊഴുക്കാനുള്ള തീരുമാനം സ്വീകരിക്കുകയും ചെയ്യുന്നത് ലജ്ജാകരമാണ്. വരുമാനത്തേക്കാൾ പ്രാധാന്യമുള്ളതാണ് മനുഷ്യരുടെ ജീവനും ആരോഗ്യകരമായ സാമൂഹിക ജീവിതവുമെന്നതാണ് മദ്യനിരോധനത്തിന് സാധൂകരണമായി പരമോന്നത കോടതി എടുത്തുപറഞ്ഞത്.
കേരള ജനത ആർജിച്ചെടുത്ത സാമൂഹിക നേട്ടങ്ങളെ നിലനിർത്താനോ മെച്ചപ്പെടുത്താനോ പുതിയ ഓർഡിനൻസ് തരിമ്പും പ്രയോജനപ്പെടില്ല, കൂടുതൽ ദുഷിപ്പിക്കുന്നതിനേ കാരണമാകൂ. മദ്യത്തിെൻറ ലഭ്യത വീണ്ടും സുലഭമാക്കുന്നതിന് അധികാര വികേന്ദ്രീകരണത്തിെൻറ മൗലികത റദ്ദുചെയ്തത് ഇടതുപക്ഷത്തിെൻറ രാഷ്ട്രീയ ധാർമികത വരുംനാളിൽ ചോദ്യംചെയ്യുന്നതിന് ഇടവരുത്തുകയും ചെയ്യും. മാട്ടിറച്ചി നിരോധനത്തിൽ കേന്ദ്രസർക്കാറും കശാപ്പുചെയ്തത് സംസ്ഥാനങ്ങളുടെ അധികാരമാണ്. അധികാരവികേന്ദ്രീകരണത്തെ കേന്ദ്രം ഇവിടെ മറികടക്കുകയായിരുന്നു. മദ്യശാല ഒാർഡിനൻസിെൻറ കാര്യത്തിൽ കേരള സർക്കാർ ചെയ്തതും സമാനവിധം തന്നെ. ഇത്തരം നടപടികൾ ജനാധിപത്യത്തിന് ഹിതകരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.