2017 ജൂലൈ 31നോ അതിന് മുേമ്പാ നിർമിച്ച അനധികൃത കെട്ടിടങ്ങൾക്ക് ഫീസ് ഇൗടാക്കി ക്രമീകരിക്കുന്നതിന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് ഇരുതല മൂർച്ചയുള്ള തീരുമാനമാണ്. കേരള പഞ്ചായത്തീരാജ് നിയമത്തിലും കേരള മുനിസിപ്പാലിറ്റി നിയമത്തിലും ഭേദഗതി വരുത്തുന്നതിന് പ്രത്യേകം ഓര്ഡിനന്സുകളാണുള്ളത്. പഞ്ചായത്തുകളിൽ ജില്ല ടൗണ്‍പ്ലാനർ, ഡെപ്യൂട്ടി ഡയറക്ടര്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയും നഗരങ്ങളിൽ ജില്ല ടൗണ്‍ പ്ലാനർ, റീജനല്‍ ജോയൻറ് ഡയറക്ടര്‍ (നഗരകാര്യം), ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട സമിതിയുമാണ് അനുമതി നൽകാൻ ചുമതലപ്പെട്ടവർ. പിഴയിനത്തിൽ ലഭിക്കുന്ന തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാറും തുല്യമായി വീതിച്ചെടുക്കും. കൃഷിഭൂമിയും പാടവും നികത്തി കെട്ടിടം നിർമിച്ചവക്ക് ആനുകൂല്യമില്ലെന്നാണ് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ പറയുന്നത്. തണ്ണീർത്തട നിയമത്തിെൻറ ലംഘകരും അർഹതയുടെ പുറത്താണ്. ചട്ടം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങൾക്ക് അംഗീകാരം നൽകുന്നതിൽ അഴിമതി നടത്തുന്നവർക്ക് കടുത്ത ശിക്ഷാനടപടിയെടുക്കും. സംസ്ഥാനത്ത് ഇനി അനധികൃത കെട്ടിടങ്ങൾ നിർമിച്ചാൽ ബന്ധപ്പെട്ട എൻജിനീയറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കും. ആർകിടെക്ടുകളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ചിത്രസഹിതം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും തുടങ്ങിയ മുന്നറിയിപ്പുകളും അദ്ദേഹം നൽകുന്നുണ്ട്. പിഴയിനത്തിൽ സർക്കാർ ഖജനാവിലേക്ക് വലിയ തുക പ്രതീക്ഷിക്കുന്നുവെന്നതുതന്നെ കേരളത്തിലെ അനധികൃത കെട്ടിട നിർമാണത്തിെൻറ വ്യാപ്തി വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാനത്ത് ആയിരക്കണക്കിന് കെട്ടിടങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെയും അനുമതി വ്യവസ്ഥകൾക്ക് വിരുദ്ധമായും നിർമിച്ചതായി കംട്രോളർ -ഒാഡിറ്റർ ജനറൽ കണ്ടെത്തിയതാണത്രെ സർക്കാറിനെ ഇത്തരമൊരു ഓർഡിനൻസ് പുറത്തിറക്കാൻ പ്രേരിപ്പിച്ചത്. വലിയ പരിസ്ഥിതി ൈകയേറ്റങ്ങളോ മറ്റോ ഇല്ലാത്ത, സ്വന്തം ഭൂമിയിൽ നിലവിലെ ചട്ടങ്ങൾ പൂർണമായി പാലിക്കപ്പെടാതെ നിർമിച്ചതോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ നിർമാണത്തിൽ കൂട്ടിച്ചേർക്കലുകൾ വരുത്തുകയോ ചെയ്ത ആയിരക്കണക്കിനാളുകൾക്ക് പിഴയടച്ച് കെട്ടിടങ്ങളെ നിയമാനുസൃതമാക്കാൻ പ്രയോജനകരമാകും പുതിയ ഓർഡിനൻസ്. എന്നാൽ, ഉദ്യോഗസ്ഥ ഒത്താശയോടെയും അല്ലാതെയും നടന്ന വൻകിട ൈകയേറ്റങ്ങൾക്കും അനധികൃത നിർമാണത്തിനും നിയമസാധുത ലഭിക്കുന്നതിനും ഈ ഭേദഗതി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും നിലനിൽക്കുന്നു. കൃഷിഭൂമിയുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാെണങ്കിലും മലയോര മേഖലയിൽ ഓർഡിനൻസുണ്ടാക്കുന്ന പ്രത്യാഘാതത്തെക്കുറിച്ച് മൗനമാണുള്ളത്. കെട്ടിട നിർമാണ മാനദണ്ഡങ്ങൾ പൂർണമായി ലംഘിച്ചുള്ള നിർമാണവും ക്രമവത്കരിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. പരിസ്ഥിതി ആഘാതം സൃഷ്ടിക്കുന്ന, ഒരു വശവും പാലിക്കാതെ പണിതുയർത്തിയ ഹോട്ടൽ സമുച്ചയങ്ങൾക്കും ഫ്ലാറ്റുകൾക്കും നിയമപ്രാബല്യം നേടാനുള്ള കുറുക്കുവഴിയായി ഭേദഗതി ദുരുപയോഗപ്പെടുത്താനുള്ള പഴുതുകൾ ഓർഡിനൻസിലുണ്ട്. കൈയേറ്റക്കാർക്കും അനധികൃത നിർമാതാക്കൾക്കും അവരുടെ നിർമിതികളെ നിയമാനുസൃതമാക്കാൻ ഇടവരുത്തും. കോടതി വ്യവഹാരങ്ങളിൽ തോൽവിക്ക് നിമിത്തമാകുമെന്നുള്ള വിമർശനങ്ങൾ പരിസ്ഥിതിപ്രവർത്തകർ ഉന്നയിച്ചിരിക്കുന്നു. സംസ്ഥാനത്ത് അനധികൃതമായി നിർമിച്ച കെട്ടിടങ്ങളും ബഹുനില മന്ദിരങ്ങളും ഫീസ് ഇൗടാക്കി ക്രമീകരിക്കാനുള്ള തീരുമാനത്തിൽ വൻ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപം.
പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാവുന്ന ഇത്തരം വിഷയങ്ങൾ നിയമസഭയിൽ ചർച്ചചെയ്ത് തീരുമാനിക്കേണ്ട കാര്യമായിരുന്നു. അടിയന്തരമല്ലാത്തതും ചർച്ചകൾ അനിവാര്യവുമായ വിഷയങ്ങളിൽ സഭയെ നോക്കുകുത്തിയാക്കി ഓർഡിനൻസിലൂടെ കാര്യങ്ങൾ നടപ്പാക്കപ്പെടുന്നത് ജനാധിപത്യ സർക്കാറിന് അത്ര ആശാവഹമായ കാര്യമല്ല. സാധാരണക്കാരുടെ ആവശ്യങ്ങളുടെ പേരിൽ വൻകിടക്കാർക്ക് നിയമവിരുദ്ധ, പരിസ്ഥിതി ൈകയേറ്റത്തിന് അവസരം സൃഷ്ടിക്കെപ്പടുന്നില്ലെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ അതിജാഗ്രത പുലർത്തണം. ൈകയേറ്റങ്ങളും അനധികൃത നിർമാണങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോടതികളിൽ നടക്കുന്ന വ്യവഹാരങ്ങളിൽ തോൽക്കുന്നതിന് പുതിയ ഓർഡിനൻസിലൂടെ ഇടവന്നുകൂടാ. വൻകിട കെട്ടിട നിർമാണങ്ങൾക്ക് പാരിസ്ഥിതിക ഇളവ് നൽകിയ കേന്ദ്ര സർക്കാർ വിജ്ഞാപനം റദ്ദാക്കിയ കഴിഞ്ഞ ദിവസത്തെ ദേശീയ ഹരിത െട്രെബ്യൂണൽ വിധിയിൽ കേരളത്തിനും പാഠമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.