പാലാ ബിഷപ്പിൻെറ പ്രേഷിതവേല



''അക്രമാസക്തമായ വാക്കുകളിൽ തെറ്റുപറ്റിയാൽ മാധ്യമങ്ങളിൽ ഒരു തിരുത്തൽ നടത്തിയാൽ മതിയാകും. എന്നാൽ, മുറിപ്പെട്ട മനുഷ്യ​​​െൻറ അന്തസ്സ് തിരിച്ചുകൊടുക്കാൻ അതിന് കഴിയാതെവരും''.

(ഫ്രാൻസിസ് മാർപാപ്പ, 2021 മേയിലെ വിശുദ്ധ ക്ലമൻറീന ഹാളിലെ പ്രഭാഷണം)

നിസ്സംശയം, എട്ടു നോമ്പ് പെരുന്നാളിനോടനുബന്ധിച്ച് കുറുവിലങ്ങാട് പള്ളിയിൽ പാലാ രൂപത ബിഷപ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രഭാഷണം മുറിപ്പെടുത്തിയത് കേരളത്തിലെ മുസ്​ലിം സമൂഹത്തിെൻറ അന്തസ്സിനെയാണ്; അതിലുപരി, മതേതര മനഃസാക്ഷിയെയാണ്. കത്തോലിക്ക സമുദായാംഗങ്ങളുടെ മനസ്സുകളിൽ ഇസ്​ലാമിനെക്കുറിച്ച വിദ്വേഷവും ഭീതിയും ആഴത്തിൽ കുത്തിവെക്കുന്നതാണ് അതിലെ ഓരോ വാക്കും. മുൻകൂട്ടി തയാറാക്കിയ പ്രഭാഷണമാണ് അവിടെ വായിച്ചുകേൾപ്പിച്ചത്​. ലവ്​ ജിഹാദിനെക്കുറിച്ച 2020ലെ സിറോ മലബാർ സഭ സിനഡിെൻറ യും കെ.സി.ബി.സി വ്യാപകമായി നടത്തിയ കാമ്പയിനിെൻറയും തുടർച്ചയാണ് ആ അർഥത്തിൽ പ്രഭാഷണം. കേരളത്തിലെ ക്രൈസ്തവ യുവാക്കളിൽ മറ്റൊരു കാലത്തുമില്ലാത്ത പ്രശ്നങ്ങളും പ്രതിസന്ധികളും കൂടിവരുകയാ​െണന്ന് ഭീതി നിറഞ്ഞ മുന്നറിയിപ്പ് നൽകുന്ന ബിഷപ് ജോസഫ് കല്ലറങ്ങാട്ട്, കോടതികളും പൊലീസും തള്ളിക്കളഞ്ഞ ലവ്​ ജിഹാദിനെ അവിടെ പുനരാനയിക്കുക മാത്രമായിരുന്നില്ല, അമുസ്​ലിംകളെ ഇല്ലായ്മ ചെയ്യാൻ തീവ്ര മുസ്​ലിം സംഘങ്ങൾ ഒരു​െമ്പടുന്നുവെന്ന്​ വിശദീകരിച്ച് കേരള മുസ്​ലിം സമൂഹത്തെ പൈശാചികവത്കരിക്കുകയായിരുന്നു.

സ്കൂളുകളിൽ, കോളജുകളിൽ, ഹോസ്​റ്റലുകളിൽ, ​െട്രയിനിങ് സെൻററുകളിൽ, ഐസ്ക്രീം പാർലറുകളിൽ, റസ്​റ്റാറൻറുകളിൽ... ലവ്​, ഹലാൽ, നാർകോട്ടിങ് തുടങ്ങി ഇനിയും പുറത്തുവരാത്ത അനേകായിരം ജിഹാദ് സംരംഭങ്ങളുമായി ആളുകൾ ഒത്തുകൂടുന്നിടത്തൊക്കെ ഇളംപ്രായത്തിലുള്ള പെൺകുട്ടികളെയും യുവാക്കളെയും കാത്ത് മുസ്​ലിം തീവ്രവാദികൾ വലവിരിച്ചിരിക്കുകയാണെന്ന്​ പറഞ്ഞുവെച്ച അദ്ദേഹം 'ഈ ലിസ്​റ്റ്​ ഇവിടംകൊണ്ട് തീരുന്നതല്ല; കലാ, സാംസ്കാരിക രംഗങ്ങളിലെ അന്യമത വിദ്വേഷങ്ങൾ, ഇതര മതങ്ങളെയും ആചാരങ്ങളെയും പരിഹസിക്കുകയും ഇകഴ്ത്തിക്കാണിക്കുകയുംചെയ്യുന്ന രീതികളിലെ പ്രോഗ്രാമുകൾ, പ്രത്യേക ഭക്ഷണം, ഹലാൽ ഫുഡ് തുടങ്ങിയ ബിസിനസ് തന്ത്രങ്ങൾ, മാർക്കറ്റിനേക്കാൾ കൂടുതൽ വില നൽകിക്കൊണ്ടുള്ള വൻകിട ഭൂമിയിടപാടുകൾ, സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ, ആയുധക്കടകൾ തുടങ്ങിയവയെല്ലാം ഇതിെൻറ ഉദാഹരണങ്ങളാണ്.

ഇത്തരം വാർത്തകളൊക്കെ തമസ്കരിക്കുകയോ നിസ്സാരവത്കരിക്കുകയോ ചെയ്യുന്ന മാധ്യമ നിലപാടുകളും പലതരത്തിൽ പൊതു സമൂഹത്തെയും അസ്വസ്ഥപ്പെടുത്തുന്നുണ്ട്' എന്നും കൂട്ടിച്ചേർക്കുന്നു. ചുരുക്കത്തിൽ മുസ്​ലിം നാമധാരികൾ ചെയ്യുന്ന സകല കൃത്യങ്ങളും ജിഹാദായി വരവുവെക്കുന്ന പാലാ ബിഷപ്, മുസ്​ലിം സംരംഭങ്ങളെയും സാമൂഹിക ഉണർവുകളെയും തീവ്രവാദ പ്രവൃത്തികളുടെ മറയാണോയെന്ന ആശങ്ക സമർഥമായി ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. മറ്റൊരർഥത്തിൽ, സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ മതം ഇസ്​ലാമിൽ മാത്രം തിരയുന്ന തികഞ്ഞ വംശീയതയുടെ അജപാലനമാണ്​​ ഈ പ്രഭാഷണത്തിലൂടെ അദ്ദേഹം നിർവഹിക്കുന്നത്​.

ആത്യന്തികമായി ഹിന്ദുത്വവാദികളെ സന്തോഷിപ്പിക്കുകയും ക്രൈസ്തവരെ ആട്ടിൻപറ്റങ്ങളെപ്പോലെ അവരുടെ കൂടാരങ്ങളിലേക്ക് എത്തിക്കാൻ വഴിവെച്ചേക്കാവുന്നതുമായ പാലാ ബിഷപ്പിെൻറ പ്രഭാഷണത്തിനെതിരെ ഇതെഴുതുന്നതുവരെ പ്രമുഖ രാഷ്​​ട്രീയ നേതൃത്വങ്ങൾ പ്രതികരിച്ചിട്ടില്ല. ഇത്രയും മതസ്പർധയുൽപാദിപ്പിക്കുന്ന പ്രഭാഷണത്തിന് തെളിവ് എവിടെ എന്ന ചോദ്യം പോലും ഭോഷ്​ക്കാണ്. ഈ വാർത്ത സംപ്രേഷണം ചെയ്ത മാധ്യമങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വന്ന പ്രതികരണങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാൽ മതിയാകും, എത്ര വേഗത്തിലാണ് വെറുപ്പ് പരക്കുന്നതെന്നും വിദ്വേഷം അതിെൻറ പരകോടിയിലേക്കെത്തുന്നതെന്നും തിരിച്ചറിയാൻ.

കഴിഞ്ഞ ദിവസം മതം മാറ്റിയെന്ന ആരോപണം ഉന്നയിച്ച് ​ക്രൈസ്​തവ പാസ്​റ്ററെയും രണ്ടു സഹപ്രവർത്തകരെയും ഹിന്ദുത്വ വർഗീയവാദികൾ ഛത്തിസ്ഗഢിലെ ബതാഗാവ് പ്രദേശത്തെ പൊലീസ് സ്​റ്റേഷനിൽവെച്ച് ആക്രമിച്ച സംഭവമോ മതംമാറ്റമെന്ന വ്യാജ ആരോപണമുന്നയിച്ച് ആക്രമിക്കുന്നത് ഹിന്ദുത്വ വർഗീയവാദികൾ പതിവാക്കിയിരിക്കുകയാണെന്ന റായ്പുർ കത്തോലിക്ക ആർച് ​ബിഷപ് വിക്ടർ ഹെൻറി താകുറിെൻറ പ്രസ്താവനയോ ഉത്തർ​പ്രദേശ്​ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സന്ദർഭത്തിൽ വർധിക്കുന്ന അക്രമ പ്രവർത്തനങ്ങൾക്കെതിരെ വിവിധ സഭകളിൽപെട്ട 25 ക്രൈസ്തവനേതാക്കൾ കഴിഞ്ഞയാഴ്ച ഛത്തിസ്ഗഢ്​ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ സന്ദർശിച്ച് ക്രൈസ്തവരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതോ പാലാ ബിഷപ്പിെൻറ പ്രേഷിത വേലകൾക്കിടയിൽ ഒരു അസ്വസ്ഥതയും സൃഷ്​ടിക്കാതെ പോകുന്നത് എന്തുകൊണ്ടായിരിക്കും.

കത്തോലിക്ക സഭയിൽ നടന്നുകൊണ്ടിരിക്കുന്ന വിഭാഗീയ പ്രവർത്തനങ്ങളിൽനിന്നും സാമ്പത്തിക ആരോപണങ്ങളിൽ നിന്നും വിശ്വാസികളുടെയും ആൽമായരുടെയും ശ്രദ്ധ തിരിച്ചുവിടാനാണോ ഈ വിദ്വേഷപ്രചാരണം? അതോ, വിദേശ ഫണ്ടടക്കമുള്ള സാമ്പത്തിക ക്രയവിക്രയങ്ങൾ തടഞ്ഞുവെച്ച കേന്ദ്ര സർക്കാറിെനയും അതുവഴി സംഘ്​പരിവാറിനെയും പ്രീതിപ്പെടുത്താനോ? അതുമല്ലെങ്കിൽ, ക്രൈസ്തവ സമൂഹത്തിൽ മുസ്​ലിം വിരുദ്ധതയുടെ കനൽ കത്തിച്ച്​ പുതിയ രാഷ്​ട്രീയ രസതന്ത്രത്തിന്​ കൊഴുപ്പേകാനോ? അതെന്താണെങ്കിലും, സഭയുടെ സ്നേഹ പിതാക്കളും മതനേതാക്കളും യേശുവിെൻറ ഈ പ്രവചനം ഫലകത്തിലെഴുതി സൂക്ഷിക്കുന്നത് ഉചിതമായിരിക്കും: ''നിങ്ങൾ കേട്ടു മനസ്സിലാക്കുവിൻ; വായിലേക്ക് പ്രവേശിക്കുന്നതല്ല, വായിൽ നിന്ന് വെളിയിൽവരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത്. അവരെ വിട്ടേക്കൂ. അവർ അന്ധരെ നയിക്കുന്ന അന്ധരാണ്. അന്ധൻ അന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും.'' (മത്തായി15:10).

Tags:    
News Summary - Pala Bishop Mar Joseph Kallarangatt controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.